20 April Saturday

സഹകരണ ബാങ്കുകളിൽ കേന്ദ്ര കൈയേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Mar 5, 2020


 

ഇനി സഹകരണ ബാങ്കുകളുടെ ഊഴമാണ്. പൊതുമേഖലാ ബാങ്കുകളെ ഒന്നായും കൂട്ടമായും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് തെറിപ്പിച്ച കേന്ദ്രസർക്കാർ സഹകരണ ബാങ്കുകൾക്കുനേരെ വാളോങ്ങുന്നു. ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ച ബാങ്കിങ്‌ നിയന്ത്രണഭേദഗതി ബില്ലിന്റെ ലക്ഷ്യം ഇതാണെന്ന്‌ വ്യക്തം.

ഇന്ന് സഹകരണ ബാങ്കുകൾ സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലാണ്. സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾ  അനുസരിച്ച് അവ പ്രവർത്തിക്കുന്നു. പുതിയ ബിൽ ഈ സ്ഥാപനങ്ങളെ ആകെ റിസർവ് ബാങ്കിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ്. സഹകരണമേഖലയിൽ ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ  കവർന്നെടുക്കുകയാണ് ചെയ്യുന്നത് . ഫെഡറലിസത്തിന്റെ എല്ലാ അംഗീകൃത കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് ഈ കേന്ദ്രനീക്കം.

സംസ്ഥാന സർക്കാരുകൾക്ക്  സംസ്ഥാനത്തിന്റെ താല്പര്യം അനുസരിച്ച്  നിയന്ത്രിക്കാൻ കഴിയുന്ന ഏക ബാങ്കിങ് മേഖലയാണ് സഹകരണ ബാങ്കിങ് മേഖല. വ്യത്യസ്ത  ജനവിഭാഗങ്ങൾക്ക് അവരുടെ  ആവശ്യമനുസരിച്ച് വായ്പാപദ്ധതികളും തിരിച്ചടവ് വ്യവസ്ഥകളും ഈടിനുള്ള  ചട്ടങ്ങളും രൂപപ്പെടുത്തിയാണ് ഇവ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവർ ബാങ്കിങ് ആവശ്യങ്ങൾക്ക് മുഖ്യമായി സമീപിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. റിസർവ്‌ ബാങ്കിനുവേണ്ടി കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (സിഎസ്ഇഎസ് ) അടുത്തിടെ നടത്തിയ പഠനം ഇക്കാര്യത്തിന് അടിവരയിടുന്നു.

ഗ്രാമീണ ദരിദ്രർക്കിടയിലാണ് അവർ പഠനം നടത്തിയത്. പഠനത്തിന് വിധേയരായവരിൽ  ഭൂരിപക്ഷംപേരും സഹകരണസംഘങ്ങളിൽ അംഗത്വം ഉള്ളവരാണ്.  സമീപിക്കാൻ ഏറ്റവും പറ്റിയ ധനസ്ഥാപനങ്ങളായി ദരിദ്രർ കാണുന്നത് സഹകരണ സ്ഥാപനങ്ങളെയാണെന്ന്‌ പഠനം പറയുന്നു. പലിശ കുറവായിട്ടും വാണിജ്യ ബാങ്കുകൾക്ക് ഈ സ്വീകാര്യത ഇല്ല. പഠനത്തിന് വിധേയമാക്കിയവരിൽ കൂടുതൽപേരും  കടമെടുത്തിരിക്കുന്നതും സഹകരണസ്ഥാപനങ്ങളിൽനിന്നാണ്. ദരിദ്രരുടെ സാമ്പത്തിക ആവശ്യങ്ങളോട് കൂടുതൽ നന്നായി പ്രതികരിക്കുന്നതും സഹകരണസ്ഥാപനങ്ങളാണെന്ന് ആ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. വാണിജ്യ ബാങ്കുകളിലെ സങ്കീർണമായ നടപടിക്രമങ്ങളും വായ്പ കിട്ടാനെടുക്കുന്ന കൂടിയ സമയവും ജനങ്ങളെ അവിടെനിന്ന് അകറ്റുന്നുണ്ടാകാം. അതേസമയം, സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരായിരിക്കും സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നത്.  ഇത് ഇത്തരം സ്ഥാപനങ്ങളെ ദരിദ്രർക്ക് കൂടുതൽ സ്വീകാര്യമാക്കുന്നുണ്ടാകാം എന്നും പഠനം പറയുന്നു.

