20 April Saturday

കോൺഗ്രസിലെ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


 

തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ ആഘാതത്തിൽനിന്ന്‌ എളുപ്പം കരകയറാനാകുമെന്ന പ്രതീക്ഷ കോൺഗ്രസിനില്ല. അടുത്ത തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കുമ്പോൾ അവരെ ഏറ്റവും അലോസരപ്പെടുത്തുന്നത്‌ ഈ ആത്മവിശ്വാസമില്ലായ്‌മ തന്നെയാണ്‌. എന്നാൽ, വ്യക്തികേന്ദ്രീകൃതമായ അഴിച്ചുപണികളിലൂടെ പരിഹരിക്കാവുന്നതല്ല ഈ ദൗർബല്യമെന്ന തിരിച്ചറിവ്‌ കോൺഗ്രസിനില്ല. നയസമീപനങ്ങളിലെ പാളിച്ചകളും ജനവിരുദ്ധ നടപടികളും തിരുത്താതെ, പരസ്‌പരം പഴിചാരുന്ന കേരള നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ചെങ്കിലും ആശയക്കുഴപ്പം കൂടിയിട്ടേ ഉള്ളൂ. കേരളത്തിൽ ആരെ തെരഞ്ഞെടുപ്പ്‌ ചുമതല ഏൽപ്പിക്കുമെന്നറിയാതെ കുഴങ്ങിയ‌ ഹൈക്കമാൻഡ് ഒടുവിൽ കണ്ടെത്തിയ പോംവഴിയും പ്രതിസന്ധി മൂർച്ഛിപ്പിക്കാനേ ഉതകൂ‌. 

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പത്തംഗ മേൽനോട്ടസമിതി ചെന്നിത്തലയെ തഴയാനാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. കെപിസിസിയെ നോക്കുകുത്തിയാക്കി നേരത്തേ രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതിയുടെ ഗതിതന്നെയാകും ഈ മേൽനോട്ട സമിതിക്കുമെന്ന പ്രതികരണമാണ്‌ അസംതൃപ്‌തരിൽനിന്ന്‌ ഉയരുന്നത്‌. ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും മേലെ എ കെ ആന്റണിയെ പ്രതിഷ്‌ഠിച്ച്‌ ‌ പ്രചാരണത്തിന്റെ റിമോട്ട്‌ കൺട്രോൾ ഏറ്റെടുക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം. കെ സി വേണുഗോപാലിന്റെ അമിത ഇടപെടൽ കൂടിയാകുമ്പോൾ സമവാക്യങ്ങൾ തകിടംമറിയും.

ആറാമത്തെ ബജറ്റും  അവതരിപ്പിച്ച്‌ വെട്ടിത്തിളങ്ങുന്ന പ്രതിച്ഛായയോടെയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കുന്നത്‌. പ്രളയവും നിപായും കോവിഡും തീർത്ത പ്രതിസന്ധികളെ മുറിച്ചുകടന്ന്‌  വികസന–- ക്ഷേമ കേരളത്തിന്‌ പുതുവഴി വെട്ടിയ പിണറായി സർക്കാരിനെക്കുറിച്ച്‌ ജനമനസ്സിൽ വ്യക്തമായ ചിത്രമുണ്ട്. അതിനെതിരെ ബിജെപിയോടൊപ്പം ചേർന്ന്‌ ‌ നടത്തിയ ഇടങ്കോലിടലുകളാണ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ ഏറ്റവും പ്രതികൂലമാകാൻ പോകുന്നത്‌. നേതൃമാറ്റവും മുഖംമിനുക്കലുംകൊണ്ട്‌ അതിനെ മറികടക്കാനാകില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ ഹിന്ദു –- മുസ്ലിം വർഗീയതയുമായി ഉണ്ടാക്കിയ രഹസ്യമല്ലാത്ത സഖ്യത്തിന്റെ അനുഭവപാഠം ഉൾക്കൊള്ളാനും തിരുത്താനും യുഡിഎഫ്‌‌ തയ്യാറാകുമെന്ന്‌ കരുതാനാകില്ല. 


 

തെരഞ്ഞെടുപ്പ്‌ തോൽവിയുണ്ടാകുമ്പോൾ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയിൽ ചാരുന്നതും സ്വയം ഒളിച്ചോടുന്നതും കോൺഗ്രസിൽ പുതിയ കാര്യമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തകർച്ചയുടെ പേരിലാണ്‌ രാഹുൽഗാന്ധി പാർടി അധ്യക്ഷപദം വിട്ടൊഴിഞ്ഞത്‌. കേരളത്തിലാകട്ടെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്‌ പിഴമൂളിയത്‌ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു. മന്ത്രിസഭയിൽ തനിക്കുകീഴേ താക്കോൽസ്ഥാനത്തിരുന്ന രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയാണ്‌  ഉമ്മൻചാണ്ടി ‘ധാർമികത’യെ പുണർന്നത്‌. എന്നാൽ, വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ്‌ എത്തുമ്പോൾ അഞ്ചുവർഷം പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല  പ്രചാരണം നയിക്കട്ടെ എന്ന്‌ പ്രഖ്യാപിച്ച്‌ മാറിനിൽക്കാനുള്ള ഉന്നത ജനാധിപത്യബോധമൊന്നും ഉമ്മൻചാണ്ടിക്കില്ല.

