26 April Friday

അക്രമസമരത്തിന്‌ പിന്നിൽ ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

കോവിഡ്‌ സൃഷ്ടിച്ച അരക്ഷിതാവസ്ഥയ്‌ക്കിടയിൽ ജനങ്ങളെ കൂടുതൽ കെടുതികളിലേക്ക്‌ തള്ളിവിടുന്ന അക്രമസമരങ്ങളാണ്‌ യുഡിഎഫും ബിജെപിയും സംസ്ഥാനത്ത്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.  പല കാരണങ്ങൾ പറഞ്ഞ്‌ ആറുമാസമായി നടത്തുന്ന അന്യായസമരങ്ങളുടെ തുടർച്ചയാണ്‌ മന്ത്രി  കെ ടി ജലീലിന്റെ രാജിക്കായുള്ള മുറവിളി.

പകർച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാൻ  ആരോഗ്യപ്രവർത്തകരും  പൊതുസമൂഹവും ത്യാഗപൂർവം  പ്രവർത്തിക്കുകയും കർശനമായ സ്വയംനിയന്ത്രണം പാലിക്കുകയും ചെയ്യുന്നുണ്ട്‌. അതുവഴി രോഗത്തിന്റെ അതിവ്യാപനവും ആരോഗ്യസംവിധാനങ്ങളുടെ തകർച്ചയും  തടുത്തുനിർത്താൻ കേരളത്തിന്‌ സാധിച്ചു. പ്രതിപക്ഷംകൂടി ഈ പരിശ്രമങ്ങളോട്‌ സഹകരിച്ചിരുന്നെങ്കിൽ നാം ഇതിനകം കോവിഡ്‌ ഭീഷണിയുടെ നിർണായഘട്ടം പിന്നിടുമായിരുന്നു.  പ്രതിരോധമരുന്ന്‌ കണ്ടെത്താനുള്ള തീവ്രശ്രമം ലോകമെമ്പാടും തുടരുന്നതിനിടെ, ഫലപ്രദമായ സാമൂഹ്യ വാക്‌സിനായി അംഗീകരിക്കപ്പെട്ടതാണ്‌ ശാരീരിക അകലവും മുഖാവരണവും ശുചിത്വവും. ഇതെല്ലാം അട്ടിമറിക്കുന്ന സമീപനമാണ്‌ യുഡിഎഫും ബിജെപിയും പിന്തുടരുന്നത്‌. 

പ്രവാസി സഹോദരങ്ങളെ നിയന്ത്രണങ്ങൾ പാലിച്ച്‌ കൊണ്ടുവരാനുള്ള ശ്രമങ്ങളെയാണ്‌ ആദ്യം അലങ്കോലമാക്കിയത്‌. വാളയാർ അതിർത്തിയിൽ എല്ലാ മാനദണ്ഡങ്ങളും  ലംഘിച്ച്‌  കോൺഗ്രസ്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ആൾക്കൂട്ട സമരമാണ്‌ കോവിഡ്‌ നിയന്ത്രണങ്ങളിൽ വീണ ആദ്യവിള്ളൽ. പിന്നീടിങ്ങോട്ട്‌ സംഘടിതമായി ഗൂഢപദ്ധതി നടപ്പാക്കുന്നതാണ്‌ കേരളം കണ്ടത്‌. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും  ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന്‌ ആസൂത്രിതമായി നുണപ്രചാരണവും അക്രമസമരവും മുന്നോട്ടുകൊണ്ടുപോകുകയാണ്‌‌. സ്‌പ്രിങ്ക്‌ളർ, ഇ മൊബിലിറ്റി, മണൽവാരൽ തുടങ്ങി തുടരെ വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ചു‌. സർക്കാരും മുഖ്യമന്ത്രിയും വസ്‌തുത വിശദീകരിച്ചതോടെ ഈ വിവാദങ്ങളെല്ലാം നീർക്കുമിളകണക്കെ പൊട്ടി. എന്നാൽ, ഇവയിലോരോന്നിലും നാടെമ്പാടും അക്രമസമരങ്ങൾ അരങ്ങേറി. കോവിഡ്‌ നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ ഈ സമരങ്ങൾവഴി രോഗവ്യാപനം  അതിവേഗമായി. ഒടുവിൽ ഹൈക്കോടതി ഇടപെട്ട്‌ സമരം നിരോധിച്ചുവെങ്കിലും അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. യുഎഇ കോൺസുലേറ്റ്‌ വഴി  സ്വർണം കടത്തിയ കേസാണ്‌ പിന്നീട്‌  രാഷ്ട്രീയ അജൻഡയ്‌ക്ക്‌ കരുവാക്കിയത്‌. 

രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന സ്വർണക്കടത്തിന്റെ ഉറവിടമോ ഉള്ളറകളോ പുറത്തുവരുന്നതിൽ ഇവർക്ക്‌ താൽപ്പര്യമില്ല. തുടക്കംമുതൽ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ രംഗത്തിറങ്ങിയ‌ കേന്ദ്രമന്ത്രി വി  മുരളീധരനെതിരെയുള്ള  സംശയം ബലപ്പെടുത്തുന്നതാണ്‌  പുതിയ സംഭവവികാസം‌. നയതന്ത്ര ചാനലിലല്ല സ്വർണം വന്നതെന്ന മുരളീധരന്റെ  വാദം കേന്ദ്ര ധനമന്ത്രാലയം  തള്ളിയിരിക്കുന്നു. കേന്ദ്രമന്ത്രിക്ക്‌ ഈ കേസിലുള്ള അമിത താൽപ്പര്യത്തിന്റെ  കാരണം എൻഐഎ ഉടൻ അന്വേഷണവിധേയമാക്കണം.  അന്വേഷണ ഏജൻസികളെ സമ്മർദത്തിലാക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകക്ഷി  ഈ കേസിനെ‌ തെറ്റായ വഴിക്ക്‌ നയിക്കുകയാണ്‌‌. കസ്‌റ്റംസിലെ അന്വേഷണ ഉദ്യോഗസ്ഥരെ തൊടുന്യായങ്ങൾ പറഞ്ഞ്‌ സ്ഥലംമാറ്റിയതിന്‌ പിന്നാലെ, ‌ ഇഡി ഡയറക്ടർതന്നെ മന്ത്രി കെ ടി ജലീലിനെ ചോദ്യംചെയ്‌തുവെന്ന വാർത്ത പരത്തിയത്‌  അസ്വഭാവികമാണ്‌.  ഇത്‌ രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്ന സംശയമാണ്‌ ഉയരുന്നത്‌.

സ്വർണക്കടത്തു കേസിലെ പ്രതിയുമായി ടെലിഫോണിൽ സംസാരിക്കാനിടയായ സാഹചര്യം മന്ത്രി കെ ടി ജലീൽ തുടക്കത്തിൽത്തന്നെ വിശദീകരിച്ചതാണ്‌. യുഎഇ കോൺസുലേറ്റിന്റെ റമദാൻ കിറ്റും ഖുർആനും സ്വീകരിച്ചതുമായി ബന്ധപ്പെട്ട്‌ ഏത്‌ അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ്‌ മന്ത്രി ഇഡിയുടെ മുന്നിൽ ഹാജരായത്. ഇതിൽ അസാധാരണമായി ഒന്നുമില്ല. ‌എന്നാൽ, ഇതിന്റെ പേരിൽ ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ യുഡിഎഫും ബിജെപിയും നാടിന്റെ ക്രമസമാധാനം തകർക്കുകയാണ്‌. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾക്ക്‌ വീട്‌ ലഭിച്ച അഭിമാനപദ്ധതി ലൈഫിനെ തകർക്കാനാണ്‌ മറ്റൊരു നീക്കം. യുഎഇ കോൺസുലേറ്റ്‌ വഴി ആരെങ്കിലും കമീഷൻ പറ്റിയിട്ടുണ്ടെങ്കിൽ അത്‌ അന്വേഷിക്കണം. അതിനുപകരം ഓരോ ദിവസവും ഓരോ മന്ത്രിമാരെയും കുടുംബാംഗങ്ങളെയും ബന്ധിപ്പിച്ച്‌ കള്ളക്കഥ ചമയ്‌ക്കുകയാണ്‌ ചില മാധ്യമങ്ങൾ. ഏറ്റവുമൊടുവിൽ മന്ത്രി ഇ പി ജയരാജന്റെ കുടുംബത്തെയാണ്‌ വേട്ടയാടുന്നത്‌.

ഇത്‌ ഏറ്റുപാടുന്ന പ്രതിപക്ഷം നാടിന്റെ സ്വൈരജീവിതവും സുരക്ഷിതത്വവും അപകടപ്പെടുത്തിയാണ്‌ സമരകോലാഹലം നടത്തുന്നത്‌. മന്ത്രി കെ ടി ജലീലിന്റെ ജീവൻ അപായപ്പെടുത്താനുള്ള ശ്രമമാണ്‌ കഴിഞ്ഞ ദിവസം കൊല്ലത്തുണ്ടായത്‌‌. ബിജെപിയും യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്നുള്ള ഗൂഢാലോചനയാണ്‌ ഇത്തരം അക്രമങ്ങൾക്ക്‌ പിന്നിലുള്ളത്‌.

വാഗ്‌ദാനങ്ങൾ  മുഴുവൻ നിറവേറ്റിക്കൊണ്ടിരിക്കുന്ന പിണറായി സർക്കാർ പ്രഖ്യാപിച്ച നൂറുദിന പദ്ധതികൾ ജനങ്ങളുടെ ആകെ ശ്രദ്ധ നേടിയിട്ടുണ്ട്‌. 34 സ്‌കൂൾ കെട്ടിടത്തിനും കോന്നി മെഡിക്കൽ കോളേജിനും പിന്നാലെ മറ്റനേകം വികസനപ്രവർത്തനങ്ങൾ ദിനംപ്രതി പൂർത്തിയായിവരികയാണ്‌. ഇതെല്ലാം ജനങ്ങളിൽ സൃഷ്ടിക്കുന്ന പ്രതീക്ഷയാണ്‌ യുഡിഎഫിനെയും -ബിജെപിയെയും വിറളിപിടിപ്പിക്കുന്നത്‌. കോവിഡിനെ ഫലപ്രദമായി നിയന്ത്രിച്ച്‌ വികസന –-ക്ഷേമപ്രവർത്തനങ്ങൾക്ക്‌ ഭംഗംവരാതെ മുന്നേറുന്ന എൽഡിഎഫ്‌ സർക്കാരിനെ കള്ളക്കഥകൾ പ്രചരിപ്പിച്ചും അക്രമസമരങ്ങളിലൂടെയും അട്ടിമറിക്കാമെന്ന വ്യാമോഹമാണ്‌ കേന്ദ്ര ഭരണകക്ഷിയെയും സംസ്ഥാനത്തെ പ്രതിപക്ഷത്തെയും നയിക്കുന്നത്‌. രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ള ഈ തീക്കളിയുടെ  ഇര ജനങ്ങളാണെന്ന്‌ ‌‌തിരിച്ചറിഞ്ഞ്‌ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top