കഴിഞ്ഞ ദിവസം മലയാള മനോരമ ‘മുഖ്യമന്ത്രീ, മൗനമല്ല മറുപടി വേണം’ എന്ന പേരിൽ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. അതിൽ എക്സാ ലോജിക് കമ്പനിക്കും അതിന്റെ ഡയറക്ടർ ടി വീണയ്ക്കും 1.72 കോടി രൂപ മൂന്നു വർഷത്തിനുള്ളിൽ ലഭിച്ചുവെന്നത് ആരോപണമല്ല വസ്തുതയാണെന്ന് പറയുകയുണ്ടായി.
മനോരമ എന്തോ പുതിയ കാര്യം അവതരിപ്പിച്ചുവെന്നാണ് വായിച്ചാൽ തോന്നുക. പണം നൽകിയത് ബാങ്ക് വഴി സുതാര്യമായാണ്. ഈ തുക സംബന്ധിച്ച് ആദായ നികുതി റിട്ടേണുകൾ രേഖപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. കരാർ പ്രകാരം ലഭിച്ച തുക എക്സാ ലോജിക്കോ അതിന്റെ ഡയറക്ടറോ വെളിപ്പെടുത്താതിരുന്നിട്ടില്ല. ഇക്കാര്യമാണ് യഥാർഥത്തിൽ മറച്ചുവയ്‌ക്കപ്പെട്ടത് .
സിഎംആർഎൽ കമ്പനി നൽകിയ തുകയുടെ സ്വഭാവത്തെ സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ ആരോപണ രൂപേണ ചില വാദമുഖങ്ങൾ അവതരിപ്പിച്ചതാണ് ഇതിന്റെ തുടക്കം. എക്സാ ലോജിക് കമ്പനി സിഎംആർഎൽ കമ്പനിക്ക് സേവനങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്ന് ഇതിന്റെ ഭാഗമായി ഉയർത്തിക്കൊണ്ടുവന്നു. സിഎംആർഎൽ കമ്പനിയുടെ ചില ജീവനക്കാർ, 2019ൽ ആദായ നികുതി നിയമത്തിലെ 132–-ാം വകുപ്പ് പ്രകാരം നടന്ന പരിശോധനയുടെ സമയത്ത് നൽകിയ പ്രസ്താവനയെയാണ് ഇതിനായി ഉപയോഗിച്ചത്. എന്നാൽ, ഈ പ്രസ്താവന കാര്യകാരണ സഹിതം സിഎംആർഎൽ പിന്നീട് പിൻവലിച്ചിരുന്നു.
പിൻവലിച്ച പ്രസ്താവന സ്വാഭാവികമായും രേഖകളിൽപ്പോലും സാധാരണ ഉണ്ടാകില്ല. എന്നിട്ടും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് മനോരമ കാണാതെ പോയത് വെറുതെയാകില്ലല്ലോ? സെറ്റിൽമെന്റിനായി വിളിച്ച സിഎംആർഎൽ കമ്പനിയെ പൂർണമായി കോടതി നടപടികളിൽനിന്നും പിഴയിൽനിന്നും ഒഴിവാക്കിയ സെറ്റിൽമെന്റ് ഓർഡറാണ് ബോർഡ് ഇറക്കിയത്. ഇതിലാണ് പിൻവലിച്ച പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി തെറ്റായ പരാമർശം നടത്തിയത് എന്നത് വിസ്മയകരമാണ്.
ഈ സെറ്റിൽമെന്റ് കേസിൽ കക്ഷിയല്ലാത്ത ഒരാളെയും കമ്പനിയെയും പറ്റിയാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ദീർഘമായ പരാമർശങ്ങൾ നടത്തിയത്. ഇത്തരം ഒരു പരാമർശം നടത്തുമ്പോൾ അവരുടെ ഭാഗം കേൾക്കുകയെന്ന സാമാന്യനീതിയുണ്ടായില്ല. പിൻവലിക്കപ്പെട്ട ഒരു പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ടവർക്ക് സ്വാഭാവികനീതി നിഷേധിച്ചതിനെതിരെയാണ് യഥാർഥത്തിൽ വിമർശങ്ങൾ ഉയരേണ്ടത്. മനോരമയുടെ രാഷ്ട്രീയ തിമിരം കാരണം ഇത് കാണാനാകുന്നില്ല.
