16 June Sunday

കോൺഗ്രസിൽനിന്ന് രാജി തുടരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021


കേരളത്തിൽ കോൺഗ്രസിന്റെ ഒരു പ്രമുഖ നേതാവുകൂടി പാർടി വിട്ടു. മാസങ്ങൾക്കു മുമ്പുവരെ സംഘടനാചുമതല വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറാണ് ചൊവ്വാഴ്ച രാജിവച്ചത്. ബുധനാഴ്ച മറ്റൊരു കെപിസിസി സെക്രട്ടറി ജി രതികുമാറും രാജി പ്രഖ്യാപിച്ചു. കോൺഗ്രസിൽനിന്ന് നേതാക്കൾ കൊഴിയുന്നത് വാർത്തയല്ലാതായിട്ട് ഏറെയായി. എല്ലാ സംസ്ഥാനത്തും ആ പാർടിയിൽനിന്ന് പ്രമുഖർ പുറത്തുകടക്കുകയാണ്. പക്ഷേ, കേരളത്തിൽ ഈ പ്രവണതയുടെ അടിസ്ഥാനസ്വഭാവം വ്യത്യസ്തമാണ്. മറ്റിടങ്ങളിൽ നേതാക്കൾ ഒഴുകുന്നത് ബിജെപിയിലേക്കാണ്. ഏതാനും വർഷംമുമ്പുവരെ കേരളത്തിലും ആ നില വന്നിരുന്നു. ഒരുനിര നേതാക്കൾ ബിജെപിയിൽ ചേക്കേറി. മറ്റു ചിലർ അങ്ങോട്ട്‌ പോകുമെന്ന് ഭീഷണിമുഴക്കി സ്ഥാനങ്ങൾ ഉറപ്പിച്ചു. ഇപ്പോൾ അതല്ല സ്ഥിതി. കേരളത്തിൽ അടുത്തിടെ കോൺഗ്രസ് വിട്ട നേതാക്കൾ അണിചേർന്നത് എൽഡിഎഫിനൊപ്പമാണ്. പി സി ചാക്കോയെയും ലതിക സുഭാഷിനെയും പി എം സുരേഷ് ബാബുവിനെയും പോലെയുള്ളവർ എൻസിപിയിൽ ചേർന്നു. കെ പി അനില്‍കുമാറും പി എസ് പ്രശാന്തും രതികുമാറുമാകട്ടെ സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ഈ വ്യത്യാസമാണ് പ്രസക്തം.

കോൺഗ്രസ്‌ വൻ തകർച്ചയിലേക്കാണ്‌ നീങ്ങുന്നത്‌. നേതൃത്വമോ തത്വദീക്ഷയോ ഇല്ലാത്ത പാർടിയായി അവർ മാറിക്കഴിഞ്ഞു. പിന്തുടരുന്നതാകട്ടെ ബിജെപിയിൽനിന്ന് വ്യത്യസ്തമല്ലാത്ത നവ ഉദാരവൽക്കരണനയങ്ങളും. അങ്ങനെയൊരു പാർടി ജനങ്ങളിൽനിന്ന് ഒറ്റപ്പെടും; തകരും. എന്നാൽ, ഈ തകർച്ച ബിജെപിക്ക് വളമാകരുത്. പല കാരണങ്ങളാൽ കോൺഗ്രസ് വിടുന്നവർ മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിൽക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും അതിന്‌ നേതൃത്വം നൽകുന്ന സിപിഐ എമ്മും ആ ജാഗ്രത പുലർത്തുന്നു. മതനിരപേക്ഷബോധവും ആത്മാഭിമാനവുമുള്ള കോൺഗ്രസുകാരെ എൽഡിഎഫിനൊപ്പം നിർത്തുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം മുന്നണി നിർവഹിക്കുന്നു.

നിലവിലെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അവസ്ഥയും പാർടി വിടുന്നവരെ ഇടതുപക്ഷത്തേക്ക്‌ എത്താൻ പ്രേരിപ്പിക്കുന്നതാണ്. സംസ്ഥാന കോൺഗ്രസ് പൂർണമായും ബിജെപിയുടെ പിൻപാട്ടുകാരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പേ ഈ മാറ്റം തുടങ്ങി. ശബരിമല വിഷയത്തിൽ ഇത് മറനീക്കി. കൊലവിളിയുമായി തെരുവിലിറങ്ങിയ സംഘപരിവാറിന്‌ ചൂട്ടുതെളിക്കാൻ കോൺഗ്രസ് നേതാക്കൾ മുന്നിൽനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയുടെ അസംബന്ധ ആരോപണങ്ങളുടെ മെഗാഫോണുകളായി. കേന്ദ്ര ഏജൻസികളെ ഇറക്കി ബിജെപി കളിച്ച അറസ്റ്റ്–- -റെയ്ഡ് നാടകങ്ങളുടെ അണിയറയിൽ കോൺഗ്രസുകാർ നിറഞ്ഞു. തെരഞ്ഞെടുപ്പിൽ കിട്ടാവുന്നിടത്തൊക്കെ ബിജെപിയുടെ വോട്ടും വാങ്ങി.

കെ സുധാകരൻ കെപിസിസി പ്രസിഡന്റായതോടെ ഈ ബിജെപി വിധേയത്വം അടിമത്തമായി. കെ പി അനിൽകുമാർ ചൂണ്ടിക്കാട്ടിയതുപോലെ ഭാരവാഹി ആക്കിയില്ലെങ്കിൽ ബിജെപിയിൽ പോകുമെന്ന് പ്രഖ്യാപിച്ചയാളാണ് സുധാകരൻ. ഇപ്പോൾ സുധാകരൻ ഇടയ്ക്കിടെ പറയുന്ന ‘സെമി കേഡർ' പാർടി എന്ന അസംബന്ധ പ്രയോഗംപോലും ആർഎസ്എസിനെ മനസ്സിൽ കണ്ടാകണം. വ്യക്തമായ രാഷ്ട്രീയ പരിപാടി മുന്നോട്ടുവച്ച്‌ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടിയുടെ കേഡർ സ്വഭാവമല്ല സുധാകരനെ ആകർഷിക്കുന്നത്; സമൂഹത്തിൽ ഭിന്നിപ്പ് വിതയ്ക്കുന്ന സംഘപരിവാർ കേഡർമാരാണ്.

ഇങ്ങനെ സർവനാശത്തിന്റെ അതിവേഗപ്പാതയിൽ നിയന്ത്രണംവിട്ട്‌ കുതിക്കുന്ന കോൺഗ്രസാണ് കേരളത്തിലേത്. ആ നാശത്തിന്റെ ആഴമറിഞ്ഞ്‌ പുറത്തുചാടുന്നവർ പോകേണ്ടത് ബിജെപിയിലേക്കല്ല; ഇടതുചേരിയിലേക്കാണ്. ഈ രാജികൾ അവസാനത്തേതാകില്ല. കോൺഗ്രസ് എന്നത് സുധാകരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു ഉപജാപക സംഘമായി അധഃപതിക്കാൻ ഇനി ഏറെനാൾ വേണ്ട. ദേശീയ പ്രസ്ഥാനത്തെ നയിച്ച കോൺഗ്രസിന്റെ മൂല്യങ്ങളോട്‌ പ്രതിബദ്ധതയുള്ള കോൺഗ്രസുകാരെല്ലാം അതിനുമുമ്പ് പുറത്തുവരികതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top