13 June Thursday

കോൺഗ്രസ്‌ വോട്ടർ പട്ടികയിലെ ദുരൂഹത

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2022

എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയത്‌ വ്യാജ വോട്ടർപട്ടികയോ? 21 വർഷത്തിനുശേഷം എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തുമ്പോൾ വോട്ടർപട്ടികയെക്കുറിച്ച്‌ പരാതി ഉന്നയിച്ചത്‌ മുതിർന്ന നേതാവ്‌ ആനന്ദ്‌ ശർമയാണ്‌. കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ ആനന്ദ്‌ ശർമ ഈ പരാതി ഉയർത്തിയപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിറ്റി തലവൻ മധുസൂദനൻ മിസ്‌ത്രിക്ക്‌ ഇത്‌ നിഷേധിക്കാനായില്ല. ഇതോടെ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളാകെ സംശയത്തിന്റെ നിഴലിലാണ്‌.

കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച നടപടിക്രമം അനുസരിച്ച്‌ ഇക്കൊല്ലം ആഗസ്‌ത്‌ 21നു തുടങ്ങി സെപ്‌തംബർ 20നാണ്‌ എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തീകരിക്കേണ്ടിയിരുന്നത്‌. ഇപ്പോൾ ഒക്ടോബർ 17ലേക്ക്‌ മാറ്റിയിട്ടുണ്ട്‌. പിസിസി പ്രതിനിധികളായ ഒമ്പതിനായിരത്തോളം പേർക്കാണ്‌ വോട്ടവകാശം. ഈ പ്രതിനിധികളെ എങ്ങനെയാണ്‌ തെരഞ്ഞെടുത്തതെന്ന്‌ മധുസൂദനൻ മിസ്‌ത്രി വിശദീകരിക്കണമെന്ന്‌ ആനന്ദ്‌ ശർമ ആവശ്യപ്പെട്ടു. പ്രാദേശികതല യോഗങ്ങൾ വിളിക്കാതെയാണ്‌ വോട്ടർപട്ടിക തയ്യാറാക്കിയതെന്ന്‌ തനിക്ക്‌ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്‌. നാമനിർദേശപത്രിക സമർപ്പണത്തിനുമുമ്പ്‌ എല്ലാ പിസിസികൾക്കും വോട്ടർപട്ടികയുടെ പകർപ്പ്‌ ലഭ്യമാക്കണമെന്ന്‌ ആനന്ദ്‌ ശർമ നിർദേശിച്ചു. എല്ലാ പിസിസികൾക്കും വോട്ടർപട്ടിക ലഭ്യമാക്കുമെന്ന്‌ മിസ്‌ത്രി ഉറപ്പും നൽകി. ഇവിടെയാണ്‌ കാതലായ പ്രശ്‌നം.

ഓരോ സംസ്ഥാനത്തുനിന്നുമുള്ള പ്രതിനിധികൾ ആരൊക്കെയാണെന്ന്‌ അതത്‌ പിസിസികൾക്ക്‌ അറിയില്ലെന്ന്‌ മിസ്‌ത്രി ഫലത്തിൽ സമ്മതിച്ചിരിക്കയാണെന്ന്‌ ജി–-23 നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. മുൻ നിശ്‌ചയിച്ചപ്രകാരം വോട്ടെടുപ്പ്‌ നടന്നിരുന്നെങ്കിൽ സുതാര്യമല്ലാത്ത ഈ പട്ടികയുടെ അടിസ്ഥാനത്തിൽ എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുക്കപ്പെട്ടേനെ. കോൺഗ്രസിൽ കുട്ടിക്കളിയാണ്‌ നടക്കുന്നതെന്നും ഉപജാപകസംഘമാണ്‌ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പാർടി വിട്ട ഗുലാം നബി ആസാദിനെപ്പോലുള്ള നേതാക്കൾ പറയുന്നതിന്‌ അടിവരയിടുന്ന ഉദാഹരണമാണിത്‌.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മാത്രമല്ല, പ്രവർത്തകസമിതിയിലേക്ക്‌ അടക്കം എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ആനന്ദ്‌ ശർമ ആവശ്യപ്പെട്ടു. അരമണിക്കൂർമാത്രം നീണ്ട പ്രവർത്തകസമിതി യോഗത്തിൽ ഇതേക്കുറിച്ച്‌ കാര്യമായ പ്രതികരണമോ ചർച്ചയോ ഉണ്ടായില്ല. രണ്ട്‌ വർഷംമുമ്പ്‌ ജി–-23 നേതാക്കൾ സോണിയ ഗാന്ധിക്ക്‌ അയച്ച കത്തിലും കോൺഗ്രസിന്റെ എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പ്‌ വഴി ഭാരവാഹികളെ നിശ്‌ചയിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനോട്‌ പരിഹാസപൂർവമാണ്‌ _ഹൈക്കമാൻഡ്‌പക്ഷം പ്രതികരിച്ചത്‌. സുതാര്യമായ രീതിയിൽ പാർടി ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനോ ഉപജാപകസംഘത്തിനോ താൽപ്പര്യമില്ലെന്ന്‌ വ്യക്തമാണ്‌. രാഹുൽ ഗാന്ധി പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന്‌ പിടിവാശി കാട്ടുന്നതിനാലാണ്‌ ‘ആർക്കും മത്സരിക്കാം’ എന്ന നിലയിൽ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങിയത്‌.

അപ്പോഴും ഭാവി പ്രസിഡന്റിനെ നിശ്‌ചയിക്കുന്നതിൽ സോണിയകുടുംബത്തിന്റെ താൽപ്പര്യമാണ്‌ പരമപ്രധാനം. ഇവരുടെ ഏറ്റവും വിശ്വസ്‌തനും അഭ്യുദയകാംക്ഷിയുമായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെയാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കണ്ടുവച്ചിരിക്കുന്നത്‌. മുഖ്യമന്ത്രിസ്ഥാനംവിട്ട്‌ ഡൽഹിയിലെ അനിശ്‌ചിതത്വത്തിലേക്ക്‌ വരാൻ ഗെലോട്ട്‌ തയ്യാറല്ലെന്നതാണ്‌ വിഷയം. മുഖ്യമന്ത്രിയായി തുടർന്നുകൊണ്ട്‌ എഐസിസി പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കാൻ അനുവദിക്കണം, അല്ലാത്തപക്ഷം താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം–-എന്നതാണ്‌ ഗെലോട്ട്‌ മുന്നോട്ടുവയ്‌ക്കുന്ന ഉപാധി. താൻ ഡൽഹിയിലേക്ക്‌ മാറിയാൽ സച്ചിൻ പൈലറ്റ്‌ മുഖ്യമന്ത്രിയാകുന്നത്‌ തടയുകയാണ്‌ ഗെലോട്ടിന്റെ ലക്ഷ്യം.

പതനത്തിന്റെ അഗാധഗർത്തത്തിൽ എത്തിയിട്ടും അപചയത്തിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ്‌ പരിഹരിക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല. നിലവിലുള്ള പരിമിതമായ അധികാരം ആസ്വദിക്കാനും അതിനായി ജനാധിപത്യവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കാനും വെമ്പൽകൊള്ളുന്നവരായി കോൺഗ്രസ്‌ നേതൃത്വം മാറി. എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുപോലും പ്രഹസനമാക്കുന്നത്‌ കോൺഗ്രസിന്റെ പ്രതിച്ഛായയെ കൂടുതൽ വികൃതമാക്കുകയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top