27 March Monday

ബിജെപിയുടെ അട്ടിമറിക്ക്‌ കോൺഗ്രസിന്റെ തുണ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 13, 2022


രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്‌ എങ്ങോട്ടാണ്‌ നയിക്കപ്പെടുന്നതെന്ന സംശയം നാൾക്കുനാൾ വർധിക്കുകയാണ്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ വരുന്ന വാർത്തകൾ ആ പാർടി എത്തിപ്പെട്ട അഗാധമായ പ്രതിസന്ധിയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. കോൺഗ്രസ്‌ ഉൾപ്പെട്ട മഹാരാഷ്ട്രയിലെ സഖ്യസർക്കാരിനെ ബിജെപി അട്ടിമറിച്ചപ്പോൾ അതിനെ പിന്തുണയ്‌ക്കാനും കോൺഗ്രസിൽ ചിലർ ഉണ്ടായിരുന്നതായി വിശ്വാസവോട്ടെടുപ്പ്‌ വേള തെളിയിച്ചു. ശിവസേനയെ പിളർത്തി ബിജെപി സഹായത്തോടെ  മുഖ്യമന്ത്രിപദത്തിലെത്തിയ ഏക്‌നാഥ്‌ ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പ്‌ തേടിയപ്പോൾ കോൺഗ്രസിലെ 11 എംഎൽഎമാരാണ്‌ നിയമസഭയിലെത്താതെ ബിജെപിയെ സഹായിച്ചത്‌. ഗതാഗതക്കുരുക്കാണ്‌ ഇതിനു കാരണമെന്നുപറഞ്ഞ്‌ തടിതപ്പാനുള്ള  കോൺഗ്രസ്‌ നേതാക്കളുടെ ശ്രമം അവരുടെ മുഖം കൂടുതൽ വികൃതമാക്കുകയാണ്‌. ബിജെപി എവിടെയൊക്കെ വിജയിക്കുന്നുണ്ടോ അവിടെയൊക്കെ കോൺഗ്രസിന്റെ കൈയൊപ്പ്‌ ചാർത്തപ്പെടുന്നുണ്ടെന്നതാണ്‌ വസ്‌തുത.

