08 May Wednesday

ഇനി ലക്ഷ്യമിടേണ്ടത് നേപ്പാളിന്റെ വികസനം

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017


നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ടി പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. ഫലപ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം അടുത്തവര്‍ഷം മാത്രമേ ഉണ്ടാകൂ. കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിന്റെ വന്‍വിജയത്തിന് പല കാരണമുണ്ട്. അതിലൊന്ന് നേപ്പാളിലെ ജനങ്ങള്‍ക്കുള്ള ഇടതുപക്ഷ ആഭിമുഖ്യമാണ്. 1949ല്‍ രൂപംകൊണ്ട് പത്തുവര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍തന്നെ പാര്‍ലമെന്റില്‍ പ്രാതിനിധ്യം നേടിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടി സാന്നിധ്യം അറിയിച്ചിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാംതന്നെ ഭിന്നിച്ചാണ് മത്സരിച്ചതെങ്കിലും പോള്‍ചെയ്ത വോട്ടിന്റെ പകുതിയോളം കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ലഭിച്ചുവെന്ന് കാണാം. 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കെല്ലാംകൂടി 62 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇക്കുറി അത് 70 ശതമാനമായി ഉയര്‍ന്നു. 

ഈ മുന്നേറ്റത്തിനുള്ള പ്രധാന കാരണം കമ്യൂണിസ്റ്റ് പാര്‍ടി സഖ്യം ഉയര്‍ത്തിയ 'ഭരണസുസ്ഥിരതയിലൂടെ വികസനം' എന്ന മുദ്രാവാക്യമാണ്. 1990ല്‍ ജനാധിപത്യഭരണം സ്ഥാപിക്കപ്പെട്ടതുമുതല്‍ ഒരു സര്‍ക്കാരിനും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനാധിപത്യം വേരറുക്കുന്നതിന്റെ മുന്നോടിയായുള്ള അസ്വസ്ഥതകളായിരുന്നു അതൊക്കെ. എന്നാല്‍, നേപ്പാള്‍ രാഷ്ട്രീയത്തിലെ മൂന്നു പ്രമുഖ പാര്‍ടികളില്‍ രണ്ടെണ്ണം കൈകോര്‍ത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭരണസ്ഥിരതയ്ക്കും നേപ്പാളിന്റെ സുസ്ഥിര വികസനത്തിനും ഇത് വഴിവയ്ക്കുമെന്ന് ജനങ്ങള്‍ കരുതി. പത്തുവര്‍ഷത്തിനകം ഉല്‍പ്പാദനം 15,000 മെഗാവാട്ടായി ഉയര്‍ത്തി വൈദ്യുതിപ്രതിസന്ധി പരിഹരിക്കുമെന്നും കാര്‍ഷിക- വ്യാവസായിക വിപ്ളവത്തിന് നേതൃത്വം നല്‍കുമെന്നും ഗ്രാമങ്ങളില്‍ വികസനവെളിച്ചം എത്തിക്കുമെന്നും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുമുള്ള വാഗ്ദാനങ്ങളും ജനങ്ങളെ കമ്യൂണിസ്റ്റ് സഖ്യത്തിന് വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചു.  മന്‍മോഹന്‍ അധികാരിമുതല്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ ആറ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴെല്ലാംതന്നെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടായി എന്നതും ജനങ്ങളെ കമ്യൂണിസ്റ്റ് സഖ്യത്തിന് വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചു. ദാരിദ്യ്രം, അവികസിതാവസ്ഥ, വികസനത്തിലെ അസന്തുലിതത്വം തുടങ്ങിയ വിഷയങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടി സര്‍ക്കാരിന്റെ കാലത്തുമാത്രമേ പരിഹരിക്കപ്പെടൂവെന്ന ബോധ്യവും ജനങ്ങള്‍ക്കുണ്ടായിരുന്നു.