സിഎംആർഎല്ലും എക്സാ ലോജിക് കമ്പനിയും തമ്മിലുള്ള കരാറിൽ പൊതുസേവകർ കക്ഷിയല്ല. മാത്രമല്ല, ഏതെങ്കിലും പൊതുസേവകൻ സിഎംആർഎൽ കമ്പനിക്ക് ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ്ഥിരീകരിക്കുന്ന തെളിവുകളും ഹാജരാക്കപ്പെട്ടിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ ആദ്യം പ്രഥമദൃഷ്‌ട്യാ അടിസ്ഥാനമുള്ള ഒരു വസ്തുത വേണം. മാത്രമല്ല, അതിലുൾപ്പെട്ടവർ പൊതുസേവകനായിരിക്കുകയും വേണം. ഇവിടെ ഒരു നിയമമോ ചട്ടമോ ലംഘിക്കപ്പെട്ടുവെന്ന് ആർക്കും പറയാനാകില്ല. ഇത്തരമൊരു സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാർഥ്യബോധത്തിന് നിരക്കുന്നതല്ല.
മനോരമ ഉന്നയിച്ച മറ്റൊരു പ്രധാന വാദം കേരള വ്യവസായ വികസന കോർപറേഷന് (കെഎസ്ഐഡിസി) 13.41 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന കാര്യമാണ്. വ്യവസായ വികസന കോർപറേഷൻ നാൽപ്പതോളം സ്ഥാപനങ്ങളിൽ ഇത്തരം നിക്ഷേപങ്ങൾ നേരത്തേ നടത്തിയിട്ടുണ്ട്. എന്നാൽ, അതിന്റെ പ്രവർത്തനത്തിലോ ദൈനംദിന കാര്യങ്ങളിലോ സർക്കാരിന് ഒരു ബന്ധവുമില്ല. ഇങ്ങനെയുള്ള ഒന്ന് സർക്കാരിന്റേതാണെന്ന് എങ്ങനെയാണ് വിലയിരുത്തുക.
കപട വാർത്തകൾ പടച്ചുവിടുന്നത് മനോരമയുൾപ്പെടെയുള്ളവർ വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ യാഥാർഥ്യം ജനങ്ങളിലെത്തിക്കാൻ നവമാധ്യമങ്ങളുൾപ്പെടെ സ്വാഭാവികമായും ഇടപെടും. ഇത് ജനാധിപത്യപരമായ രീതിയാണ്. അല്ലാതെ ഫാസിസമല്ല. തങ്ങളുടെ വാർത്താ നിർമാണത്തിലെ കപടത ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കി അവ അവസാനിപ്പിക്കാനാണ് മനോരമ ശ്രമിക്കേണ്ടത്. അല്ലാതെ ന്യായീകരിച്ച് ജനാധിപത്യവാദികളാണെന്ന് വരുത്തുകയല്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പടുത്തതോടെ ഇത്തരം നിറംപിടിപ്പിച്ച നുണകൾ വലതുപക്ഷ മാധ്യമങ്ങളിൽ നിറയുകയാണ്. എ സി മൊയ്തീന്റെ വീട് പരിശോധന മാധ്യമങ്ങളിൽ നിറയുന്നതും ഒമ്പതു മണിക്കൂർ ഇഡി കെപിസിസി പ്രസിഡന്റിന്റെ ചോദ്യം ചെയ്‌തത് കുശലാന്വേഷണമായി മാറുന്നതും തിരക്കഥയുടെ ഭാഗമാണെന്ന് എല്ലാവരും തിരിച്ചറിയുമെന്നും മനോരമയുൾപ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങൾ ഓർക്കേണ്ടതുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..