03 December Sunday

ലൈബ്രറികളിലൂടെയും വർഗീയത പടർത്താൻ കേന്ദ്രനീക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 9, 2023


പൊതുലൈബ്രറികളെക്കൂടി നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കൃത്യമായ സംഘപരിവാർ അജൻഡയാണ്‌. രാജ്യത്താകെ 46746 രജിസ്റ്റർ ചെയ്‌ത ലൈബ്രറികളുണ്ട്‌. ഈ ലൈബ്രറി ശൃംഖലയിലൂടെയും സംഘപരിവാറിന്റെ വർഗീയ അജൻഡ പ്രചരിപ്പിക്കുകയാണ്‌ കേന്ദ്ര സർക്കാർ ലക്ഷ്യം. ഗീതാ പ്രസ്‌ പോലുള്ള സംഘപരിവാർ പ്രസിദ്ധീകരണശാലകളുടെ പുസ്‌തകങ്ങളാലും ആർഎസ്‌എസ്‌ പ്രസിദ്ധീകരണങ്ങളാലും ലൈബ്രറികൾ നിറയും. ഒപ്പം ശാസ്‌ത്രീയാവബോധത്തെയും പുരോഗമനചിന്തയെയും പ്രോത്സാഹിപ്പിക്കുന്ന പുസ്‌തകങ്ങളും പ്രസിദ്ധീകരണങ്ങളും നീക്കപ്പെടും.

ഡൽഹിയിൽ ശനിയും ഞായറും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച ‘ഫെസ്റ്റിവൽ ഓഫ്‌ ലൈബ്രറീസി’ലാണ്‌  ഗ്രന്ഥശാലകളെ അപ്പാടെ നിയന്ത്രണത്തിലാക്കാനുള്ള മോദി സർക്കാരിന്റെ നീക്കം വെളിപ്പെട്ടത്‌. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന പട്ടികയിലാണ്‌ ലൈബ്രറികൾ . സംസ്ഥാനത്തിനൊപ്പം കേന്ദ്രത്തിനുകൂടി അധികാരം വരുന്ന സമവർത്തിപ്പട്ടികയിലേക്ക്‌ ലൈബ്രറികളെ മാറ്റാനാണ്‌ നീക്കം. രാജാറാം മോഹൻ റോയ്‌ ലൈബ്രറി ഫൗണ്ടേഷന്റെ ഡയറക്ടർ ജനറലായ പ്രൊഫ. അജയ്‌പ്രതാപ്‌ സിങ്ങാണ്‌ കേന്ദ്രനീക്കം ഫെസ്റ്റിവൽ പ്രതിനിധികൾക്കു മുമ്പാകെ വെളിപ്പെടുത്തിയത്‌. പൊതുലൈബ്രറികൾക്ക്‌ ഫണ്ട്‌ അനുവദിക്കുന്ന രാജാറാം മോഹൻ റോയ്‌ ലൈബ്രറി ഫൗണ്ടേഷൻ കേന്ദ്ര നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമാണ്‌. സംസ്ഥാന പട്ടികയിൽനിന്ന്‌ സമവർത്തിപ്പട്ടികയിലേക്ക്‌ ലൈബ്രറികളെ മാറ്റിയുള്ള കരടുബിൽ പ്രതിനിധികൾ മുമ്പാകെ ചർച്ചയ്‌ക്കു വയ്‌ക്കുകയും ചെയ്‌തു.

ഫെസ്റ്റിവൽ വേദിയിൽത്തന്നെ കേന്ദ്രനീക്കത്തോടുള്ള വിയോജിപ്പ്‌ കേരളം പ്രകടമാക്കി. സംസ്ഥാനത്തെ പ്രതിനിധാനംചെയ്‌ത്‌ സംസാരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തികച്ചും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലേക്ക്‌ കടന്നുകയറാനുള്ള കേന്ദ്രനീക്കം അനുവദിക്കില്ലെന്ന്‌ വ്യക്തമാക്കി. ഫെസ്റ്റിവലിൽ പങ്കെടുത്ത സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളും കേന്ദ്രനീക്കത്തോട്‌ വിയോജിച്ചു.

