20 April Saturday

പൗരത്വബിൽ മതേതര ഇന്ത്യക്കുള്ള വാറന്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019


 

പൗരത്വത്തെയും വംശവെറിയുടെ ഉപകരണമാക്കാനുള്ള നിയമദേഭഗതി ബിജെപി സർക്കാർ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. അതിർത്തി രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരിൽ  മുസ്ലിങ്ങൾ ഒഴിച്ചുള്ളവർക്ക്‌ പൗരത്വം നൽകുന്ന ഭേദഗതിയാണ്‌ 1955ലെ നിയമത്തിൽ കൊണ്ടുവരുന്നത്‌. മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന ഭേദഗതി ആഭ്യന്തരമന്ത്രി അമിത്‌ ഷായാണ്‌ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചത്‌.  ഇടതുപക്ഷവും കോൺഗ്രസും  ഇതര പ്രതിപക്ഷ കക്ഷികളും ബില്ലിനെതിരെ  ശക്തമായി രംഗത്തുവന്നു. തിങ്കളാഴ്‌ചതന്നെ ചർച്ച തുടങ്ങിയത്‌ സർക്കാരിന്റെ നിർബന്ധബുദ്ധിയുടെ തെളിവാണ്‌ .  പൗരത്വ ഭേദഗതി ബില്ലിൽ ഭേദഗതി കൊണ്ടുവരുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൗരത്വം  മതാടിസ്ഥാനത്തിൽ നിർണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനാവിരുദ്ധമാണെന്ന നിലപാടാണ്‌ പാർടി ഉയർത്തിപ്പിടിക്കുന്നത്‌.

ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന്‌ കുടിയേറുന്നവരിൽ മുസ്ലിങ്ങളെ ഒഴിച്ചുനിർത്തി, ആറ്‌ മത വിഭാഗങ്ങളിൽപ്പെട്ടവർക്ക്‌ പൗരത്വം അനുവദിക്കുമെന്നാണ്‌ ഭേദഗതി ബില്ലിൽ പറയുന്നത്‌.  മതപരാമർശം എടുത്തുകളയണം,  മൂന്ന്‌ അയൽരാജ്യങ്ങൾ എന്നത്‌ മാറ്റി എല്ലാ അയൽരാജ്യങ്ങളിൽനിന്നും എന്നാക്കണം എന്നീ ദേഭഗതികളാണ്‌  സിപിഐ എം കൊണ്ടുവരിക. ഭേദഗതികളിന്മേൽ വോട്ടെടുപ്പും ആവശ്യപ്പെടും.

അഭയാർഥികളെ മുസ്ലിം, ഇതരർ എന്നിങ്ങനെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നത്‌ പരിഷ്‌കൃതസമൂഹത്തിന്‌ യോജിച്ച നിലപാടല്ല

പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും ഇവിടങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ, സിഖുകാർ, ബൗദ്ധർ, പാഴ്‌സികൾ, ജൈനർ, ക്രിസ്‌ത്യാനികൾ എന്നീ മതവിഭാഗങ്ങൾക്ക്‌ കടുത്ത വിവേചനം അനുഭവിക്കുന്നു എന്നതാണ്‌ കേന്ദ്രസർക്കാരിന്റെ വാദം. അഭയാർഥികളായി ഇന്ത്യയിൽ എത്തുന്നവർ നിലവിൽ 11 വർഷം തുടർച്ചയായി ഇന്ത്യയിൽ താമസിച്ചാലേ പൗരത്വം ലഭിക്കുകയുള്ളൂ. പുതിയ ഭേദഗതിപ്രകാരം ഇത്‌ അഞ്ചുവർഷമായി ചുരുങ്ങും. എന്നാൽ, അഭയാർഥികളെ മുസ്ലിം, ഇതരർ എന്നിങ്ങനെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നത്‌ പരിഷ്‌കൃതസമൂഹത്തിന്‌ യോജിച്ച നിലപാടല്ല. അസമിൽ പൗരത്വപട്ടിക  നടപ്പാക്കിയ ഘട്ടത്തിൽത്തന്നെ  ഈ വേർതിരിവ്‌ സർക്കാർ അനൗദ്യോഗികമായി നടപ്പാക്കിയിരുന്നു. എന്നാൽ, പാർലമെന്റിൽ ഭേദഗതി പാസാകുന്നതോടെ പ്രത്യക്ഷമായി മതവിവേചനം നടപ്പാക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടംപിടിക്കുകയാണ്‌.

വിഭജനകാലത്തും ബംഗ്ലാദേശ്‌ യുദ്ധകാലത്തുമെല്ലാം അഭയാർഥി പ്രശ്‌നം വിവേകപൂർവം  കൈകാര്യംചെയ്‌തതാണ്‌ ഇന്ത്യയുടെ പാരമ്പര്യം. അന്നൊന്നും അഭയാർഥികളുടെ മതംനോക്കി പ്രശ്‌നപരിഹാരം തേടിയിട്ടില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെയാണ്‌ ജന്മനാടുകളിൽനിന്ന്‌ തിരസ്‌കരിക്കപ്പെട്ട്‌ അഭയം തേടിയെത്തുന്നവരെ മതത്തിന്റെപേരിൽ വേർതിരിക്കാൻ തുടങ്ങിയത്‌. 2016ൽ ആദ്യമായി ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾത്തന്നെ ശക്തമായ എതിർപ്പ്‌  ഉയർന്നു. അന്നത്തെ സിപിഐ എം ഉപനേതാവ്‌ മുഹമ്മദ്‌ സലിം വിശദമായ വിയോജനക്കുറിപ്പും നൽകി.

