01 October Sunday

നാടകംകളി തുടരുന്ന കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022


ഇന്ത്യ എന്ന മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്‌ അവരുടെ കടമ നിർവഹിക്കുന്നതിൽ പൂർണമായും പരാജയപ്പെടുകയാണ്‌. ദിശാബോധമോ സ്ഥിരതയോ വ്യവസ്ഥയോ ഇല്ലാതെയാണ്‌ അവർ നീങ്ങുന്നത്‌. ഹൈക്കമാൻഡ്‌ എന്നറിയപ്പെടുന്ന സംവിധാനം പ്രതിസന്ധികൾക്കുമുന്നിൽ പകച്ചുനിൽക്കുകയാണ്‌. ഉപജാപകസംഘമാണ്‌ കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാരോപിച്ച്‌ മുതിർന്ന നേതാക്കൾ ഓരോരുത്തരായി പാർടി വിടുന്നു. മോദിസർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ രംഗത്തിറങ്ങാൻ തയ്യാറാകാതെ നിസ്സാരവിഷയങ്ങളിൽ _പ്രതികരിച്ച്‌ സമയം പാഴാക്കുകയുമാണ്‌ കോൺഗ്രസ്‌. നമീബിയയിൽനിന്ന്‌ ചീറ്റകളെ കൊണ്ടുവരികയെന്ന പൊങ്ങച്ചപദ്ധതിയുടെ ഖ്യാതിക്കുവേണ്ടി ബിജെപിയുമായി മത്സരിക്കുന്ന കോൺഗ്രസിനെയും രാജ്യം കണ്ടു. ഭാരത്‌ ജോഡോ യാത്ര, എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന നാടകങ്ങൾ _കോൺഗ്രസിന്റെ അപചയവും നിരുത്തരവാദിത്വവും _കൂടുതൽ പ്രകടമാക്കുന്നു.

ജനാധിപത്യകക്ഷിയെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസിൽ _പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തർക്കങ്ങളുടെ അടിസ്ഥാനം സോണിയകുടുംബത്തിന്റെ നിയന്ത്രണം നിലനിർത്താനുള്ള നീക്കങ്ങളാണ്‌. _വൻതകർച്ച നേരിടുന്ന കോൺഗ്രസിനെ മുന്നിൽനിന്ന്‌ നയിക്കാൻ തയ്യാറാകാതെ ഒളിച്ചുകളിക്കുന്ന രാഹുൽ ഗാന്ധി നിയന്ത്രണം വിട്ടുകൊടുക്കുന്നുമില്ല. ഭാരത്‌ ജോഡോ യാത്രയിലെ 150 സ്ഥിരാംഗങ്ങളിൽ ഒരാൾ മാത്രമാണ്‌ രാഹുൽ ഗാന്ധിയെന്ന്‌ സംഘാടകർ പ്രഖ്യാപിച്ചിരുന്നു. ജോഡോ യാത്ര ഒക്ടോബർ രണ്ടിന്‌ തുടങ്ങാനാണ്‌ നേരത്തേ നിശ്‌ചയിച്ചിരുന്നത്‌; പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ആഗസ്‌ത്‌ 21നു തുടങ്ങി സെപ്‌തംബർ 20ന്‌ പൂർത്തീകരിക്കാനും. രാഹുൽ ഗാന്ധിയെ _ഉയർത്തിക്കാട്ടാനുള്ള പദ്ധതിയുടെ ഭാഗമായി ജാഥ ഒരു മാസം മുന്നോട്ടാക്കി. തെരഞ്ഞെടുപ്പ്‌ ഒരു മാസം നീട്ടിവയ്‌ക്കുകയും ചെയ്‌തു. കേരളത്തിൽ യാത്ര പ്രവേശിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പരിപാടിയെന്ന വിധത്തിലായി പ്രചാരണം. ബിജെപിസർക്കാർ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച്‌ സംസാരിക്കാതെ രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ _താൽപ്പര്യങ്ങളിലും പെരുമാറ്റങ്ങളിലും കേന്ദ്രീകരിച്ചുള്ള പ്രചാരണപരിപാടിയായി ജാഥ ചുരുങ്ങുകയാണ്‌. സിപിഐ എമ്മിനെയും എൽഡിഎഫ്‌ സർക്കാരിനെയും ആക്ഷേപിക്കാനുള്ള അവസരമായും ഇതിനെ ജാഥാമാനേജർമാർ ഉപയോഗിച്ചു. 

