26 April Friday

ജാതിയും മതവും പറഞ്ഞ് പോരടിക്കുന്ന കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2019

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലെ പ്രമുഖ ദേശീയ കക്ഷിയാണെന്നതിൽ ആർക്കും തർക്കമില്ല. ശോഷിച്ചെങ്കിലും അവരിൽ ചിലതൊക്കെ ശേഷിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഇന്നും രാജ്യത്തുണ്ട്. കേരളത്തിലെ മുഖ്യ പ്രതിപക്ഷം ആ പാർടി നേതൃത്വം കൊടുക്കുന്ന മുന്നണിയാണ്. തീർച്ചയായും നിലപാടിലും പ്രവർത്തനത്തിലും മിനിമം നിലവാരം ആ മുന്നണിയിൽനിന്ന് നാട്ടുകാർ പ്രതീക്ഷിക്കുക സ്വാഭാവികമാണല്ലോ.

എന്നാൽ, പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നമ്മൾ കണ്ട ദയനീയചിത്രം മറക്കാറായില്ല. മുന്നണിയിലെ ഒരു പാർടി രണ്ടായി തിരിഞ്ഞുനടത്തിയ പോർവിളികളും പരസ്യമായ പരസ്പര അധിക്ഷേപങ്ങളും കേരള രാഷ്ട്രീയാന്തരീക്ഷത്തെ കുറച്ചൊന്നുമല്ല അശ്ലീലമാക്കിയത്. പലവട്ടം ഒത്തുതീർപ്പുചർച്ചകളും വെടിനിർത്തൽ പ്രഖ്യാപനങ്ങളും വന്നെങ്കിലും തമ്മിലടി വോട്ടെടുപ്പുദിനംവരെ നീണ്ടു. വോട്ടെടുപ്പ് നടക്കുന്നതിനിടയിൽത്തന്നെ ഇരു കൂട്ടരും ചാനൽ മൈക്കുകൾക്ക് മുന്നിൽ പോരടിച്ചു.

അത് പാലായിലെ തെരഞ്ഞെടുപ്പും കേരള കോൺഗ്രസിലെ തർക്കവും അല്ലേ കോൺഗ്രസ് എന്തുചെയ്യും എന്ന് ചോദ്യം ഉയരാം. മുന്നണിയെ നയിക്കുന്ന പാർടി എന്നനിലയിൽ ആ പ്രശ്നങ്ങൾ തെരുവ് വഴക്കാകാതെ നോക്കേണ്ട ഉത്തരവാദിത്തം അവർക്കായിരുന്നു. അത് നിർവഹിക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എന്നാൽ, ഇപ്പോൾ അഞ്ച് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ വ്യക്തമായി. ഈ കോൺഗ്രസിന് ഇതൊക്കെയേ കഴിയൂ. അത്ര ദയനീയമാണ് അവരുടെ സ്ഥിതി. ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നതോടെ പരസ്യമായി പോരടിക്കുന്ന അവരുടെ നേതാക്കൾ  അത് തെളിയിക്കുകയാണ്. മുന്നണിയിലെ രണ്ടാം കക്ഷിയെന്നു മേനിനടിക്കുന്ന മുസ്ലിംലീഗിലും ഇതുതന്നെ സ്ഥിതി. മഞ്ചേശ്വരത്ത് തുടങ്ങിയ തർക്കം പാണക്കാട് തറവാടിന്റെ മുറ്റത്തെത്തി.

ഇതൊക്കെ പതിവല്ലേ എന്ന് സ്വാഭാവികമായും ചോദ്യമുയരാം. പക്ഷേ, ഇത്തവണ യുഡിഎഫിൽ ഉയരുന്ന തർക്കങ്ങൾ പതിവുപോലെയല്ല. മുന്നണിയിലെ മൂന്നു പ്രധാന ഘടകകക്ഷികളിലെയും നേതാക്കൾക്കും അണികൾക്കുമിടയിൽ അത്രയേറെ അമർഷം പുകയുകയാണെന്നാണ് ഈ തർക്കങ്ങൾ വ്യക്തമാക്കുന്നത്. പരസ്പരവും ഉള്ളിൽത്തന്നെയും പോരടിക്കുന്ന ഗ്രൂപ്പുകളുടെ കൂട്ടായ്‌മ മാത്രമായി യുഡിഎഫ് മാറുകയാണ്. ഐക്യവും ജനാധിപത്യവും പേരിൽ ഒതുങ്ങുകയാണ്.

