25 April Thursday

കാര്യക്ഷമം, ജനാധിപത്യപരം സിവിൽ സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2022


സിവിൽ സർവീസിനെ ദുർബലപ്പെടുത്തുകയോ തകർക്കുകയോ അല്ല, മറിച്ച്‌ അവയെ കാര്യക്ഷമമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം. 1957ൽ ഇ എം എസ്‌ മന്ത്രിസഭ അധികാരത്തിൽ വന്നതുമുതൽ എല്ലാ ഇടതുപക്ഷ സർക്കാരുകളും സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണം എന്ന അജൻഡ മുറുകെപ്പിടിച്ചിരുന്നു. കൊളോണിയൽകാലത്തെ ജനവിരുദ്ധ സിവിൽ സർവീസിൽനിന്ന്‌ വ്യത്യസ്‌തമായി ജനങ്ങൾക്കൊപ്പം നിൽക്കുന്ന, അവർക്ക്‌ സഹായഹസ്‌തമാകുന്ന സിവിൽ സർവീസിനെ വളർത്തിയെടുക്കുക എന്നതാണ്‌ ഇടതുപക്ഷത്തിന്റെ കാഴ്‌ചപ്പാട്‌. ഏത്‌ പ്രതിസന്ധിയെയും മറികടക്കാൻ പ്രാപ്‌തിയുള്ളതായിരിക്കണം സംസ്ഥാനത്തെ സിവിൽ സർവീസ്‌ എന്നതും എൽഡിഎഫിന്റെ വീക്ഷണമാണ്‌. പ്രളയകാലത്തും കോവിഡ്‌ പ്രതിരോധകാലത്തും കേരളത്തിലെ സിവിൽ സർവീസിന്‌ മെച്ചപ്പെട്ട പ്രവർത്തനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞത്‌ ഈ നയത്തിന്റെ ഫലമായിരുന്നു.

സിവിൽ സർവീസിനെ ശക്തിപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ്‌ കൂടുതൽ തസ്‌തികകളും നിയമനങ്ങളും നടത്താൻ പിണറായി വിജയൻ സർക്കാർ തയ്യാറായിട്ടുള്ളത്‌. നവ ഉദാരവൽക്കരണ നയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിയമനനിരോധനം നടപ്പാക്കുന്ന വേളയിലാണ്‌  കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ 6 വർഷത്തിനിടെ 27,000 സ്ഥിരം തസ്‌തിക ഉൾപ്പെടെ 45,000 തസ്‌തിക പുതുതായി സൃഷ്ടിച്ചത്‌. 2,81,845 പേരെ പിഎസ്‌സി മുഖേന നിയമിക്കുകയുമുണ്ടായി.  ഈ നയത്തിന്റെ ഭാഗമായിത്തന്നെയാണ്‌ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന്‌ (കെഎഎസ്‌) തുടക്കമിട്ടതും. നീണ്ട കാത്തിരിപ്പിനുശേഷമാണ്‌ കെഎഎസ്‌ യാഥാർഥ്യമായത്‌. 2021 നവംബറിൽത്തന്നെ ആദ്യ ബാച്ചിനുള്ള അഡ്വൈസ്‌ മെമ്മോ അയക്കുകയുണ്ടായി. ഇവരുടെ പരിശീലനത്തിനും തുടക്കമായി. സിവിൽ സർവീസ്‌ രംഗത്ത്‌ കേരളം നേടിയ അഭിമാനകരമായ നേട്ടമായി ഭാവിതലമുറ ഇത്‌ അടയാളപ്പെടുത്തുകതന്നെ ചെയ്യും.

