04 December Sunday

അക്രമസമരം സാമൂഹ്യഭീഷണി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020ഖുർആൻ വിതരണത്തിന്റെ പേരിൽ ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ സംസ്ഥാനവ്യാപകമായി കോൺഗ്രസും  മുസ്ലിംലീഗും ബിജെപിയും ആ പാർടികളുടെ യുവജന‐ മഹിള‐  വിദ്യാർഥി സംഘടനകളും ഏറെക്കുറെ സംയുക്തമായി അഴിച്ചുവിടുന്ന  ആസൂത്രിതമായ ആക്രമണം ഒരാഴ്‌ച പിന്നിട്ടിരിക്കുന്നു. ഇരുചക്രവാഹനങ്ങളിലും സമരകേന്ദ്രങ്ങളിലും മൂന്നു പാർടികളുടെയും കൊടികൾ കൂട്ടിക്കെട്ടിയായിരുന്നു ചിലേടത്തെങ്കിലും ഉറഞ്ഞുതുള്ളലെന്നത്‌ യാദൃച്ഛികമല്ല. വരാനിരിക്കുന്ന രാഷ്ട്രീയബന്ധത്തിന്റെ ശക്തമായ സൂചനയാണ് ഇതെന്നു പറയാം. കാലവർഷവും കോവിഡും മറ്റ്‌ പകർച്ചവ്യാധികളും കണക്കാക്കാതെയുള്ള അഴിഞ്ഞാടൽ കടുത്ത സാമൂഹ്യഭീഷണിയാണ്‌ ഉയർത്തുന്നത്‌. സാധാരണ മനുഷ്യരുടെ സ്വൈരജീവിതം താറുമാറായി. അവശ്യസാധനങ്ങൾ വാങ്ങാൻ റോഡിൽ ഇറങ്ങാനോ കടകളിൽ കയറാനോ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്ക്‌ ഓഫീസുകളിൽ പോകാനോ കഴിയാത്ത അവസ്ഥയുമാണ്‌.

കേരളത്തിൽ കോവിഡ്‌ രോഗികളുടെ എണ്ണം കൂടാൻ  ജാഗ്രതയും വീണ്ടുവിചാരവുമില്ലാത്ത അനാവശ്യ പ്രക്ഷോഭങ്ങൾ കാരണമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിന്റെ വാസ്‌തവം ഇവിടെയാണ്‌. പിടിവാശിപോലെ മാസ്‌ക്‌ ഉപയോഗിക്കാതെയും ബോധപൂർവം സാമൂഹ്യ അകലം പാലിക്കാതെയും അക്രമസമരം നടത്തുന്നത് ന്യായീകരിക്കത്തക്കതല്ല. അത് സംസ്ഥാനത്തിനെതിരായ പൊറുക്കാനാകാത്ത നിരുത്തരവാദവും സഹജീവികളോടുള്ള ക്രൂരമായ വെല്ലുവിളിയുമാണ്‌. കടുത്ത നിയമലംഘനങ്ങളും രോഗവ്യാപന പരിശ്രമങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ മാധ്യമങ്ങൾ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി  അഭ്യർഥിക്കുകയുണ്ടായി.

തൃശൂരിൽ സമരങ്ങളിലും പൊതുയോഗങ്ങളിലും ഭാഗഭാക്കായ പത്ത്‌ കോൺഗ്രസുകാർക്ക്‌ കോവിഡ്‌ ബാധിച്ചത്‌ നിസ്സാരമല്ല. മാതൃക കാണിക്കേണ്ട ഉത്തരവാദപ്പെട്ട നേതാക്കൾ തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിനു മുന്നിൽ പ്രസംഗിച്ച്‌ കത്തിക്കയറിയത്‌  മാസ്‌ക്‌ കൈയിൽപോലും കരുതാതെയാണ്‌. കോടതിവിധി ലംഘിച്ച് സമരം നടത്തിയവർക്കെതിരെ ദുരന്തനിവാരണ നിയമമനുസരിച്ച്‌  കേസെടുക്കണമെന്ന് പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയത്‌ ഇവിടെയാണ്‌ ശ്രദ്ധേയമാകുന്നത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനതകളില്ലാത്ത കൊടിയ അതിക്രമ പരമ്പരകളാണ്‌ അരങ്ങേറുന്നതും. കൊടികൾ കെട്ടിയ കൂറ്റൻ വടികളുമായി തെരുവുയുദ്ധത്തിനു സമാനമായ നിലയിൽ നിയമം കൈയിലെടുത്ത വർ, പലേടത്തും ഉന്നത ഓഫീസർമാരടക്കമുള്ള പൊലീസ്‌ സംഘത്തെ ലക്ഷ്യമാക്കിയായിരുന്നു സംഘടിതാക്രമണം നടത്തിയത്‌.


