20 April Saturday

കോൺഗ്രസിന്റെ പതിവുനാടകം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 15, 2022


ബിജെപിയെ അധികാരത്തിൽ എത്തിച്ചതും നിലനിർത്തുന്നതും കോൺഗ്രസിന്റെ നയരാഹിത്യവും അഴിമതിയും സംഘടനാ ദൗർബല്യവുമാണെന്ന തിരിച്ചറിവോ തിരുത്തൽ നടപടികളോ കൂട്ടത്തോൽവി വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതിയിലും ഉണ്ടായില്ല. കോൺഗ്രസിന്റെ നഷ്‌ടപ്പെട്ട മൂല്യങ്ങളും ജനാധിപത്യവും ആരും ഉന്നയിച്ചില്ല. പതനത്തിന്റെ നെല്ലിപ്പടിയിലും മൂക്കിനപ്പുറം കാണാൻ കഴിയാത്ത കോൺഗ്രസിൽനിന്ന്‌ ഇനിയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഭരണം നഷ്‌ടപ്പെട്ട പഞ്ചാബിന്റെ കാര്യത്തിൽ മാത്രമാണ്‌ ചില ഏറ്റുപറച്ചിലുകൾ. അതും ഗ്രൂപ്പുപോരിന്റെ കളങ്ങളിൽ ഒതുങ്ങുന്ന ആത്മരോദനം. മറ്റ്‌ നാലിടത്തെ തോൽവിയുടെ കാര്യമോ കാരണങ്ങളോ നാലുമണിക്കൂർ നീണ്ട യോഗം ഗൗരവത്തിലെടുത്തില്ല.

അഞ്ചു സംസ്ഥാനത്ത്‌ നിലംതൊടാതെ തോറ്റ പാർടി സോണിയ, മക്കൾ രാഹുൽ, പ്രിയങ്ക എന്നിവരുടെ സ്ഥാനത്യാഗത്തിൽ കുരുങ്ങിനിന്നു. സോണിയയെയും മക്കളെയും പിന്തുണയ്‌ക്കുന്നവരുടെ ഒച്ചപ്പാടിൽ തിരുത്തൽവാദികളായ ജി–- 23ന്റെ ശബ്ദം പുറത്തുവന്നതേയില്ല. എഐസിസി വിളിച്ചുചേർക്കണമെന്നും പുതിയ അധ്യക്ഷനെ വൈകാതെ കണ്ടെത്തണമെന്നുമുള്ള ഉപചാരവാക്കുകൾ മാത്രമാണ്‌ ഗുലാംനബി, ആനന്ദ്‌ ശർമ, മുകുൾ വാസ്‌നിക്‌ തുടങ്ങിയവർ ഉരുവിട്ടത്‌. രാജ്യവും കോൺഗ്രസും എത്തിനിൽക്കുന്ന പ്രതിസന്ധിയുടെ ആഴം അറിയാനുള്ള ഒരു ശ്രമവും അവിടെയുണ്ടായില്ല.

ബിജെപി  നേതൃത്വത്തിലുള്ള കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സമ്പന്ന അനുകൂല–- ജനവിരുദ്ധ നയങ്ങൾ നാടിന്‌ സമ്മാനിച്ച ദുരിതങ്ങൾ ചില്ലറയല്ല. കർഷകരെ വഴിയാധാരമാക്കുന്ന നിയമങ്ങൾക്കെതിരെ 16 മാസം നീണ്ട പോരാട്ടം വിജയം കണ്ടെങ്കിലും അവരുടെ ദുരിതങ്ങൾക്ക്‌ അറുതിയായിട്ടില്ല. ന്യൂനപക്ഷങ്ങൾക്ക്‌ ഭരണഘടന ഉറപ്പുനൽകിയ സുരക്ഷകൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടു. ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ച്‌ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുകയാണ്‌. വിശ്വാസത്തിന്റെ മറവിൽ മതസ്‌പർധയുണ്ടാക്കി ന്യൂനപക്ഷവിഭാഗങ്ങളെ വേട്ടയാടുന്നു. അന്ധവിശ്വാസവും ശാസ്‌ത്രവിരോധവും വളർത്തി  നാടിനെ പിന്നോട്ടുനയിക്കുകയാണ്‌ സംഘപരിവാർ ശക്തികൾ. ഭൂരിപക്ഷ മതത്തിന്റെ ലേബലിലാണ്‌ ഇതെല്ലാം. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷ പാരമ്പര്യവും സമാധാന ജീവിതവുമാണ്‌ ബിജെപി ഭരണത്തിൽ അനുദിനം അപകടപ്പെടുന്നത്‌. ഇതെല്ലാം ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിലാണ്‌ നാലു സംസ്ഥാനത്ത്‌ വീണ്ടും ബിജെപി അധികാരം പിടിച്ചത്‌.

