29 March Friday

വർഗീയ കാർഡിറക്കാൻ സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018


നാലര വർഷമായി അധികാരത്തിലിരിക്കുന്ന മോഡി സർക്കാർ കടുത്ത പ്രതിച്ഛായ നഷ്ടത്തെ അഭിമുഖീകരിക്കുകയാണിന്ന്. തെരഞ്ഞെടുപ്പ് വാഗ‌്ദാനങ്ങൾ പാലിക്കാനായില്ലെന്ന് മാത്രമല്ല, ജനജീവിതം കൂടുതൽ ദുസ്സഹമാകുകയും ചെയ‌്തിരിക്കുന്നു. വർഷംതോറും രണ്ടുകോടി തൊഴിൽ നൽകുമെന്നുപറഞ്ഞ് അധികാരത്തിൽവന്ന മോഡി സർക്കാരിന്റെ നാലര വർഷത്തെ ഭരണത്തിനിടയ‌്ക്ക‌് തൊഴില്ലായ‌്മ നിരക്ക് ഇരട്ടിയായി വർധിച്ച് ഏഴ് ശതമാനത്തിലെത്തി. കാർഷിക വ്യവസായമേഖലയാകെ പ്രതിസന്ധിയിലാണ്. കർഷക ആത്മഹത്യകൾ പെരുകുന്നു.

അതോടൊപ്പം രാജീവ് ഗാന്ധി സർക്കാരിനെയും മൻമോഹൻസിങ‌് സർക്കാരിനെയും താഴെയിറക്കിയ അഴിമതിയും മോഡി ഭരണത്തിന്റെ മുഖമുദ്രയായിരിക്കുന്നു. റഫേൽ വിമാനം വാങ്ങുന്നതിലുള്ള അഴിമതിയുടെ സ്രോതസ്സ് പ്രധാനമന്ത്രി തന്നെയാണെന്ന വസ‌്തുതയിലേക്കാണ‌്  കാര്യങ്ങൾ നീങ്ങുന്നത്. ഈ അഴിമതി പുറത്തുവരാതിരിക്കാനാണ് സിബിഐയിൽ പാതിരാ അട്ടിമറി നടത്തിയത്. റിസർവ് ബാങ്കിനെയും ചൊൽപ്പടിക്ക് നിർത്താനുള്ള ശ്രമത്തിലാണ്. ഏതർഥത്തിൽ നോക്കിയാലും മോഡിക്ക് രണ്ടാമൂഴം ബാലികേറാമലയാണ്. സ്വാഭാവികമായും ബിജെപിയും സംഘപരിവാറും അവരുടെ തുറുപ്പുചീട്ടായ അയോധ്യ അജൻഡയിലേക്ക് മടങ്ങുകയാണ്.

മുംബൈയിലെ താണെയിൽ മൂന്നുദിവസം ചേർന്ന ആർഎസ്എസ് നേതൃ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് രാമക്ഷേത്ര നിർമാണം ഇനിയും വൈകിയാൽ 1992 ലേതുപോലെയുള്ള കലാപത്തിന് തയ്യാറാകുമെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി ഭീഷണി ഉയർത്തിയത്. 1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതെങ്കിൽ അവിടെ ഇപ്പോൾ രാമക്ഷേത്രം പണിയാനാണ് സംഘപരിവാർ കോപ്പുകൂട്ടുന്നത്.  ജനജീവിതവുമായി ബന്ധപ്പെട്ട് നേട്ടത്തിന്റെ പട്ടികയൊന്നും നിരത്താൻ ഇല്ലാത്തതിനാൽ പഴയ കാർഡിറക്കി കളിക്കാനാണ് ബിജെപിയും സംഘപരിവാറും ഒരുങ്ങുന്നത്. 1984 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച രണ്ട് സീറ്റിൽനിന്ന് ലോക‌്സഭയിൽ ഒറ്റയ‌്ക്ക‌് ഭൂരിപക്ഷംകിട്ടുന്ന പാർടിയായി ബിജെപിയെ വളർത്തിയത് അയോധ്യയുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയപ്രചാരണങ്ങളും ഹിന്ദുത്വവൽക്കരണവുമാണ്. അതുതന്നെ വീണ്ടും ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് സംഘപരിവാർ. 
രാമക്ഷേത്രനിർമാണത്തിന് തടസ്സം ഭരണഘടനയും സുപ്രിം കോടതിയുമാണ്. അയോധ്യയിൽ സംഘപരിവാർ ക്ഷേത്രം നിർമിക്കാൻ ലക്ഷ്യമിടുന്ന 2.77 ഏക്കർ ഭൂമിയുടെ അവകാശം ആർക്കാണ് എന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ മുമ്പിലാണുള്ളത്. അലഹബാദ് ഹൈക്കോടതി 2010 സെപ്തംബർ 30ന് പുറപ്പെടുവിച്ച വിധിക്കെതിരെ ബന്ധപ്പെട്ട കക്ഷികളെല്ലാം സമർപ്പിച്ച അപ്പീൽ ഹരജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്.

