29 March Friday

സഹകരണമേഖല തകര്‍ക്കാമെന്ന് വ്യാമോഹിക്കേണ്ട

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2016



കേന്ദ്ര സര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും വൈരനിര്യാതനം സൃഷ്ടിച്ച ജീവിതസ്തംഭനത്തിനിടയില്‍ തെല്ലൊരു ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് കേരള മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്. സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് ജീവിതസമ്പാദ്യം നഷ്ടപ്പെടുമെന്ന ആപല്‍ശങ്കയില്‍ കഴിഞ്ഞിരുന്ന ജനലക്ഷങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതായി. കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് സഹകരണമേഖലയെ തകര്‍ക്കാന്‍ കച്ചകെട്ടിയവര്‍ക്ക് കരണത്ത് കിട്ടിയ അടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. പാവങ്ങളുടെ പിച്ചച്ചട്ടിയിലേക്കു നീളുന്ന കൈ തട്ടിമാറ്റാന്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെന്ന സുരക്ഷാബോധമാണ് ജനങ്ങള്‍ക്കു കൈവന്നത്.

മോഡിയും കൂട്ടാളികളും ആക്ഷേപിക്കുംപോലെ കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ കള്ളപ്പണത്തിന്റെ കൈകാര്യകര്‍ത്താക്കളല്ലെന്ന ഉറച്ച ബോധ്യമാണ് മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ തെളിയുന്നത്. കള്ളപ്പണം കണ്ടെത്താനുള്ള ഏത് പരിശോധനയെയും സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും സഹകരണബാങ്കുകള്‍ തെറ്റായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കട്ടെ. അതിന് പകരം സഹകരണരംഗത്തെ നിയമാനുസൃത പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് എന്തു ന്യായീകരണം.

കര്‍ഷകരും ഇടത്തരക്കാരും ചെറുകിട വ്യാപാരികളും മാസവരുമാനക്കാരുമൊക്കെ ആയ ധാരാളം പേരുടെ സേവിങ്- സ്ഥിര നിക്ഷേപങ്ങളാണ് സഹകരണബാങ്കിങ് സ്ഥാപനങ്ങളുടെ പ്രധാന പ്രവര്‍ത്തന മൂലധനം. ഈ ചെറുകിട സമ്പാദ്യത്തിന്റെ ബലത്തില്‍ വൈവിധ്യമാര്‍ന്ന ജനസേവന പ്രവര്‍ത്തനങ്ങളാണ് സഹകരണ സ്ഥാപനങ്ങള്‍ നിര്‍വഹിച്ചുപോരുന്നത്. കേരളത്തില്‍ ഗ്രാമ- നഗര ഭേദമെന്യേ സഹകരണസ്ഥാപനങ്ങള്‍ വന്‍തോതില്‍ കാര്‍ഷിക, ഭവന, ഇതരവ്യക്തിഗത വായ്പകള്‍ നല്‍കിവരുന്നു. ഉപഭോക്തൃ സ്റ്റോറുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ ബാങ്കിങ് പ്രവര്‍ത്തനങ്ങളുടെ അനുബന്ധമായി നടത്തുന്ന നിരവധി സഹകരണസ്ഥാപനങ്ങളുണ്ട്. പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ച് രൂപീകൃതമായ സഹകരണസംഘങ്ങള്‍ വേറെയും. ഇത്തരത്തില്‍ അതിവിപുലമായ ജനകീയബന്ധമാണ് സഹകരണമേഖലയ്ക്കുള്ളത്. ഉയര്‍ന്ന നിക്ഷേപ- വായ്പ നിരക്കിനുള്ള അടിസ്ഥാനം ഈ ജനകീയതയാണ്. അല്ലാതെ ബിജെപി ആരോപിക്കുന്നതുപോലെ കള്ളപ്പണവും തീവ്രവാദിബന്ധവുമല്ല.

കള്ളപ്പണമില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് ആദായനികുതി പരിശോധന അനുവദിക്കുന്നില്ല എന്ന ചോദ്യം ഉയര്‍ത്തുന്നവരുണ്ട്. നിയമപരമായ ഒരു പരിശോധനയ്ക്കും വിലക്കില്ലെന്നതാണ് യാഥാര്‍ഥ്യം. എല്ലാ നിക്ഷേപങ്ങളും പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ 25 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന ആദായനികുതി വകുപ്പിന്റെ നിര്‍ദേശം സഹകരണബാങ്കുകള്‍ പാലിച്ചുപോരുന്നുണ്ട്. 

