24 March Friday

പ്രതീക്ഷ ഉണർത്തുന്ന പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2019


 

മുസ്ലിംവിരോധം ഇളക്കിവിട്ട്‌  ജനങ്ങളിൽ ഭിന്നത വളർത്താനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ ശ്രമം രാജ്യത്താകമാനം അസ്വസ്ഥതയുടെ തീ പടർത്തിയിരിക്കുന്നു. അഭയാർഥികളിൽ ആറ്‌ മതത്തിൽപ്പെട്ടവർക്ക്‌ പൗരത്വം അനുവദിക്കുകയും മുസ്ലിങ്ങളെ ഒഴിവാക്കുകയുംചെയ്‌ത നിയമഭേദഗതി എല്ലാ വിഭാഗം ജനങ്ങളിലും കടുത്ത പ്രതിഷേധം സൃഷ്‌ടിച്ചു. മാനുഷികതയും അഭയാർഥിപ്രശ്‌നം സംബന്ധിച്ച അന്താരാഷ്‌ട്ര ധാരണകളും കാറ്റിൽ പറത്തിയാണ്‌ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നത്‌.  ഇതിനെതിരെ ഉയരുന്ന ജനവികാരത്തെ ചോരയിൽ മുക്കാനാണ്‌ നീക്കം. രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്കുനേരെ ഉയർന്ന വെല്ലുവിളിയെ നേരിടാൻ യുവജനങ്ങളും വിദ്യാർഥികളും കൂടുതലായി തെരുവിൽ ഇറങ്ങുകയാണ്‌.

വിദ്യാർഥികൾ ക്യാമ്പസുകളിൽ നടത്തുന്ന പ്രതിഷേധത്തെ അതിക്രൂരമായി അടിച്ചമർത്തുന്നതിന്റെ വാർത്തകളും ദൃശ്യങ്ങളുമാണ്‌ പുറത്തുവരുന്നത്‌. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന വിദ്യാർഥിവേട്ട ഞെട്ടിപ്പിക്കുന്നതാണ്‌. സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാർഥികളെ  ക്യാമ്പസിനുള്ളിൽ അതിക്രമിച്ചു കയറി പൊലീസ്‌ കടന്നാക്രമിച്ചു. വാഹനങ്ങൾ തീയിട്ടതടക്കം ആക്രമണങ്ങൾ നടന്നത്‌ പൊലീസിന്റെ കൺമുന്നിലായിരുന്നു. ഇത്‌ ദുരൂഹമാണ്‌. അക്രമികളെ രക്ഷപ്പെടാൻ അനുവദിച്ച പൊലീസ്‌, ക്യാമ്പസിൽ കടന്ന്‌ പെൺകുട്ടികളെ ഉൾപ്പെടെ തല്ലി വീഴ്‌ത്തി. നൂറുകണക്കിന്‌ പൊലീസും വിരലിൽ എണ്ണാവുന്ന വിദ്യാർഥികളുമുള്ള സ്ഥലത്ത്‌ എന്തിന്‌ പൊലീസ്‌ കണ്ണീർവാതക ഷെല്ല് പൊട്ടിച്ചുവെന്നാണ്‌ കുട്ടികൾ ചോദിക്കുന്നത്‌.

പൊലീസോ അവർ ഏർപ്പെടുത്തിയ ആളുകളോ ആണ്‌ തീവയ്‌പും അക്രമവും നടത്തിയതെന്ന്‌ വിദ്യാർഥികൾ പറയുന്നു. എന്നിട്ട്‌ വിദ്യാർഥികളുടെ പേരിൽ കലാപശ്രമത്തിനും പൊതുമുതൽ നാശത്തിനും കേസ്‌ എടുക്കുന്നു.

പൊലീസോ അവർ ഏർപ്പെടുത്തിയ ആളുകളോ ആണ്‌ തീവയ്‌പും അക്രമവും നടത്തിയതെന്ന്‌ വിദ്യാർഥികൾ പറയുന്നു. എന്നിട്ട്‌ വിദ്യാർഥികളുടെ പേരിൽ കലാപശ്രമത്തിനും പൊതുമുതൽ നാശത്തിനും കേസ്‌ എടുക്കുന്നു. അലിഗഢ്‌ മുസ്ലിം സർവകലാശാലയിലും സമാനമായ പൊലീസ്‌ അതിക്രമം അരങ്ങേറി. ജാമിയ മിലിയ ക്യാമ്പസ്‌ യുദ്ധക്കളമാക്കിയ പൊലീസ്‌ നടപടിക്കെതിരെ അതിശക്തമായ  പ്രതിഷേധമാണ്‌ ഉയരുന്നത്‌. രാജ്യത്തെ പ്രധാന ക്യാമ്പസുകളിലെല്ലാം രോഷം തിളയ്‌ക്കുകയാണ്‌. തെരുവുകൾ എല്ലാമതങ്ങളെയും ആദരിക്കുന്ന മനുഷ്യസ്‌നേഹികളുടെ സംഗമവേദിയാകുകയാണ്‌. ഇവിടെ അകറ്റിനിർത്തപ്പെടേണ്ടത്‌ മതരാഷ്‌ട്രവാദികളെ മാത്രമാണ്‌.

