28 May Tuesday

അടച്ചുപൂട്ടിയാൽ മാത്രം പോരാ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


 

കൊറോണബാധ രാജ്യത്തെ വിഴുങ്ങിയശേഷം ചൊവ്വാഴ്ച പ്രധാനമന്ത്രി രണ്ടാംവട്ടവും രാഷ്ട്രത്തോട് സംസാരിച്ചു. തീർച്ചയായും അതീവ പ്രതീക്ഷയോടെയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ കേട്ടത്. രാജ്യത്താകെ അടച്ചുപൂട്ടൽ  പ്രഖ്യാപിച്ച നടപടി രോഗവ്യാപനം തടയാൻ ഗുണകരമാകുമെന്ന് ഉറപ്പാണ്. ആ നിലയ്ക്ക് അത് സ്വാഗതാർഹവുമാണ്. പക്ഷേ, അടച്ചുപൂട്ടൽ പ്രഖ്യാപിക്കുമ്പോൾ വീടുകളിലേക്ക് അടയ്ക്കപ്പെടുന്നവർ എങ്ങനെ ജീവിക്കും എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൂടി  ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്തമാണ്. രണ്ടാംവട്ടവും പ്രധാനമന്ത്രിക്ക് ആ ഉത്തരവാദിത്തം  നിറവേറ്റാനായില്ല.

അടച്ചുപൂട്ടൽ എന്നാൽ എല്ലാ സാമ്പത്തിക സാമൂഹ്യ പ്രവർത്തനങ്ങളും അവസാനിപ്പിക്കുക എന്നാണ്. എല്ലാം അത്യാവശ്യത്തിനുമാത്രമായി പരിമിതപ്പെടുത്തുന്നു. പക്ഷേ, മനുഷ്യന് ജീവൻ നിലനിർത്തിയല്ലേ തീരൂ. അതിനുള്ള വഴികൂടി അടച്ചുപൂട്ടുന്നവർ കാണേണ്ടേ? അതുണ്ടായില്ല എന്നതാണ് അത്യന്തം  ഗുരുതരമായ വീഴ്ച. മധ്യവർഗവും മുകളിലുള്ളവരും സ്ഥിരശമ്പളമുള്ളവരും ഒക്കെ പിടിച്ചുനിൽക്കും. പക്ഷേ, അതിനും താഴെ  മനുഷ്യർ ഏറെയുണ്ട്. അവർ എന്തുചെയ്യും?

രാജ്യത്ത് 45 കോടി ജനങ്ങൾ ദിവസവേതനത്തിന് പണിയെടുക്കുന്നവരാണ് എന്നാണ് കണക്ക്. അവരുടെ വരുമാനമാർഗം ഇല്ലാതാകുമ്പോൾ അവർ എങ്ങനെ ജീവിക്കും എന്നുകൂടി ആലോചിക്കേണ്ടേ? മഹാമാരിയേക്കാൾ വലുതല്ലല്ലോ ഒന്നും എന്ന്‌ വാദിക്കുന്നവരുണ്ട്. ശരിയാണ്  മഹാമാരി മരണം വിതയ്ക്കും. പക്ഷേ, പട്ടിണി കിടക്കാൻ ഇടയാകുന്നവർ എളുപ്പം രോഗബാധിതരായി  മരണപ്പെടാൻ സാധ്യതയുണ്ട്. അത് അവഗണിക്കാൻ ആകുമോ. കൊറോണ വന്ന്‌ മരിക്കാനുള്ളവർ പട്ടിണികിടന്ന്‌ മരിച്ചാൽ സാരമില്ല എന്നാണോ?

കോവിഡ് പകർച്ചവ്യാധിയുടെ പിടിയിലായ രാജ്യങ്ങൾ ഒന്നൊന്നായി  സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുകയാണ്. അമേരിക്ക  80 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് വാർത്ത. ഓരോ രാജ്യവും വൻ തുകകൾ പ്രഖ്യാപിക്കുന്നു. ഇവിടെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ആകെ ഉണ്ടായത് ആരോഗ്യമേഖലയ്ക്കുള്ള 15000 കോടി രൂപയുടെ പദ്ധതിയാണ്. ഒരു മഹാമാരി പടിവാതിൽക്കൽ വന്നുനിന്നിട്ടും ആരോഗ്യമേഖലയ്ക്ക് ആവശ്യമായ  പണം അനുവദിക്കാതെയായിരുന്നു ഒടുവിലത്തെ കേന്ദ്രബജറ്റ്. കൊറോണ പടർന്ന്‌ രണ്ടരമാസം പിന്നിട്ടിട്ടും ആരോഗ്യമേഖലയിൽ ഒന്നും ചെയ്തിട്ടില്ല. ടെസ്റ്റിന് ആവശ്യത്തിന് കിറ്റ് കിട്ടുന്നില്ല. മാസ്ക് ഇല്ല. വേണ്ടത്ര വെന്റിലേറ്റർ ഇല്ല. ഇപ്പോൾ പ്രഖ്യാപിച്ച 15000 കോടി രൂപ വിഭജിച്ചാൽ ഒരു ഇന്ത്യൻ പൗരന് 112 രൂപ വരും. എത്ര പരിമിതമായ തുകയാണിത്. ഈ തുക ഏതുരീതിയിൽ അനുവദിക്കുമെന്നും വ്യക്തമല്ല. ആരോഗ്യമേഖലയിലെ അടിയന്തരപ്രശ്നങ്ങൾ പരിഹരിക്കാൻ ഇതൊന്നുമാകില്ല.

