27 April Saturday

പോരാട്ടങ്ങൾ ഇനി കൊടുങ്കാറ്റുകളാക്കുക

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ അത്യുജ്വല സമരസംഘടനയായ സിഐടിയു രൂപീകൃതമായിട്ട്‌ ഇന്ന്‌ അരനൂറ്റാണ്ട്‌ തികയുന്നു. ആഗോളവൽക്കരണവും അതിന്റെ ഭാഗമായ അപകടകരമായ സ്വകാര്യവൽക്കരണവും പുതിയ ചൂഷണമുഖങ്ങൾ  തുറന്നപ്പോൾ ലോകമെമ്പാടുമുള്ള തൊഴിലെടുക്കുന്നവർ വിവരണാതീതമായ കെടുതികളിലേക്കാണ്‌ എടുത്തെറിയപ്പെട്ടത്‌. കോർപറേറ്റ്‌ സ്ഥാപനങ്ങളുടെയും ബഹുരാഷ്ട്ര ഭീമന്മാരുടെയും ഭരണനേതൃത്വങ്ങൾ ഉടമകളായ കമ്പനികളുടെയും ഷൈലോക്കിയൻ ലാഭക്കൊതി മറ്റൊരു ഘട്ടത്തിലെത്തി നിൽക്കുകയാണ്‌. പൊരുതി നേടിയ തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കാനും പരിസ്ഥിതി‐ഫാക്ടറി നിയമങ്ങൾ ലംഘിക്കാനും മൂലധനശക്തികൾക്ക്‌ ഭരണകൂടങ്ങൾ എല്ലാ ഒത്താശയും ചെയ്യുകയാണ്‌. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ തൊഴിൽസമയം ദീർഘിപ്പിച്ചും സമരങ്ങൾക്ക്‌ മൊറട്ടോറിയം പ്രഖ്യാപിച്ചും നിയമനിർമാണങ്ങൾ നടത്തുന്നു.

‘എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം’ എന്ന് 1886ൽ ചിക്കാഗോ ഹേ മാർക്കറ്റിലെ തെരുവീഥികളിൽ മുഴങ്ങിയ മുദ്രാവാക്യം ലോകത്തെ പിടിച്ചുകുലുക്കുകയുണ്ടായി. റാലി നടത്തിയ തൊഴിലാളികളെ സൈന്യം കൂട്ടക്കൊല നടത്തിയതിന്റെ ഓർമയാണ് മെയ് ദിനം. എന്നാൽ, ആ ചരിത്രവസ്‌തുതകൾ ഒളിപ്പിച്ച്‌ ‘കർമമാണ് സ്വർഗത്തിലെത്തിക്കുന്ന ഒരേയൊരു കാര്യം; മറ്റൊരു തരത്തിൽ സൂചിപ്പിച്ചാൽ  തൊഴിലാണ്, കഠിനപ്രയത്‌നമാണ് ശിവൻ’ എന്ന മട്ടിലെ മോഡിയുടെ മെയ്‌ദിന സന്ദേശം ആപത്തിന്റെ സൂചനയായിരുന്നു. ഒന്നാം ലോകയുദ്ധവും സ്‌പാനിഷ്‌ ഫ്‌ളൂവും  വലിയനിലയിൽ തൊഴിൽ നഷ്ടം വരുത്തിയ അവസ്ഥ. റഷ്യൻ വിപ്ലവത്തിൽനിന്നുള്ള  പ്രചോദനം ലോകമാകെ സമരവീര്യം ത്രസിപ്പിച്ചു. എങ്ങും തൊഴിലാളിമുന്നേറ്റങ്ങൾ. ഒന്നാം ലോകയുദ്ധം ആരംഭിക്കുംമുമ്പേ എട്ടു മണിക്കൂർ ജോലിയെന്ന ആവശ്യം   മുന്നോട്ടുവയ്‌ക്കപ്പെട്ടിരുന്നു. ആ പശ്ചാത്തലത്തിൽ  വേഴ്‌സയൽസ് ഉടമ്പടിയുടെ  അനുച്ഛേദം 427ൽ വരുന്ന ഐഎൽഒ ഭരണഘടനയിൽ ദിവസം എട്ട്‌, ആഴ്ചയിൽ 48 മണിക്കൂർ ജോലിയെന്ന തത്വം ഉൾപ്പെടുത്തി. എന്നാൽ, തീരുമാനം ഒരുനിലയിലും അംഗീകരിക്കാൻ കഴിയില്ലെന്ന്‌ വാദിച്ചുതള്ളിയപ്പോൾ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമ്മർദമാണ്‌ അത് അംഗീകരിപ്പിച്ചത്‌. സ്‌പാനിഷ്‌ ഫ്‌ളൂവിന്‌ സമാനമായ  മഹാമാരി പടർന്നുപിടിക്കുന്ന കാലത്താണ്‌, ഐഎൽഒ എട്ടു മണിക്കൂർ ജോലിയെന്ന  തത്വം അംഗീകരിച്ചതിന്റെ 100–-ാം വാർഷികം ആഘോഷിക്കവെയാണ്‌  പല ഇന്ത്യൻ  സംസ്ഥാനവും  തൊഴിലാളിദ്രോഹ നിയമങ്ങൾ ചൂടപ്പംപോലെ  പാസാക്കി എടുക്കുന്നതെന്ന്‌ ഓർക്കണം.


