26 April Friday

കാലാവസ്ഥാ വ്യതിയാനം: കേരളവും ആശങ്കപ്പെടണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021


ലോകത്താകമാനം കാലാവസ്ഥ മാറിമറിയുന്നു. സമീപകാലത്തായി ഈ മാറ്റത്തിന്‌ വേഗതകൂടി. മിന്നൽ പ്രളയവും ഉഷ്‌ണക്കാറ്റും കാട്ടുതീയും അപ്രതീക്ഷിത പേമാരിയും വ്യാപകമാകുന്നു. പ്രളയം, കൊടുങ്കാറ്റ്, ചൂട്, വരൾച്ച, മറ്റു കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെല്ലാം വലിയ തോതിൽ ഉണ്ടാകുമെന്ന് നിരവധി പഠനങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌. ഈ പ്രവചനങ്ങളെയെല്ലാം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടാണ്‌ കഴിഞ്ഞ ദിവസം ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ്‌ ചേഞ്ചിന്റെ (ഐപിസിസി) പുതിയ പഠന റിപ്പോർട്ട്‌ പുറത്തുവന്നത്‌. ഐക്യരാഷ്ട്രസംഘടന രൂപീകരിച്ച ഐപിസിസിയുടെ ആറാമത്തെ റിപ്പോർട്ടാണ്‌ തിങ്കളാഴ്‌ച ജനീവയിൽ പുറത്തിറക്കിയത്‌. 234 ശാസ്‌ത്രജ്ഞർ ഉൾപ്പെട്ട വലിയൊരു സംഘമാണ്‌ നാലായിരത്തോളം പേജുള്ള റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാമേഖലയെയും ഇത്‌ സ്‌പർശിക്കുന്നുണ്ട്‌. അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന്‌ ആഗോളതലത്തിലാകെ ആശങ്കപടർത്തുന്ന റിപ്പോർട്ട്‌ നമ്മുടെ കൊച്ചുകേരളത്തിനും വലിയൊരു മുന്നറിയിപ്പാണ്‌. നമ്മുടെ സംസ്ഥാനത്തിന്റെ തീരപ്രദേശവും മലയോരമേഖലയും ഇപ്പോൾത്തന്നെ വലിയ പ്രകൃതിദുരന്തങ്ങൾ നേരിടുകയാണ്‌. ഇത്തരം ദുരന്തങ്ങൾ ഇനിയും വർധിക്കുമെന്ന ആപൽസൂചനയാണ്‌ റിപ്പോർട്ടിലുള്ളത്‌.

ആഗോളതാപനം വർധിക്കുന്നതിലൂടെ ഉത്തരധ്രുവത്തിലെയും മറ്റ്‌ പ്രദേശങ്ങളിലെയും മഞ്ഞുരുകി കടൽനിരപ്പ്‌ ഉയരുന്നതും കടലിലെ താപനില വർധിക്കുന്നതും കടൽ കരയിലേക്ക്‌ കയറാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇന്ത്യയിൽ ഓരോ പത്തുവർഷം കൂടുമ്പോഴും 17 മീറ്റർ വീതം കടൽ കരയിലേക്ക്‌ കയറാമെന്നാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. ഇത് തീരദേശത്തിന്‌ വലിയ ഭീഷണിയാണ്‌ സൃഷ്ടിക്കുക. ഐപിസിസി റിപ്പോർട്ടിനെ ഇതുകൊണ്ടുതന്നെ കേരളം അതീവഗൗരവത്തോടെ കാണേണ്ടതുണ്ട്‌. റിപ്പോർട്ടിൽ പറഞ്ഞ പല കാര്യവും ഇവിടെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നതിന്റെ മുന്നറിയിപ്പുകളായി കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ മഹാപ്രളയവും കടലേറ്റങ്ങളും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ കാണണം. സമുദ്രനിരപ്പ്‌ ഉയരുന്നത്‌ നമ്മെ സംബന്ധിച്ച്‌ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഐപിസിസിയുടെ നിർദേശപ്രകാരം ‘നാസ’ തയ്യാറാക്കിയ കടലേറ്റത്തെപ്പറ്റിയുള്ള റിപ്പോർട്ടിലെ ഭാഗങ്ങൾ തീരമേഖലയെ കടുത്ത ആശങ്കയിലാക്കുന്നതാണ്‌. 2030ൽ സമുദ്രനിരപ്പ്‌ 11 സെന്റിമീറ്ററും 2100ൽ 71 സെന്റിമീറ്ററും 2150ൽ 1.24 മീറ്റർവരെ ഉയരുമെന്നാണ്‌ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌. ആഗോളതാപനത്തെ തുടർന്ന്‌ ഉത്തരധ്രുവത്തിലെ മഞ്ഞുപാളികൾ ക്ഷണത്തിൽ ഉരുകിയാൽ സമുദ്രനിരപ്പിലെ ഉയർച്ച വേഗത്തിലാകും. കടൽനിരപ്പ്‌ അരയടി മുതൽ 2.7 അടി വരെ ഉയർന്നാൽ കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 12 നഗരം വെള്ളത്തിലാകുമെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു. കൊച്ചിക്ക്‌ പുറമേ കണ്ട്‌ല, ഓഖ, ഭവ്‌നഗർ, മുംബൈ, മംഗളൂരു, പാരദീപ്‌, കിദിർപുർ, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങൾ ഇക്കൂട്ടത്തിൽപ്പെടും.


