25 April Thursday

പുറംകരാറും കോൺഗ്രസിനെ രക്ഷപ്പെടുത്തില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 22, 2022

 

അടുത്തിടെ നടന്ന അഞ്ച്‌ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതോടെ കോൺഗ്രസ്‌ പാർടി തകർച്ചയുടെ നെല്ലിപ്പടി കണ്ടിരിക്കുകയാണ്‌. ഭരണമുണ്ടായിരുന്ന പഞ്ചാബും നഷ്ടമായതോടെ രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും മാത്രമാണ്‌ കോൺഗ്രസ്‌ സർക്കാരുകൾ അവശേഷിച്ചിട്ടുള്ളത്‌. തകർച്ച തടയാൻ കോൺഗ്രസ്‌ പാർടി പുറംപണിക്കാരന്‌ കരാർ നൽകുകയാണെന്ന വാർത്ത മാധ്യമങ്ങളിൽ നിറയുകയാണ്‌. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന്‌ ചുക്കാൻപിടിച്ച പ്രശാന്ത്‌ കിഷോർ എന്ന തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞനാണ്‌ കോൺഗ്രസിനെ കരകയറ്റാനുള്ള ഈ പുറംപണി കരാർ ഏറ്റെടുക്കുന്നതത്രേ.

കുറച്ചു ദിവസമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിലെ സമുന്നത നേതാക്കൾക്കു മുമ്പിൽ കോൺഗ്രസിനെ എങ്ങനെ തകർച്ചയിൽനിന്ന്‌ രക്ഷിക്കാമെന്നതു സംബന്ധിച്ച പദ്ധതികൾ പ്രശാന്ത്‌ കിഷോർ അവതരിപ്പിച്ചെന്നാണ്‌ മാധ്യമ വാർത്ത. പ്രശാന്ത്‌ കിഷോർ മുന്നോട്ടുവച്ച പദ്ധതികൾ സംബന്ധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ സോണിയ ഗാന്ധി ഒരു പ്രത്യേക സമിതിയെ നിശ്ചയിച്ചിരിക്കുകയാണ്‌. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രശാന്ത്‌ കിഷോറിന്റെ തന്ത്രങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്ന്‌ നിശ്ചയിക്കുക. അടുത്തമാസം രാജസ്ഥാനിലെ ഉദയ്‌പുരിൽ നടക്കാനിരിക്കുന്ന ചിന്തിൻ ശിവിറിൽ ഈ പദ്ധതി വിശദമായി ചർച്ച ചെയ്യുമെന്നും കോൺഗ്രസ്‌ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതിനിടെ, പ്രശാന്ത്‌ കിഷോർ കോൺഗ്രസിൽ ചേരുമെന്നും തെരഞ്ഞെടുപ്പുകാര്യങ്ങൾ നോക്കുന്ന ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെടുമന്നും അഭ്യൂഹങ്ങളുണ്ട്‌. നേരത്തേ ഐക്യ ജനതാദളിന്റെ വൈസ്‌ പ്രസിഡന്റായിരുന്ന പ്രശാന്ത്‌ കിഷോർ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്‌. മമത ബാനർജി, ജഗൻ മോഹൻ റെഡ്ഡി എന്നിവരുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്‌കരിച്ചതും കിഷോറായിരുന്നു. ഇങ്ങനെയൊരാളെ പാർടിയെ രക്ഷിക്കാൻ ചുമതലപ്പെടുത്തുന്നതിലെ അധാർമികത കോൺഗ്രസിലെ ചിലരെങ്കിലും ഉന്നയിക്കുന്നുമുണ്ട്‌.