 

കൂടാതെ പ്രോവിഡന്റ്‌ ഫണ്ട്‌, പെൻഷൻ, ഇഎസ്‌ഐ തുടങ്ങിയ ആനുകൂല്യങ്ങളിലും കൈയിട്ടുവാരുകയാണ്‌. നവരത്‌ന സ്ഥാപനങ്ങളെവരെ തല്ലിപ്പൊളിച്ച്‌  സമ്പൂർണ സ്വകാര്യവൽക്കരണത്തിന്‌ കോപ്പുകൂട്ടുന്നു. ഒരു നിയന്ത്രണവുമില്ലാത്ത വിലക്കയറ്റമാണ്‌ മറ്റൊരു കെടുതി. എണ്ണവില അന്താരാഷ്ട്ര കമ്പോളത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിട്ടും പെട്രോൾ ‐ ഡീസൽ തീരുവ വീണ്ടും വർധിപ്പിക്കാനുള്ള തീരുമാനം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. തെരുവുകളുടെ അനാഥത്വത്തിൽ മരണം മുന്നിൽ കാണുന്ന അടിസ്ഥാനവർഗങ്ങൾക്ക്‌ ഭക്ഷിക്കാൻ പ്രഖ്യാപനങ്ങൾ മാത്രമാണെങ്കിൽ സാമ്പത്തിക കുറ്റവാളികളായ രാജ്യാന്തര മാഫിയകളുടെ ബാധ്യതകൾ എഴുതിത്തള്ളുന്നുമുണ്ട്‌. ‘വേദനിക്കുന്ന കോടീശ്വരന്മാരു’ടെ കണ്ണീരൊപ്പുന്നവർ അതിദരിദ്രരുടെ അന്നത്തിൽ മണ്ണു വാരിയിടുകയാണ്‌. 

കോവിഡിനെ തുടർന്നുള്ള ലോക്‌ഡൗൺ മറയാക്കിയാണ്‌ മോഡിയുടെ പല തൊഴിലാളിവിരുദ്ധ നീക്കവും. സാമൂഹ്യസമ്പർക്കമെന്ന ഭീഷണി കാട്ടി പ്രക്ഷോഭങ്ങളെ നിർവീര്യമാക്കാമെന്നാണ്‌ അദ്ദേഹത്തിന്റെയും പരിവാരങ്ങളുടെയും ഉള്ളിലിരിപ്പ്‌. കൊറോണ വ്യാപനശേഷം ഏറ്റവും കൂടുതൽ ക്ലേശം സഹിച്ചത്‌ അതിഥിത്തൊഴിലാളികളും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരുമാണ്‌. ജീവിതം വഴിമുട്ടി നിസ്സഹായരായ ജനലക്ഷങ്ങൾക്കുമേൽ  കോർപറേറ്റ്‌ അടിമകളുടെ നുകം അമർത്തിവച്ചിരിക്കയാണ്‌. രാമചന്ദ്ര ഗുഹ, ശേഖർ ഗുപ്‌ത, സുധ മേനോൻ തുടങ്ങിയവർ നടത്തിയ പഠനങ്ങൾ തീർത്തും അമ്പരപ്പിക്കും. മഹാനഗരങ്ങളിൽ 100 രൂപയ്‌ക്കുപോലും ചതഞ്ഞരയുന്നവരാണ്‌ തൊഴിലാളികളിലേറെയും. സാധാരണ മനുഷ്യാവകാശങ്ങളോ ജീവിതാവസ്ഥകളോ ഇല്ലാത്ത അവരെ ‘കോളറില്ലാത്തവർ’ എന്ന്‌  ചില പഠനങ്ങൾ  പരാമർശിച്ചതിൽനിന്ന്‌ ദയനീയാവസ്ഥ ബോധ്യപ്പെടും.

