30 May Tuesday

നേപ്പാള്‍ ചുവക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 14, 2017


അയല്‍രാജ്യമായ നേപ്പാളില്‍ നവംബര്‍ 26, ഡിസംബര്‍ ഏഴ് ദിവസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സഖ്യം വന്‍ വിജയം നേടി.  കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ പാര്‍ടികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടാക്കിയ സഖ്യമാണ് വലതുപക്ഷ കോട്ടകൊത്തളങ്ങളെ നിലംപരിശാക്കി വന്‍ വിജയം നേടിയത്. പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന യുഎംഎല്‍ നേതാവ് കഗ്ഡ പ്രസാദ് ഓലി, മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹല്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാംതന്നെ ജയിച്ചവരില്‍ ഉള്‍പ്പെടും. 2015ലെ രണ്ടാം ഭരണഘടനാനിര്‍മാണസഭ രൂപംകൊടുത്ത മതനിരപേക്ഷ ഫെഡറല്‍ ഭരണഘടനയനുസരിച്ച് നടക്കുന്ന ആദ്യ പാര്‍ലമെന്റ,് പ്രവിശ്യാ തെരഞ്ഞെടുപ്പാണിത്.

ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം 17 വര്‍ഷമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യമിടുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം. നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 പാര്‍ലമെന്റ് സീറ്റില്‍ 116ഉം കമ്യൂണിസ്റ്റ് പാര്‍ടികളുടെ സഖ്യം നേടിയപ്പോള്‍ ദീര്‍ഘകാലം ഭരണത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിച്ച നേപ്പാളി കോണ്‍ഗ്രസിന് 23 സീറ്റ് മാത്രമേ നേടാനായുള്ളൂ. യുഎംഎല്ലിന് 80സീറ്റ് ലഭിച്ചപ്പോള്‍ 36സീറ്റ് നേടി മവോയിസ്റ്റ് സെന്റര്‍ രണ്ടാംസ്ഥാനത്തെത്തി.  ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് 110 സീറ്റിലെ ഫലം നിശ്ചയിക്കുക. ഇതിലും ഏറ്റവും കൂടുതല്‍ വോട്ട് നേടിയ യുഎംഎല്ലിനായിരിക്കും കൂടുതല്‍ സീറ്റ് ലഭിക്കുക. രണ്ടാംസ്ഥാനം നേപ്പാളി കോണ്‍ഗ്രസിനായിരിക്കും. മൂന്നാംസ്ഥാനം മാത്രമേ മാവോയിസ്റ്റ് സെന്ററിന് ലഭിക്കൂ.  275 അംഗ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയ കമ്യൂണിസ്റ്റ് സഖ്യം മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോട് അടുക്കുകയാണ്.  ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലുള്ള സീറ്റുകള്‍കൂടി അറിഞ്ഞാലേ ചിത്രം വ്യക്തമാകൂ.

ഭരണഘടനയനുസരിച്ച് നേപ്പാളിനെ ഏഴ് പ്രവിശ്യകളായാണ് വിഭജിച്ചിട്ടുള്ളത്. ഈ പ്രവിശ്യാസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് സഖ്യംതന്നെയാണ് മുന്നില്‍. ഏഴില്‍ ആറ് പ്രവിശ്യയുടെയും ഭരണം കമ്യൂണിസ്റ്റ് സഖ്യത്തിന് ലഭിക്കുമെന്ന് ഉറപ്പായി. പ്രവിശ്യ സഭകളില്‍ യുഎംഎല്ലിന് 116 സീറ്റും മാവോയിസ്റ്റ് സെന്ററിന് 73 സീറ്റും നേപ്പാളി കോണ്‍ഗ്രസിന് 45 സീറ്റുമാണ് ലഭിച്ചത്.  തുടക്കത്തില്‍ മുന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ബാബുറാം ഭട്ടാറായിയുടെ നയശക്തി നേപ്പാള്‍ പാര്‍ടിയും കമ്യൂണിസ്റ്റ് സഖ്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് അവര്‍ സഖ്യം വിടുകയായിരുന്നു. 