ഗ്രാമീണസമ്പാദ്യവും സഹകരണമേഖലയും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ അനുവദിച്ച ഇളവുകള്‍ വിസ്മരിച്ചുകൊണ്ടാണ് അടുത്തകാലത്തായി കേന്ദ്രസര്‍ക്കാരും ആദായനികുതി വകുപ്പും നീങ്ങുന്നത്. സഹകരണബാങ്കുകളുടെ ലാഭത്തിന് നികുതി അടയ്ക്കണമെന്ന വ്യവസ്ഥ ഇത്തരത്തില്‍ അടിച്ചേല്‍പ്പിച്ചതാണ്. നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാങ്കുകള്‍തന്നെ പിടിച്ചെടുത്ത് അടയ്ക്കണമെന്ന നിബന്ധന ജില്ലാ ബാങ്കുകള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍, പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് ബാധകമല്ലാത്ത ഈ നിബന്ധന നിര്‍ബന്ധപൂര്‍വം നടപ്പാക്കാന്‍ ശ്രമിച്ചതാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. നികുതി പിടിച്ച് അടയ്ക്കാനുള്ള ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്ന നിലപാടെടുത്ത പ്രാഥമിക ബാങ്കുകള്‍ കൂടുതല്‍ തുക നിക്ഷേപമുള്ളവരുടെ പേര് നല്‍കാന്‍ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ല.

സഹകരണബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കെവൈസി (നിങ്ങളുടെ നിക്ഷേപകനെ അറിയുക) നിര്‍ബന്ധമാക്കുന്നില്ലെന്ന ആരോപണം തികച്ചും ബാലിശമാണ്. പ്രാഥമിക ബാങ്കുകളിലെ അംഗങ്ങളും നിക്ഷേപകരില്‍ ബഹുഭൂരിഭാഗവും നിശ്ചിത പ്രവര്‍ത്തനപരിധിയിലുള്ള നേരിട്ടറിയാവുന്ന ആളുകളാണ്. അല്ലാത്തവരുണ്ടെങ്കില്‍ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ സഹകരണബാങ്കുകള്‍ കള്ളപ്പണകേന്ദ്രങ്ങളാണെന്നും ഇടപാടുകള്‍ സുതാര്യമല്ലെന്നുമുള്ള വാദം അടിസ്ഥാനമുള്ളതല്ല. ഇക്കാര്യങ്ങളില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാവുന്നതേയുള്ളൂ. സാങ്കേതികത്വത്തിന്റെ പുകമറ സൃഷ്ടിക്കുന്ന ആദായനികുതിവകുപ്പ് പൊതുമേഖലാ ബാങ്കുകളോടോ പുതുതലമുറ ബാങ്കുകളോടോ സമാന സമീപനം സ്വീകരിക്കുന്നില്ല. സഹകരണബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത് ഇവിടങ്ങളിലെ നിക്ഷേപം എല്ലാം ചോര്‍ത്തിക്കൊണ്ടു പോകുകയാണ് ഉന്നമെന്ന് വ്യക്തം.

ജനങ്ങളുമായി ജൈവബന്ധം പുലര്‍ത്തിയിരുന്ന സ്ഥാപനങ്ങളെ  നിര്‍ജീവമാക്കി നശിപ്പിക്കുന്നതിനുള്ള ഗൂഢോദ്ദേശ്യം തന്നെയാണ് കോര്‍പറേറ്റ് സേവകരായ കേന്ദ്രത്തിനുള്ളത്. പിന്‍വലിച്ച നോട്ട് മാറിനല്‍കാനുള്ള ചുമതലയില്‍നിന്ന് സഹകരണബാങ്കുകളെ മാറ്റിനിര്‍ത്തിയ കേന്ദ്രം പിന്നീട് പൂര്‍ണമായി വരിഞ്ഞുമുറുക്കുകയായിരുന്നു. വായ്പ തിരിച്ചടവ് അടക്കമുള്ള സകല പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിച്ചു. രണ്ടാഴ്ച പിന്നിട്ടിട്ടും ആളനക്കമില്ലാത്ത ഇടങ്ങളായി സഹകരണബാങ്കുകള്‍ തുടരുകയാണ്. ആഴ്ചയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന 24,000 രൂപ മാത്രമാണ് കോടികളുടെ നിക്ഷേപവും വായ്പയുമുള്ള സഹകരണബാങ്കിനും ലഭിക്കുന്നത്. സഹകരണബാങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടില്ലെന്ന ആധിയില്‍ ഒരു കുടുംബനാഥന്‍ കഴിഞ്ഞദിവസം ജീവനൊടുക്കിയത് ഒറ്റപ്പെട്ടതായി കാണാനാകില്ല. ഇതുപോലൊരു ദുരിതാനുഭവം ജനങ്ങള്‍ മുമ്പ് നേരിട്ടിട്ടില്ല. ഈ കഷ്ടപ്പാടില്‍നിന്ന് ജനങ്ങളെ കരകയറ്റാനും സഹകരണപ്രസ്ഥാനത്തെ രക്ഷിക്കാനും ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ ചര്‍ച്ചയിലും സര്‍വകക്ഷി ദൌത്യത്തിലുമെല്ലാം പ്രതിപക്ഷം മുന്നോട്ടുവച്ച സഹകരണ മനോഭാവം ആശാവഹമാണ്. കേരളത്തിലെ സഹകരണപ്രസ്ഥാനം ഇന്നത്തെ പ്രതിസന്ധിയെ അതിജീവിക്കുകതന്നെ ചെയ്യും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top