സമ്പന്ന മുതലാളിത്ത രാജ്യങ്ങളിൽ വംശീയത വീണ്ടും പ്രധാന അടിച്ചമർത്തൽ ഉപാധിയാകുകയാണ്‌. അമേരിക്കയിൽ കറുത്തവർഗക്കാരനെ, പൊലീസുകാർ ശ്വാസംമുട്ടിച്ചുകൊന്നത്‌ ഭയാനകമായിരുന്നു. ഇന്ത്യയിൽ സംഘപരിവാരം ഭരണകൂട പിന്തുണയോടെ വർഗീയതയുടെ ഏറ്റവും ബീഭത്സമായ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌. എല്ലാ വിഭജനവും മറന്ന്‌ ഒന്നിച്ചുനിന്ന്‌ പൊരുതേണ്ട ജനകോടികളിൽ ജാതി‐ മത വിദ്വേഷത്തിന്റെ വിഷമാണൊഴിക്കുന്നതും.  ഇന്ത്യയുടെയും തൊഴിലാളികളടക്കമുള്ള പൗരന്മാരുടെയും നിലനിൽപ്പ്‌ ബഹുമുഖ ഭീഷണികൾ നേരിടുമ്പോൾ സമരക്കൊടുങ്കാറ്റുകളാകുകയേ പോംവഴിയുള്ളൂ. സിഐടിയു അരനൂറ്റാണ്ട്‌ പൂർത്തിയാക്കുമ്പോൾ തൊഴിലാളികൾ ഏറ്റെടുക്കേണ്ട പ്രധാന കടമയും  ഉത്തരവാദിത്തവും അതാണ്‌.

കനത്ത നഷ്ടം
കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ എം പി വീരേന്ദ്രകുമാറിന്റെ  വിയോഗം  വേദനാജനകമാണ്‌. കുറച്ചു മാസമായി അദ്ദേഹം ശാരീരികാവശതകളിലായിരുന്നു. അപ്പോഴും കഴിയുംവിധം പൊതുപ്രവർത്തനങ്ങളിൽ വ്യാപൃതനായി. ഏറ്റവുമൊടുവിൽ കോവിഡ്‌ പ്രതിരോധത്തിന്‌ അവലംബിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെയും എംഎൽഎമാരുടെയും വീഡിയോ കോൺഫറൻസിലാണ്‌  സാന്നിധ്യമറിയിച്ചത്‌. അന്ന്‌ മികച്ച ഇടപെടൽതന്നെ നടത്തി.


 

രാഷ്ട്രീയത്തിനു പുറമെ  പത്രനടത്തിപ്പ്‌, എഴുത്തുകാരൻ, പ്രഭാഷകൻ, യാത്രികൻ തുടങ്ങിയ തുറയിലെല്ലാം വീരേന്ദ്രകുമാർ  മലയാളികൾക്ക്‌ പ്രിയങ്കരനായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും വലിയ പദവികൾ ആഗ്രഹിക്കാതെ സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. ജയപ്രകാശ്‌ നാരായണന്റെയും രാം മനോഹർ ലോഹ്യയുടെയും ശിഷ്യനായി പൊതുപ്രവർത്തനത്തിന്‌ ഇറങ്ങിയ അദ്ദേഹം അമിതാധികാര വാഴ്‌ചകൾക്കും വർഗീയ‐ ഫാസിസത്തിനുമെതിരെ നിലകൊണ്ടു. ആ പ്രവണതകളെ തുറന്നെതിർത്തു നടത്തിയ പ്രസംഗങ്ങളും ശ്രദ്ധേയം. കമ്യൂണിസ്റ്റുകാരുമായി നല്ല ബന്ധം പുലർത്തിയ അദ്ദേഹം, എ കെ ജിക്കൊപ്പമുള്ള ജയിൽവാസം അഭിമാനമായും ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണത്തിലെ മുൻകൈയും അതിന്റെ അധ്യക്ഷസ്ഥാനവും അംഗീകാരമായും കണ്ടു. ഒരുവേള ചില ദൗർബല്യങ്ങൾ അദ്ദേഹത്തെയും ചെറുതായി ബാധിച്ചു. പറഞ്ഞുതീർക്കാവുന്ന പ്രശ്‌നങ്ങളുടെ പേരിൽ യുഡിഎഫിന്റെ ഭാഗമായത്‌ ജനാധിപത്യവാദികളെ വിഷമിപ്പിച്ചിരുന്നു. സോഷ്യലിസ്റ്റുകാരുടെ ചരിത്രപരവും സ്വാഭാവികവുമായ സഖ്യശക്തി  കമ്യൂണിസ്റ്റുകാരാണെന്ന തിരിച്ചറിവിലേക്ക്‌ ഉടൻ എത്തി.  രാജ്യം ഭീഷണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ വീരേന്ദ്രകുമാറിനെപ്പോലൊരു ബഹുമുഖ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ അസാന്നിധ്യം  കനത്ത ആഘാതമാണ്‌. ആ വിയോഗത്തിൽ ‘ദേശാഭിമാനി’ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top