24 April Wednesday

മൃദുഹിന്ദുത്വം വിടാതെ കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2023

ദേശീയതലത്തിൽ കോൺഗ്രസിനു മാത്രമായി ബിജെപിയെ എതിരിടാനാകില്ലെന്ന തിരിച്ചറിവോടെയും തുറന്നുപറച്ചിലോടെയുമാണ്‌ റായ്‌പുർ എഐസിസി പ്ലീനറിയുടെ കൊടിയിറക്കം. പൊതുവായ ആശയാടിത്തറയിൽ നിന്നുകൊണ്ട്‌ പ്രതിപക്ഷം ഐക്യത്തോടെ എൻഡിഎയെ എതിരിടേണ്ടത്‌ അടിയന്തര ആവശ്യമാണെന്ന്‌ പ്ലീനറി അംഗീകരിച്ച രാഷ്ട്രീയ പ്രമേയം അടിവരയിടുന്നു. ഭരണഘടനാ സംരക്ഷണത്തിനായി പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ സമാനമനസ്‌കരായ മറ്റു പാർടികളുമായി സഹകരിക്കാൻ കോൺഗ്രസ്‌ സന്നദ്ധമാണെന്ന്‌ പ്ലീനറിയിൽ അവതരിപ്പിച്ച റായ്‌പുർ പ്രഖ്യാപനത്തിലും വ്യക്തമാക്കിയിട്ടുണ്ട്‌.

കഴിഞ്ഞ മേയിൽ ചേർന്ന ഉദയ്‌പുർ ചിന്തൻശിവിരത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തിൽ വ്യത്യസ്‌ത നിലപാടായിരുന്നു കോൺഗ്രസിന്റേത്‌. ബിജെപിയെ ചെറുക്കാൻ സാധിക്കുക കോൺഗ്രസിനു മാത്രമാണെന്ന പ്രഖ്യാപനമായിരുന്നു ചിന്തൻ ശിവിർ നടത്തിയത്‌. തുടർച്ചയായ തെരഞ്ഞെടുപ്പ്‌ തോൽവികൾ സംഘടനാതലത്തിൽ സൃഷ്ടിച്ച തിരിച്ചടി തന്നെയാണ്‌ യാഥാർഥ്യം തിരിച്ചറിഞ്ഞ്‌ ഐക്യത്തിനായി നിലകൊള്ളാൻ കോൺഗ്രസ്‌ നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്‌.

കോൺഗ്രസും ബിജെപിയും മുഖാമുഖം ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങൾ ചുരുങ്ങിവരികയാണ്‌. പഞ്ചാബ്‌, ആന്ധ്ര, ഒഡിീഷ, ഗുജറാത്ത്‌, ഡൽഹി തുടങ്ങി സമീപകാലം വരെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിൽപ്പോലും കോൺഗ്രസ്‌ സംഘടനാപരമായി തകർന്നുകഴിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാന സ്ഥിതിയാണ്‌. 543 ലോക്‌സഭാ മണ്ഡലങ്ങളിൽ 150ൽതാഴെ സീറ്റുകളിൽ മാത്രമാണ്‌ ബിജെപിയുടെ പ്രധാന പ്രതിയോഗിയായി കോൺഗ്രസുള്ളത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ 90 ശതമാനവും ബിജെപി നേടി.

സംഘപരിവാർ ഉയർത്തുന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ മൃദുഹിന്ദുത്വംകൊണ്ട്‌ നേരിടാമെന്ന വ്യാമോഹം തന്നെയാണ്‌ കോൺഗ്രസിനെ സംഘടനാപരമായി തളർത്തിയത്‌. നേതാവാരാണെന്ന ആശയക്കുഴപ്പവും സംസ്ഥാനങ്ങളിലെ ചേരിപ്പോരും കാര്യങ്ങൾ കൂടുതൽ വഷളാക്കി. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വത്തെ മതനിരപേക്ഷത ഉയർത്തി ചെറുക്കുന്നതിന്റെ സൂചനയൊന്നും റായ്‌പുർ പ്ലീനറിയിലും പ്രതിഫലിച്ചിട്ടില്ല. കശ്‌മീരിന്റെ പ്രത്യേക പദവി, പൗരത്വ ഭേദഗതി, മുത്തലാഖ്‌, രാമക്ഷേത്ര നിർമാണം, കാശിയും മഥുരയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തുടങ്ങി ആർഎസ്‌എസിന്റെയും ബിജെപിയുടെയും വർഗീയ അജൻഡകളെക്കുറിച്ച്‌  പരാമർശമുണ്ടായില്ല. അദാനിയെ വിമർശിച്ചു എന്നതൊഴിച്ചാൽ മോദി സർക്കാർ പിന്തുടരുന്ന അപകടകരമായ കോർപറേറ്റ്‌ അനുകൂല സാമ്പത്തിക നയങ്ങളെയും  തുറന്ന്‌ എതിർക്കുന്നില്ല.

