27 April Saturday

മൂക്കിൻതുമ്പിനപ്പുറം കാണാത്ത കോൺഗ്രസും മാധ്യമങ്ങളും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019


ജനാധിപത്യം  സംരക്ഷിക്കാനും  മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണം  ഉറപ്പാക്കാനും  ബിജെപി സഖ്യത്തെ അധികാരത്തിൽനിന്ന‌് പുറത്താക്കുക എന്ന സുപ്രധാന രാഷ‌്ട്രീയ മുദ്രാവാക്യമാണ‌് പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുയരുന്നത്.  ദേശീയാടിസ്ഥാനത്തിൽ ഈ പൊതുമുദ്രാവാക്യത്തിന‌് കീഴിൽ ഒരു ഐക്യമുന്നണി രുപപ്പെട്ടിട്ടില്ലെങ്കിലും  എൻഡിഎ  ഒഴിച്ചുളള കക്ഷികളെല്ലാം മതനിരപേക്ഷ മുദ്രാവാക്യം  മുന്നോട്ടുവെക്കുന്നുണ്ട‌്. ഇതിനായി അതത‌് സംസ്ഥാനങ്ങളിൽ സാധ്യതകൾക്ക‌് അനുസരിച്ചുള്ള കൂട്ടുകെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്.  ചില സംസ്ഥാനങ്ങളിൽ  സങ്കുചിത നിലപാടുകളിൽ  തളച്ചിടപ്പെടുമ്പോൾ തന്നെയും  കോൺഗ്രസ്  പൊതുവിൽ ബിജെപിയെ പരാജപ്പെടുത്തുക എന്ന ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട‌്. എന്നാൽ ഈ രാഷ‌്ട്രീയ കാഴ‌്ചപ്പാടിൽ ഊന്നി ഇടപെടാനോ  അത‌് ജനങ്ങളേ ബോധ്യപ്പെടുത്താനോ കോൺഗ്രസ‌് തയ്യാറാകുന്നില്ല. കോൺഗ്രസ്സിനെ അനുകൂലിക്കുന്ന മാധ്യമങ്ങളാകട്ടെ,  പ്രസക്തമായ ആനുകാലിക വിഷയങ്ങളിൽനിന്ന‌് ജനശ്രദ്ധ മാറ്റി  ‘ട്വിസ‌്റ്റു’കളിൽ രാഷ‌്ട്രീയത്തെ തളച്ചിടുന്നു. പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചർച്ചാവിഷയങ്ങളിൽ നിന്ന് ശ്രദ്ധ അകറ്റാനുള്ള ബോധപൂർവമായ മാധ്യമ ഇടപെടലാണുണ്ടാകുന്നത്.

രാഹുൽ ഗാന്ധിയുടെ മത്സരം  വയനാട്ടിലാകുമെന്ന വാർത്തയാണ‌് ഇപ്പോൾ മാധ്യമങ്ങളുടെ ഇഷ‌്ടവിഷയം. കേരളത്തിലെ തലമുതിർന്ന കോൺഗ്രസ‌് നേതാക്കൾതന്നെയാണ‌്  ഈ വാർത്തയുടെ സ്രഷ‌്ടാക്കൾ

കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട‌് ഉയർന്ന  അഭ്യൂഹങ്ങൾക്ക‌്  ഇനിയും പരിസമാപ‌്തിയായിട്ടില്ല.  രാഹുൽ ഗാന്ധിയുടെ മത്സരം  വയനാട്ടിലാകുമെന്ന വാർത്തയാണ‌് ഇപ്പോൾ മാധ്യമങ്ങളുടെ ഇഷ‌്ടവിഷയം. കേരളത്തിലെ തലമുതിർന്ന കോൺഗ്രസ‌് നേതാക്കൾതന്നെയാണ‌്  ഈ വാർത്തയുടെ സ്രഷ‌്ടാക്കൾ. ഐ ഗ്രൂപ്പിന്റെ സിറ്റിങ്ങ‌് സീറ്റായ വയനാട‌് എ വിഭാഗം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ‌്ചാത്തലത്തിൽ കൂടിയാണ‌് രാഹുലിന്റെ  പേരുയർത്തിയ കളി. രാഹുൽ കേരളത്തിൽ മത്സരിക്കുന്നത‌് അണികൾക്ക‌്  ഉത്തേജനം പകരുമെന്ന നിലയിൽ ചില മുഖ്യധാരാ മാധ്യമങ്ങൾ ആരംഭിച്ച പ്രചാരണം   പരിധി വിട്ട‌് യുഡിഎഫിനുവേണ്ടിയുള്ള പെയ്ഡ് വാർത്തയുടെ തലത്തിലേക്ക് മാറുന്ന കാഴ‌്ചയാണ‌് പിന്നീട‌് കണ്ടത‌്. 