ജനസംഖ്യാടിസ്ഥാനത്തിൽ പരിഗണിച്ചാൽ രാജ്യത്ത്‌ കൂടുതൽ ലൈബ്രറികൾ കേരളത്തിലാണ്‌. 9515 രജിസ്റ്റർ ചെയ്‌ത ലൈബ്രറികൾ സംസ്ഥാനത്തുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും ലൈബ്രറികൾ ഇതിനു പുറമെയുണ്ട്‌. ലോകത്തിനുതന്നെ മാതൃകയായ നവോത്ഥാന മുന്നേറ്റങ്ങൾക്ക്‌ അടിത്തറ പാകിയതിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‌ വലിയ പങ്കുണ്ട്‌. ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി സ്ഥാപിച്ച ചെറുതും വലുതുമായ ലൈബ്രറികൾ മലയാളികളുടെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമായി. സായാഹ്നങ്ങളിൽ വിവിധ വിഷയം ചർച്ച ചെയ്യപ്പെടുന്ന സാംസ്‌കാരികകേന്ദ്രങ്ങൾ കൂടിയായി ഗ്രന്ഥശാലകൾ മാറി. മുഹമ്മദ്‌ അബ്‌ദുറഹ്‌മാനും ഇ എം എസും കെപിസിസി ഭാരവാഹികളായിരിക്കെ ലൈബ്രറികൾ സ്ഥാപിക്കാൻ ആഹ്വാനം നൽകിയിരുന്നു. പി എൻ പണിക്കരും മറ്റും മുൻകൈയെടുത്ത്‌ ഗ്രന്ഥശാലാ സംഘവും നിലവിൽവന്നു. പുതിയ സാങ്കേതികതകളിലേക്ക്‌ തലമുറമാറ്റം സംഭവിക്കുമ്പോഴും മലയാളികളുടെ വായനശീലത്തെ പിടിച്ചുനിർത്തുന്നതിലും പുരോഗമനാശയങ്ങൾക്ക്‌ കരുത്തേകുന്നതിലും ലൈബ്രറികൾ ഇപ്പോഴും നിർണായക പങ്കുവഹിക്കുന്നു. നവസാങ്കേതികതയുമായി സംയോജിപ്പിച്ച് ലൈബ്രറി സംവിധാനത്തെ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിൽക്കൂടിയാണ്‌ വർഗീയ ലക്ഷ്യത്തോടെയുള്ള കേന്ദ്രത്തിന്റെ ഏകപക്ഷീയമായ കടന്നുകയറ്റനീക്കം. ജർമനിയിൽ നാസികളും ഇതേ മാതൃക സ്വീകരിച്ചിരുന്നു.

മോദി സർക്കാർ അധികാരത്തിൽ എത്തിയശേഷം സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർന്നെടുക്കപ്പെടുകയാണ്‌. സഹകരണ സൊസൈറ്റികൾ ഭരണഘടനാപ്രകാരം സംസ്ഥാന പട്ടികയിലാണെങ്കിലും 2021ൽ സഹകരണ മന്ത്രാലയത്തിന്‌ കേന്ദ്രം രൂപംനൽകി. അമിത്‌ ഷായെ സഹകരണ മന്ത്രിയാക്കി. കൃഷി സംസ്ഥാന പട്ടികയിലാണെങ്കിലും കോർപറേറ്റ്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മൂന്ന്‌ കാർഷിക നിയമങ്ങൾ മോദി സർക്കാർ കൊണ്ടുവന്നു. കർഷകരുടെ യോജിച്ചുള്ള പ്രക്ഷോഭത്തെത്തുടർന്ന്‌ നിയമങ്ങൾ പിൻവലിച്ചെങ്കിലും കോർപറേറ്റുകളുടെ താൽപ്പര്യസംരക്ഷണത്തിനായി മറ്റു വഴികൾ തേടുന്നുണ്ട്‌. തൊഴിൽ സമവർത്തിപ്പട്ടികയിൽ ആയിരുന്നിട്ടും മോദി സർക്കാർ ഏകപക്ഷീയമായി 29 തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച്‌ നാല്‌ നിയമമാക്കി ചുരുക്കി. ജിഎസ്‌ടി നിലവിൽവന്നതോടെ ചരക്ക്‌–- സേവന നികുതി മേഖലയിൽ സംസ്ഥാനങ്ങൾക്ക്‌ അധികാരവും നഷ്ടപ്പെട്ടു.

രാജ്യത്തെ ലൈബ്രറി ശൃംഖലയെക്കൂടി നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള കേന്ദ്രനീക്കവും സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പടിപടിയായി കുറയ്‌ക്കുന്നതിന്റെ തുടർച്ചയാണ്‌. എല്ലാ അധികാരവും കേന്ദ്രത്തിലേക്ക്‌ സന്നിവേശിപ്പിക്കുകയെന്ന സംഘപരിവാർ അജൻഡയ്‌ക്ക്‌ എതിരായി സംസ്ഥാനങ്ങൾ യോജിപ്പോടെയുള്ള ചെറുത്തുനിൽപ്പ്‌ ഉയർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top