നാട്‌ ഗുരുതരമായ പ്രതിസന്ധികൾ നേരിട്ടപ്പോൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചതാണ്‌ ഇന്നത്തെ ദയനീയപതനത്തിനുള്ള പ്രധാന കാരണമെന്ന ബോധ്യമാണ്‌ ‌ കോൺഗ്രസിന്‌ ആദ്യമുണ്ടാകേണ്ടത്‌. വർഗീയ കൂട്ടുകെട്ട്‌ ഉൾപ്പെടെ പലകാരണങ്ങൾ പറഞ്ഞ്‌ പരസ്‌പരം കുറ്റപ്പെടുത്തുന്ന നേതാക്കളെ അണികളും ഹൈക്കമാൻഡും  ഒരുപോലെ അവിശ്വസിക്കുന്നു. ജമാ–-അത്തെ ബന്ധത്തിനെതിരെ നിലപാടെടുത്തു എന്നു കരുതിപ്പോന്ന മുല്ലപ്പള്ളിയാണ്‌  സഖ്യത്തിനുള്ള ചർച്ച തുടങ്ങിവച്ചതെന്ന്‌ വെൽഫെയർ പാർടി അധ്യക്ഷൻ വെളിപ്പെടുത്തിയതോടെ ആ പൊയ്‌മുഖവും അഴിഞ്ഞുവീണു. മുല്ലപ്പള്ളിയുടെ അധ്യക്ഷപദം ‌ തെരഞ്ഞെടുപ്പുവരെ നീട്ടിക്കിട്ടുന്നത്‌ പകരക്കാരെ കണ്ടെത്താനുള്ള പെടാപ്പാട്‌ ഒന്നുകൊണ്ടുമാത്രമാണ്‌. ചെന്നിത്തലയും ഉമ്മൻചാണ്ടിയും പരസ്‌പരം പുകഴ്‌ത്തുന്നുണ്ടെങ്കിലും ഉള്ളിലെ ചൊരുക്ക്‌ ഇടയ്‌ക്കിടെ പുറത്തുചാടുന്നുണ്ട്‌.

തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ആര്‌ നയിക്കും എന്ന തർക്കം കോൺഗ്രസിൽ ചൂടുപിടിക്കുമ്പോൾ, പി കെ കുഞ്ഞാലിക്കുട്ടിയെ നേരത്തേ രംഗത്തിറക്കിയ ലീഗിന്‌ ആശങ്കയൊഴിയുന്നില്ല. കോൺഗ്രസിൽ ഈ നില തുടർന്നാൽ പ്രതിപക്ഷത്ത്‌ മാന്യമായ അംഗബലംപോലും ഇല്ലാതാകുമെന്ന മുന്നറിയിപ്പാണ്‌ അവർ നൽകുന്നത്‌. മുല്ലപ്പള്ളിക്ക്‌ നിർബന്ധിത പിരിച്ചുവിടൽ നിർദേശിക്കാൻ കാരണമിതാണ്‌. ഇപ്പോൾ ചെന്നിത്തലയെ മൂലയ്‌ക്കിരുത്തുന്നതിലും ലീഗിന്റെ പങ്ക്‌ വ്യക്‌തമാണ്‌. ഈ സമ്മർദങ്ങളെ അതിജീവിക്കാനോ സംഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാനോ ഉള്ള ശേഷി ഡൽഹി ചർച്ചയിലൂടെ ലഭിക്കുമെന്ന പ്രതീക്ഷ ആർക്കും ഇല്ല. ഡൽഹിയിൽ വിളിപ്പിച്ച മൂന്ന്‌ നേതാക്കൾക്ക്‌ തീർപ്പാക്കാവുന്ന പ്രശ്‌നങ്ങളല്ല കോൺഗ്രസിലുള്ളത്‌. ഒരുമുഴം മുമ്പേ എറിയുന്ന കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ വിരൽചൂണ്ടുന്നത്‌ നേതൃത്വത്തിന്റെ പിടിപ്പുകേടിനു നേരെതന്നെയാണ്‌.

ഗ്രൂപ്പു സമവാക്യങ്ങൾ മാറിമറയുന്ന കോൺഗ്രസിനെ കാത്തിരിക്കുന്ന മറ്റൊരു കടമ്പയാണ്‌ സ്ഥാനാർഥി നിർണയം. യുഡിഎഫിൽ രണ്ട്‌ പ്രധാനകക്ഷി വിട്ടുപോയതിനാൽ സ്ഥാനമോഹികളുടെ തള്ളിക്കയറ്റംതന്നെയുണ്ട്‌. അത്‌ സൃഷ്ടിക്കുന്ന മുറിവുകൾ കോൺഗ്രസിനെ ഒന്നുകൂടി ദുർബലമാക്കും. ജനങ്ങളിൽനിന്ന്‌ തീർത്തും ഒറ്റപ്പെട്ട  മുന്നണിയും പാർടിയും തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി നടത്തുന്ന അഭ്യാസങ്ങളല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങളും നാടിന്റെ  വികസനതാൽപ്പര്യങ്ങളും അവരെ അലട്ടുന്നേയില്ല. ആദ്യപ്രളയത്തിൽ ആയിരം വീട്‌  നൽകുമെന്ന്‌ വാഗ്‌ദാനംചെയ്‌തവർ ഒരു വീടുപോലും നിർമിച്ചില്ലെന്ന അനുഭവം ജനങ്ങളുടെ മുന്നിലുണ്ട്. അതേനാവുകൊണ്ട്‌ ആറായിരം രൂപ പ്രതിമാസം ബാങ്ക്‌ അക്കൗണ്ടിൽ നൽകുമെന്ന്‌ പറയുമ്പോൾ ഉയരുന്നത്‌ പരിഹാസച്ചിരി മാത്രമാണ്‌. ഇതൊന്നും കാണാതെ തൊഴുത്തുമാറ്റം വഴി ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന വ്യാമോഹത്തിലാണ്‌ കോൺഗ്രസും യുഡിഎഫും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top