27 September Wednesday

രാജസ്ഥാനിലും കുഴിതോണ്ടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022


കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രമെടുത്താൽ ഇത്രയും പരിതാപകരമായ അവസ്ഥ മുമ്പ്‌ കാണാനാകില്ല. പാർടി അധ്യക്ഷ തെരഞ്ഞെടുപ്പാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണം. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഹൈക്കമാൻഡ്‌ നോമിനിയാകുമെന്ന്‌ കരുതിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടാണ്‌ പുതിയ കഥയിലെ നായകനും വില്ലനും. സോണിയ കുടുംബം കൈയൊഴിഞ്ഞ അധ്യക്ഷപദത്തിലേക്ക്‌ കണ്ടുവച്ച ഗെലോട്ട്‌ ആദ്യം ശ്രമിച്ചത്‌ രണ്ടു പദവിയും ഒന്നിച്ചുവഹിക്കാനാണ്‌. അത്‌ അനുവദിക്കില്ലെന്ന്‌ സോണിയയും രാഹുലും മുഖത്തടിച്ചു പറഞ്ഞപ്പോഴാണ്‌ ഗെലോട്ട്‌ കുതന്ത്രം പുറത്തെടുത്തത്‌. നേതൃത്വം പറയുന്നത്‌ അനുസരിക്കാമെന്ന സമന്വയത്തിനു പിന്നിൽ ഇങ്ങനെയൊരു ചതിയുണ്ടെന്ന്‌ ഹൈക്കമാൻഡ്‌ കരുതിയില്ല. ഉടക്കിനിൽക്കുന്ന സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കി എല്ലാം ശുഭമാക്കാമെന്ന കണക്കുകൂട്ടലാണ്‌ പിഴച്ചത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതൽ നിലനിൽക്കുന്ന ഗെലോട്ട്‌ പൈലറ്റ്‌ ഗ്രൂപ്പുപോരിൽ ആരു ജയിച്ചാലും തോൽക്കുന്നത്‌ കോൺഗ്രസ്‌ ആയിരിക്കുമെന്ന്‌ ഒരിക്കൽക്കൂടി തെളിഞ്ഞു. ബിജെപി ഭരണത്തിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാൻ ഗൗരവപൂർണമായ ചർച്ചകളിൽ ഇടത്‌, മതനിരപേക്ഷ, പ്രാദേശിക പാർടികൾ മുഴുകിയിരിക്കുന്ന ഘട്ടത്തിലാണ്‌ കോൺഗ്രസിൽ ഈ പൊറാട്ടുനാടകം. പാർടിക്ക്‌ അഖിലേന്ത്യാ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെങ്കിൽ, ഭരണം അവശേഷിക്കുന്ന രണ്ട്‌ സംസ്ഥാനത്തിൽ ഒന്ന്‌ ബലികഴിക്കണമെന്ന ദുര്യോഗത്തിലാണ്‌ കോൺഗ്രസ്‌. രാഷ്‌ട്രം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ ക്രിയാത്മക ഇടപെടലോ വ്യക്തമായ രാഷ്‌ട്രീയനയമോ കോൺഗ്രസിന് അവകാശപ്പെടാനാകില്ല. എന്നാൽ, പാർടിയുടെ ആഭ്യന്തര കാര്യങ്ങളിലെങ്കിലും ചിട്ടയും കെട്ടുറപ്പം നടപ്പാക്കാനാകേണ്ടേ. ഈ വർഷമാദ്യം അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്നാണ്‌ തെറ്റുതിരുത്താൻ ചിന്തൻ ശിബിറുകൾ സംഘടിപ്പിച്ചത്‌. രാജസ്ഥാനിലെ ഉദയ്‌പുരിൽ ചേർന്ന നവസങ്കൽപ്പ്‌ ശിബിറിന്റെ പ്രധാന പ്രഖ്യാപനങ്ങൾ ഒരാൾക്ക്‌ ഒരു പദവി, യുവജനങ്ങൾക്ക്‌ 50 ശതമാനം പ്രാതിനിധ്യം തുടങ്ങിയവയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാഹുൽ ഗാന്ധി അധ്യക്ഷപദം ഒഴിഞ്ഞശേഷം ഫലത്തിൽ കോൺഗ്രസിന്‌ അധ്യക്ഷനില്ല. അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി തുടർന്നെങ്കിലും കോൺഗ്രസ്‌ ദുർബലപ്പെട്ടുകൊണ്ടിരുന്നു.  പല സംസ്ഥാനങ്ങളിലും ബിജെപി കോൺഗ്രസിന്റെ   എംഎൽഎമാരെ വിലയ്‌ക്കുവാങ്ങി  ഭരണം അട്ടിമറിച്ചു.   തലമുതിർന്ന നിരവധി നേതാക്കൾ കോൺഗ്രസ്‌ വിട്ടു. ഇപ്പോൾ കൊട്ടിഘോഷിക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പും നേരായ രീതിയിൽ നടക്കുമെന്ന പ്രതീക്ഷ ആർക്കുമില്ല. അധ്യക്ഷപദത്തിലേക്ക്‌ ഞങ്ങളില്ലെന്ന്‌ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സോണിയ കുടുംബവും പാർശ്വവർത്തികളും തീരുമാനിക്കുന്നതിനപ്പുറമൊന്നും കോൺഗ്രസിൽ നടക്കില്ല. മുഖ്യമന്ത്രിക്കസേര കൈവിടാൻ മടിക്കുന്ന ഗെലോട്ടിനെ നിർബന്ധിച്ച്‌ സ്ഥാനാർഥിയാക്കിയതും തുടർന്നുണ്ടായ പ്രതിസന്ധിയും ഇതിന്റെ തെളിവാണ്‌. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച്‌ നിയമസഭാകക്ഷി യോഗം ബഹിഷ്‌കരിക്കുകയും രാജിനൽകുകയും ചെയ്‌തവർ തന്റെ നിയന്ത്രണത്തിലല്ലെന്ന്‌ ഗെലോട്ട്‌ പറയുമ്പോൾ കേന്ദ്ര നിരീക്ഷകർ നിസ്സഹായരാണ്‌. ഇങ്ങനെയൊരാളെയാണോ പാർടി അധ്യക്ഷനാക്കേണ്ടത്‌ എന്ന ചോദ്യം ഗെലോട്ടിന്‌ തിരിച്ചടിയാകും.