എഐസിസി ആസ്ഥാനം നിയന്ത്രിക്കുന്നവർ ഒന്നടങ്കം ജാഥയിലാണ്‌. വിദേശത്ത്‌ ചികിത്സയ്‌ക്ക്‌ പോയ സോണിയ ഗാന്ധി കഴിഞ്ഞദിവസമാണ്‌ മടങ്ങിവന്നത്‌. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ _എംഎൽഎമാരും _നേതാക്കളും _ബിജെപിയിലേക്ക്‌ ചേക്കേറുമ്പോൾ പ്രതികരിക്കാൻപ്പോലും കഴിയാത്ത നേതൃശൂന്യതയായിരുന്നു കോൺഗ്രസിൽ. സോണിയ ഗാന്ധി മടങ്ങിവന്നശേഷം ജോഡോ യാത്രയിൽനിന്ന്‌ നേതാക്കളെ ഡൽഹിയിലേക്ക്‌ വിളിപ്പിച്ച്‌ ചർച്ച നടത്തുകയാണ്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ജി–-23 നേതാക്കളിൽ ആരെങ്കിലും മത്സരിക്കുമെന്ന്‌ ഉറപ്പായതോടെയാണ്‌ ഈ തിരക്കിട്ട നീക്കം.

ഒഴിഞ്ഞുനിൽക്കാനാണ്‌ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നതെങ്കിലും പ്രവർത്തകരുടെയും നേതാക്കളുടെയും താൽപ്പര്യപ്രകാരം അദ്ദേഹം പ്രസിഡന്റ്‌സ്ഥാനം ഏറ്റെടുക്കുന്നുവെന്ന്‌ വരുത്താൻ കളമൊരുക്കുകയാണ്‌. രാഹുൽ ഗാന്ധിക്ക്‌ പിസിസികളിൽനിന്ന്‌ മികച്ച പിന്തുണയുണ്ടെന്നാണ്‌ _സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം, _സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ഇത്തരത്തിൽ അഭിപ്രായം പറയുന്നത്‌ പക്ഷംപിടിക്കലും ജനാധിപത്യവിരുദ്ധവുമാണ്‌. തെരഞ്ഞെടുപ്പ്‌ നടപടികളെ അപഹസിക്കലാണ്‌. വോട്ടർപട്ടിക പരസ്യപ്പെടുത്താൻ തയ്യാറാകാതെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി അതോറിറ്റി മധുസൂദൻ മിസ്‌ത്രി ഉരുണ്ടുകളിക്കുകയുമാണ്‌. പട്ടിക പുറത്തുവരുന്നത്‌ രാഷ്‌ട്രീയഎതിരാളികൾ ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്നാണ്‌ _അദ്ദേഹത്തിന്റെ വാദം. _തെരഞ്ഞെടുക്കപ്പെട്ട പിസിസി പ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെ തെരഞ്ഞെടുപ്പ്‌ പ്രഹസനമാക്കി മാറ്റുകയാണ്‌. എതിർശബ്ദമില്ലാതെ രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ്‌ സാധ്യമാക്കുകയാണ്‌ ഈ നാടകങ്ങൾക്ക്‌ ചുക്കാൻപിടിക്കുന്നവരുടെ ലക്ഷ്യം. കോൺഗ്രസിൽ ജനാധിപത്യമെന്നത്‌ കേട്ടുകേൾവി മാത്രമായിട്ട്‌ കാലങ്ങളായി. തുടർച്ചയായി രണ്ട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പുകളിലും _ദയനീയമായി പരാജയപ്പെട്ടിട്ടും ജനാധിപത്യപാഠങ്ങൾ ഉൾക്കൊള്ളാൻ കോൺഗ്രസിന്റെ നടത്തിപ്പുകാർ തയ്യാറല്ല._രാജ്യത്തോടും ജനങ്ങളോടും കോൺഗ്രസ്‌ പ്രവർത്തകരോടും സത്യസന്ധമായി പെരുമാറാതെ _നിക്ഷിപ്‌തതാൽപ്പര്യങ്ങൾക്കുമേൽ അടയിരിക്കുകയാണ്‌ ഇവർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top