ഈ ഗുരുതരമായ സ്ഥിതിവിശേഷം ചർച്ച ചെയ്യാനോ സ്വന്തം വീഴ്‌ചകൾ തിരുത്താനോ കോൺഗ്രസ്‌ പ്രവർത്തക സമിതി തയ്യാറായില്ല. ഏപ്രിലിൽ ‘ചിന്തൻ ശിബിർ’ ചേർന്ന്‌ പരാജയം വിലയിരുത്തുമെന്ന്‌ പറയുന്നുണ്ട്‌. എന്നാൽ, കുടുംബവാഴ്‌ചയിൽ വിശ്വാസം ആവർത്തിച്ച്‌ ഉറപ്പിച്ചതോടെ ശിബിരത്തിന്റെ ഭാവി എന്താകുമെന്ന്‌ കണ്ടറിയണം. പാർടി അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്‌ സെപ്‌തംബറിൽ മതിയോ, അതോ നേരത്തേ വേണോ എന്ന ചർച്ചയും നടക്കുന്നുണ്ട്‌. 2019ലെ ദയനീയ തോൽവിയെത്തുടർന്ന്‌ രാഹുൽ ഗാന്ധി രാജിവച്ചതുമുതൽ സോണിയ ഗാന്ധിയാണ്‌ താൽക്കാലിക അധ്യക്ഷ. ഇനി എപ്പോൾ തെരഞ്ഞെടുപ്പ്‌ നടന്നാലും പുറത്തുനിന്ന്‌ ഒരാൾ അധ്യക്ഷപദത്തിൽ എത്തില്ലെന്നും ഉറപ്പാണ്‌. തഴേത്തട്ടിലേക്കും നോമിനേഷൻ അല്ലാതെ തെരഞ്ഞെടുപ്പ്‌ നടക്കാറില്ല. എല്ലാം പതിവ്‌ നാടകം.

ഭൂരിപക്ഷ വർഗീയതയെ ആശ്രയിക്കുന്നതും കോർപറേറ്റ്‌, സാമ്രാജ്യത്വ താൽപ്പര്യങ്ങൾ പിന്തുടരുന്നതുമായ ബിജെപി ഭരണത്തിന്‌ ബദൽ ഉണ്ടാകേണ്ടത്‌ ഇന്ത്യയിലെ മഹാഭൂരിപക്ഷംവരുന്ന സാമാന്യജനങ്ങളുടെ ആവശ്യമാണ്‌. കോൺഗ്രസിന്റെ ഉദാരവൽക്കരണ നയങ്ങളും അഴിമതിയുമാണ്‌ ബിജെപിക്ക്‌ വഴിയൊരുക്കിയത്‌. അതുകൊണ്ടുതന്നെ ബിജെപിക്ക്‌ ബദലാകാൻ കോൺഗ്രസിന്‌ സാധിക്കില്ല. മാത്രമല്ല, ബിജെപിയുടെ തീവ്രവർഗീയതയെ നേരിടാൻ കോൺഗ്രസ്‌ പയറ്റുന്നത്‌ മൃദുഹിന്ദുത്വമാണുതാനും. ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുകയെന്ന സമീപനത്തെ എല്ലാ തെരഞ്ഞെടുപ്പിലും തുരങ്കം വയ്‌ക്കുന്നതും കോൺഗ്രസുതന്നെ.  ഒറ്റയ്‌ക്ക്‌ മത്സരിച്ച യുപിയിൽ 97 ശതമാനം സീറ്റിലും കെട്ടിവച്ച കാശ്‌ പോയിട്ടും അവർ യാഥാർഥ്യത്തിലേക്ക്‌ കണ്ണുതുറക്കുന്നില്ല. ബിജെപിയെ വിറപ്പിച്ചു നിർത്തിയ എസ്‌പിയെ നിരവധി സീറ്റുകളിൽ പരാജയപ്പെടുത്തിയത്‌ കോൺഗ്രസിന്റെ സാന്നിധ്യമാണെന്നുകൂടി കാണണം. ഈ രാഷ്‌ട്രീയമൊന്നും ചർച്ച ചെയ്യാതെ സോണിയയെ പിടിച്ചുനിർത്താൻമാത്രം ചേർന്ന കോൺഗ്രസ്‌ നേതൃയോഗത്തെ തമാശ എന്നല്ല, ദുരന്തമെന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top