രാഹുൽ  നിലവിൽ പ്രതിനിധാനംചെയ്യുന്ന  അമേഠിക്കു പുറമെ അമ്മ സോണിയഗാന്ധി വിജയിച്ച റായ‌്ബറേലി മാത്രമാണ‌് 80 സീറ്റുള്ള യുപിയിൽ കോൺഗ്രസിനുള്ളത‌്. അമേഠിയിലാകട്ടെ 2009ലെ 3. 70 ലക്ഷത്തിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണ  ഒരുലക്ഷത്തിലേക്ക‌് കൂപ്പുകുത്തി. അന്ന‌് തോറ്റെങ്കിലും അഞ്ചുവർഷമായി മണ്ഡലത്തിൽ തമ്പടിച്ചു പ്രവർത്തിക്കുന്ന  കേന്ദ്രമന്ത്രി സ‌്മൃതി ഇറാനിയെതന്നെയാണ‌് ബിജെപി ഇത്തവണയും രംഗത്തിറക്കുന്നത‌്.  യുപിയിൽ ബിജെപിക്കെതിരെ ഏറ്റവും ഫലപ്രദമായി മുന്നേറുന്ന  എസ‌് പി –-ബിഎസ‌്പി സഖ്യം  അവിടെ കോൺഗ്രസ്സിന് പിന്തുണ നൽകുന്നുണ്ട്. എന്നിട്ടും ആത്മവിശ്വാസമില്ലാതെയാണ്  കോൺഗ്രസ‌് അധ്യക്ഷൻ മറ്റൊരു മണ്ഡലം തേടുന്നത് എന്ന ആക്ഷേപം ഇതിനകം ഉയർന്നുകഴിഞ്ഞു.

എൽഡിഎഫിന്റെ തിളങ്ങുന്ന സ്ഥാനാർഥിനിര കണ്ട‌് പകച്ചുപോയ യുഡിഎഫ‌് ഇനിയും സമനില കൈവരിച്ചിട്ടില്ല.  എൽഡിഎഫ‌് പട്ടിക വന്ന ഉടൻ ആലപ്പുഴയെ കൈവിട്ട കെ സി വേണുഗോപാൽ വയനാട്ടിൽ കണ്ണുവെച്ചിരുന്നുവെങ്കിലും ടി സിദ്ദിഖിനുവേണ്ടി ഉമ്മൻചാണ്ടി കളിച്ച കളി ഐഗ്രൂപ്പിന്റെ നെഞ്ചത്തുകൊണ്ടു.

രാഹുലിന‌് ദക്ഷിേണേന്ത്യയിൽ  എവിടെയെങ്കിലും സുരക്ഷിത മണ്ഡലം എന്ന നിലയിൽ  ആരംഭിച്ച ചർച്ച വയനാട്ടിലേക്ക‌് കേന്ദ്രീകരിപ്പിച്ചതിന‌് പിന്നിൽ സംസ്ഥാനത്തെ ചില ഉന്നത കോൺഗ്രസ‌് നേതാക്കളും ചിലമാധ്യമങ്ങ‌ളുമാണ്. രാഹുൽഗാന്ധി  കേരളത്തിൽ മത്സരിക്കാൻ തയ്യാറായാൽ ഇപ്പോൾ പ്രചാരണ രംഗത്ത‌് ഏറെ പിന്നിൽ നിൽക്കുന്ന യുഡിഎഫിന‌് കച്ചിത്തുരമ്പാകുമെന്ന പ്രതീക്ഷയാണ‌് ഇവരെ നയിച്ചത‌്. എൽഡിഎഫിന്റെ തിളങ്ങുന്ന സ്ഥാനാർഥിനിര കണ്ട‌് പകച്ചുപോയ യുഡിഎഫ‌് ഇനിയും സമനില കൈവരിച്ചിട്ടില്ല.  എൽഡിഎഫ‌് പട്ടിക വന്ന ഉടൻ ആലപ്പുഴയെ കൈവിട്ട കെ സി വേണുഗോപാൽ വയനാട്ടിൽ കണ്ണുവെച്ചിരുന്നുവെങ്കിലും ടി സിദ്ദിഖിനുവേണ്ടി ഉമ്മൻചാണ്ടി കളിച്ച കളി ഐഗ്രൂപ്പിന്റെ നെഞ്ചത്തുകൊണ്ടു. വടകരയിൽ മുരളീധരനെ ഇറക്കിയെങ്കിലും ഹൈക്കമാൻഡിന്റെ പട്ടികയിൽ ഇനിയും ഇടംനേടിയിട്ടില്ല.

