28 March Tuesday

കോൺഗ്രസിലെ മക്കൾ രാഷ‌്ട്രീയം

വെബ് ഡെസ്‌ക്‌Updated: Tuesday May 28, 2019

മക്കൾ രാഷ്ട്രീയത്തിനെതിരെ അവസാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംസാരിച്ചിരിക്കുന്നു. മക്കൾ രാഷ്ട്രീയം അനുവദനീയവും പ്രോത്സാഹിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടുമാത്രം പാർടി നേതൃസ്ഥാനത്ത് എത്തിയ ഒരു വ്യക്തിയാണ് മക്കൾ രാഷ്ട്രീയത്തിനെതിരെ സംസാരിച്ചത് എന്നതാണ് ശ്രദ്ധേയം. 134 വർഷത്തെ ചരിത്രം പേറുന്ന വന്ദ്യവയോധിക കക്ഷി സ്വാതന്ത്ര്യാനന്തരമാണ് മക്കൾ രാഷ്ട്രീയത്തിന്റെ പടുകുഴിയിൽ വീണത്. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കുaടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം കോൺഗ്രസ് പാർടിയുടെ അധ്യക്ഷസ്ഥാനത്ത് എത്തിയ വ്യക്തിയാണ് രാഹുൽ ഗാന്ധി. ജവാഹർലാൽ നെഹ്റുവും മകൾ ഇന്ദിര ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻമാരും പ്രധാനമന്ത്രിമാരുമായിരുന്നു. ജവാഹർലാൽ നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റുവും കോൺഗ്രസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരയുടെ മകൻ രാജീവ് ഗാന്ധിയും പ്രധാനമന്ത്രിപദവും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചു.

രാജീവിന്റെ ഭാര്യ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റുമാരായി.  അതായത് നെഹ്റു–-ഗാന്ധി കുടുംബത്തിൽ നിന്നുമാത്രം കോൺഗ്രസിന് ആറ‌് അധ്യക്ഷന്മാരാണുണ്ടായത്. രാജ്യത്ത് തന്നെ മക്കൾ രാഷ‌്ട്രീയത്തിന‌് ശക്തമായ അടിത്തറയിട്ട കുടുംബത്തിലെ വ്യക്തിയാണിപ്പോൾ മക്കൾ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നത്. 
നെഹ്റു–-ഗാന്ധി കുടുംബം വെള്ളമൊഴിച്ച് നട്ടുവളർത്തിയെടുത്ത മക്കൾ രാഷ്ട്രീയമാണ് ആ പാർടിയെ ഇന്നത്തെ ദയനീയാവസ്ഥയിൽ എത്തിച്ചത് എന്ന കാര്യത്തിലും സംശയമില്ല. പല മതത്തിലും ജാതിയിലുംപെട്ട അന്യദേശക്കാരുൾപ്പെടെയുള്ളവർ  അധ്യക്ഷസ്ഥാനം അലങ്കരിച്ച പാർടിയാണ് കോൺഗ്രസ്. ആദ്യ പ്രസിഡന്റ് ബംഗാളിയായ വൊമേഷ് ചന്ദ്ര ബാനർജിയായിരുന്നു. ദാദാബായ് നവറോജിയും സി ശങ്കരൻനായരും മൗലാന അബുൾ കലാം ആസാദും കാമരജും നിജിലിംഗപ്പുയും ഉൾപ്പെടെ നിരവിധിപേർ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാൽ, ഇന്ദിര ഗാന്ധിയുടെ കാലംമുതലാണ് ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരേ അധ്യക്ഷസ്ഥാനത്ത് ഇരിക്കാവൂ എന്ന ശാഠ്യം കോൺഗ്രസ് പ്രകടിപ്പിച്ചുതുടങ്ങിയത്. 1990 കൾക്കുശേഷം ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത നരസിംഹറാവുവും സീതറാം കേസരിയും മാത്രമാണ് പ്രസിഡന്റ് പദവി അലങ്കരിച്ചത്. 

