28 March Thursday

സൌദിയെ യുദ്ധക്കുറ്റത്തിന് ശിക്ഷിക്കാത്തതെന്ത്

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

യമനില്‍ രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധം പറഞ്ഞറിയിക്കാനാകാത്ത മനുഷ്യദുരന്തത്തിലേക്കാണ് ഓരോനാള്‍ കഴിയുംതോറും നീങ്ങുന്നത്. സൌദി അറേബ്യ തുടരുന്ന ബോംബാക്രമണമാണ് യമനികളുടെ സമാധാനജീവിതത്തെ തകര്‍ത്തെറിയുന്നത്. ഇറാന്‍ പിന്തുണയുണ്ടെന്ന് സൌദി ആരോപിക്കുന്ന ഹുതികള്‍ക്ക് യമനില്‍ ഭരണം ലഭിക്കുന്നത് തടയാനെന്ന പേരിലാണ് ഈ മനുഷ്യക്കുരുതി. യമനിലെ രണ്ടരക്കോടി ജനങ്ങളില്‍ രണ്ടുകോടിപ്പേരെയും യുദ്ധം ദോഷമായി ബാധിച്ചു. 20,000 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. ഇവരില്‍ പകുതിയിലധികവും സിവിലിയന്മാരാണ്. യമനിലെ 60 ശതമാനംപേര്‍ക്കും അടുത്ത ഭക്ഷണം എപ്പോള്‍ കിട്ടുമെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് യുഎന്‍ഡിപി ഡയറക്ടര്‍ ആകേ ലോട്സ്മ പറയുന്നു. ഒരുലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്ന് യുനിസെഫ് മേധാവി ആന്റണി ലേക്കുതന്നെ പറയുകയുണ്ടായി.  പട്ടിണിയും രോഗവും ഒരുപോലെ കുട്ടികളെ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പംതന്നെ കോളറയും പടര്‍ന്നുപിടിക്കുകയാണ്. കുട്ടികളെയാണ് ഈ രോഗം ഏറെയും ബാധിച്ചത്. ഇതിനകം 1000 കുട്ടികള്‍ കോളറമൂലം മരിച്ചു. 3,20,000 പേര്‍ക്ക് കോളറ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പട്ടിണി കാരണം രക്ഷിതാക്കള്‍ കുട്ടികളെ തുച്ഛവിലയ്ക്ക് വില്‍ക്കുകയാണെന്നും പെണ്‍കുട്ടികളെ വൃദ്ധന്മാര്‍ക്കടക്കം വിവാഹം കഴിപ്പിച്ചുകൊടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. 

യമന്‍ അഭിമുഖീകരിക്കുന്ന ദുരന്തത്തിന് പ്രധാന കാരണം സൌദി അറേബ്യ നടത്തുന്ന ബോംബിങ്ങാണ്. വര്‍ഷങ്ങളായി യമന്‍ കെട്ടിപ്പടുത്ത എല്ലാ പശ്ചാത്തലസംവിധാനങ്ങളും സൌകര്യങ്ങളുമാണ് സൌദി അറേബ്യ തകര്‍ത്തത്. വിമാനത്താവളങ്ങള്‍, റോഡുകള്‍, ആശുപത്രികള്‍, ആതുരശുശ്രൂഷ കേന്ദ്രങ്ങള്‍, കൃഷി സ്ഥലങ്ങള്‍, ജലസംഭരണികള്‍ എല്ലാംതന്നെ സൌദി നിലംപരിശാക്കി. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് തലസ്ഥാനമായ സനായിലെ വിമാനത്താവളം സൌദി ബോംബിട്ട് തകര്‍ത്തത്. ഈ വിമാനത്താവളത്തിന്റെ നിയന്ത്രണം സൌദി ഏറ്റെടുത്തതോടെ മനുഷ്യകാരുണ്യപരമായ സഹായങ്ങള്‍ യമനില്‍ എത്തിക്കുന്നതിന് യുഎന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രയാസം അനുഭവിക്കുകയാണ്. യമനിലെ ഭൂരിപക്ഷംപേരുടെയും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഈ വിമാനത്താവളംവഴിയാണ് വന്നുകൊണ്ടിരുന്നത്. പ്രത്യേകിച്ചും വടക്കന്‍ യമനിലെ സാധാരണജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, സൌദി ഈ വിമാനത്താവളം ബോംബിട്ട് തകര്‍ക്കുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും വരവ് നിലച്ചു. ആഴ്ചയില്‍ രണ്ട് വിമാനങ്ങളെങ്കിലും സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന യുഎന്‍ ആവശ്യംപോലും സൌദി ചെവിക്കൊണ്ടില്ല. വിദഗ്ധചികിത്സ തേടി പല യമന്‍വാസികളും വിദേശരാജ്യങ്ങളിലേക്ക് പോയിരുന്നത് ഈ വിമാനത്താവളം വഴിയായിരുന്നു. ഇത് അടഞ്ഞതോടെ വിദഗ്ധചികിത്സ ലഭിക്കാതെ പതിനായിരംപേരെങ്കിലും മരിച്ചതായാണ് കണക്കാക്കിയിട്ടുള്ളത്. 