 

ദൂരെ മാറിനിന്ന വനിതാ പൊലീസിനെയും വെറുതെ വിട്ടില്ല. കല്ലേറും ഇടിയും ചവിട്ടുമേറ്റ്‌ പാലക്കാട്ടുമാത്രം മൂന്നു വനിതകളടക്കം 13 പൊലീസുകാർക്കാണ്‌ വ്യാഴാഴ്‌ച പരിക്കേറ്റത്‌. അതിൽ സിപിഒ ലിജുവിന്റെ കവിളിലെയും താടിയെല്ലിന്റെയും ക്ഷതം ഗുരുതരമാണ്‌. ബാരിക്കേഡുകൾ തട്ടിമാറ്റി മുനകൂർത്ത കല്ലും ആയുധങ്ങളും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ ചവറയിൽ മന്ത്രി എ കെ ബാലന്റെ ഔദ്യോഗിക വാഹനത്തിനുനേരെ യൂത്തുകോൺഗ്രസുകാർ സ്‌ഫോടകവസ്തു എറിഞ്ഞു. തലനാരിഴയ്‌ക്കാണ്‌ വലിയ അത്യാഹിതം ഒഴിവായത്‌.

മന്ത്രി ജലീലിന്റെ എടപ്പാൾ നരിപ്പറമ്പിലെ ഓഫീസിനുനേരെ കല്ലെറിഞ്ഞ യുഡിഎഫുകാർ പൊലീസിനെയും തെരഞ്ഞുപിടിച്ച്‌ ആക്രമിച്ചു. അതീവ സുരക്ഷയൊരുക്കിയ കൊച്ചി എൻഐഎ ആസ്ഥാനത്തും കോൺഗ്രസ്–- ബിജെപി പ്രവർത്തകർ നുഴഞ്ഞുകയറി പൊലീസ്‌ വാഹനത്തിന്റെ ചില്ല് തകർത്തു. അതുപോലെ മുദ്രാവാക്യങ്ങളെന്ന പേരിൽ ‘വിമോചന സമര’ നാളുകളെ ഓർമിപ്പിക്കുംവിധം ഉന്നത നേതാക്കളെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ കുടുംബാംഗങ്ങളെയും കേട്ടാലറയ്‌ക്കുന്ന തെറികളാണ്‌ വിളിക്കുന്നതും. മറ്റ്‌ സമരമുഖങ്ങളിലെന്നവണ്ണം കോൺഗ്രസുകാരുടെ കാപട്യം കഴിഞ്ഞ ദിവസവും വെളിവായി. പാലക്കാട്‌ കലക്ടറേറ്റിലേക്കുള്ള മാർച്ചിനുശേഷം സിവിൽ സ്‌റ്റേഷനു മുന്നിലെ റോഡിലെ ചാലിൽനിന്ന്‌ മഷിക്കുപ്പി കണ്ടെത്തിയത്‌ അധഃപതനത്തിന്റെ തെളിവുതന്നെ. ചോരയെന്ന വ്യാജേന ചുവന്നമഷി വസ്‌ത്രത്തിൽ വാരിപ്പൂശുകയായിരുന്നു. കലാലയങ്ങളിലെ ചെറിയ ഉന്തുംതള്ളുംപോലും വെണ്ടയ്‌ക്കാ വാർത്തയാക്കുകയും മുഖപ്രസംഗംവഴി  സൗജന്യ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന ചില മാധ്യമങ്ങൾ സതീശൻ കഞ്ഞിക്കുഴിമാർക്കും കുമ്പളം ഹരിമാർക്കും സ്വാതന്ത്ര്യസമരസേനാനിപ്പട്ടം പതിച്ചു നൽകുന്നതും ചൂണ്ടിക്കാട്ടാതെ വയ്യ.

കരുതിക്കൂട്ടിയുള്ള പ്രകോപനത്തിന്‌ ഇടതുപക്ഷ പാർടികളുടെയും യുവജന‐ വിദ്യാർഥി സംഘടനകളുടെയും ഓഫീസുകളും പ്രചാരണ ചുവരെഴുത്തുകളും രക്തസാക്ഷി അനുസ്‌മരണ ബോർഡുകളും പല പ്രദേശങ്ങളിലും നശിപ്പിച്ചു. കണ്ണൂർ നഗരത്തിലെ കാൾടെക്‌സ്‌ ജങ്‌ഷനിലെ എ കെ ജി സ്‌ക്വയറിനു സമീപം ഉയർത്തിയ വെഞ്ഞാറമൂട്ടിലെ രക്തസാക്ഷികളായ മിഥിലാജിന്റെയും ഹഖ്‌ മുഹമ്മദിന്റെയും ചിത്രങ്ങൾ ആലേഖനംചെയ്‌ത ബോർഡ്‌ വലിച്ചുകീറി. അരിഞ്ഞു തള്ളിയിട്ടും കലിയടങ്ങാത്തവിധം രക്തസാക്ഷികളെ അപമാനിച്ചത്‌  മാർച്ചിൽ പങ്കെടുത്ത നേതാക്കളുടെ അനുവാദത്തോടെയായിരുന്നുവെന്നതും ഗൗരവതരമാണ്‌. ചുരുക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ വിടാതെ പിന്തുടർന്ന്‌ വ്യാപക കലാപത്തിന്‌ ഇറങ്ങിപ്പുറപ്പെടുന്നവർ തീക്കൊള്ളികൊണ്ട്‌ തല ചൊറിയുകയാണ്‌.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top