24 April Wednesday

സഹകരണപ്രസ്ഥാനത്തിനു നേരെ വാളോങ്ങുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2016


രണ്ടുപതിറ്റാണ്ട് മുമ്പ് വരദാചാരി എന്ന ധനവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിക്കുണ്ടായ ഒരു വെളിപാട്, കേരളത്തിലെ സഹകരണ മേഖലയ്ക്ക് വിശ്വാസ്യതയില്ല എന്നതായിരുന്നു. പൊതുമേഖലയിലേതുള്‍പ്പെടെ വന്‍കിട ബാങ്കുകള്‍ കേരളത്തില്‍നിന്ന് സമാഹരിക്കുന്ന പണം പുറത്തേക്കൊഴുക്കിയപ്പോള്‍, ഈ നാടിന്റെ പണം ഇവിടെത്തന്നെ വിനിയോഗിക്കപ്പെടണം, പൊതുവികസനത്തിന് പര്യാപ്തമാകണം എന്ന ചിന്തയെയാണ് അന്ന് അദ്ദേഹം  അപഹസിച്ചത്.സുശക്തവുംസര്‍വവ്യാപിയുമായ സഹകരണപ്രസ്ഥാനമുള്ള കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും സഹകരണമേഖലയുടെ വിശ്വാസ്യതയില്‍ സംശയംതോന്നില്ല. എന്നിട്ടും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുപറഞ്ഞത് വലിയ ഞെട്ടലാണുളവാക്കിയത്. അന്ന് സഹകരണമന്ത്രിയായിരുന്ന പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചു. ഇങ്ങനെ നിലവിട്ടു പെരുമാറുന്ന ഉദ്യോഗസ്ഥന്റെ തല മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണം എന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോടഭ്യര്‍ഥിച്ചത്. ആ സംഭവം പിന്നീട് ലാവ്ലിന്‍ വിവാദത്തില്‍ തുന്നിച്ചേര്‍ത്ത് പിണറായി വിജയനെ തേജോവധംചെയ്യാന്‍ ഉപയോഗിച്ചതും ലാവ്ലിന്‍ കേസില്‍ വ്യാജതെളിവാക്കിമാറ്റിയതും വേറൊരു കഥ. അന്ന് വരദാചാരി പറഞ്ഞത് അദ്ദേഹത്തിന്റെ അജ്ഞതകൊണ്ടാണെങ്കില്‍, ഇന്ന് സഹകരണ പ്രസ്ഥാനത്തെ ആസൂത്രിതമായി ആക്രമിക്കാന്‍ ഒരുകൂട്ടര്‍ ഇറങ്ങിയിരിക്കയാണ്. സംഘപരിവാര്‍ നേര്‍ക്കുനേര്‍ സഹകരണമേഖലയ്ക്കെതിരെ വെടിയുതിര്‍ക്കുകയാണ്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കൈമാറ്റത്തിനോ നിക്ഷേപം സ്വീകരിക്കാനോ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം ആ ആക്രമണത്തിനോടൊപ്പമുള്ളതാണ്.

രാജ്യത്തെ കറന്‍സിയുടെ 86 ശതമാനംവരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതുമൂലമുണ്ടായ അഗാധപ്രതിസന്ധി ജനജീവിതത്തെയാകെ അതിരൂക്ഷമായി ബാധിച്ചു. അത് തരണംചെയ്യാന്‍ ഒറ്റക്കെട്ടായി ശ്രമിക്കണം എന്ന് അഭ്യര്‍ഥിക്കുന്ന അതേ കൂട്ടരാണ് ജനങ്ങളുടെ സക്രിയകൂട്ടായ്മയായ സഹകരണ ബാങ്കുടമകളെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നത്. ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ ബാങ്കുകളെയുംകൂടി പഴയ നോട്ടുകളുടെ കൈമാറ്റകേന്ദ്രമായി അംഗീകരിക്കണമെന്ന് കേരളം കേന്ദ്രത്തോട് പലയാവൃത്തി ആവശ്യപ്പെട്ടതാണ്.  പ്രതിദിന ഇടപാട് നടത്തുന്ന 1551 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ഇവിടെയുണ്ട്. ജില്ലാ സഹകരണബാങ്കുകളുടെ സഹായത്തോടെ ഇടപാട് നടത്തുന്ന പതിനായിരം ഇതര സഹകരണസംഘങ്ങളുമുണ്ട്. ജനങ്ങളെ സഹായിക്കാന്‍ അവരുടെതന്നെ സ്ഥാപനങ്ങളായ ഈ സംഘങ്ങള്‍ക്കില്ലാത്ത എന്താണ്, കോടികള്‍ കടത്തിക്കൊണ്ടുപോകുന്ന സ്വകാര്യ ബാങ്കുകള്‍ക്കുള്ളത്? അത്തരം ബാങ്കുകള്‍ക്കാകെ കറന്‍സി മാറാനും കൈകാര്യംചെയ്യാനും അനുവാദം നല്‍കിയ കേന്ദ്ര സര്‍ക്കാരിന് സഹകരണ മേഖലയോട് എന്തിന് ഈ വിരോധം? 