നേപ്പാളിലെ പ്രധാന ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസാകട്ടെ പ്രതിച്ഛായ നഷ്ടപ്പെട്ട് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. കൊയ്രാള കുടുംബത്തില്‍പ്പെടാത്ത ഷേര്‍ ബഹാദൂര്‍ ദ്യൂബെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയും. അതുകൊണ്ട് പാര്‍ടിയുടെ പൂര്‍ണപിന്തുണ നേടിയെടുക്കുന്നതില്‍ ദ്യൂബെ പരാജയപ്പെട്ടു. ജനപ്രീതിയും അദ്ദേഹത്തിന് കുറവായിരുന്നു. ജനങ്ങളുടെ ഇടയില്‍ പിന്തുണയുള്ള ഗഗന്‍ ഥാപ്പയെപ്പോലുള്ള നേതാക്കളെ അകറ്റിനിര്‍ത്തിയതും നേപ്പാളി കോണ്‍ഗ്രസിന് വിനയായി. അധികാരം തിരിച്ചുപിടിക്കാന്‍ രാജകുടുംബാംഗങ്ങള്‍ നടത്തിയ ശ്രമങ്ങളെ തള്ളിപ്പറയാതിരുന്നതും ഇന്ത്യന്‍ ഏജന്റാണെന്ന ആരോപണവും നേപ്പാളി കോണ്‍ഗ്രസിനെ തളര്‍ത്തി. നേപ്പാളി കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിവരുന്ന സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഎംഎല്ലുമായി സഖ്യവും ലയനവും പ്രഖ്യാപിച്ചത് നേപ്പാളി കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ശക്തമായ ഈ സഖ്യത്തിന് ബദലായി പേരിന് ഒരു 'ജനാധിപത്യ സഖ്യം' കെട്ടിപ്പൊക്കിയെങ്കിലും ഉദ്ദേശിച്ച ഫലം അതുണ്ടാക്കിയില്ലെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി. കടുത്ത രാജപക്ഷപാതികളായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ടിയെയും മറ്റും സഖ്യത്തില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യ പോരാട്ടങ്ങളെത്തന്നെ അപഹസിക്കുന്നതായി.

പതിവില്‍നിന്ന് വ്യത്യസ്തമായി ഇരു കമ്യൂണിസ്റ്റ് പാര്‍ടികളും യോജിപ്പോടെ, അസ്വാരസ്യങ്ങളില്ലാതെ ഇക്കുറി പ്രവര്‍ത്തിച്ചു. ഇരു പാര്‍ടികളും പരസ്പരം കാലുവാരുമെന്നും സഖ്യത്തിനെതിരെ ഇരുപാര്‍ടികളിലും കലാപക്കൊടി ഉയരുമെന്നും നേപ്പാളിലെ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍, ഇതെല്ലാം അസ്ഥാനത്തായി. ഗ്രാമീണമേഖലയില്‍പ്പോലും ഇരുപാര്‍ടികളുടെയും കേഡര്‍മാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സഖ്യത്തിന്റെ ഭാഗമായിരുന്ന മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടാറായിയുടെ നേതൃത്വത്തിലുള്ള നയശക്തി നേപ്പാള്‍ പാര്‍ടിമാത്രം സഖ്യം വിട്ട് നേപ്പാളി കോണ്‍ഗ്രസിനൊപ്പം മത്സരിച്ചു. നേപ്പാളില്‍ ഏറെയൊന്നും സ്വാധീനമില്ലാത്ത പാര്‍ടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഇത് കമ്യൂണിസ്റ്റ് പാര്‍ടികളുടെ സഖ്യത്തെ ഒരുതരത്തിലും ബാധിച്ചില്ല.

തെരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ പാലിക്കുകയെന്നത് കമ്യൂണിസ്റ്റ് സഖ്യത്തിനുമുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. ദാരിദ്യ്രത്തിന് അന്ത്യമിടുക, പശ്ചാത്തലസൌകര്യങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് പരമപ്രധാനം. പര്‍വതങ്ങള്‍ ഏറെയുള്ള ഭൂപ്രകൃതിയും വരുമാനക്കുറവും നേപ്പാളിലെ ഏത് സര്‍ക്കാരിന്റെയും മുന്നിലുള്ള പ്രതിബന്ധങ്ങളാണ്. ഇത് മുറിച്ചുകടക്കാന്‍ അയല്‍രാജ്യങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും സഹായവും അത്യാവശ്യമാണ്. ഒരു യഥാര്‍ഥ നേപ്പാളിക്ക് ഇന്ത്യാവിരുദ്ധനോ ചൈനീസ് അനുകൂലിയോ ആകാന്‍ കഴിയില്ലെന്നും നേപ്പാളിന്റെ താല്‍പ്പര്യത്തിനുമാത്രമായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നുമുള്ള  യുഎംഎല്‍ ജനറല്‍ സെക്രട്ടറി ഈശ്വര്‍ പൊക്രിയാലിന്റെ പ്രസ്താവനയില്‍നിന്ന് പുതിയ സര്‍ക്കാരിന്റെ നയം വായിച്ചെടുക്കാന്‍ കഴിയും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top