ജാമിയ മിലിയയിൽ ചെയ്‌ത തെറ്റ്‌ തിരുത്താനല്ല, കൂടുതൽ പ്രാകൃതമായ നിലയിൽ വിദ്യാർഥികളെ ആക്രമിക്കാനാണ്‌ ഡൽഹിയിലും ലഖ്‌നൗവിലും മുംബൈയിലുമൊക്കെ പൊലീസ്‌ തയ്യാറാകുന്നത്‌. എല്ലാ വിഭാഗം ജനങ്ങളും  പ്രതിഷേധ രംഗത്താണെങ്കിലും ഈ സമരത്തെയും മുസ്ലിംവിരുദ്ധതയുടെ കുപ്പായം അണിയിക്കാനാണ്‌ സംഘപരിവാർ ശ്രമിക്കുന്നത്‌. പ്രധാനമന്ത്രി മോഡിതന്നെ അതിന്‌ മുന്നിട്ടിറങ്ങിയത്‌ ഇവരുടെ ഇരുണ്ട മനസ്സ്‌ തുറന്നുകാട്ടി. കലാപം നടത്തുന്നവർ ആരെന്ന്‌ വസ്‌ത്രംകൊണ്ട്‌ തിരിച്ചറിയാം എന്നായിരുന്നു മോഡിയുടെ പ്രസംഗം. ഷർട്ട്‌ ഊരി തെരുവിലിറങ്ങിയാണ്‌ ആയിരങ്ങൾ ഇതിന്‌ മറുപടി നൽകിയത്‌. പേരും ഭക്ഷണവും വസ്‌ത്രവുമെല്ലാം മനുഷ്യരെ വേർതിരിക്കാനുള്ള  ഉപാധിയാണ്‌ മതമൗലിക വാദികൾക്ക്‌. ഇത്തരം സങ്കുചിതത്വത്തിന്‌  വഴങ്ങിക്കൊടുക്കുന്നതല്ല ഇന്ത്യയുടെ മതനിരപേക്ഷ മനസ്സ്‌. 

ബിൽ അവതരിപ്പിക്കുന്ന ഘട്ടംമുതൽ ആശയവ്യക്തതയോടെ പ്രതിരോധം ഉയർത്തിയത്‌ ഇടതുപക്ഷമാണ്‌. പാർലമെന്റിനകത്ത്‌ ആരംഭിച്ച ആ പേരാട്ടം  പുറത്തും ശക്തമായി തുടരുകയാണ്‌

മതംനോക്കി പൗരത്വം അനുവദിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭനിരതന്നെ രാജ്യവ്യാപകമായി ഉയർന്നുകഴിഞ്ഞു.  ലക്ഷക്കണക്കിന്‌ ബഹുജനങ്ങൾ ജാതി–- മത–- വർഗ–- വർണ–- രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഈ സമരത്തിൽ അണിനിരക്കുന്നു. ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി നയിച്ച റാലിയും ഡൽഹിയിൽ പ്രിയങ്ക ഗാന്ധിയുടെ സത്യഗ്രഹവും സമരം വിപുലപ്പെടുന്നതിന്റെ സൂചനയാണ്‌.  ബിൽ അവതരിപ്പിക്കുന്ന ഘട്ടംമുതൽ ആശയവ്യക്തതയോടെ പ്രതിരോധം ഉയർത്തിയത്‌ ഇടതുപക്ഷമാണ്‌. പാർലമെന്റിനകത്ത്‌ ആരംഭിച്ച ആ പേരാട്ടം  പുറത്തും ശക്തമായി തുടരുകയാണ്‌.

ഭരണഘടനാ ലംഘനത്തിനും മതവിവേചനത്തിനുമെതിരെ ഒറ്റമനസ്സായി പ്രതികരിക്കുന്ന കേരളം ഇക്കാര്യത്തിലും പുതിയൊരു മാതൃക മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സാംസ്‌കാരിക ആത്മീയ നേതാക്കളും ഒരുമിച്ചിരുന്ന്‌ തിങ്കളാഴ്‌ച പ്രഖ്യാപിച്ചത്‌  അന്യായം തിരുത്തുംവരെ വിശ്രമമില്ലെന്നാണ്‌. മതവെറിയുടെ രാഷ്‌ട്രീയത്തിനുള്ള മറുപടിയാണ്‌ കൂട്ടായപോരാട്ടം. ന്യൂനപക്ഷ വോട്ടിന്‌ വേണ്ടിയാണിതെന്ന്‌ ആക്ഷേപിക്കുന്ന ബിജെപിയും അവർക്കെതിരെ അങ്കംകുറിക്കുന്ന എസ്‌ഡിപിഐ, വെൽഫെയർപാർടികളും ഒരേ തൂവൽപക്ഷികളാണ്‌. പരസ്‌പരം ശക്തിപ്പെടുത്തുന്നവർ. ജനങ്ങളെ ചേരിതിരിഞ്ഞ്‌ പോരടിപ്പിച്ചാലേ അവർക്ക്‌ നിലനിൽപ്പുള്ളൂ. മുഖ്യധാരാ പാർടികളും സംഘടനകളും എതിർപ്പ്‌ പ്രകടിപ്പിച്ചിട്ടും ഹർത്താൽ പ്രഖ്യാപനത്തിൽനിന്ന്‌ പിന്തിരിയാത്തവർ നാടിന്റെ സമാധാനമല്ല ആഗ്രഹിക്കുന്നത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തിപ്പെടുന്ന ദേശവ്യാപക പോരാട്ടം മത രാഷ്‌ട്രീയത്തിനും ഫാസിസ്‌റ്റ്‌ പ്രവണതകൾക്കുമെതിരായ  പുതിയൊരു ചുവടുവയ്‌പാണ്‌. കശ്‌മീർ, മുത്തലാഖ്‌ തുടങ്ങിയ വിഷയങ്ങളിൽ  ഉണ്ടായതിനേക്കാൾ വർധിച്ച പ്രതിരോധം  പൗരത്വപ്രശ്‌നത്തിൽ ഉയർന്നുവന്നത്‌ ആശാവഹമാണ്‌. ഈ ഐക്യനിര കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top