20 April Saturday

കേരളത്തിന്റെ സന്ദേശം ഇന്ത്യ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 10, 2017


നുണയും അക്രമവുംകൊണ്ട് രാജ്യത്തെ കൈപ്പിടിയിലൊതുക്കാമെന്ന ബിജെപി ധാര്‍ഷ്ട്യത്തിനുള്ള ചുട്ടമറുപടിയായിരുന്നു സിപിഐ എം നേതൃത്വത്തില്‍ തിങ്കളാഴ്ച ദേശീയാടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധ ദിനാചരണം. രാജ്യതലസ്ഥാനത്തും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ശ്രദ്ധേയമായ പരിപാടികളോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. കേരളത്തില്‍ സെക്രട്ടറിയറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും നടന്ന ജനകീയ കൂട്ടായ്മകളില്‍ കണ്ട ജനപങ്കാളിത്തം വിദ്വേഷരാഷ്ട്രീയത്തിന് മലയാളമണ്ണില്‍ സ്ഥാനമില്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു. സിപിഐ എമ്മും ബിജെപിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധപരിപാടികള്‍. പൊളിറ്റ്ബ്യൂറോ അംഗങ്ങളടക്കം പ്ളക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സമാധാനപരമായാണ് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചതെങ്കില്‍, പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസ് ആക്രമിക്കാനുള്ള നീക്കമാണ് ബിജെപി നടത്തിയത്. അതും രണ്ട് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തില്‍.
കേരളത്തില്‍ സിപിഐ എം അക്രമം നടത്തുന്നുവെന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിച്ചാണ് ബിജെപി അഖിലേന്ത്യാടിസ്ഥാനത്തില്‍ അക്രമത്തിന് തയ്യാറെടുക്കുന്നത്. കേരളത്തില്‍ ബിജെപിയും ആര്‍എസ്എസുമാണ് സിപിഐ എമ്മിനെ കടന്നാക്രമിക്കുന്നതെന്നും എല്ലാ അശാന്തിക്കും കാരണം ഈ അക്രമമാണെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതിന്റെ ഫലമാണ് ജനരക്ഷായാത്രയ്ക്കുണ്ടായ ദയനീയ പരാജയം. വന്‍സന്നാഹത്തോടെ നടത്തിയ ദേശീയ പ്രചാരണ പരിപാടി പൊളിഞ്ഞുവെന്ന് ആദ്യദിനത്തില്‍തന്നെ സംഘപരിവാറിന് ബോധ്യപ്പെട്ടതാണ്. എന്നാല്‍, യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനോ ജനവിശ്വാസം നേടാനോ, അണികളെ നിയന്ത്രിക്കാനോ അല്ല നേതൃത്വം തയ്യാറായത്.

ഉദ്ഘാടനവേദിയില്‍ വച്ചുതന്നെ അമിത് ഷാ നടത്തിയ ആഹ്വാനം സിപിഐ എമ്മിനെതിരെ രാജ്യവ്യാപകമായി അക്രമം സംഘടിപ്പിക്കാനാണ്്. യാത്ര അവസാനിക്കുന്ന 17 വരെ എല്ലാ ദിവസവും സിപിഐ എം കേന്ദ്ര ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് ബിജെപി ദുഷ്പ്രചാരണത്തെയും ആക്രമണനീക്കങ്ങളെയും ദേശീയാടിസ്ഥാനത്തില്‍തന്നെ പ്രതിരോധിക്കാന്‍ സിപിഐ എം തീരുമാനിച്ചത്. സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ എല്ലാ സീമകളും ലംഘിച്ച സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രതിഷേധം ബിജെപി ആസ്ഥാനത്തേക്കുള്ള മാര്‍ച്ചാക്കി മാറ്റിയത് തികച്ചും ഉചിതമായി. മുതിര്‍ന്ന നേതാക്കളും ധാരാളം വനിതകളും അണിനിരന്ന മാര്‍ച്ച് ജനാധിപത്യവ്യവസ്ഥിതിയില്‍ ഭിന്നാഭിപ്രായം എങ്ങനെ പ്രകടിപ്പിക്കണം എന്നതിന്റെ മാതൃകയായി.  

മോഡി അധികാരത്തിലേറിയശേഷം പലതവണ സിപിഐ എം ആസ്ഥാനം ബിജെപി ആക്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ അകത്തുകടന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ഒരുമ്പെടുകയും ചെയ്തു. ആദ്യദിനത്തില്‍ പയ്യന്നൂരില്‍ എത്തിയ കര്‍ണാടകക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമിത് ഷായുടെ ആഹ്വാനം  നടപ്പാക്കിക്കൊണ്ടാണ് തിരിച്ചുപോയത്. അന്തരിച്ച സമുന്നത സിപിഐ എം നേതാവ് എ വി കുഞ്ഞമ്പുവിന്റെ വീട്  ആക്രമിച്ചു. കരിവെള്ളൂരിലും ചെറുവത്തൂരിലുമൊക്കെ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. രണ്ടാംദിനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിഹാസ്യമായ പ്രതികരണങ്ങളും മൂന്നാംനാളില്‍ അമിത് ഷായുടെ മുങ്ങലുംകൂടിയായതോടെ ബിജെപി ജാഥ കെട്ടുപൊട്ടിയ അവസ്ഥയിലായി.