നേപ്പാള്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ കഴിഞ്ഞ ഏഴ് ദശാബ്ദമായി കാര്യമായ പങ്കുവഹിച്ച, 1990ല്‍ രാജാധിപത്യത്തെ കുടഞ്ഞെറിഞ്ഞ് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതുമുതല്‍ ഏറ്റവും വലിയ കക്ഷിയായിരുന്ന നേപ്പാളി കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. നെഹ്റു കുടുംബംപോലെ ദീര്‍ഘകാലം  നേപ്പാളി കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയത് കൊയ്രാള കുടുംബമായിരുന്നു.  ബി പി കൊയ്രാളയും എം പി കെയ്രാളയും ജി പി കൊയ്രാളയും സുശീല്‍ കൊയ്രാളയും പാര്‍ടി അധ്യക്ഷരും പ്രധാനമന്ത്രിമാരുമായി. രാജഭരണം അവസാനിപ്പിക്കുന്നതിന് അവസാനംവരെയും എതിരായിരുന്നു നേപ്പാളി കോണ്‍ഗ്രസ്. എന്നാല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയപ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അവര്‍ക്കും മാറിനില്‍ക്കാനായില്ലെന്ന് മാത്രം. വര്‍ഷങ്ങള്‍നീണ്ട പ്രക്ഷോഭത്തിന്റെഫലമായി ജനാധിപത്യം സ്ഥാപിക്കപ്പെട്ടെങ്കിലും സുസ്ഥിരഭരണം കാഴ്ചവയ്ക്കാന്‍ നേപ്പാളിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സുസ്ഥിരഭരണത്തിന് രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുകയും രാഷ്ട്ര പ്രജാതന്ത്ര പാര്‍ടി പോലുള്ള രാജപക്ഷപാതികളുമായി ചേര്‍ന്ന് നേപ്പാളി കോണ്‍ഗ്രസ് 'ജനാധിപത്യസഖ്യം' രൂപീകരിക്കുകയും ചെയ്ത വേളയിലാണ് ജനാധിപത്യത്തിന് അനുകൂലമായി ജനങ്ങള്‍ വോട്ടുചെയ്തത്.  പൊരുതി നേടിയ ജനാധിപത്യത്തെ വീണ്ടും രാജാവിന്റെ കാല്‍ക്കീഴില്‍ അടിയറവയ്ക്കാനാകില്ലെന്ന ശക്തമായ സന്ദേശമാണ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ജനം നല്‍കിയത്.

നേപ്പാളിലെ ഫലം ഇന്ത്യന്‍ ഭരണാധികാരികളെയും നിരാശപ്പെടുത്തുന്നതാണ്. ഹിന്ദുത്വശക്തികള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ക്ക് നേപ്പാള്‍ ചുവക്കുന്നത് ഇഷ്ടപ്പെടാനിടയില്ല. നേരത്തെ കെ പി ഓലി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മാധേശി പ്രശ്നം ഉയര്‍ത്തി മാസങ്ങള്‍നീണ്ട ഉപരോധം മോഡി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ  ഈ നയത്തെ ശക്തമായി വിമര്‍ശിക്കാനും ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പിട്ട് വ്യാപാരപാതതന്നെ തുറക്കാനും ഓലി സര്‍ക്കാര്‍ തയ്യാറായി. ഈ സംഭവത്തോടെയാണ് നേപ്പാളിലുള്ള ഇന്ത്യന്‍ സ്വാധീനത്തിനും ഇടിവുണ്ടായത്. ജനുവരി മധ്യത്തോടെ അധികാരത്തിലേറുന്ന പുതിയ സര്‍ക്കാരുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണ് മോഡി സര്‍ക്കാരിന് കൈവന്നിട്ടുള്ളത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top