കേരളം ആവർത്തിച്ചുന്നയിച്ച ആവശ്യങ്ങളൊന്നും കേന്ദ്രം അംഗീകരിച്ചിട്ടില്ല. കൂടുതൽ കടമെടുക്കാൻപോലും അനുവദിക്കുന്നില്ല. എന്നിട്ടും  പരിമിതമായ വിഭവശേഷിയിൽനിന്ന് കേരളം കാട്ടിയ മാതൃകയുണ്ട്. അതിൽനിന്ന് പാഠം പഠിക്കാൻ മടിക്കേണ്ടതില്ല. കേരളം ഇന്ത്യക്കുമുമ്പേതന്നെയാണ് നടക്കുന്നത്

പ്രധാനമന്ത്രിക്കുമുമ്പ് മാധ്യമങ്ങളെ കണ്ട ധനമന്ത്രി നിർമല സീതാരാമനാകട്ടെ  ആദായനികുതി റിട്ടേണടയ്ക്കാനും  ആധാറും പാൻകാർഡും ബന്ധിപ്പിക്കാനുമുള്ള  തീയതി നീട്ടിയതിനെപ്പറ്റിയാണ് പറഞ്ഞത്. സ്ഥിരവരുമാനമുള്ളവർക്കും ജിഎസ്ടി രജിസ്ട്രേഷനുള്ളവർക്കും ചില ഇളവുകളും പ്രഖ്യാപിച്ചു. സമ്പന്നർക്ക് നികുതി ഇളവുകൾ നൽകാനും കോടികളുടെ കടം വരുത്തിയ കോർപറേറ്റുകൾക്ക്  രക്ഷാമാർഗം ഉണ്ടാക്കാനും ഒന്നരലക്ഷം കോടി രൂപ  ചെലവിടാൻ മടിക്കാത്ത സർക്കാരാണിത്. അതിനൊക്കെ പണമുണ്ട്. പക്ഷേ, ഏറ്റവും ദരിദ്രരുടെ  ആരോഗ്യവും ജീവനും  സംരക്ഷിക്കുന്നതിനെ സർക്കാർ പൂർണമായും അവഗണിക്കുന്നു.
സംസ്ഥാനങ്ങൾക്കാകട്ടെ നൽകേണ്ട പണമൊന്നും നൽകാതെ കേന്ദ്രം ശ്വാസം മുട്ടിയ്‌ക്കുകയാണ്. സ്വയം നികുതി ചുമത്താൻ പോലുമാകാത്ത സംസ്ഥാനങ്ങൾ എന്തുചെയ്യും? കേരളം ആവർത്തിച്ചുന്നയിച്ച ആവശ്യങ്ങളൊന്നും കേന്ദ്രം അംഗീകരിച്ചിട്ടില്ല. കൂടുതൽ കടമെടുക്കാൻപോലും അനുവദിക്കുന്നില്ല. എന്നിട്ടും  പരിമിതമായ വിഭവശേഷിയിൽനിന്ന് കേരളം കാട്ടിയ മാതൃകയുണ്ട്. അതിൽനിന്ന് പാഠം പഠിക്കാൻ മടിക്കേണ്ടതില്ല. കേരളം ഇന്ത്യക്കുമുമ്പേതന്നെയാണ് നടക്കുന്നത്.

രാജ്യത്താകെ ഒരു ലക്ഷത്തിൽ ഒരാൾക്ക് കൊറോണ പരിശോധന നടത്തുമ്പോൾ ഒരു ലക്ഷത്തിൽ 12 പേർക്ക് ടെസ്റ്റ്‌  നടക്കുന്ന സംസ്ഥാനമാണ് കേരളം. അടച്ചുപൂട്ടൽ കർശനമാക്കുന്നതിനൊപ്പം മുമ്പ് പ്രഖ്യാപിച്ച പാക്കേജിനുപുറമേ കൂടുതൽ നടപടികൾ സംസ്ഥാന സർക്കാർ  സ്വീകരിക്കുകയാണ്. റേഷൻകട വഴി കൂടുതൽ ഭക്ഷ്യവസ്തുക്കൾ നൽകാനും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വീട്ടിൽ ആവശ്യമായ സാധനങ്ങൾ എത്തിക്കാനുമൊക്കെ നടപടി സ്വീകരിക്കുന്നു. ഇനിയെങ്കിലും വൈകാതെ കേന്ദ്രസർക്കാർ ഈ പാത പിന്തുടരാൻ തയ്യാറാകണം. അടച്ചുപൂട്ടലിൽ തൊഴിലും വരുമാനവും ഇല്ലാത്തവർക്ക് ജീവിക്കാൻ മാർഗമുണ്ടാക്കണം. അതിനുവേണ്ടതൊക്കെ ചെയ്യണം. സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തികപിന്തുണ നൽകണം. ഇതൊന്നുമില്ലാതെ ദരിദ്രരുടെ ജീവിതത്തിനുചുറ്റും ‘ലക്ഷ്മണരേഖ’ വരച്ച് അവരെ അതിനുള്ളിൽ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top