നൂറുകോടി മുതല്‍നിക്ഷേപവും വായ്പയുമുള്ള സ്ഥാപനങ്ങളാണ് ഇവിടത്തെ  1551 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍. ഓരോന്നിലും 10,000 മുതല്‍ 15,000 വരെ അക്കൌണ്ടുകളുണ്ട്.  അവയെ മാറ്റിനിര്‍ത്തുകയും  ഞെരുക്കുകയുംചെയ്യുന്നത് കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പ്  തകര്‍ക്കുന്നതിന് തുല്യമാണ്. കേരളവികസന മാതൃക കെട്ടിപ്പടുക്കുന്നതില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്കാളിത്തം ചെറുതല്ല. ഗ്രാമീണജനതയെ കൊള്ളപ്പലിശക്കാരില്‍നിന്ന് രക്ഷിക്കാനും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനും മാത്രമല്ല, സമൂഹത്തിന്റെ നാനാവിധ ആവശ്യങ്ങള്‍ പരിഹരിക്കാനും പൊതുവിതരണത്തിലടക്കം ഇടപെടാനും കഴിയുന്നു എന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഔന്നത്യം. അവ ജനങ്ങളുടെ സ്ഥാപനങ്ങളാണ്. അവയുടെ നിലനില്‍പ്പ് ജനങ്ങളുടെ ആവശ്യവുമാണ്. കള്ളപ്പണം സൂക്ഷിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സഹകരണമേഖലയ്ക്കെതിരെ കോടാലിക്കൈ ഓങ്ങുന്നവരുടേത് കുടില രാഷ്ട്രീയലക്ഷ്യമാണ്. സഹകരണബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെങ്കില്‍ ആര്‍ക്കും പരിശോധിക്കാം. ആദായനികുതിവകുപ്പ് അത് ചെയ്യുന്നതിന് ആരും എതിരല്ല. എന്നാല്‍, കള്ളപ്പണത്തിനോടൊപ്പം സഹകരണ ബാങ്കുകളുടെ പേര് ചേര്‍ത്തുവച്ച് സംഹാരാത്മകമായ ഇടപെടല്‍ നടത്തുന്നത് ആരായാലും അത് പരിധിവിട്ട നീക്കമാണ്.

  കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ആര്‍എസ്എസിന് കേരളത്തിലെ സഹകരണമേഖലയോട് അമര്‍ഷവും വിരോധവുമുണ്ടാകാന്‍ ചരിത്രപരമായ കാരണങ്ങളുണ്ട്. ആര്‍എസ്എസ് ആദ്യആക്രമണങ്ങള്‍ നടത്തിയത് ബീഡിത്തൊഴിലാളികള്‍ക്കെതിരെയാണ്. ആദ്യദൌത്യം ഏറ്റെടുത്ത മാംഗ്ളുര്‍ ഗണേശ് ബീഡി എന്ന സ്വകാര്യസ്ഥാപനത്തിനുവേണ്ടിയായിരുന്നു. ആ ഇടപെടല്‍ ഫലിക്കാതെപോയതിന് ഒരു പ്രധാന കാരണം ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ രൂപീകരണമാണ്. സഹകരണപ്രസ്ഥാനത്തിന്റെ ഇടപെടലാണ് കേരളത്തിലെ ആര്‍എസ്എസിന്റെ ആക്രമണോത്സുക കടന്നുകയറ്റത്തെ ചെറുത്ത ഒരു ഘടകം എന്ന് ദിനേശ് ബീഡി സഹകരണസംഘത്തെ ചൂണ്ടിക്കാട്ടി ശങ്കയില്ലാതെ പറയാം.  ജാതി-ജന്മി-നാടുവാഴിത്തത്തിന്റെ തായ്വേരറുത്ത ഭൂപരിഷ്കരണനടപടി അട്ടിമറിക്കാന്‍  ഗ്രാമങ്ങളിലെ പ്രമാണിമാര്‍ക്ക്  കഴിയാതെപോയതിനുപിന്നിലും സഹകരണപ്രസ്ഥാനത്തെ കാണാം. സാധാരണ ജനങ്ങള്‍ക്ക് വ്യവസ്ഥാപിതമായും ആവശ്യാനുസരണവും വായ്പ ലഭ്യമാക്കാന്‍  പ്രാഥമിക സഹകരണസംഘങ്ങളുടെ ശൃംഖലതന്നെ രൂപപ്പെട്ട നാടാണ് കേരളം. പ്രമാണിമാരുടെ ചോറ്റുപട്ടാളമായി സമൂഹത്തില്‍ ഇടപെടാനുള്ള ആര്‍എസ്എസ് താല്‍പ്പര്യമാണ് അതിലൂടെ ഇല്ലാതായത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കന്ന പ്രസ്ഥാനങ്ങളാണ് സഹകരണമേഖലയുടെ വളര്‍ച്ചയ്ക്കായി ഊര്‍ജം ചെലവിടുക. അത്തരമൊരിടപെടല്‍ ആര്‍എസ്എസിന് സാധ്യമല്ല. അവര്‍ ഇടപെടാന്‍ ശ്രമിച്ച ചില അനുഭവങ്ങളാകട്ടെ പരാജയത്തിന്റേതുമാണ്. സഹകരണമേഖലയെ  തകര്‍ത്താല്‍ ജനകീയപ്രസ്ഥാനത്തെ തളര്‍ത്താമെന്നും തങ്ങളുടെ  സങ്കുചിതരാഷ്ട്രീയത്തിന് ഇടംകണ്ടെത്താമെന്നുമുള്ള പടുബുദ്ധിയാണ്, സഹകരണവിരുദ്ധ നീക്കങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും ആധാരം.

ഇന്ന്, പ്രാഥമിക സഹകരണസംഘങ്ങള്‍ കഠിനമായ പ്രതിസന്ധിയാണ് നേരിടുന്നത്. അത്  റിസര്‍വ് ബാങ്ക്  അധികൃതരെയും കേന്ദ്ര സര്‍ക്കാരിനെയും കേരളം അറിയിച്ചിട്ടുണ്ട്. സഹകരണമേഖലയെ ആക്രമിക്കുന്നവര്‍ നാടിന്റെയും ജനതയുടെയും ശത്രുക്കളാണ്. കേരളീയര്‍ ധൂര്‍ത്തിലും ആഡംബരത്തിലും സുഖലോലുപതയിലും ആറാടുന്നതുകൊണ്ടാണ് ഇവിടെ പ്രതിസന്ധി എന്നുപറയാന്‍ മടിതോന്നാത്ത സംഘപരിവാറില്‍നിന്ന് വിവേകമോ തെറ്റുതിരുത്തലോ പ്രതീക്ഷിക്കാന്‍ വകയില്ല. എന്നാല്‍, അത്തരം തെറ്റും അഹന്തയും തിരുത്തിക്കാനുള്ള കടമ ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ ശക്തിക്കുമുന്നില്‍ ഒരു വ്യാജ പ്രചാരണവും ഞെരുക്കലും വാഴില്ല. കുപ്രചാരകരുടെയും കുബുദ്ധികളുടെയും മനോനില ജനങ്ങള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുകതന്നെചെയ്യും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top