28 March Thursday

മോഡിപ്പേടിക്ക്‌ കീഴടങ്ങുന്ന കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020

കേന്ദ്രം ഭരിക്കുന്നത്‌ ആർഎസ്‌എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപിയാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. കാക്കി ട്രൗസർ അണിഞ്ഞ്‌ സ്വയംസേവകനായി പ്രവർത്തിച്ച നരേന്ദ്ര മോഡിയാണ്‌ ഇന്ന്‌ പ്രധാനമന്ത്രി. ഗുജറാത്ത്‌ കലാപത്തിൽ മോഡിക്കൊപ്പം നിലകൊണ്ട ആളാണ്‌ ഇന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ഹിന്ദുത്വ വർഗീയതയുടെ മുഖങ്ങളാണ്‌ ഇരുവരും. ഇവർക്കെതിരെ കോൺഗ്രസ്‌ നിലകൊള്ളുമെന്നാണ്‌ പൊതുവെയുള്ള വിശ്വാസം. എന്നാൽ, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നയിക്കുന്ന കോൺഗ്രസ്‌ മോഡിയുടെയും അമിത്‌ ഷായുടെയും വർഗീയ രാഷ്ട്രീയത്തെ എതിർക്കാൻ തയ്യാറല്ലെന്നു മാത്രമല്ല, അവർക്കു മുമ്പിൽ കീഴടങ്ങുന്ന കാഴ്‌ചയാണ്‌ കണ്ടുവരുന്നത്‌. ബിജെപിയുടെ ബി ടീം മാത്രമല്ല ഇന്ന്‌ കോൺഗ്രസ്,‌ മറിച്ച്‌ ബിജെപി പറയുന്നതെന്തും അപ്പടി അംഗീകരിക്കുന്ന വിനീതവിധേയ ദാസനാണ്‌.

ജമ്മു കശ്‌മീർ രാഷ്ട്രീയത്തിൽ കോൺഗ്രസ്‌ എടുത്തുവരുന്ന നിലപാടുകളാണ്‌ ഇത്തരമൊരു നിരീക്ഷണത്തിന്‌ അടിസ്ഥാനം. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ടു ഘട്ടത്തിലായി ജമ്മു–-കശ്‌മീർ എന്ന കേന്ദ്ര ഭരണപ്രദേശത്തെ ജില്ലാ കൗൺസിലുകളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാർടികൾ മുൻ വർഷങ്ങളിലേതുപോലെ ഈ തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കുമെന്നും അതുവഴി അനായാസ വിജയം നേടാമെന്നുമായിരുന്നു ബിജെപി കരുതിയിരുന്നത്‌. എന്നാൽ, ഭരണഘടനയുടെ 370–-ാം അനുച്ഛേദ പ്രകാരമുള്ള ജമ്മു–-കശ്‌മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും തിരിച്ചുകിട്ടുന്നതിന്‌ പ്രക്ഷോഭം നടത്തുകയെന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഏഴ്‌ രാഷ്ട്രീയ പാർടികളുടെ ഗുപ്‌കാർ ജനകീയസഖ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ബിജെപിയുടെ തന്ത്രം പാളി. ഇതോടെ അമിത്‌ ഷാ അദ്ദേഹത്തിന്റെ പതിവുരീതി പുറത്തെടുത്തു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ആവശ്യങ്ങൾ നേടുന്നതിനായി രൂപംകൊണ്ട ഏഴ്‌ പാർടിയുടെ സഖ്യത്തെ ‘ഗുപ്‌കാർ ഗ്യാങ്’ എന്നു വിശേഷിപ്പിച്ച്‌‌ ജമ്മു കശ്‌മീരിൽ വിദേശ ഇടപെടൽ ആഗ്രഹിക്കുന്ന, ത്രിവർണ പതാകയോട്‌ അനാദരം കാട്ടുന്ന സംഘമാണ്‌ ഇതെന്ന്‌ കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങളെ സോണിയാജിയും രാഹുൽജിയും പിന്തുണയ്‌ക്കുന്നുണ്ടോ എന്നും അമിത്‌ ഷാ ചോദിച്ചു. ഗുപ്‌കാർ സഖ്യത്തിലെ നാഷണൽ കോൺഫറൻസുമായും പിഡിപിയുമായും നേരത്തേ സഖ്യം സ്ഥാപിച്ച പാർടിയാണ്‌ ബിജെപി. എന്നിട്ടും ഷായുടെ ട്വിറ്റർ പുറത്തുവന്ന്‌ മണിക്കൂറുകൾക്കകം കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സുർജെവാല  ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി കോൺഗ്രസ്‌ ഗുപ്‌കാർ സഖ്യത്തിന്റെ ഭാഗമല്ലെന്ന്‌ അറിയിച്ചു. അമിത്‌ ഷാ കണ്ണുരുട്ടിയപ്പോൾ കോൺഗ്രസ്‌ പേടിച്ചുപിൻവലിഞ്ഞു.

