26 April Friday

അടിച്ചേൽപ്പിക്കുന്ന ഇരട്ട സെൻസറിങ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021



രാഷ്ട്രീയത്തിൽ ഭൂരിപക്ഷത്തിന്റെ വർഗീയ താൽപ്പര്യങ്ങൾക്കും സാമ്പത്തികരംഗത്ത്‌ കോർപറേറ്റ്‌ ലാഭത്തിനും സാംസ്‌കാരിക മണ്ഡലത്തിൽ ഏകശിലാത്മക ചിന്തകൾക്കും കാവൽനിൽക്കുന്ന ഭരണസംവിധാനമാണ്‌ സംഘപരിവാറിന്റേത്‌. ചരിത്രം തിരുത്തിയെഴുതലും പാഠപുസ്‌തക‐ സിലബസ്‌ വക്രീകരണവും സിനിമ‐കലാ മേഖലകളിലെ അധിനിവേശവും കാവിവൽക്കരണവും ഭയാനകമാണ്‌. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ആർഎസ്‌എസ്‌ പ്രചാരകരെ അവരോധിച്ചത്‌ ആ അർഥത്തിൽ നിസ്സാരവുമായിരുന്നില്ല. വിശ്വപ്രസിദ്ധമായ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ അധ്യക്ഷനായി ഗജേന്ദ്ര ചൗഹാനെ തിരുകിക്കയറ്റിയത്‌ വൻ പ്രതിഷേധങ്ങൾക്കും വിദ്യാർഥിപ്രക്ഷോഭത്തിനും ഇടയാക്കിയിരുന്നു. മഹാഭാരതം ടെലിവിഷൻ പരമ്പരയിൽ യുധിഷ്ഠിരന്റെ വേഷംചെയ്‌ത അദ്ദേഹം ബിജെപിക്കാരനാണെന്ന പരിഗണനയിൽമാത്രമായിരുന്നു നിയമനം. മാസങ്ങളോളം സമരവും ക്ലാസ് ബഹിഷ്കരണവും നടന്നു. ഒടുവിൽ അഭിനയപരിശീലനത്തിന്‌ സ്വന്തംസ്ഥാപനം നടത്തുന്ന ബോളിവുഡ്‌ താരം അനുപം ഖേറിനെ കൊണ്ടുവന്നു (ചണ്ഡീഗഢിൽനിന്നുള്ള ബിജെപി ലോക്‌സഭാംഗം കിരൺ ഖേർ അദ്ദേഹത്തിന്റ ഭാര്യയാണ്‌). മോഡി ഗവൺമെന്റിന്റെ മറ്റൊരു ഫലിതമാണ്‌ അനുപമിന്റെ നിയമനമെന്നാണ്‌ പുണെ വിദ്യാർഥി പ്രക്ഷോഭസമിതി നേതാവ് ഹരിശങ്കർ നാച്ചിമുത്തു അന്ന്‌ തുറന്നടിച്ചത്‌.

സെൻസറിങ് സർട്ടിഫിക്കറ്റ്‌ നേടിയ ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതിയിൽ പിടിമുറുക്കാൻ മോഡി സർക്കാർ നടപടികൾ ശക്തമാക്കിയിരിക്കുന്നത്‌ പുതിയ ഭീഷണിയാണ്‌. പരാതി ഉയർന്നാൽ സെൻസർചെയ്ത സിനിമകളും പുനഃപരിശോധിക്കാൻ അധികാരം നൽകുന്ന വ്യവസ്ഥകളോടെയുള്ള സിനിമാട്ടോഗ്രാഫ്‌ (ഭേദഗതി) കരട് നിർദേശം‐ 2021 ആപൽക്കരമായ ആ നീക്കത്തിന്റെ ഭാഗവും. നിർദിഷ്ട ബിൽ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ഇൻഫർമേഷൻ ആൻഡ്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ മന്ത്രാലയം വെള്ളിയാഴ്‌ച അവസാനിപ്പിച്ചു. പ്രദർശനത്തിന്‌ അനുമതി ലഭിച്ച സിനിമകൾക്കെതിരെ ഏതെങ്കിലും പരാതി ഉയർന്നാൽ അവ പുനഃപരിശോധിക്കാൻ സർക്കാരിന്‌ അധികാരം നൽകുന്ന ഉപവകുപ്പാണ്‌ കരടുബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്‌. നിയമമാകുന്നതോടെ സെൻസർ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തടയാനും ചിലത് തിരുത്താനും കഴിയും. അതോടെ ആ സംവിധാനം പല്ലുകൊഴിഞ്ഞ അവസ്ഥയിലാകും. അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ വിലങ്ങിടുന്ന സെൻസറിങ്‌ ജനാധിപത്യത്തിൽ അത്യപൂർവമായിമാത്രം പ്രയോഗിക്കേണ്ടതാണ്‌. ബ്രിട്ടീഷ്‌ ഭരണം സിനിമാട്ടോഗ്രാഫ്‌ നിയമത്തിന്‌ രൂപംനൽകുന്നത്‌ ആ മാധ്യമത്തിന്റെ ശേഷി തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ സിനിമയുടെ ഉള്ളടക്കം നേരിട്ട്‌ നിയന്ത്രിക്കാതെ സെൻസർ ബോർഡ്‌ സംവിധാനം(സെൻട്രൽ ബോർഡ്‌ ഓഫ്‌ ഫിലിം സർട്ടിഫിക്കേഷൻ) നടപ്പാക്കി. 1952ലെ സിനിമാട്ടോഗ്രാഫ്‌ നിയമം ആറാം വകുപ്പുപ്രകാരം പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ സിനിമകൾക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകിയ നടപടിക്രമങ്ങളുടെ രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാൻ കേന്ദ്രത്തിന്‌ അധികാരമുണ്ട്‌. ബോർഡിന്‌ വീഴ്‌ച സംഭവിച്ചതായി കണ്ടാൽ തീരുമാനം പിൻവലിക്കാൻ ഗവൺമെന്റിന്‌ അധികാരം നൽകുന്നതാണ്‌ ആ വകുപ്പ്‌. സർട്ടിഫിക്കറ്റ്‌ അനുവദിച്ച സിനിമകൾ പുനഃപരിശോധിക്കാനുള്ള ബലപ്രയോഗം അംഗീകരിക്കാനാകില്ലെന്ന്‌ 2000 നവംബറിൽ കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്‌. പിന്നീട്‌ സുപ്രീംകോടതിയും ആ ഉത്തരവ്‌ ശരിവച്ചു. ഈ പശ്ചാത്തലത്തിലാണ്‌ കരടുബില്ലിൽ ‘പുനഃപരിശോധനാ അധികാരം’ പുനഃസ്ഥാപിക്കുന്ന വ്യവസ്ഥ ചേർത്തത്‌.

