28 March Thursday

കാവി കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


വ്യക്തമായ നേതൃത്വമില്ല, നയമില്ല,  ഉന്നതനേതാക്കൾവരെ രാജിവച്ച്‌ ബിജെപിയിലേക്ക്‌ കൂടുമാറുന്നു. കോൺഗ്രസ്‌ ദേശീയതലത്തിൽ നാണംകെട്ടുകൊണ്ടിരിക്കയാണ്‌. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ പോക്ക്‌ എങ്ങോട്ടാണെന്ന സംശയം ഓരോ ദിവസവും വർധിക്കുകയാണ്‌. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതി ആ പാർടി എത്തിപ്പെട്ട അഗാധമായ തകർച്ചയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ആർഎസ്‌എസിനാൽ നയിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ മതനിരപേക്ഷ, ജനാധിപത്യശക്തികളെ യോജിപ്പിക്കുന്നതിന്‌ നേതൃത്വം നൽകേണ്ട കോൺഗ്രസിനെ നേതാക്കളും പ്രവർത്തകരുംതന്നെ കൈയൊഴിയുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യൻ ജനതയെ യോജിപ്പിക്കാനെന്നപേരിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ  കന്യാകുമാരിമുതൽ കശ്‌മീർ വരെയുള്ള ഭാരത്‌ ജോഡോ യാത്ര ആരംഭിച്ച്‌ ഒരാഴ്‌ച പിന്നിട്ടപ്പോൾത്തന്നെ ഗോവയിൽ കോൺഗ്രസിന്റെ എട്ട്‌ എംഎൽഎമാർ ബിജെപിയിലേക്ക്‌ ചേക്കേറി. കൂറുമാറില്ലെന്ന്‌  ദൈവങ്ങൾക്കു മുമ്പിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രതിജ്ഞയെടുത്ത എട്ട്‌ എംഎൽഎമാരാണ്‌ കഴിഞ്ഞദിവസം ബിജെപിയിൽ എത്തിയത്‌. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇക്കൂട്ടത്തിൽപ്പെടും. കോൺഗ്രസ്‌ ഛോഡോ യാത്ര (കോൺഗ്രസ്‌ വിടൂ) ഗോവയിൽ ആരംഭിച്ചെന്ന പ്രതിപക്ഷ നേതാവായിരുന്ന മൈക്കൽ ലോബോയുടെ പ്രതികരണം ഒരു മുന്നറിയിപ്പാണ്‌.  കർണാടകയിലൂടെ ഭാരത്‌ ജോഡോ യാത്ര കടന്നുപോകുമ്പോൾ സംസ്ഥാനത്തെ ചില കോൺഗ്രസ്‌ നേതാക്കളെ വിലയ്‌ക്കെടുക്കാൻ ബിജെപി വിലപേശൽ നടത്തുകയാണ്‌. 150 ദിവസം സഞ്ചരിച്ച്‌ യാത്ര കശ്‌മീരിൽ എത്തുമ്പോൾ എത്രപേർ അവശേഷിച്ചിട്ടുണ്ടാകുമെന്ന ചോദ്യമാണ്‌ ഇപ്പോൾ ഉയരുന്നത്‌.

