11 May Saturday

ഈ കോൺഗ്രസിനെ 
ആര് വിശ്വസിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021


രാജ്യത്തെ 28 സംസ്ഥാനത്തിൽ മൂന്നിടത്ത് മാത്രമാണ് ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുള്ളത്. പിന്നെ മന്ത്രിസഭയുള്ള ഒരിടം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയാണ്. എന്നാൽ, ഇവിടെക്കൂടി വൈകാതെ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്നതാണ് സ്ഥിതി. ആകെ 15 എംഎൽ എമാർ ഉണ്ടായിരുന്ന കോൺഗ്രസിൽ നാലുപേരാണ് ഇപ്പോൾ രാജിവച്ച് ബിജെപിയിലേക്ക് പോയത്. അതും ഒരു മാസത്തിനിടെ. ഇതോടെ സഭയിലെ അംഗസംഖ്യ ഭരണപക്ഷത്തും പ്രതിപക്ഷത്തും പതിനാലായി.

ബിജെപിക്കെതിരെ ഐക്യനിര എന്നനിലയിൽ ഡിഎംകെ സഖ്യത്തിലാണ് പുതുച്ചേരി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചത്. 33 അംഗ സഭയിൽ 15 എംഎൽഎമാരും അവർക്കുണ്ടായി. എന്നാൽ, ആ തെരഞ്ഞെടുക്കപ്പെട്ടവർ ജനവിധിയെ വഞ്ചിച്ച് ബിജെപിക്കൊപ്പം പോകുന്നു. മറ്റു പല സംസ്ഥാനങ്ങളിലും അരങ്ങേറിയ അതേ അശ്ലീലരാഷ്ട്രീയ നാടകം പുതുച്ചേരിയിലും ഒരുങ്ങുന്നു. ഭൂരിപക്ഷത്തോടെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചാലും ഭരിക്കാനാകില്ലെന്ന്‌ കോൺഗ്രസ് വീണ്ടും തെളിയിക്കുന്നു. ഒറ്റയ്ക്കും കൂട്ടായും ബിജെപിക്ക് വിലയ്ക്കെടുക്കാവുന്ന ‘രാഷ്ട്രീയ ചരക്ക്' മാത്രമായി പുതുച്ചേരിയിലും കോൺഗ്രസ് അധഃപതിക്കുന്നു. ഇങ്ങനെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതുകൊണ്ടു മാത്രം ബിജെപിക്ക് ഭരണം കിട്ടിയ സംസ്ഥാനങ്ങൾ പലതാണ്. വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശിലും കർണാടകത്തിലും ചെറിയ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്‌, ഗോവ, മണിപ്പുർ എന്നിവിടങ്ങളിലും ഇത് കണ്ടു.

ഏത് ഉയർന്ന നേതാവും സംശയത്തിന്റെ നിഴലിലാകുന്ന അവസ്ഥയാണ് ആ പാർടിയിൽ ഇപ്പോൾ. ഏറ്റവും ഉയർന്ന നേതാക്കളിൽ പ്രമുഖനായ ഗുലാം നബി ആസാദിനു പോലും തൻ ബിജെപിയിൽ ചേരില്ലെന്ന നിഷേധ പ്രസ്താവന ഇറക്കേണ്ടിവരുന്ന അവസ്ഥ എത്ര ദയനീയമാണെന്ന് നോക്കുക. ജനങ്ങൾ ആരെയും സംശയിക്കുന്നതിൽ അത്ഭുതമില്ല. മുൻ മുഖ്യമന്ത്രിമാരും പിസിസി പ്രസിഡന്റുമാരുംവരെ കോൺഗ്രസ് ഉന്നതാധികാര സമിതികളിൽനിന്നിറങ്ങി ബിജെപി മന്ത്രിസഭകളിൽ മന്ത്രിമാരായി. മോഡി മന്ത്രിസഭയിൽ അംഗമായ റാവു ഇന്ദ്രജിത‌് സിങ‌് എ കെ ആന്റണിക്കു കീഴിൽ പ്രതിരോധ സഹമന്ത്രിയായിരുന്നയാളാണ്. പുതുച്ചേരിയിൽ ആദ്യമേ ബിജെപിയിലേക്കു പോയ എ നമഃശിവായം പിസിസി മുൻ അധ്യക്ഷനും പൊതുമരാമത്ത്‌ മന്ത്രിയുമായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലായി ഇതിനകം ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ എണ്ണമാകട്ടെ 100 കടന്നു.