ജമ്മു–-കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്‌ 2019 ആഗസ്‌ത്‌ അഞ്ചിനാണ്‌. തൊട്ടുതലേദിവസമാണ്‌ ശ്രീനഗറിലെ ഗുപ്‌കാർ റോഡിലെ ഫാറൂഖ്‌ അബ്ദുള്ളയുടെ വസതിയിൽ യോഗം ചേർന്ന്‌ ഗുപ്‌കാർ പ്രഖ്യാപനം കോൺഗ്രസ്‌ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ അംഗീകരിച്ചത്‌. സംസ്ഥാനത്തിന്റെ പ്രത്യേക ഭരണഘടനാ അവകാശങ്ങൾക്കായി നിലകൊള്ളുമെന്നതായിരുന്നു ഗുപ്‌കാർ പ്രഖ്യാപനത്തിന്റെ സത്ത. ഈവർഷം ആഗസ്‌ത്‌ 22നു ചേർന്ന യോഗത്തിലും ഏഴ്‌ രാഷ്ട്രീയ കക്ഷിയും ഗുപ്‌കാർ പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഈ യോഗത്തിലും കോൺഗ്രസ്‌ പങ്കെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ്‌ ഒക്ടോബർ 15 നു ഫാറൂഖ്‌ അബ്ദുള്ളയുടെ വസതിയിൽ നാഷണൽ കോൺഫറൻസ്‌, പിഡിപി, സിപിഐ എം തുടങ്ങിയ കക്ഷികളുടെ യോഗം ഗുപ്‌കാർ പ്രഖ്യാപനത്തിനു വേണ്ടിയുള്ള ജനകീയ സഖ്യത്തിന് (പിഎജിഡി)‌ രൂപംനൽകിയത്‌. എന്നാൽ, സുപ്രധാനമായ ഈ രാഷ്ട്രീയനീക്കത്തിൽ ഭാഗഭാക്കാകാൻ കോൺഗ്രസ്‌ തയ്യാറായില്ല. കോവിഡ്‌ ചൂണ്ടിക്കാട്ടിയാണ്‌ കോൺഗ്രസ്‌ പ്രതിനിധികൾ വിട്ടുനിന്നത്‌. എന്നാൽ, യഥാർഥ കാരണം ദിവസങ്ങൾക്കകം പുറത്തുവന്നു. ജമ്മു–-കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ രീതിയോടു മാത്രമാണ്‌ കോൺഗ്രസിന്‌ എതിർപ്പ്‌ എന്ന വിശദീകരണമാണ്‌ പുറത്തുവന്നത്‌. അതായത്‌ 370–-ാം വകുപ്പ്‌ പുനഃസ്ഥാപിക്കണമെന്ന ഗുപ്‌കാർ പ്രഖ്യാപനത്തെ അംഗീകരിക്കുന്നില്ലെന്ന്‌ അർഥം. കോൺഗ്രസിന്റെ ഈ നയംമാറ്റത്തിനുള്ള കാരണമെന്താണ്? മോഡിപ്പേടി തന്നെ. ബിഹാർ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തുന്നതിനെതിരെ മോഡി രൂക്ഷമായി പ്രതികരിച്ചിരുന്നു. അതോടെയാണ്‌ കോൺഗ്രസിന്‌ മനംമാറ്റമുണ്ടായത്‌.

എന്നാൽ, ബിഹാർ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ സഖ്യത്തിന്റെ ഭാഗമായില്ലെങ്കിൽ ജില്ലാ കൗൺസിലുകളിൽനിന്ന്‌ തുടച്ചുനീക്കപ്പെടുമെന്ന ആശങ്ക കോൺഗ്രസിനെ വേട്ടയാടി. അതിനാൽ ഗുപ്‌കാർ  സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഈ ഘട്ടത്തിലാണ്‌ ഗുപ്‌കാർ സഖ്യത്തെ ‘അവിശുദ്ധ ആഗോളസഖ്യം’ എന്ന്‌ അമിത്‌ ഷാ വിശേഷിപ്പിച്ചത്‌.  ഇതോടെ കോൺഗ്രസ്‌ ഗുപ്‌കാർ സഖ്യത്തിൽനിന്നും വീണ്ടും പിൻവാങ്ങി. ബിജെപിയെ നേരിടാൻ കോൺഗ്രസിന്‌ കഴിയില്ലെന്ന്‌ ആവർത്തിച്ചു വ്യക്തമാക്കുന്ന സംഭവമാണ്‌ ഇത്‌. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവവും സംസ്ഥാനത്തിനു ലഭിച്ച പ്രത്യേക പദവിയും കണക്കിലെടുത്താണ്‌ ജമ്മു കശ്‌മീർ ഇന്ത്യൻ യൂണിയനിൽ ചേർന്നത്‌. അതിനു തുരങ്കംവയ്‌ക്കുന്ന ചെയ്‌തികളാണ്‌ മോഡി സർക്കാരിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. തെറ്റായ ഈ നയത്തെ തുറന്ന്‌ എതിർക്കാൻ കരുത്തുകാട്ടുന്നതിനു പകരം ആർഎസ്‌എസ്‌ –-ബിജെപി കൂട്ടുകെട്ടിന്റെ വർഗീയ അജൻഡയ്‌ക്ക്‌ കീഴടങ്ങുകയാണ്‌ കോൺഗ്രസ്‌. ജനങ്ങൾ ഈ വന്ദ്യവയോധിക കക്ഷിയിൽ വിശ്വാസം അർപ്പിക്കാത്തതിനു കാരണവും ഇതു തന്നെയാണ്‌. ബിഹാറിലും മധ്യപ്രദേശിലും ഗുജറാത്തിലും യുപിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ ദയനീയമായി പരാജയപ്പെടാൻ കാരണവും മറ്റൊന്നല്ല. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും കൊടി ഉയർത്തിപ്പിടിക്കാൻ തയ്യാറല്ലെന്ന്‌ മാത്രമല്ല, ഹിന്ദുത്വരാഷ്ട്രീയത്തിനു കീഴടങ്ങാനും മടികാണിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ്‌ അധഃപതിച്ചിരിക്കുന്നുവെന്ന്‌ ജമ്മു കശ്‌മീരിലെ ഈ കീഴടങ്ങൽ നയം വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top