ഗോവയിലെ കൂട്ടക്കാലുമാറ്റത്തിനുമുമ്പേ മഹാരാഷ്ട്രയിലെ സഖ്യസർക്കാരിനെ മറിച്ചിടുന്നതിലും കോൺഗ്രസിലെ ചിലർ പിന്നിൽനിന്ന്‌ ബിജെപിയെ സഹായിച്ചിരുന്നു.  സഖ്യസർക്കാരിനെ അട്ടിമറിച്ച്‌  അധികാരമേറ്റ ഏക്‌നാഥ്‌ ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പ്‌ തേടിയപ്പോൾ കോൺഗ്രസിലെ 11 എംഎൽഎമാരാണ്‌ നിയമസഭയിൽ എത്താതെ ബിജെപിയെ സഹായിച്ചത്‌. കോൺഗ്രസ്‌ നേതാക്കൾക്ക്‌ അവരുടെ  പ്രത്യയശാസ്‌ത്രത്തിൽപ്പോലും ഒട്ടും വിശ്വാസമില്ലെന്നതാണ്‌ കൂറുമാറ്റം എളുപ്പമാക്കുന്നത്‌. അഞ്ചു വർഷത്തിനിടയിൽമാത്രം പ്രവർത്തകസമിതി അംഗങ്ങളും മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും എംപിമാരും എംഎൽഎമാരും ഉൾപ്പെടെ മുന്നൂറിലേറെ നേതാക്കളാണ്‌ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ എത്തിയത്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ഒന്നാകെ ബിജെപിയിൽ എത്തി.  ഇതിലൂടെയാണ്‌ അഞ്ചു സംസ്ഥാനത്തിലും ബിജെപി ഭരണം വന്നത്‌. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ചിന്തൻ ശിബിർ നടക്കുന്നതിനിടെയായിരുന്നു പഞ്ചാബ്‌ പിസിസി പ്രസിഡന്റായിരുന്ന സുനിൽ ജാക്കർ പാർടി വിട്ടത്‌. പിന്നാലെ ഗുജറാത്ത്‌ പിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ഹാർദിക്‌ പട്ടേലും. ഭാരത്‌ ജോഡോ യാത്ര പ്രഖ്യാപിച്ചപ്പോൾ പ്രവർത്തകസമിതി അംഗവും കോൺഗ്രസിന്റെ ദേശീയ മുഖവുമായിരുന്ന ഗുലാംനബി ആസാദും ഹരിയാനയിലെ കുൽദീപ്‌ ബിഷ്‌ണോയിയും രാജിവച്ചു.  മുതിർന്ന നേതാക്കളെ ഒഴിവാക്കി രാഹുൽ സൃഷ്ടിച്ചെടുത്ത ബ്രിഗേഡിലെ ജ്യോതിരാദിത്യ സിന്ധ്യ, ആർ പി എൻ സിങ്‌, ജിതിൻ പ്രസാദ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന്‌ ബിജെപിയിലാണ്‌.

രാഹുൽ ഗാന്ധിയെ മുന്നിൽനിർത്തിയിരിക്കുന്ന  കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളാകട്ടെ കാലങ്ങളായി ബിജെപിയുമായി രഹസ്യ ബാന്ധവത്തിലാണ്‌. കേരളത്തിൽ അധികാരത്തിലെത്താൻ നാലു പതിറ്റാണ്ടായി കോൺഗ്രസ്‌ -ബിജെപിയുടെയും ആർഎസ്‌എസിന്റെയും സഹായം  ഉറപ്പുവരുത്തുന്നു. അവസരം കിട്ടിയാൽ ബിജെപിയോടൊപ്പം ചേരുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച ആളാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ആർഎസ്‌എസ്‌ കാര്യാലയങ്ങൾ സന്ദർശിച്ച്‌  ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ  നിലവിളക്ക്‌ കൊളുത്തുകയും  വോട്ട്‌ പിടിക്കാൻ ബിജെപി, ആർഎസ്‌എസ്‌ ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്യുന്ന നേതാക്കളാണ്‌ രാഹുലിനൊപ്പം ഭാരത്‌ ജോഡോ യാത്രയുടെ മുന്നിലുള്ളത്‌. ബിജെപി  ഉയർത്തുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ഉറച്ച മതനിരപേക്ഷ നിലപാട്‌ സ്വീകരിച്ച്‌ നേരിടാതെ മൃദുഹിന്ദുത്വവുമായി മുന്നോട്ടുപോകുന്ന കോൺഗ്രസ്‌ ഇന്ത്യൻ രാഷ്ട്രീയത്തിൽ തികച്ചും അപ്രസക്തമായി മാറുകയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ബിജെപിക്കെതിരെ ദേശീയതലത്തിൽ വിശാല മതനിരപേക്ഷ, ജനാധിപത്യശക്തികളുടെ കൂട്ടായ്‌മ ഉണ്ടാക്കുന്നതിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന നിലപാട്‌  പ്രാദേശിക കക്ഷികൾ സ്വീകരിക്കുന്നത്‌. സ്വന്തം എംഎൽഎമാരെപ്പോലും ഒന്നിപ്പിച്ചുനിർത്താൻ കഴിയാത്ത കോൺഗ്രസ്‌ നേതൃത്വത്തിന്‌ എങ്ങനെയാണ്‌ ഇന്ത്യൻ ജനതയെയും പ്രാദേശിക രാഷ്ട്രീയ പാർടികളെയും യോജിപ്പിച്ചുനിർത്താൻ കഴിയുകയെന്ന ചോദ്യവും ന്യായമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top