പ്ലീനറിയുടെ പ്രധാന അജൻഡയായിരുന്ന പ്രവർത്തകസമിതി രൂപീകരണത്തിലേക്ക്‌ കടക്കാതിരുന്നത്‌ കോൺഗ്രസ്‌ അഭിമുഖീകരിക്കുന്ന സംഘടനാ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രവർത്തകസമിതിയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലോടെയാണ്‌ ഈ അജൻഡ മാറ്റിയത്‌. പകരം പ്രവർത്തകസമിതി അംഗങ്ങളെ പൂർണമായും നാമനിർദേശം ചെയ്യാൻ പുതിയ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി.

ഗ്രൂപ്പുപോര്‌ രൂക്ഷമാകുമെന്ന ആശങ്ക തന്നെയാണ്‌ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ്‌ ഉപേക്ഷിക്കാൻ കാരണമായത്‌. പ്രസിഡന്റ്‌ ഖാർഗെ ആണെങ്കിലും കടിഞ്ഞാൺ നെഹ്‌റു കുടുംബത്തിന്റെ കൈയിൽ തന്നെയെന്ന്‌ പ്ലീനറിയിലെ ഓരോ നടപടിക്രമവും വ്യക്തമാക്കി. നേതൃത്വം പൂർണമായും രാഹുലിന്‌ ചുറ്റുമായിരുന്നു. ഖാർഗെ പലപ്പോഴും വേദിയിൽ ഏകനായി. പ്രിയങ്ക ഗാന്ധിയെ റായ്‌പുരിലേക്ക്‌ വരവേറ്റത്‌ 6000 കിലോ റോസാപ്പൂ കൊണ്ട്‌ രണ്ടു കിലോമീറ്റർ പരവതാനി ഒരുക്കിയാണ്‌. കട്ടൗട്ടുകളിൽ നിറഞ്ഞതും സോണിയയും രാഹുലും പ്രിയങ്കയും തന്നെ.

പ്രവർത്തകസമിതി അംഗബലം 35 ആക്കിയതും ബ്ലോക്ക്‌തലം മുതൽ എല്ലാ സമിതികളിലും അമ്പതുശതമാനം പിന്നാക്ക–- ന്യൂനപക്ഷ–- വനിത–- യുവജന സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി അംഗീകരിച്ചതുമാണ്‌ പ്ലീനറിയിലെ മറ്റൊരു ശ്രദ്ധേയ നടപടി. മണ്ഡൽ റിപ്പോർട്ട്‌ പൂഴ്‌ത്തിയതടക്കം പിന്നാക്കദ്രോഹ നടപടികളുടെ പാരമ്പര്യം പേറുന്ന കോൺഗ്രസ്‌ പുതിയ ഭേദഗതികൾ എത്രമാത്രം നടപ്പിൽ വരുത്തുമെന്നത്‌ കാത്തിരുന്നു കാണണം.

പ്ലീനറി വേദിയിലും കേരളത്തിലെ നേതാക്കൾ തമ്മിലടിച്ചു. പ്ലീനറിയിലേക്ക്‌ പിസിസി പ്രതിനിധികളായി കെപിസിസി പ്രസിഡന്റ്‌ നാമനിർദേശം ചെയ്‌ത 60 പേരുടെ പട്ടികയെച്ചൊല്ലിയായിരുന്നു അടി. പട്ടികയിൽ ആരൊക്കെയെന്നത്‌ മുതിർന്ന നേതാക്കൾക്കുപോലും അജ്ഞാതം. പട്ടിക ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല. പട്ടികയെച്ചൊല്ലിയുള്ള തർക്കം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നു തീർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top