രാഹുൽ ഗാന്ധിയുടെ വലംകൈ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ 15 എംഎൽഎമാരെ ഒപ്പം കൂട്ടിയാണ് ബിജെപിയിൽ എത്തിയത്. ജനങ്ങൾ ബിജെപിക്കെതിരെ എഴുതിയ ജനവിധി അവിടെയും തിരുത്തപ്പെട്ടു. അരുണാചൽ പ്രദേശിൽ കൂറുമാറിയത് കോൺഗ്രസ് മുഖ്യമന്ത്രി തന്നെയാണ്. എസ‌് എം 
കൃഷ‌്ണ‌, വിജയ‌് ബഹുഗുണ, ജഗദാംബികാപാൽ, എൻ ഡി തിവാരി, ഗിരിധർ ഗമാങ്‌, റീത്ത ബഹുഗുണ ജോഷി തുടങ്ങി എണ്ണിയാൽ തീരാത്തത്ര നേതാക്കൾ അങ്ങനെ മറുകണ്ടം ചാടി. എതിർപക്ഷത്തെ പ്രചാരകരായി മാറിയ ടോം വടക്കനെ പോലെയുള്ള വക്താക്കളും ഖുശ്ബുവിനെ പോലെയുള്ള സെലിബ്രിറ്റി നേതാക്കളും വേറെ. വിവിധ സംസ്ഥാനങ്ങളിലായി ഇതിനകം ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ എണ്ണമാകട്ടെ 100 കടന്നു.

കേരളത്തിൽ അധികാരം പിടിക്കാൻ തക്ക ശക്തി ബിജെപിക്ക്‌ ഇല്ലാത്തതിനാൽ മാത്രമാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകാത്തത്. ബിജെപിയുമായി രഹസ്യബാന്ധവം സ്ഥാപിച്ചിരിക്കുന്ന നേതാക്കൾ ഇവിടെയും കുറവല്ലല്ലോ. ചിലരാകട്ടെ രണ്ടു പാർടിയിലും ഒരേസമയം ഉണ്ടെന്ന മട്ടിൽ നീങ്ങുന്നു.

കോൺഗ്രസിന്റെ ഈ പതനത്തിൽ അതിശയിക്കാനില്ല. സ്വാതന്ത്ര്യസമരം നയിച്ച കോൺഗ്രസിന്റെ രാഷ്ട്രീയ ഉള്ളടക്കം ഇന്ന് പൂർണമായും ചോർന്നിരിക്കുന്നു. സാമ്പത്തിക നയങ്ങളിൽ ബിജെപിയുമായി തരിമ്പും വ്യത്യാസമില്ലാത്തതിനാൽ അക്കാര്യത്തിൽ അവർ തമ്മിൽ തർക്കങ്ങളില്ല. മതനിരപേക്ഷതയുടേതായ നിലപാടാണ് കോൺഗ്രസിനെ ബിജെപിയിൽനിന്ന് വ്യത്യസ്തമാക്കിയിരുന്നത്. എന്നാൽ, ഈ നിലപാടും ഇന്ന് ആ പാർടി കൈയൊഴിയുകയാണ്. വർഗീയതയുമായി മാറിമാറി സന്ധി ചെയ്തും വർഗീയ പാർടികളുമായി സഖ്യമുണ്ടാക്കിയും ആ മതനിരപേക്ഷ അടിത്തറയിലും നേതൃത്വംതന്നെ വിള്ളൽ വീഴ്ത്തി. ഒരു വശത്ത് മൃദുഹിന്ദുത്വ സമീപനത്തിലൂടെ ബിജെപിയോട് മത്സരിക്കാൻ ശ്രമിച്ചു. ഫലത്തിൽ അവരുടെ ‘ബി'ടീമായി മാറി. മറുവശത്ത് കേരളത്തിൽ ചെയ്തതുപോലെ മതരാഷ്ട്ര വാദക്കാരായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർടിയുമായി പോലും സഖ്യമുണ്ടാക്കുന്നു.