സംസ്ഥാനങ്ങളിലെ സഹകരണ സൊസൈറ്റി രജിസ്‌ട്രാർക്ക്‌ കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏത്‌ സഹകരണ ബാങ്കിന്റെയും ഡയറക്ടർ ബോർഡിനെ അസാധുവാക്കാനുള്ള അധികാരം ആർബിഐക്കുണ്ടാകും എന്നും  ബില്ലിൽ പറയുന്നു. ആവശ്യമെങ്കിൽ സഹകരണ ബാങ്കുകളുടെ പ്രവർത്തനം അവസാനിപ്പിച്ചുള്ള ഉത്തരവുമിടാം

റിസർവ്‌ ബാങ്കിനുവേണ്ടി നടന്ന പഠനമാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പുതിയ ബില്ലിൽ റിസർവ്‌ ബാങ്കിനെ ഉപയോഗിച്ച് ഇതേ സഹകരണ ബാങ്കുകളെ വരിഞ്ഞുമുറുക്കാനാണ് ശ്രമം. സഹകരണ ബാങ്കുകൾക്ക് വായ്‌പകൾ, സെക്യൂരിറ്റികൾ, ബോണ്ടുകൾ, ഈടുരഹിത വായ്‌പകൾ തുടങ്ങി എല്ലാകാര്യങ്ങളിലും ഇനി റിസർവ്‌ ബാങ്കിന്റെ അനുമതി വേണ്ടിവരും. സംസ്ഥാനങ്ങളിലെ സഹകരണ സൊസൈറ്റി രജിസ്‌ട്രാർക്ക്‌ കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏത്‌ സഹകരണ ബാങ്കിന്റെയും ഡയറക്ടർ ബോർഡിനെ അസാധുവാക്കാനുള്ള അധികാരം ആർബിഐക്കുണ്ടാകും എന്നും  ബില്ലിൽ പറയുന്നു. ആവശ്യമെങ്കിൽ സഹകരണ ബാങ്കുകളുടെ പ്രവർത്തനം അവസാനിപ്പിച്ചുള്ള ഉത്തരവുമിടാം. ഫലത്തിൽ സഹകരണമേഖലയുടെ സ്വയംഭരണം ആകെ ഇല്ലാതാക്കുകയാണ് ബിൽ ചെയ്യുന്നത്.

സഹകരണ ബാങ്കുകളുടെ കാര്യത്തിൽ മാത്രമല്ല, സഹകരണ സംഘങ്ങളെയും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളാണ് കേന്ദ്രത്തിൽനിന്ന് തുടരെയുണ്ടാകുന്നത്. മുൻകാലങ്ങളിൽ കേന്ദ്രസർക്കാർ സഹകരണമേഖലയ്‌ക്ക് നൽകിയിരുന്ന എല്ലാ പരിരക്ഷകളും പടിപടിയായി ഇല്ലാതാക്കുകയാണ്. ആദായനികുതിയിൽ 80(പി)ന്റെ ആനുകൂല്യം സഹകരണമേഖലയ്‌ക്ക് ഉണ്ടായിരുന്നത് പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ  സഹകരണ സ്ഥാപനങ്ങളെ  കോർപറേറ്റ് സ്ഥാപനങ്ങളായി കണക്കാക്കാൻ തുടങ്ങുകയാണ്. അതോടെ ഈ ആനുകൂല്യം പാടെ നഷ്ടപ്പെടും. സഹകരണ സംഘങ്ങൾ നൽകുന്ന ഹ്രസ്വകാല കാർഷികമേഖലാ  വായ്പകൾക്ക് നബാർഡ് നൽകിയിരുന്ന പുനർവായ്‌പാ സംവിധാനം പടിപടിയായി കുറയ്ക്കുകയാണ്. അതേസമയം മുത്തൂറ്റ് പോലുള്ള ബാങ്കിങ്‌ ഇതര സ്ഥാപനങ്ങൾക്ക് റിസർവ്‌ ബാങ്കിന്റെ നിർദേശപ്രകാരം നബാർഡ് കോടികളാണ് പുനർവായ്പ അനുവദിക്കുന്നത്.