കേസ് ജനുവരിയിലേക്ക‌് മാറ്റിവച്ച നടപടി ബന്ധപ്പെട്ട കക്ഷികളും പൊതുസമൂഹവും പൊതുവെ സ്വാഗതംചെയ്യുകയായിരുന്നു. എന്നാൽ, വിധി മാനിക്കുമെന്ന് പറയാൻ സംഘപരിവാർ സംഘടനകൾ തയ്യാറല്ല. നേരത്തേ വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) നേതാവ് അശോക് സിംഗാളും ബിജെപി നേതാവ് എൽ കെ അദ്വാനിയുംമറ്റും പറഞ്ഞതുപോലെ അയോധ്യ വിഷയം വിശ്വാസത്തിന്റെ പ്രശ്നമാണെന്നും അത് കോടതികൾക്ക‌് തീരുമാനിക്കാൻ കഴിയില്ലെന്നുമുള്ള വാദമാണ് അവർ ഇപ്പോഴും ആവർത്തിക്കുന്നത്.  ഒരു പടികൂടി കടന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ പ്രസംഗിക്കവെ ജുഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ‌്തു. നടപ്പാക്കാൻ പറ്റുന്ന വിധിന്യായങ്ങൾമാത്രമേ പുറപ്പെടുവിക്കാവൂ എന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.

ശബരിമലയിലെ സ‌്ത്രീപ്രവേശനം അനുവദിച്ച  സുപ്രീംകോടതി വിധിന്യായത്തെ എതിർത്തുകൊണ്ടാണ് ഈ പ്രസ‌്താവന  നടത്തിയതെങ്കിലും അയോധ്യയുംകൂടി ലക്ഷ്യമിട്ടാണ് അമിത‌്‌ ഷായുടെ പരാമർശം. അത് ആവർത്തിച്ച് ഉറപ്പിക്കുന്നതാണ് ഭയ്യാജി ജോഷി നടത്തിയ പരാമർശങ്ങൾ. സുപ്രീംകോടതി വാദം കേൾക്കുന്നത് നീട്ടിവച്ച നടപടി ഹിന്ദുക്കളെ അപമാനിക്കലാണെന്നും കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വികാരത്തിന് മുൻഗണന നൽകാത്ത കോടതിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു. ഉടമസ്ഥാവകാശ കേസിൽ  സുപ്രീംകോടതി തീരുമാനമെടുക്കുമ്പോൾ ഹിന്ദുക്കളുടെ വികാരം കണക്കിലെടുക്കണമെന്ന ഭീഷണിയും അദ്ദേഹം ഉയർത്തി.

അതായത് ഉടമസ്ഥാവകാശം രാമക്ഷേത്രനിർമാണത്തിന് നൽകാത്തപക്ഷം കോടതിവിധി അംഗീകരിക്കില്ലെന്ന് സംശയമേതുമില്ലാതെ വ്യക്തമാക്കിയിരിക്കുകയാണ് ഭയ്യാജി ജോഷി.  ബിഹാറിൽനിന്നുള്ള ബിജെപിയുടെ കേന്ദ്രമന്ത്രി ഗിരിരാജ്സിങ‌് പറഞ്ഞത് ഹിന്ദുക്കൾക്ക് ക്ഷമനശിച്ചാൽ എന്താണ് ഉണ്ടാവുകയെന്ന് പ്രവചിക്കാനാകില്ലെന്നാണ്. അതായത് കലാപത്തിന് തയ്യാറെടുക്കുകയാണ് സംഘപരിവാർ. സുപ്രീംകോടതിയുടെ തീരുമാനത്തിനുപോലും കാത്തുനിൽക്കാതെ നിയമവാഴ്ച കുഴിച്ചുമൂടി രാമക്ഷേത്രനിർമാണം ആരംഭിക്കാനാണ് നീക്കം. ക്ഷേത്രനിർമാണത്തിന് ഓർഡിനൻസ്, നിയമനിർമാണം തുടങ്ങിയ ആലോചനകളും സജീവമാണ്.  വിഎച്ച്പി നേതാവും മുൻ എംപിയുമായ രാംവിലാസ് വേദാന്തി അഖിലഭാരത സന്ത് സമിതിയുടെ ധർമാദേശിന് ശേഷം പറഞ്ഞത് ഡിസംബറിൽ ക്ഷേത്രനിർമാണം ആരംഭിക്കുമെന്നാണ്.  രാമഭക്തർ എത്രകാലം കാത്തിരിക്കുമെന്നാണ് മറ്റൊരു ബിജെപി നേതാവും അയോധ്യവാസിയുമായ വിനയ് കത്യാറിന്റെ ചോദ്യം.  ജൂഡീഷ്യറിയെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് സംഘപരിവാർ നീക്കം.  മോഡിയുടെ 56 ഇഞ്ച് നെഞ്ചളവ് കാട്ടി തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ലെന്ന് ദിനം കഴിയുന്തോറും ബോധ്യപ്പെട്ടതിനാലാണ് രാമനിലേക്കുള്ള ഈ മടക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top