അധ്യക്ഷപദത്തിലേക്ക്‌ പുതിയ നോമിനിയെ ഹൈക്കമാൻഡ്‌ തേടുന്നതിന്റെ ഭാഗമായാണ്‌ കമൽനാഥിനെ ഡൽഹിക്ക്‌ വിളിപ്പിച്ചതെന്ന്‌ കരുതാം. മനീഷ്‌ തിവാരിയും ശശി തരൂരും ഔദ്യോഗിക പിന്തുണയ്‌ക്കായി ശ്രമം തുടരുന്നുമുണ്ട്‌. രണ്ടുപദവി മോഹിച്ച ഗെലോട്ടിന്‌ മുഖ്യമന്ത്രിയായെങ്കിലും തുടരാനാകുമെന്ന്‌ ഉറപ്പില്ല. രാഹുലും പ്രിയങ്കയും പഞ്ചാബിൽ പരീക്ഷിച്ച മാതൃകയാണെങ്കിൽ ഗെലോട്ടിന്‌ പുറത്തേക്കാണ്‌ വഴി. എങ്ങനെയായാലും രാജസ്ഥാനിലും കോൺഗ്രസ്‌ ഭരണത്തിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. ഭൂരിപക്ഷം നേടിയിട്ടും സമീപകാലത്ത്‌ കോൺഗ്രസിന്‌ ഭരണം നഷ്‌ടപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടിക നീണ്ടതാണ്‌. കർണാടകം, മധ്യപ്രദേശ്‌, പുതുച്ചേരി, ഗോവ, മണിപ്പുർ, മേഘാലയ, അരുണാചൽ തുടങ്ങിയവ. ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ എംഎൽഎമാർ പണച്ചാക്കിൽ കയറിയ അനുഭവങ്ങൾ നിരവധി. ജനപക്ഷ, മതനിരപേക്ഷ രാഷ്‌ട്രീയവും ജനാധിപത്യ സംഘടനാ സംവിധാനവും ആർജിച്ചാലേ ഇന്നത്തെ പ്രതിസന്ധി മറികടക്കാനാകൂ; അതുവഴിയേ കോൺഗ്രസിന്‌ നിലനിൽപ്പുള്ളൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top