നാളെ മറ്റൊരു ബിജെപിയാകാൻ ഒരുങ്ങുന്ന പാർടിയിൽനിന്ന് ഇന്നേ ചാടി ബിജെപിയിൽ ചേരുന്നതല്ലേ ബുദ്ധിയെന്ന ചിന്ത നേതാക്കൾക്കുണ്ടാകുന്നു. അവിടെ സ്ഥാനമാനങ്ങളും അധികാരവും കാത്തിരിക്കുമ്പോൾ എന്തിനു മടിക്കണം?

ഇങ്ങനെ രാഷ്ട്രീയ ഉള്ളടക്കം സ്വയം ബലികഴിക്കുന്ന ഒരു പാർടിയെ ആര് വിശ്വസിക്കും? നാളെ മറ്റൊരു ബിജെപിയാകാൻ ഒരുങ്ങുന്ന പാർടിയിൽനിന്ന് ഇന്നേ ചാടി ബിജെപിയിൽ ചേരുന്നതല്ലേ ബുദ്ധിയെന്ന ചിന്ത നേതാക്കൾക്കുണ്ടാകുന്നു. അവിടെ സ്ഥാനമാനങ്ങളും അധികാരവും കാത്തിരിക്കുമ്പോൾ എന്തിനു മടിക്കണം? ആദർശത്തിന്റെ അസ്കിതയൊന്നുമില്ലാതെ കള്ളപ്പണം ഇടപാടും തട്ടിപ്പും വെട്ടിപ്പുമായി കഴിയുന്ന മറ്റു ചില നേതാക്കളാകട്ടെ കേന്ദ്ര ഏജൻസികളുടെ വിരട്ട് രാഷ്ട്രീയത്തിൽ കാലിടറി ചേരിമാറുന്നു. ഇപ്പോൾ പുതുച്ചേരിയിൽ രാജിവച്ച എംഎൽഎമാരിൽ ഒരാളായ ജോൺകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് വാർത്തകളുണ്ട്.

ഈ തകർച്ച ചെറുത്ത് പാർടിയെ താങ്ങിനിർത്താനുള്ള ഒരു ശ്രമവും കോൺഗ്രസ് നേതൃത്വത്തിൽനിന്ന്‌ ഇല്ല. അതിനുള്ള കെൽപ്പും അവർക്കില്ല. നേതൃത്വംതന്നെ അപ്രത്യക്ഷമായ അവസ്ഥയിലാണ് ആ പാർടി. കേരളത്തിലാകട്ടെ എൽഡിഎഫിന്റെ ഭരണത്തുടർച്ചയെന്ന ഉറച്ച സാധ്യത അവരുടെ സമനില തെറ്റിക്കുന്നു. ഇടതുപക്ഷ വിരുദ്ധതയെന്ന ഒറ്റ നിലപാടിൽ ഊന്നി മറ്റു സംസ്ഥാനങ്ങളിൽ പതിച്ച പതനത്തിലേക്കു തന്നെ കോൺഗ്രസിനെ നയിക്കുകയാണ് ഇവിടത്തെ നേതാക്കളും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പയറ്റി വിജയിച്ച തന്ത്രം വീണ്ടും പരീക്ഷിക്കുന്നു. കുപ്രസിദ്ധമായ കോലീബി സഖ്യത്തിന്റെ പുതിയ മാതൃക തീർത്ത് നേട്ടമുണ്ടാക്കാമോ എന്നാണ്‌ നോട്ടം. മുമ്പ് നേമത്ത് ജയിപ്പിച്ചതുപോലെ ഏതാനും സീറ്റിൽ ബിജെപിയെ തുണയ്ക്കുകയും പകരം അവരുടെ പിന്തുണയോടെ ഭരണം പിടിക്കുകയും ചെയ്യാമെന്നാണ്‌ വ്യാമോഹം. എന്നാൽ, ജനങ്ങൾ ഈ ആപത്ത് തിരിച്ചറിയും. കേരളത്തിലെ ഇടതുപക്ഷ വിജയമെന്നത് ഇന്ത്യയിലെ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും നിലനിർത്താനുള്ള മുന്നുപാധിയാണെന്ന് അവർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തെ മധ്യപ്രദേശും പുതുച്ചേരിയും ആക്കാൻ അവർ അനുവദിക്കില്ലെന്ന്‌ ഉറപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top