കോൺഗ്രസിലെ ഈ കുടുംബാധിപത്യവും വ്യക്തിപൂജയും ആ പാർടിയുടെ ഇന്നത്തെ ദയനീയമായ പതനത്തിന് ഒരു കാരണമാണ്. വ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ അഭാവവും തകർച്ചയ‌്ക്ക് ആക്കം കൂട്ടി. വിവിധ വിഭാഗങ്ങളിൽനിന്നുള്ള കഴിവുള്ള ആളുകൾക്ക് പാർടിയിലും സംഘടനയിലും പ്രാതിനിധ്യം ലഭിക്കാതായപ്പോൾ സ്വാഭാവികമായും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി.  ഇത് സ്വാഭാവികമായും കോൺഗ്രസ് സംഘടനയുടെ കരുത്തുചോർത്തി.  ഏറിയും കുറഞ്ഞും മക്കൾ രാഷ്ട്രീയമെന്ന വിപത്ത് ബിജെപി ഉൾപ്പെടെയുള്ള എല്ലാ ബൂർഷ്വാ രാഷ്ട്രീയ കക്ഷികളെയും വിഴുങ്ങുകയാണിന്ന്. 

മക്കൾ രാഷ്ട്രീയത്തെക്കുറിച്ച് പരാതിപ്പെട്ട രാഹുൽ ഗാന്ധിയുടെ ചുറ്റുമുള്ള ആരൊക്കെയാണെന്ന് പരിശോധിച്ചാൽ മക്കൾ രാഷ്ട്രീയത്തിന്റെ വേരുകൾ എത്രമാത്രം ആഴത്തിലാണ് വേരോട്ടം നേടിയിട്ടുള്ളതെന്ന് വ്യക്തമാകും. ജ്യോതിരാദിത്യ സിന്ധ്യ, മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയും സോണിയ ഗാന്ധിയുടെ വലംകൈയുമായ മാധവറാവു സിന്ധ്യയുടെ മകനാണ്. രാജസ്ഥാൻ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്, മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായിരുന്ന രാജേഷ‌് പൈലറ്റിന്റെ മകനാണ്. ജിതിൻ  പ്രസാദ  ഉത്തർപ്രദേശിൽനിന്നുള്ള കോൺഗ്രസ‌് വൈസ്‌ പ്രസിഡന്റായിരുന്ന  ജിതേന്ദ്രപ്രസാദയുടെ മകനാണ്. ദീപേന്ദ്ര ഹൂഡ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡയുടെ മകൻ. ഇതിൽ സച്ചിൻ പൈലറ്റ് ഒഴിച്ച് മൂന്നുപേരും  കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. മക്കൾ രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന ഇവരെ ചുറ്റുമിരുത്തിയാണ് രാഹുൽ ഗാന്ധി മക്കൾ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നത്.

ഇനി നിലവിലെ കോൺഗ്രസിന്റെ സ്ഥിതിയെടുത്ത് പരിശോധിക്കാം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി പാർടി നേതാവ് സോണിയ ഗാന്ധി. പാർടി ജനറൽ സെക്രട്ടറിമാരിൽ ഒരാൾ പ്രിയങ്ക ഗാന്ധി. അമ്മയും മകനും സഹോദരിയും നയിക്കുന്ന പാർടിയുടെ ചുക്കാൻ പിടിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി മക്കൾ രാഷ്ട്രീയത്തെക്കുറിച്ച് പരാതിപ്പെടുന്നത്. കമൽനാഥും ചിദംബരവും അശോക് ഗെഹ‌്‌ലോട്ടും തുരൺ ഗൊഗോയിയും മറ്റും മക്കൾ രാഷ്ട്രീയത്തിന് പിറകെ പോകുന്നുണ്ടെങ്കിൽ അവർ ഗാന്ധികുടുംബത്തെ അനുകരിക്കുകയാണെന്ന് മാത്രമേ പറയാനാകൂ. രാഷ്ട്രീയത്തിൽ ബഹുസ്വരതയും വൈവിധ്യവും തകർക്കുന്ന, ഫ്യൂഡൽകാലത്തിന്റെ അവശിഷ്ടമായി തുടരുന്ന മക്കൾ രാഷ്ട്രീയത്തിന് അന്ത്യമിടേണ്ടതുതന്നെയാണ്. എന്നാൽ, അതിന്റെ ആനുകൂല്യത്തിൽമാത്രം രാഷ്ട്രീയപദവി കൈയാളുന്ന രാഹുൽ ഗാന്ധി പ്രകടിപ്പിക്കുന്ന എതിർപ്പ് തനി കാപട്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top