25 April Thursday

കൽക്കരിക്ഷാമം: രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021



കൽക്കരിക്ഷാമത്തെ തുടർന്ന് രാജ്യം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ അപകട സൂചനകളാണ് എവിടെയും. പ്രതിസന്ധിയിൽനിന്ന് എളുപ്പം പുറത്തുകടക്കാൻ വഴിയില്ലെന്നും പ്രശ്നം ആറുമാസത്തേക്കെങ്കിലും തുടരുമെന്നും വിദഗ്ധർ വിലയിരുത്തുന്നുണ്ട്. രാജ്യത്ത് വൈദ്യുതി അടിയന്തരാവസ്ഥ നിലവിൽ വന്ന സാഹചര്യമാണ് കാണുന്നത്. പഞ്ചാബും ബിഹാറും രാജസ്ഥാനുമടക്കമുള്ള ചില സംസ്ഥാനങ്ങളിൽ ദിവസം നാലഞ്ചു മണിക്കൂർ പവർകട്ട് തുടങ്ങിയെങ്കിൽ കൂടുതൽ സംസ്ഥാനങ്ങളിൽ സ്ഥിതി വഷളാകുന്നുവെന്നാണ് ചൊവ്വാഴ്ചത്തെ റിപ്പോർട്ടുകൾ. ആന്ധ്രപ്രദേശ്, ഡൽഹി, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ 135 താപ വൈദ്യുതി നിലയങ്ങളിൽ 115 എണ്ണത്തിലും ഒരാഴ്‌ചത്തേക്ക്‌ പോലും കൽക്കരിയില്ല.

തുടക്കത്തിൽ, പ്രതിസന്ധിയില്ലെന്നു പറഞ്ഞ കേന്ദ്ര സർക്കാർ ഇപ്പോൾ വെപ്രാളത്തിലാണ്. പ്രധാനമന്ത്രി കാര്യാലയം ചൊവ്വാഴ്ച പ്രശ്നം ചർച്ച ചെയ്തതും ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച വൈദ്യുതി, കൽക്കരി മന്ത്രിമാരുമായി കൂടിയാലോചനകൾ നടത്തിയതും ഇതിന്റെ സൂചനയാണ്. നവരാത്രി അടക്കമുള്ള ഉത്സവനാളുകളിലാണ് രാജ്യം ഇരുട്ടിലാകുന്നതെന്നതും സർക്കാരിനെ കുഴയ്‌ക്കുന്നുണ്ട്.

രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 70 ശതമാനവും താപവൈദ്യുത നിലയങ്ങളിലാണ്. കൽക്കരിയില്ലാതെ ഈ താപ വൈദ്യുതനിലയങ്ങളുടെ പ്രവർത്തനം നിലച്ചാൽ, ഇന്ത്യ ഇരുട്ടിലാകുമെന്നു മാത്രമല്ല, വ്യവസായങ്ങളടക്കം സമ്പദ്‌വ്യവസ്ഥയുടെ സകലമേഖലയും കുഴപ്പത്തിലാകും. എവിടെയും വൈദ്യുതി അനിവാര്യമാണല്ലോ. ക്ഷാമം രൂക്ഷമാകുന്നതോടെ വൈദ്യുതി ചാർജും കൂടും. കോവിഡിനെത്തുടർന്ന് ചലനമറ്റുകിടന്ന സാമ്പത്തികമേഖല പതുക്കെ അനങ്ങാൻ തുടങ്ങുമ്പോഴാണ് ഈ പ്രതിസന്ധി. അടിസ്ഥാന ഘടകമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈദ്യുതി. ആ നിലയിൽ ദീർഘവീക്ഷണത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യാനോ പ്രശ്നത്തെ മുൻകൂട്ടി കാണാനോ സർക്കാരിന് കഴിഞ്ഞില്ലെന്നു വ്യക്തം. വൈദ്യുതി–-കൽക്കരി മന്ത്രാലയങ്ങൾ തമ്മിൽ ഫലപ്രദമായ ഏകോപനവും ഉണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ കൽക്കരിയുടെ ക്ഷാമം നേരത്തേ അറിയുമല്ലോ.

വൈദ്യുതനിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ശേഖരിച്ചുവയ്ക്കാൻ കഴിയാത്തതാണ് മുഖ്യ പ്രശ്നം. മൂന്നു മാസത്തേക്കുള്ള കൽക്കരി വൈദ്യുതനിലയങ്ങൾ ശേഖരിച്ചുവയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. 2015ൽ സ്വകാര്യമേഖലയെ സഹായിക്കാൻ ഇതൊഴിവാക്കി. കൽക്കരി ഉൽപ്പാദനം കുറഞ്ഞതും വില കൂടുതലായതിനാൽ ഇറക്കുമതി കുറച്ചതുമൊക്കെയാണ് ശേഖരം കുറഞ്ഞതിന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ, സ്വകാര്യമേഖലയുടെ കളിയാണ് പ്രധാന കാരണമെന്ന് വിശദാംശങ്ങളിൽ വ്യക്തമാകും. കോർപറേറ്റ് മേഖലയ്‌ക്കുവേണ്ടി നിൽക്കുന്ന സർക്കാരിന് അവരെ നിയന്ത്രിക്കാനുമാകില്ലല്ലോ.

അമൂല്യ പ്രകൃതിവിഭവമായ കൽക്കരി വേണ്ടുവോളമുള്ള രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തിൽ നമുക്ക് സാമാന്യം നല്ല സ്വയം പര്യാപ്തതയുണ്ടായിരുന്നു. എന്നിട്ടും ഈ പ്രതിസന്ധി എങ്ങനെയുണ്ടായി ? ദേശസാൽക്കരിക്കപ്പെട്ട കൽക്കരി വ്യവസായവും സ്വകാര്യ- കോർപറേറ്റ് മേഖലയ്‌ക്ക് തുറന്നു കൊടുത്തതിന്റെ ദുരന്തംതന്നെ. ക്ഷാമമുണ്ടായാൽ എന്തിനും വില കൂടുമല്ലോ. അതാണ് സ്വകാര്യ മുതലാളിമാർക്ക് ആവശ്യവും.

വിലവർധനയിൽനിന്ന് ലാഭം കൊയ്യാം. ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 41 കൽക്കരിപ്പാടം അദാനി, ജിൻഡാൽ മുതലാളിമാർക്ക് ലേലം ചെയ്തു കൊടുത്തിട്ടുണ്ട്. ഇനിയും കൊടുക്കാനൊരുങ്ങുന്നുമുണ്ട്. ഈ കൽക്കരിപ്പാടങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും വ്യവസ്ഥയുണ്ട്. വൈദ്യുതനിലയങ്ങൾക്ക് ആവശ്യമായ കൽക്കരി ലഭിക്കാത്തതിന് പിന്നിൽ ഇവരുടെ താൽപ്പര്യമുണ്ട്. കൽക്കരി ഖനനവും വിതരണവും കയറ്റുമതിയുമെല്ലാം നിയന്ത്രിക്കുന്ന പൊതുമേഖലയിലെ കോൾ ഇന്ത്യാ ലിമിറ്റഡിനെ പതുക്കെപ്പതുക്കെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.  പ്രതിദിനം ലക്ഷക്കണക്കിന് ടൺ കൽക്കരി ശേഖരിക്കാൻ ശേഷിയുണ്ടായിരുന്ന രാജ്യത്താണ് ഇപ്പോൾ രൂക്ഷമായ ക്ഷാമമെന്നും അറിയേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top