അതുപോലെ ശുദ്ധജലസ്രോതസ്സുകള്‍ തകര്‍ത്തതും കോളറപോലുള്ള പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായി. അല്‍ മോച്ചക്കിന് വടക്കുള്ള ജലശുദ്ധീകരണ പ്ളാന്റ് സൌദി ബോംബിങ്ങില്‍ തകര്‍ന്നതോടെയാണ് ടീസ് നഗരത്തിലെ പത്തുലക്ഷം വരുന്ന ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമല്ലാതായത്. ടാങ്കര്‍വെള്ളത്തെ ആശ്രയിക്കേണ്ട ഗതികേട് ഇവര്‍ക്കുണ്ടായി. ഇന്ധനവിലയോടൊപ്പം വെള്ളത്തിന്റെ വിലയും കുത്തനെ ഉയര്‍ന്നതോടെ ഇതും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. ശുദ്ധജലത്തിനുള്ള ഈ ക്ഷാമമാണ് കോളറ പടരുന്നതിന് കാരണമായത്. എല്ലാ അര്‍ഥത്തിലും സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൂട്ടക്കൊലയാണ് യമനില്‍ നടക്കുന്നത്. എന്നാല്‍, സദ്ദാം ഹുസൈനെയും കേണല്‍ ഗദ്ദാഫിയെയും യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് ആക്രോശിച്ചവര്‍ സൌദി രാജാവിനെതിരെ ഒരക്ഷരം പറയുന്നില്ല. ഐക്യരാഷ്ട്രസംഘടനപോലും സൌദിയുടെ നടപടിയെ അപലപിക്കാനോ യുദ്ധത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാനോ തയ്യാറായിട്ടില്ല. പട്ടിണിയെ ആയുധമാക്കുന്നത് യുദ്ധക്കുറ്റമാണെന്ന് സിറിയന്‍ ഭരണാധികാരിയെ ചൂണ്ടി യുഎന്‍ പറഞ്ഞെങ്കിലും അത്തരമൊരു കുറ്റപ്പെടുത്തല്‍പോലും സൌദിയെ ലക്ഷ്യമാക്കി നടത്തിയിട്ടില്ല. ഇതിന് പ്രധാന കാരണം സൌദിക്ക് അമേരിക്ക നല്‍കുന്ന അചഞ്ചലമായ പിന്തുണയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ വിദേശസന്ദര്‍ശനം സൌദിയിലേക്കാണെന്നുമാത്രമല്ല, റിയാദുമായി 110 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടിലാണ് അമേരിക്ക ഒപ്പുവച്ചിട്ടുള്ളത്. അടുത്ത പത്തുവര്‍ഷത്തേക്ക് 350 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടാണ് ഇരുരാജ്യങ്ങളും വിഭാവനം ചെയ്യുന്നത്. അതായത് യമനില്‍ സൌദി യുദ്ധം തുടരേണ്ടത് അമേരിക്കന്‍ ആയുധനിര്‍മാണ കമ്പനികളുടെയും ട്രംപിന്റെയും ആവശ്യമാണെന്നര്‍ഥം. എന്നാല്‍, വ്യോമയുദ്ധംമാത്രം നടത്തി യമനില്‍ സൌദിക്ക് വിജയിക്കാന്‍ കഴിയില്ല. കരസേനയെ ഇറക്കാന്‍ സൌദിക്ക് കഴിയുകയുമില്ല. പാകിസ്ഥാന്‍ സേനയുടെ സഹായം ഇക്കാര്യത്തില്‍ സൌദി അഭ്യര്‍ഥിച്ചിരുന്നെങ്കിലും 2015ല്‍ ഈ നിര്‍ദേശം പാകിസ്ഥാന്‍ പാര്‍ലമെന്റ് തള്ളുകയും ചെയ്തു. അതുകൊണ്ടുതന്നെ യമന്‍ യുദ്ധം അനിശ്ചിതമായി തുടരാനാണ് സാധ്യത; യമനിലെ മനുഷ്യക്കുരുതിയും. ഇതിന് നേതൃത്വം നല്‍കുന്ന സൌദിയെ ശിക്ഷിക്കുകതന്നെ വേണം. അതിന് യുഎന്നും ലോകരാഷ്ട്രങ്ങളും തയ്യാറാകുമോ?


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top