25 April Thursday

നേപ്പാളിൽ കമ്യൂണിസ്റ്റ് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Feb 16, 2018


തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷമാണെങ്കിലും അയൽരാജ്യമായ നേപ്പാളിൽ പുതിയ കമ്യൂണിസ്റ്റ് സർക്കാർ രൂപീകരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ 41‐ാമത്തെ പ്രധാനമന്ത്രിയായി സിപിഎൻ (യുഎംഎൽ) നേതാവ് കഡ്‌ഗ പ്രസാദ് ഓലി സത്യപ്രതിജ്ഞചെയ്ത് അധികാരമേറി. രണ്ടുദിവസമായി തലസ്ഥാനമായ കാഠ്മണ്ഡുവിൽ നടന്ന തിരക്കിട്ട രാഷ്ട്രീയനീക്കങ്ങൾക്കൊടുവിലാണ് പ്രമുഖ കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽവന്നത്. 2015മുതൽ 2016വരെ ഒരുവർഷത്തോളം പ്രധാനമന്ത്രിയായിരുന്നു ഓലി. വ്യാഴാഴ്ച രാവിലെ രാഷ്ട്രത്തോടുനടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ദ്യൂബ രാജിപ്രഖ്യാപനം നടത്തിയത്.  ഇതിനുമുമ്പുതന്നെ കെ പി ഓലി രാഷ്ട്രപതിയെ കണ്ട് പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. ബുധനാഴ്ച ലളിത്പുരിൽ ചേർന്ന സിപിഎൻ (യുഎംഎൽ) സ്റ്റാൻഡിങ് കമ്മിറ്റി യോഗം അടുത്ത പ്രധാനമന്ത്രിസ്ഥാനാർഥിയായി കഡ്‌ഗ പ്രസാദ് ഓലിയെ തെരഞ്ഞെടുത്തിരുന്നു.

നരേന്ദ്ര ദഹൽ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച തെരഞ്ഞെടുപ്പ് പട്ടിക  പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിക്ക് കൈമാറിയതോടെയാണ് പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങിയത്. പാർലമെന്റിലേക്കും പ്രവിശ്യ അസംബ്ലികളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ പട്ടികയാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിഡന്റിന് കൈമാറിയത്.  പാർലമെന്റിന്റെ അധോസഭയിലേക്ക് രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. 165 സീറ്റിലേക്ക് നേരിട്ടും 110 സീറ്റിലേക്ക് പ്രാതിനിധ്യാടിസ്ഥാനത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ ഏഴിന്് ഉപരിസഭയിലേക്കും ഏഴ് െഫഡറൽ അസംബ്ലികളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. പുതിയ ഭരണഘടന അനുസരിച്ചാണ് ഈ ത്രിതല തെരഞ്ഞെടുപ്പുകളെല്ലാം പൂർത്തിയായത്. തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ച കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) എന്നീ പാർടികൾക്ക് പാർലമെന്റിന്റെ ഇരുസഭയിലും ഏഴ് പ്രവിശ്യാസഭകളിൽ ആറിലും ഭൂരിപക്ഷം ലഭിക്കുകയുംചെയ്തു.  ജനാധിപത്യ ഭരണസംവിധാനം നിലവിൽവന്നതിനുശേഷം നേപ്പാളി കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പുഫലം. 

രാജഭരണം അവസാനിച്ച് പാർലമെന്ററി ജനാധിപത്യത്തിലേക്ക് മാറിയതിനുശേഷമുണ്ടായ തുടർച്ചയായ രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമമിട്ടാണ് കമ്യൂണിസ്റ്റ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാർ നേപ്പാളിൽ അധികാരത്തിൽവരുന്നത്. എന്നാൽ, ഈ സഖ്യത്തിന് അധികാരം കൈമാറുന്നത് നീട്ടിക്കൊണ്ടുപോകാനാണ് ഷേർ ബഹാദൂർ ദ്യൂബയുടെ നേതൃത്വത്തിലുള്ള  നേപ്പാളി കോൺഗ്രസ് സർക്കാർ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് പൂർത്തിയായി 65 ദിവസത്തിനുശേഷമാണ് ദ്യുബ രാജിവയ്ക്കാൻപോലും തയ്യാറായത്. നേപ്പാളി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് ദ്യൂബ ഒഴിയണമെന്ന ആവശ്യം ആ പാർടിക്കുള്ളിൽനിന്ന് ശക്തമായി ഉയർന്നെങ്കിലും അതിനും അദ്ദേഹം തയ്യാറായിട്ടില്ല. 

തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ചതുപോലെ ഇരു കമ്യൂണിസ്റ്റ് പാർടികളും ലയിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പാർടികളുടെ ഏകീകരണം സംബന്ധിച്ചുള്ള എകോപനസമിതിയോഗവും കാഠ്മണ്ഡുവിൽ നടന്നുവരികയാണ്. ബുധനാഴ്ച ചേർന്ന യോഗത്തിനുശേഷം യുഎഎംഎൽ സീനിയർ വൈസ് ചെയർമാൻ ബാം ദേവ് ഗൗതമും മാവോയിസ്റ്റ് സീനിയർ നേതാവ് നാരായൺ കജിശ്രേഷ്ഠയും പറഞ്ഞത് പാർടി ഏകീകരണം സംബന്ധിച്ച 95 ശതമാനം കാര്യവും പൂർത്തിയായെന്നാണ്. എന്നാൽ, തീരുമാനങ്ങൾ ഇരു പാർടികളും പുറത്തുവിട്ടിട്ടില്ല. കാഠ്മണ്ഡുപോസ്റ്റ് പോലുള്ള നേപ്പാളി മാധ്യമങ്ങൾ നൽകുന്ന സൂചചന ഏകീകൃത പാർടിക്ക് സംയുക്ത നേതൃത്വമാണുണ്ടായിരിക്കുക എന്നാണ്.

ഇരു പാർടിയിലെയും പ്രധാന രണ്ട് നേതാക്കൾ ചേർന്നുള്ള സംയുക്തനേതൃത്വമായിരിക്കും ഉണ്ടാകുക. പ്രധാനമന്ത്രിപദം ആദ്യ രണ്ടുവർഷം യുഎംഎൽ നേതാവായ കഡ്‌ഗ പ്രസാദ് ഓലിക്കാണെങ്കിൽ അടുത്ത രണ്ടരവർഷം മാവോയിസ്റ്റ് സെന്റർ നേതാവ് പ്രചണ്ഡയ്ക്കായിരിക്കും. നേപ്പാൾ ജനാധിപത്യത്തിൽ തീർത്തും പുതിയ പരീക്ഷണമായിരിക്കും രാഷ്ട്രീയപാർടിക്കുള്ള സംയുക്ത നേതൃത്വം. എന്നാൽ, ഏകീകൃത പാർടിയിലെ കീഴ്ത്തട്ടുകളിലെ സംഘടനാസംവിധാനം എന്തായിരിക്കുമെന്നതിന് സൂചനയൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ, ഇരു പാർടിയും തമ്മിലുള്ള ഏകീകരണം അസാധ്യമാണെന്ന നേപ്പാളി കോൺഗ്രസിന്റെയും മറ്റും പ്രചാരണം അസ്ഥാനത്താക്കുന്ന നീക്കങ്ങളാണ് ഇരു കമ്യൂണിസ്റ്റ് പാർടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.


പ്രതിസന്ധികളെയും തിരിച്ചടികളെയും നേരിട്ടാണ് നേപ്പാളിലെ ജനാധിപത്യം മുന്നോട്ടുപോകുന്നത്. അതിലെ ഏറ്റവും അവസാനത്തെ നീക്കമാണിത്. സോവിയറ്റ് പതനത്തിനുശേഷം ലോകമെമ്പാടും കമ്യൂണിസ്റ്റ് സർക്കാരുകൾ നിലംപതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. എന്നാൽ, സോവിയറ്റ് പതനത്തിന്റെ 25‐ാം വർഷം ഹിമാലയൻ രാഷ്ട്രമായ നേപ്പാൾ ചുവന്നത് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാർക്കും പുരോഗമനവാദികൾക്കും ആഹ്ലാദം പകരുന്നതാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top