20 April Saturday

യുഡിഎഫിന്റെ അവിശുദ്ധസഖ്യം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022


എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലോക്‌സഭ, നിയമസഭ, തദ്ദേശസ്ഥാപന തെരഞ്ഞൈടുപ്പുകളിലെല്ലാം യുഡിഎഫ്‌, ബിജെപി ഉൾപ്പെടെയുള്ള വർഗീയ കക്ഷികളുമായുണ്ടാക്കിയ സഖ്യം മുമ്പ്‌ പലതവണ മറനീക്കി പുറത്തുവന്നിട്ടുണ്ട്‌. ചിലപ്പോൾ പരസ്യമായും മറ്റു ചിലപ്പോൾ രഹസ്യമായും ധാരണ. ബിജെപിയുമായി മാത്രമല്ല, ജമാഅത്തെ  ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങിയ തീവ്രവാദ ശക്തികളുമായും ധാരണയുണ്ടാക്കുന്നു. കഴിഞ്ഞ തദ്ദേശസ്ഥാപന, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്‌, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി പരസ്യധാരണയായിരുന്നു. ബിജെപിയുമായി രഹസ്യബാന്ധവവും. എന്നാൽ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ –-ബിജെപി  സഖ്യം വോട്ടെടുപ്പിനുമുമ്പേ പരസ്യമായി. പ്രചാരണം തീരാൻ ആറു ദിവസം ശേഷിക്കെ യുഡിഎഫ്‌ അങ്കലാപ്പിലായതോടെയാണ്‌ ബിജെപിയുടെ സഹായം തേടിയത്‌. യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസ്‌ കഴിഞ്ഞദിവസം ബിജെപി തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽ എത്തി സഹായം അഭ്യർഥിച്ചത്‌ മുൻകൂട്ടി തീരുമാനിച്ച്‌ ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌. കോൺഗ്രസ്‌–-ബിജെപി നേതൃത്വങ്ങൾ തമ്മിൽ നടന്ന കൂടിയാലോചന ഇതിനു പിന്നിലുണ്ട്‌. മണ്ഡലത്തിൽ ക്യാമ്പ്‌ ചെയ്യുന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിലാണ്‌ സന്ദർശനം എന്നതിനും ഏറെ പ്രാധാന്യമുണ്ട്‌.  പ്രചാരണത്തിനിടയിലെ സന്ദർശനം മാത്രമായി ഇതിനെ കാണാനാകില്ല. നേതൃതലത്തിലെ ധാരണ അണികളെ ബോധ്യപ്പെടുത്താൻ സ്ഥാനാർഥി നേരിട്ട്‌ തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ്‌ സന്ദർശിച്ച്‌ സഹായം അഭ്യർഥിക്കണമെന്ന ബിജെപി നേതാക്കളുടെ ആവശ്യമാണ്‌ നിറവേറ്റിയത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു പിന്നാലെ തന്നെ എസ്‌ഡിപിഐയുമായി യുഡിഎഫ്‌ ചർച്ച നടത്തി ധാരണയുണ്ടാക്കിയിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സർക്കാരിന്റെ സിൽവർ ലൈൻ ഉൾപ്പെടെയുള്ള വികസനപദ്ധതികളാണ്‌ പ്രധാനമായും ചർച്ചയാകുന്നത്‌; ഒപ്പം മതനിരപേക്ഷ നിലപാടുകളും.  ഇടതുപക്ഷ ജനാധിപത്യമുന്നണിയും സ്ഥാനാർഥി ഡോ. ജോ ജോസഫും മുന്നോട്ടുവയ്‌ക്കുന്ന സർവതലസ്‌പർശിയായ വികസന കാഴ്‌ചപ്പാടിനെ മണ്ഡലത്തിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കയാണ്‌. തൃക്കാക്കരയിലെ ജനങ്ങളെയാകെ ബാധിക്കുന്ന വികസനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടതുപക്ഷത്തിന്റെ പ്രതിനിധി നിയമസഭയിൽ എത്തണമെന്ന പ്രഖ്യാപനത്തോടെ വൻജനാവലി തെരഞ്ഞെടുപ്പുപ്രചാരണത്തിൽ പങ്കാളികളാകുന്നത്‌  യുഡിഎഫിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്‌. സമനില തെറ്റിയ യുഡിഎഫ്‌ വരുംദിവസങ്ങളിൽ എന്ത്‌ നെറികെട്ട പ്രവർത്തനങ്ങൾക്കും  തയ്യാറാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ബിജെപിയുടെ സഹായം തേടൽ. തെരഞ്ഞെടുപ്പിന്‌ മുമ്പുതന്നെ സിൽവർ ലൈൻ, കേരളത്തിന്റെ വികസനം, ഇന്ധന നികുതി തുടങ്ങിയ കാര്യത്തിലെല്ലാം കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ വികസനപദ്ധതികളെ അട്ടിമറിക്കാൻ പാർലമെന്റിൽ പോലും ബിജെപിക്കൊപ്പമാണ്‌ കോൺഗ്രസ്‌ എംപിമാർ. ഇതിന്റെ തുടർച്ചയാണ്‌ തൃക്കാക്കരയിലെ സഹായംതേടലും. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി വിശാലമായ ഇടതുപക്ഷവിരുദ്ധ മുന്നണി രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമാണ്‌ യുഡിഎഫ്‌ നടത്തുന്നത്‌.