ഒരു കോടിയിലേറെ രൂപ പണമായി പിൻവലിച്ചാൽ, അധിക തുകയ്‌ക്ക് രണ്ട് ശതമാനം നികുതി നൽകണമെന്ന നിർദേശം ഇപ്പോൾ നിലവിൽ വന്നിരിക്കുകയാണ്. പണമിടപാട് കുറയ്‌ക്കാൻ എന്ന പേരിലാണിത്. വ്യക്തികൾക്കെന്നപോലെ സഹകരണ സംഘങ്ങൾക്കും ഇത് ബാധകമാക്കിയിരിക്കുന്നു. ഇതിനെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടും കേന്ദ്രത്തിന്  അനക്കമില്ല. കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങളെ ഗുരുതരമായി ബാധിക്കുന്ന കാര്യമാണിത്.

ഇത്തരത്തിലുള്ള ദ്രോഹനടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ബിൽ. രാജ്യത്തെ സാമ്പത്തികരംഗം വൻകുത്തകകൾക്ക് അനുകൂലമായ നയങ്ങളിലൂടെയും ധന മാനേജ്‌മെന്റിലെ പിടിപ്പുകേട് മൂലവും വമ്പൻ തകർച്ചയിലാണ്. കുത്തകകൾക്ക് ഇഷ്ടാനുസരണം പൊതുപണം ഒഴുക്കിക്കൊടുക്കാനുള്ള സ്ഥാപനങ്ങളാക്കി പൊതുമേഖലാ ബാങ്കുകളെ അധഃപതിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ദരിദ്രർക്ക് ഒരളവോളം ആശ്വാസം പകരുന്നത് സഹകരണസ്ഥാപനങ്ങളാണ്. ആ വഴികൂടി അടയ്ക്കാനാണ് കേന്ദ്രസർക്കാർ നീക്കം.ഇതിനുകാരണമായി പറയുന്നത് പഞ്ചാബ് ആൻഡ്‌ മഹാരാഷ്ട്ര കോ ഓപ്പറേറ്റിവ് ബാങ്കിലെ ക്രമക്കേടുകളാണ്. അത്തരം ക്രമക്കേടുകൾ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ അവ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ നടപടി സ്വീകരിക്കണം. നിയമങ്ങളിൽ വേണ്ട മാറ്റം വരുത്താൻ സർക്കാരുകളോട് നിർദേശിക്കണം. അല്ലാതെ കേന്ദ്രസർക്കാരിന്റെ അമിതാധികാര പ്രയോഗമല്ല  വേണ്ടത്.

നാടിനെ വിഭജിക്കുന്ന വർഗീയനടപടികളുടെയും ജനദ്രോഹകരമായ സാമ്പത്തികനയങ്ങളുടെ കെടുതിയിലും നരകിക്കുന്ന ജനങ്ങൾക്കുമേൽ പുതിയ അതിക്രമത്തിന് മുതിരുന്നു കേന്ദ്രസർക്കാർ. ഈ സർക്കാരിനെതിരായ പൊതുപോരാട്ടത്തോട് കണ്ണിചേർത്ത് ഈ നീക്കത്തിനെതിരായും സമരം ശക്തമാക്കേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top