പുതിയ ബില്ലിൽ സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കൻ മേഖലകളെയും മറ്റ്‌ സംസ്ഥാനക്കാർ സന്ദർശിക്കുന്നതിന്‌ പെർമിറ്റ്‌ ആവശ്യമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും  ഒഴിവാക്കിയിട്ടുണ്ട്‌

ഇതേതുടർന്ന്‌ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചെങ്കിലും തുടർനടപടികൾ പ്രഹസനമാക്കുകയായിരുന്നു. അസം ഒഴികെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കാൻപോലും സമിതി തയ്യാറായില്ല. അസം സന്ദർശനംതന്നെ കുഴപ്പങ്ങൾക്ക്‌ തിരികൊളുത്തുകയുംചെയ്‌തു.  ഇതര സംസ്ഥാനങ്ങളിലും ബംഗാളി മുസ്ലിങ്ങൾ കടുത്ത പീഡനത്തിന്‌ ഇരയായി. രണ്ടാം മോഡി സർക്കാർ അധികാരത്തിൽവന്നതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. 2016ൽ അവതരിപ്പിച്ച  ബിൽ 2019 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ പരിഗണിക്കുംമുമ്പ്‌ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞു.  പുതിയ ബില്ലിൽ സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കൻ മേഖലകളെയും മറ്റ്‌ സംസ്ഥാനക്കാർ സന്ദർശിക്കുന്നതിന്‌ പെർമിറ്റ്‌ ആവശ്യമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും  ഒഴിവാക്കിയിട്ടുണ്ട്‌. മുത്തലാഖ്‌, കശ്‌മീരിന്‌ പ്രത്യേകപദവി തുടങ്ങിയ വിഷയങ്ങളിലെന്നപോലെ പൗരത്വപ്രശ്‌നത്തിലും ബിജെപി സർക്കാർ മുസ്ലിംവിരോധം കലർത്തുകയാണ്‌. അഭയാർഥിപ്രശ്നത്തിൽ ദേശീയ നിയമഭേദഗതി കൊണ്ടുവരുമ്പോൾ, അത്‌ മൂന്ന്‌ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിൽനിന്ന്‌ സർക്കാരിന്റെ ദുഷ്ടലാക്ക്‌ വ്യക്തമാണ്‌. ബില്ലിൽ പറയുന്ന രാജ്യങ്ങളിൽനിന്നല്ലാതെയും നിരവധിപേർ ഇന്ത്യയിലേക്ക്‌ കുടിയേറിയിട്ടുണ്ട്‌. ശ്രീലങ്കയിൽനിന്ന്‌ കുടിയേറിയ ഒരുലക്ഷത്തിലേറെ തമിഴ്‌ വംശജർക്ക്‌ പൗരത്വം നൽകണമെന്ന്‌ മദ്രാസ്‌ ഹൈക്കോടതി വിധിച്ചിട്ടുമുണ്ട്‌.

സാമ്പത്തികപ്രതിസന്ധിയടക്കമുള്ള വിഷയങ്ങളിൽനിന്ന്‌ ശ്രദ്ധതിരിച്ച്‌  വർഗീയധ്രുവീകരണം തീവ്രമാക്കുക എന്ന  ലക്ഷ്യത്തോടെ കൊണ്ടുവന്ന ഭേദഗതി ഭൂരിപക്ഷബലത്തിൽ പാസാക്കിയെടുക്കാൻതന്നെയാണ്‌ ബിജെപിയുടെ നീക്കം. വോട്ടിനിട്ടാണ്‌ ബില്ലിന് അവതരണാനുമതി നേടിയത്‌. ബിജെഡിയും ശിവസേനയും അനുകുലിക്കുന്നതിനാൽ രാജ്യസഭയെന്ന കടമ്പയും കടക്കാൻപറ്റും. ഇടതുപക്ഷത്തിന്‌ പുറമെ, കോൺഗ്രസ്‌, ലീഗ്‌, ഡിഎംകെ, ആർഎസ്‌പി, എൻസിപി കക്ഷികളാണ്‌ ബില്ലിനെ എതിർക്കുന്നത്‌. രാജ്യമെങ്ങും, പ്രത്യേകിച്ച്‌  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  ബില്ലിനെതിരെ ഉയരുന്ന പ്രതിഷേധം വകവയ്‌ക്കാൻ  ബിജെപി തയ്യാറല്ല. അവർ ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കുനേരെ നടത്തുന്ന  ഒടുവിലത്തെ കടന്നാക്രമണമാണ്‌ പൗരത്വബിൽ. ഭിന്ന മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സങ്കലനം  എന്ന ഇന്ത്യയുടെ അസ്‌തിത്വമാണ്‌ ഇല്ലാതാക്കുന്നത്‌. ഇതിനെതിരായ ചെറുത്തുനിൽപ്പ്‌ പാർലമെന്റിലെ ഇന്നത്തെ അംഗബലത്തിൽമാത്രം പരിമിതപ്പെട്ടുപോകുന്നതല്ല. അരുതായ്‌മകൾ തിരുത്തിക്കാനുള്ള ജനശക്തിയാണ്‌  ഉയർന്നുവരേണ്ടത്‌. മതേതര ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നവരുടെ ശക്തമായ ആ ഐക്യനിരയാണ്‌ കാലഘട്ടം ആവശ്യപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top