കണ്ണൂര്‍ ജില്ലയില്‍ ജാഥയ്ക്കിടെ കലാപം കുത്തിപ്പൊക്കാന്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ സിപിഐ എം പ്രവര്‍ത്തകരുടെയും പൊലീസിന്റെയും ജാഗ്രതമൂലം ഫലം കണ്ടില്ല. എന്നാല്‍, പാര്‍ടി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണങ്ങളാണ് നടന്നത്. പാനൂരില്‍ സിപിഐ എം പ്രകടനത്തിനുനേരെയുള്ള ബോംബേറില്‍ തലനാരിഴക്ക് ജീവന്‍ രക്ഷപ്പെട്ടുവെങ്കിലും നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസിനും ഗുരുതരമായി പരിക്കേറ്റു. തലശേരിയില്‍ സിപിഐ സമ്മേളനത്തിന് ആക്രമണഭീഷണിയുണ്ടായി. കടമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസാണ് ആര്‍എസ്എസ് ആക്രമിച്ചത്. കണ്ണൂരില്‍മാത്രമുള്ള നടപ്പുജാഥ മതിയാക്കി വാഹനത്തില്‍ കോഴിക്കോട്ട് പ്രവേശിച്ചതോടെ ബിജെപി- ആര്‍എസ്എസ് അക്രമികളുടെ അഴിഞ്ഞാട്ടം ശക്തിപ്പെട്ടു. ബിജെപി ജാഥയെ വഴിവിട്ട് പ്രകീര്‍ത്തിച്ച പത്രങ്ങള്‍പോലും അക്രമം ഏകപക്ഷീയമാണെന്ന് തുറന്നെഴുതി. ജാഥാപരിപാടിയില്‍ ഉള്‍പ്പെടാത്ത മാറാട്ട് എത്തിയ കുമ്മനത്തിന്റെയും കൂട്ടരുടെയും ലക്ഷ്യം എന്തായിരുന്നുവെന്ന ചോദ്യവും ചില മാധ്യമങ്ങള്‍ ഉയര്‍ത്തി.

കേരളത്തില്‍ അക്രമമെന്നും ജിഹാദെന്നും ഇല്ലാക്കഥകള്‍ പറഞ്ഞ് രാജ്യത്താകമാനം സിപിഐ എമ്മിനെ കടന്നാക്രമിക്കാനുള്ള പദ്ധതിയാണ് സംഘപരിവാര്‍ രൂപപ്പെടുത്തുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നത് സിപിഐ എമ്മാണെന്നും അതിന്റെ കുന്തമുന കേരളമാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ശക്തിപ്പെട്ടുവരുന്ന തൊഴിലാളി- കര്‍ഷക മുന്നേറ്റങ്ങളും മത- ജാതി ധ്രുവീകരണത്തിന് വിലങ്ങുതടിയാണ്. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് അവര്‍ക്ക് എല്ലായിടത്തും ആശ്രയം. ഇതിന്റെ ഭാഗമാണ് സിപിഐ എം വിശാഖപട്ടണം ജില്ലാ കമ്മിറ്റി ഓഫീസടക്കം പല സംസ്ഥാനങ്ങളിലും നടന്ന ആക്രമണങ്ങള്‍.

ജനരക്ഷായാത്രയുടെ ഭാഗമായി ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്ത വിഷയങ്ങള്‍ ബിജെപിയുടെ മുഖംമൂടി വലിച്ചുചീന്തുന്നതായിരുന്നു. ക്രമസമാധാനം, ആരോഗ്യരക്ഷ, സാമൂഹ്യസുരക്ഷിതത്വം, വിദ്യാഭ്യാസം തുടങ്ങി ഏത് മേഖലയെടുത്താലും താരതമ്യമില്ലാത്ത ഉയരങ്ങളിലാണ് കേരളം. മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും അണിനിരത്തി, കുറെ ദേശീയ ടെലിവിഷന്‍ മാധ്യമങ്ങളെയും ഒപ്പംകൂട്ടിയുള്ള യാത്രയില്‍ തുറന്നുകാട്ടപ്പെട്ടത് ബിജെപിയുടെ ജനവിരുദ്ധത. അടിവരയിട്ടത് സിപിഐ എമ്മിന്റെ ദേശീയ പ്രസക്തിയും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top