 

ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച്‌ കേരളത്തിലെ കാലാവസ്ഥയും മാറിമറിയുകയാണെന്ന്‌ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഈയിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആഗോളതാപനത്തിന്റെ തുടർച്ചയായി കേരളത്തിൽ ചൂടുകാറ്റ് (ഹീറ്റ്‍ വേവ് ) സാഹചര്യം തുടരാനുള്ള സാധ്യത കൂടുതലാണ്‌. ഏതാനും വർഷം മുമ്പുവരെ കേരളത്തിൽ ഹീറ്റ്‍ വേവ് സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോൾ അത് കൂടിവരുന്നു. ശക്തമായ പ്രളയങ്ങളുണ്ടാകും. കഴിഞ്ഞ 10 വർഷത്തെ കണക്കുനോക്കിയാൽ ചൂടുകാറ്റ്, പ്രളയം എന്നിവയെല്ലാം കൂടുകയാണ്. 20 വർഷത്തിനിടെ വെള്ളപ്പൊക്കംമൂലം കേരളത്തിൽ മരണം വർധിച്ചു. 1970–2000ൽ കേരളത്തിൽ പ്രതിവർഷം 10 ലക്ഷം പേരിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ നിരക്ക് 1.48 ആയിരുന്നെങ്കിൽ 2000–19ൽ 1.95 ആയി ഉയർന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നമ്മുടെ നഗരങ്ങളും മലയോരങ്ങളുമെല്ലാം ചൂടിനെ ആഗിരണം ചെയ്യാനോ പ്രളയജലത്തെ ഉൾക്കൊള്ളാനോ കഴിയാനാകാത്തവിധം ദീർഘവീക്ഷണമില്ലാത്ത വികസനത്തിന്റെ ഉദാഹരണങ്ങളാണ്‌.

ഇന്ത്യയിൽ മണ്ണിടിച്ചിൽ ഏറ്റവുമധികം വർധിച്ചുവരുന്നതിന്റെ കാരണം മണ്ണിന്റെ ഘടന പഠിക്കാതെയുള്ള ഭൂവിനിയോഗ രീതിയാണ്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല. കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാധ്യതകളെയും പഠിച്ച്‌ വിലയിരുത്തി അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികൾ നടപ്പാക്കേണ്ട സമയമാണിത്‌. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങൾക്ക്‌ സാധ്യതയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനെ നേരിടാൻ ആസൂത്രിതമായ പദ്ധതികൾക്ക്‌ തുടക്കം കുറിക്കാനാകണം. ആഗോളതാപനത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന കാർബൺ ഡയോക്‌സൈഡിന്റെ ബഹിർഗമനം കുറയ്‌ക്കുകയാണ്‌ വേണ്ടത്‌. ഇതിന്‌ അനുയോജ്യമായ വ്യവസായങ്ങളിലേക്കും ഗതാഗത സംവിധാനങ്ങളിലേക്കും നാം വേഗത്തിൽ മാറേണ്ടിയിരിക്കുന്നു. ഒപ്പം ഫോസിൽ ഇന്ധനങ്ങളുടെ ആശ്രയത്വം കുറയ്‌ക്കുകയും വേണം. ഇത്തരം നടപടികൾക്ക്‌ കേരളം തുടക്കമിട്ടിട്ടുണ്ടെങ്കിലും വേഗത കൂറെക്കൂടി വർധിപ്പിക്കണമെന്നാണ്‌ ഐപിസിസി റിപ്പോർട്ട്‌ നൽകുന്ന മുന്നറിയിപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top