ഇതിനിടയിലാണ‌് രാഹുലിനെ വയനാട്ടിലെത്തിച്ചാൽ ഇടതുപക്ഷത്തെ ഞെട്ടിക്കാമെന്ന‌ ‘കുബുദ്ധി’ ഉദിച്ചത‌്. ഗ്രൂപ്പു മുതലാളിമാർ മത്സരിച്ച‌് ഈ ആശയത്തിന‌് പ്രചാരം നൽകി. രാജ്യത്ത‌് എവിടെ മത്സരിക്കാനും രാഹുൽഗാന്ധിക്ക‌് അവകാശമുണ്ട‌്. എന്നാൽ കേരളത്തിൽ മത്സരിക്കുമ്പോൾ സംശയത്തിലാകുന്നത്,    കോൺഗ്രസ‌് ആണയിടുന്ന ബിജെപി വിരുദ്ധ നിലപാടാണ‌്.  മൂക്കിൻതുമ്പിനപ്പുറം കാണാൻ ശേഷിയില്ലാത്ത  കോൺഗ്രസ‌് നേതാക്കൾ രാഹുൽഗന്ധിക്കായി  കണ്ടുവെച്ച വയനാട്ടിൽ താമര ചിഹ്നം പോലും ബാലറ്റിൽ ഉണ്ടാകില്ല. ബിഡിജെഎസിന‌് നേരത്തെ തന്നെ ബിജെപി കൈമാറിയ സീറ്റാണിത‌്. ആര‌് എതിർസ്ഥാനർഥിയായാലും അവിടെ ഏറെ മുന്നേറിക്കഴിഞ്ഞ പി പി സുനീർ ആർജ്ജവത്തോടെ നേരിടുമെന്നാണ‌് എൽഡിഎഫ‌് വ്യക്തമാക്കിയത‌്.

രാഹുൽ കേരളത്തിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്തയോട‌് പ്രതികരിച്ച സിപിഐ എം നേതാക്കൾ കോൺഗ്രസ‌് നീക്കത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട‌്. ബിജെപിയെ പുറത്താക്കുക, ഇടതുപക്ഷ പ്രാതിനിധ്യം വർധിപ്പിക്കുക, മതനിരപേക്ഷ സർക്കാർ ഉറപ്പാക്കുക എന്നതാണ‌് ഇടതുപക്ഷത്തിന്റെ  കേന്ദ്ര മുദ്രാവാക്യം.   ബിജെപി  ശക്തിയേ അല്ലാത്ത കേരളത്തിൽ കോൺഗ്രസ‌് അധ്യക്ഷൻ  മത്സരിക്കുമ്പോൾ എന്തു സന്ദേശമാണ‌്  രാജ്യത്തിന‌് ലഭിക്കുന്നത‌് എന്ന ചോദ്യമാണ‌് ശക്തമായി ഉയരുന്നത‌്. ബിജെപിയുടെ മതരാഷ‌്ട്രീയത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതാണ‌് കേരളത്തിന്റെ പാരമ്പര്യം. ബിജെപിയെ അധികാരത്തിന‌് പുറത്തുനിർത്തുന്നതിൽ എന്തെങ്കിലും പങ്കുവഹിക്കണമെന്ന ചിന്ത ഉണ്ടെങ്കിൽ അവരെ മുഖ്യശത്രുവെന്ന‌് പ്രഖ്യാപിച്ചു  തെരഞ്ഞെടുപ്പിനെ നേരിടണം. പാർടി അധ്യക്ഷൻ മത്സരിക്കുന്ന സീറ്റ‌് തെരഞ്ഞെടുക്കുന്നതിലും ഈ ആശയ വ്യക്തത പ്രകടമാകണം. കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ ഹീന മനസ്സിനും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഏതാനും മാധ്യമങ്ങൾക്കും മാറ്റിമറിക്കാൻ പറ്റുന്നതാവരുത് ഈ ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ അജൻഡ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top