യുഡിഎഫിലെ ഈ ചെളിവാരി എറിയൽ അവരെ ചെളിയിൽ മൂടുന്നു എന്നത് മാത്രമാണെങ്കിൽ പൊതുസമൂഹം  അതിൽ അത്രയൊന്നും ബേജാറാകേണ്ടതില്ല. പക്ഷേ, കോൺഗ്രസിൽ ഇപ്പോൾ കാണുന്ന തർക്കങ്ങൾ നമ്മുടെ നാട്ടിൽ വലിയൊരു അളവിൽ പുലർന്നുപോകുന്ന സാമുദായിക സൗഹാർദത്തെപ്പോലും അപകടപ്പെടുത്തുംവിധമാണ് എന്നത് ഗൗരവമുള്ള വിഷയമാണ്. കോന്നിയിലെ സ്ഥാനാർഥിയായി ഒരു നേതാവ് ഒരു പേര് നിർദേശിക്കുന്നു. ആ സ്ഥാനാർഥിയുടെ ജാതി ശരിയല്ലെന്നും മറ്റൊരു ജാതിയിൽപെട്ടയാൾ നിന്നാലേ ജയിക്കൂ എന്നും ഡിസിസി പ്രസിഡന്റ് പ്രസ്‌താവനയിറക്കുന്നു. ഈ നിമിഷംവരെ ഒരു മുതിർന്ന കോൺഗ്രസ് നേതാവും ഇത്തരം ചർച്ചയിലെ ആപത്തിനെതിരെ പ്രതികരിച്ചിട്ടില്ല.‘പരസ്യ പ്രതികരണം അരുത് 'എന്ന ആരും മാനിക്കാറില്ലാത്ത ഓലപ്പാമ്പുകൾ നീട്ടി സമാധാനിക്കുകയാണ് നേതാക്കൾ.

ഇന്ത്യയിലാകെ കോൺഗ്രസ് എത്തിനിൽക്കുന്ന പതനത്തിന്റെ അങ്ങേയറ്റമാണ് ഇവിടെയും കാണുന്നത്. പരസ്യമായി ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ചേരിതിരിച്ച് വർഗീയ വിഭജന രാഷ്‌ട്രീയം ഏറ്റവും ആപൽക്കരമായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു കക്ഷിയുടെ ഭരണത്തിലാണ് രാജ്യം. മതനിരപേക്ഷത സംരക്ഷിച്ച് രാജ്യത്തെ ഒന്നായി നിർത്തുക എന്ന വെല്ലുവിളിയാണ് പ്രതിപക്ഷ കക്ഷികൾ ഏറ്റെടുക്കേണ്ടത്. ഇടതുപക്ഷം ആ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നേറുകയാണ്. ആ സമയത്ത്, ഇപ്പോഴും മതനിരപേക്ഷത കൈവിട്ടിട്ടില്ലെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ നേതാക്കൾ ജാതിയും മതവും പറഞ്ഞ്‌ തെരുവിൽ വഴക്കുകൂടുന്നു. ഇത് ബിജെപിയുടെ വിഭജന രാഷ്‌ട്രീയത്തെയാണ് ശക്തിപ്പെടുത്തുക എന്ന വേവലാതിയൊന്നും അവർക്കില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ പ്രചാരണം ഏറ്റുപിടിച്ചും അവരുടെ തോളിൽ കൈയിട്ടും നേടിയ വിജയം കോൺഗ്രസിനെ കൂടുതൽ അധപ്പതിപ്പിച്ചു എന്നുവേണം കരുതാൻ. പാലായിൽ മടിയില്ലാതെ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയതും  ഇത് വ്യക്തമാക്കുന്നു.

പതിവുപോലെ കോൺഗ്രസിലെയും യുഡിഎഫിലെയും വഴക്കുകൾ അവർ വോട്ടെടുപ്പിനുമുമ്പ് കുറെയൊക്കെ പരിഹരിച്ചേക്കാം. പക്ഷേ, എല്ലാ പരിധികളും ലംഘിച്ച് ജാതിയും മതവും പറഞ്ഞ്‌ കോൺഗ്രസ് നേതാക്കൾ പോരടിക്കുന്നത് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന മലിനീകരണം ചെറുതല്ല. നാശത്തിന്റെ അവസാന ലാപ്പിൽ ഓടുന്ന കോൺഗ്രസിനും അവരുടെ നേതാക്കൾക്കും ഇതൊന്നും പ്രശ്നമാകില്ലായിരിക്കാം. പക്ഷേ, മതനിരപേക്ഷത നിലനിൽക്കണം എന്നാഗ്രഹിക്കുന്ന കേരളത്തിന്റെ പൊതുസമൂഹത്തിന് അത് അവഗണിക്കാൻ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top