മഹാരാഷ്ട്രയിലെ അട്ടിമറിക്കു പിന്നാലെയാണ്‌ ഗോവയിൽ കോൺഗ്രസ്‌ നിയമസഭാകക്ഷിയെ പിളർത്താനുള്ള ശ്രമം ബിജെപി നടത്തിയതും ഭാഗികമായി വിജയിച്ചതും. കോൺഗ്രസ്‌ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെയും പ്രതിപക്ഷ നേതാവ്‌ മൈക്കൽ ലോബോയുടെയും  നേതൃത്വത്തിലാണ്‌ ഈ ശ്രമം എന്നത്‌ കോൺഗ്രസ്‌ പാർടിയുടെ അടിത്തറ എത്രമാത്രം ഇളകിയെന്നതിന്‌ ഉദാഹരണമാണ്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്‌  ഗോവ. ഈ വർഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ വൻ തോൽവിയാണുണ്ടായത്‌. എന്നിട്ടും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ പിളർത്താൻ ബിജെപി ശ്രമിക്കുന്നത്‌ അവരുടെ പ്രഖ്യാപിത ലക്ഷ്യമായ കോൺഗ്രസ്‌ മുക്തഭാരതമെന്ന ലക്ഷ്യം നേടാനാണ്‌. എന്നാൽ, ആ ലക്ഷ്യം എളുപ്പത്തിൽ സാധ്യമാക്കാൻ  ബിജെപിയെ സഹായിക്കുന്നത്‌ കോൺഗ്രസ്‌ തന്നെയാണെന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണംകൂടിയാണ്‌  ഗോവയിലേത്‌. മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുംതന്നെ സ്വന്തം പാർടിയെ ബിജെപിക്കുവേണ്ടി പിളർത്താൻ ശ്രമിക്കുമ്പോൾ മേൽപ്പറഞ്ഞ നിഗമനം അക്ഷരാർഥത്തിൽ ശരിയാകുന്നു. ‘ഓപ്പറേഷൻ താമര’യെ സഹായിക്കുന്ന ‘ഓപ്പറേഷൻ ഇഡി’യുടെ പ്രവർത്തനം ഗോവയിലും നിഴലിച്ചുകാണാം. ദിഗംബർ കാമത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്‌. അതിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ കൂറുമാറ്റത്തിന്‌ നേതൃത്വം നൽകാൻ അദ്ദേഹം തയ്യാറായതെന്നാണ്‌ കോൺഗ്രസിന്റെതന്നെ ആരോപണം. ഏത്‌ അഴിമതിയും കുറ്റകൃത്യങ്ങളും കഴുകിവെളുപ്പിക്കാനുള്ള അലക്കുയന്ത്രമായി ബിജെപി മാറുകയാണെന്നതിന്റെ അവസാനത്തെ തെളിവായും ഗോവ സംഭവത്തെ കാണാം. എന്നാൽ, ഇതിനൊരു മറുവശം ഉണ്ട്‌. കോൺഗ്രസ്‌ നേതാക്കൾക്ക്‌ അവർക്കുണ്ടെന്ന്‌ അവകാശപ്പെടുന്ന പ്രത്യയശാസ്‌ത്രത്തിൽ തരിമ്പും വിശ്വാസമില്ലെന്നതാണ്‌ കൂറുമാറ്റം എളുപ്പമാക്കുന്നത്‌. രാഹുലും പ്രിയങ്ക ഗാന്ധിയും മറ്റും പിന്തുടരുന്ന മൃദുഹിന്ദുത്വ സമീപനമാണ്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ബിജെപിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നത്‌.

മൈക്കൽ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന്‌ നീക്കിയതും ലോബോയെയും കാമത്തിനെയും കൂറുമാറ്റ നിരോധന നിയമമനുസരിച്ച്‌ അയോഗ്യരാക്കണമെന്ന്‌ സ്‌പീക്കർക്ക്‌ നോട്ടീസ്‌ നൽകിയതുംവഴി വിമതനീക്കം താൽക്കാലികമായി തടയാൻ കോൺഗ്രസിന്‌ കഴിഞ്ഞെങ്കിലും ബിജെപി അവരുടെ ശ്രമം ഉപേക്ഷിക്കുമെന്ന്‌ കരുതാനാകില്ല. മഹാരാഷ്ട്രയിൽ വിമത ശിവസേനാ എംഎൽഎമാർക്ക്‌ 50 കോടി രൂപയാണ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതെങ്കിൽ ഗോവയിൽ അത്‌ 40 കോടിയാണ്‌. പണവും പദവിയും കാട്ടി ബിജെപി പ്രലോഭനം ചൊരിയുമ്പോൾ  വീഴാതിരിക്കണമെങ്കിൽ ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസവും കൂറും മാത്രംപോരാ,  ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയുള്ള പ്രത്യയശാസ്‌ത്രദൃഢതയും വേണം. കോൺഗ്രസിന്‌ ഇതൊന്നും ഇന്ന്‌ അവകാശപ്പെടാനില്ല. അതിന്റെ ഫലമായാണ്‌ ഗോൾവാൾക്കർക്കുമുമ്പിൽ നിലവിളക്ക്‌ കൊളുത്താനും ആർഎസ്‌എസിന്റെ സൈനികവൽക്കരണ പദ്ധതിയുടെ മോദിസർക്കാർ രൂപമായ അഗ്‌നിപഥിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പങ്കുചേരില്ലെന്ന്‌ പറയാനും കോൺഗ്രസ്‌ നേതാക്കൾക്ക്‌ കഴിയുന്നതും അവർ കോൺഗ്രസ്‌ നേതാക്കളായി തുടരുന്നതും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top