ലോകത്തെങ്ങും ദൃശ്യമാകുന്ന ശാസ്‌ത്ര സാങ്കേതികരംഗത്തെ പുത്തൻ സാധ്യതകൾ ഉപയോഗപ്പെടുത്തി സിവിൽ സർവീസിനെ നവീകരിക്കുക എന്നതും സർക്കാരിന്റെ നയമാണ്‌. ഇതുവഴി സിവിൽ സർവീസിനെ കൂടുതൽ ജനകീയവും വേഗമുള്ളതുമാക്കി മാറ്റുകയാണ്‌ ലക്ഷ്യം. സർക്കാർവകുപ്പുകളുടെയും മറ്റും പ്രവർത്തനം ഡിജിറ്റൽവൽക്കരിക്കുന്നത്‌ ഇതിന്റെ ഭാഗമായാണ്‌. ഓഫീസുകൾ കയറി ഇറങ്ങാതെതന്നെ ഫയലുകളുടെ നീക്കവും അതിലുള്ള തീരുമാനങ്ങളും അറിയാൻ ഇത്‌ ജനങ്ങളെ സഹായിക്കും. എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ ഉൾപ്പെടുത്തി ഇ–- സേവനം ലഭ്യമാക്കാൻ ഏകീകൃത പോർട്ടലിന്‌ തുടക്കമിട്ടത്‌ ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌. അഞ്ഞൂറിലധികം സേവനങ്ങൾ ജനങ്ങൾക്ക്‌ ഓൺലൈനായി ലഭ്യമാകും. ഇതിനു പുറമെ ‘എന്റെ ജില്ല’ മൊബൈൽ ആപ്പിനും തുടക്കമിട്ടു. ജില്ലയിലെ സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്ക്‌ വിളിച്ച്‌ കാര്യങ്ങൾ അന്വേഷിക്കാനും ഇതിലൂടെ ജനങ്ങൾക്ക്‌ കഴിയും. 44 വകുപ്പിൽ 19 വകുപ്പിലെ ഫയലുകൾ ഇതിനകം പൂർണമായി ഇ–- ഓഫീസിലേക്ക്‌ മാറിയിട്ടുണ്ട്‌. നൂറുശതമാനം വകുപ്പുകളും ഫയലുകളും ഇ–- ഓഫീസിലേക്ക്‌ മാറ്റാനാണ്‌ സർക്കാർ ശ്രമിച്ചുവരുന്നത്‌.

ഈ നയത്തിന്റെ തുടർച്ചയായാണ്‌ സർക്കാർ ഓഫീസുകളിൽ പഞ്ചിങ് സമ്പ്രദായം ഏർപ്പെടുത്തുന്നത്‌. സെക്രട്ടറിയറ്റിൽ 2018 ജനുവരിമുതൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ്‌ ഇപ്പോൾ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നത്‌. പഞ്ചിങ്ങിനെ ശമ്പള സോഫ്‌റ്റ്‌വെയറായ സ്‌പാർക്കുമായി ബന്ധിപ്പിക്കാനും തീരുമാനമായിരിക്കുകയാണ്‌. 2018ലെ കേരളപ്പിറവി ദിനത്തിൽത്തന്നെ എല്ലാ ഓഫീസുകളിലും ഈ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രളയവും കോവിഡും കാരണം അതിന്‌ താമസം നേരിട്ടു. പഞ്ചിങ് സംവിധാനം പല ഓഫീസുകളിലും ആരംഭിച്ചെങ്കിലും അതിനെ സ്‌പാർക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. ഈ കുറവ്‌ പരിഹരിക്കുന്നതിനാണ്‌ കഴിഞ്ഞദിവസം വീണ്ടും സർക്കാർ ഉത്തരവ്‌ ഇറക്കിയിട്ടുള്ളത്‌. ജീവനക്കാരുടെ കൃത്യനിഷ്‌ഠയും കാര്യക്ഷമതയും വർധിപ്പിക്കാനാണ്‌ പഞ്ചിങ് സമ്പ്രദായം നടപ്പാക്കുന്നത്‌. ഇത്‌ ജനങ്ങൾക്ക്‌ വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിന്‌ സഹായകമാകും. അതായത്‌, സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായാണ്‌ പഞ്ചിങ്‌ സംവിധാനം ഏർപ്പെടുത്തുന്നത്‌. ജീവനക്കാരും ജനങ്ങളും ഒരുപോലെ ഈ സംവിധാനത്തെ സ്വാഗതം ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top