എന്നാൽ, ഒരു തെരഞ്ഞെടുപ്പു തന്ത്രജ്ഞന്റെ സഹായമില്ലാത്തതാണോ കോൺഗ്രസിന്റെ തകർച്ചയ്‌ക്ക്‌ കാരണം. ഒരു പ്രശാന്ത്‌ കിഷോർ വിചാരിച്ചാൽ രക്ഷിക്കാൻ കഴിയുന്ന അവസ്ഥയിലാണോ ഇന്ന്‌ കോൺഗ്രസ്‌. 2017ൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ തന്ത്രം മെനഞ്ഞത്‌ ഇതേ പ്രശാന്ത്‌ കിഷോറായിരുന്നു. അന്ന്‌ എസ്‌പിയുമായി സഖ്യമുണ്ടായിട്ടുപോലും കോൺഗ്രസിന്‌ ഏഴു സീറ്റുമാത്രമാണ്‌ ലഭിച്ചത്‌. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പു തന്ത്രജ്ഞന്റെ സഹായം ലഭിച്ചതുകൊണ്ടുമാത്രം രക്ഷപ്പെടുന്ന അവസ്ഥയിലല്ല കോൺഗ്രസുള്ളത്‌. വിശ്വസനീയമായ ഒരു നേതാവോ ജനങ്ങളുമായി അടുപ്പിക്കുന്ന ഒരു പ്രത്യയശാസ്‌ത്രമോ കോൺഗ്രസിന്‌ ഇന്നില്ല.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയമായ പരാജയത്തിനുശേഷം കോൺഗ്രസ്‌ പാർടിക്ക്‌ ഒരു അധ്യക്ഷനില്ല. താൽക്കാലിക അധ്യക്ഷയായി സോണിയാ ഗാന്ധി തുടരുന്നുണ്ടെങ്കിലും പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുൽ ഗാന്ധിയാണ്‌. ഇതിൽ പ്രതിഷേധിച്ചാണ്‌ ജി 23 എന്ന ഗ്രൂപ്പുതന്നെ കോൺഗ്രസിൽ രൂപംകൊണ്ടതും ഉടൻ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന മുറവിളി ഉയർന്നതും.

ബിജെപി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‌ മതിനിരപേക്ഷതയിലൂന്നിയ ഒരു ബദൽ മുന്നോട്ടുവയ്‌ക്കാനും കോൺഗ്രസിന്‌ കഴിയുന്നില്ല. തീവ്രഹിന്ദുത്വത്തെ ചെറുക്കാൻ മൃദുഹിന്ദുത്വമാണ്‌ പ്രത്യയശാസ്‌ത്ര പദ്ധതിയായി കോൺഗ്രസ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. അതോടൊപ്പം വിലക്കയറ്റവും തൊഴിലില്ലായ്‌മയും സൃഷ്ടിക്കുന്ന നവ ഉദാര സാമ്പത്തികനയത്തെ ചെറുക്കാനും കോൺഗ്രസ്‌  തയ്യാറാകുന്നില്ല. അതായത്‌, ബിജെപിയുടെ പ്രത്യയശാസ്‌ത്ര വഴിയിലൂടെയാണ്‌ കോൺഗ്രസും മുന്നോട്ടുപോകുന്നത്‌. ഇതിനെ ബദലായി കാണാൻ എങ്ങനെ ജനങ്ങൾക്ക്‌ കഴിയും. ബിജെപിക്കെതിരെ മധ്യ ഇടതുപക്ഷത്തുനിന്നുകൊണ്ടുള്ള ഒരു പ്രത്യയശാസ്‌ത്ര ബദൽ പദ്ധതി മുന്നോട്ടുവയ്‌ക്കാൻ കോൺഗ്രസിന്‌ കഴിയാത്തിടത്തോളം ആ പാർടിയെ ആർക്കും രക്ഷിക്കാനാകില്ല. അതോടൊപ്പം ശിഥിലമായി കിടക്കുന്ന സംഘടനയെ ഉറപ്പിച്ചു നിർത്താനും കോൺഗ്രസിന്‌ കഴിയണം. എങ്കിലേ കോൺഗ്രസിന്‌ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാവിയുള്ളൂ. ഒരു തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‌ ചികിത്സിച്ച്‌ ഭേദമാക്കാവുന്ന രോഗാവസ്ഥയിലല്ല ഇന്ന്‌ കോൺഗ്രസ്‌ എന്ന യാഥാർഥ്യം നേതൃത്വം തിരിച്ചറിയാത്തിടത്തോളം ആ പാർടിയുടെ പുനരുജ്ജീവനം അസാധ്യമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top