മുമ്പ്‌ കണ്ണൂരിൽ പലതവണ ബിജെപിയുമായും എസ്‌ഡിപിഐയുമായും രഹസ്യവും പരസ്യവുമായ ധാരണയുണ്ടാക്കിയ വ്യക്തിയാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. സിപിഐ എമ്മിനെ തോൽപ്പിക്കാൻ ആരുമായും കൂട്ടുകൂടാമെന്നു പറഞ്ഞ സുധാകരൻ, വേണമെങ്കിൽ ബിജെപിയിൽ പോകുമെന്നും പ്രഖ്യാപിച്ചിരുന്നു. നിർണായകഘട്ടങ്ങളിൽ ബിജെപിക്കൊപ്പം കൂടാൻ കോൺഗ്രസിന്‌ ഒരുമടിയും ഉണ്ടായിരുന്നില്ലെന്ന്‌ പലതവണ തെളിയിച്ചതാണ്‌. മൂന്നു പതിറ്റാണ്ടുമുമ്പ്‌ രൂപപ്പെട്ട വടകര, ബേപ്പൂർ മോഡൽ ഇതിന്റെ നേരടയാളങ്ങളായിരുന്നു.

ഈ സഖ്യം പലരീതിയിൽ തുടരുന്നു.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വോട്ട്‌ മറിച്ചതിനെ തുടർന്നാണ്‌  നേമത്ത്‌ ബിജെപി ജയിച്ചത്‌. മറ്റു നൂറോളം മണ്ഡലത്തിൽ ബിജെപി കോൺഗ്രസിനും വോട്ട് മറിച്ചുനൽകി.  2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടർന്നെങ്കിലും നേമത്തെ സീറ്റ്‌ നിലനിർത്താനായില്ല. എന്നാൽ, ബിജെപിയുടെ വോട്ട്‌ വാങ്ങിയാണ്‌ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ,  തൃശൂരിലെ ചാലക്കുടി ഉൾപ്പെടെയുള്ള 10 മണ്ഡലത്തിൽ യുഡിഎഫ്‌ ജയിച്ചത്‌.  90 മണ്ഡലത്തിൽ ബിജെപിക്ക്‌ മുൻതെരഞ്ഞെടുപ്പിനേക്കാൾ വോട്ട്‌ കുറഞ്ഞു.  തൃപ്പൂണിത്തുറയിൽ  ഇത്തവണ ബിജെപി വോട്ട്‌ തനിക്കാണെന്ന്‌ പ്രചാരണത്തിനിടയിൽ അന്ന്‌ കെ ബാബു പരസ്യമായി പറഞ്ഞിരുന്നു. ധാരണ ബിജെപി അണികളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിനു സമാനമാണ്‌ ഇപ്പോൾ തൃക്കാക്കരയിലെ ഉമ തോമസിന്റെ പ്രകടനവും. തൃപ്പൂണിത്തുറയിലെ രണ്ട്‌ നഗരസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിക്ക്‌ വോട്ട്‌ മറിച്ചുനൽകിയതും അടുത്തിടെയാണ്‌.

ഇന്ന്‌ ബിജെപിയുടെ വോട്ട്‌ തേടുന്നവർ നാളെ ബിജെപിയിലേക്കുതന്നെ പോകുമെന്നാണ്‌ പല സംസ്ഥാനത്തെയും യാഥാർഥ്യം. കോൺഗ്രസിനെ ശക്തിപ്പെടുത്താനായി ചിന്തൻ ശിബിരം നടത്തിയതിനു പിന്നാലെയാണ്‌ പഞ്ചാബ്‌ പിസിസി പ്രസിഡന്റായിരുന്ന സുനിൽ ഝക്കറും ഗുജറാത്ത്‌ പിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ഹാർദിക്‌ പട്ടേലും കോൺഗ്രസ്‌ വിട്ടത്‌. ഒരാഴ്‌ചയ്‌ക്കിടെ തൃശൂരിൽ കോൺഗ്രസിന്റെ ജില്ല, പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ ചേക്കേറിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകൂടി തോൽക്കുന്നതോടെ  എത്രപേർ കോൺഗ്രസ്‌ വിടുമെന്നാണ്‌ അറിയേണ്ടത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top