നിലവിലുള്ള സെൻസറിങ്‌തന്നെ ജനാധിപത്യ, ബഹുസ്വര സമൂഹത്തിൽ ആവശ്യമില്ലെന്നാണ്‌ പല ചലച്ചിത്ര പ്രതിഭകളുടെയും സുവ്യക്തമായ അഭിപ്രായം. ആ സ്ഥിതിയിൽ പുതിയ നീക്കം കലാമേഖലയെ തീർച്ചയായും പതിറ്റാണ്ടുകൾ പിന്നോട്ടേക്ക്‌ പിടിച്ചുവലിക്കുമെന്നത്‌ തീർച്ച. ഭരണവർഗ പാർടിക്കാരുടെ പിണിയാളുകളായ താരങ്ങളുടെയും നിരൂപകരുടെയും മറ്റും ഇരിപ്പിടമാക്കി കേന്ദ്രം സെൻസർ ബോർഡുകളെ ദുരുപയോഗം ചെയ്യുന്നത്‌ ഏഴു പതിറ്റാണ്ടായുള്ള പതിവാണ്‌. അവർ ചില ഭാഗങ്ങൾ യുക്തിരഹിതമായി മുറിച്ചുമാറ്റുകയോ സെൻസർ സർട്ടിഫിക്കറ്റ്‌ തടഞ്ഞുവയ്‌ക്കുകയോ ചെയ്യും. ആ ഘട്ടങ്ങളിലെല്ലാം ചലച്ചിത്രപ്രവർത്തകർക്ക്‌ തുണയായത്‌ പരമോന്നത നീതിപീഠവും അപ്പലേറ്റ്‌ ട്രിബ്യൂണലുമാണ്‌. എന്നാൽ, 2021 ഏപ്രിലിൽ അത്‌ നിർത്തലാക്കിയതോടെ ആ കൈത്താങ്ങും ഇല്ലാതായി. ഭേദഗതി ബില്ലിലൂടെ സുപ്രീംകോടതിയുടെ പല സുപ്രധാന വിധികളുടെയും നിരീക്ഷണങ്ങളുടെയും ഇടപെടൽശക്തി ദുർബലമാക്കുകയാണ്‌. അമിതാഭ്‌ ബച്ചനും ദീപികാ പദുക്കോണും പ്രധാന കഥാപാത്രങ്ങളായി പ്രകാശ്‌ ഝാ സംവിധാനംചെയ്‌ത ‘ആരക്ഷൺ’ ഹിന്ദി സിനിമ മുൻനിർത്തിയുള്ള സുപ്രീംകോടതി വിധി ശ്രദ്ധേയമാണ്‌. ജാതിസംവരണം പ്രതിപാദിച്ച അത്‌ 2011 ആഗസ്‌ത്‌ 12 നാണ്‌ റിലീസായത്‌. ചിലരുടെ ഭീഷണി മറയാക്കി ഉത്തർപ്രദേശ്‌, പഞ്ചാബ്‌, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങളിൽ ചിത്രം നിരോധിക്കുകയുണ്ടായി. തടസ്സം നീക്കിയ സുപ്രീംകോടതി, ‘‘ഒരുപ്രാവശ്യം ഏതെങ്കിലും സിനിമയ്‌ക്ക്‌ പ്രദർശനാനുമതി ലഭിച്ചുകഴിഞ്ഞാൽ തൊടുന്യായങ്ങൾ നിരത്തി തടസ്സപ്പെടുത്തുന്നത്‌ അനുവദനീയമല്ല’’ എന്നായിരുന്നു നിരീക്ഷിച്ചത്‌. 2013 ജനുവരി 25ന്‌ ഇറങ്ങിയ കമൽഹാസന്റെ ‘വിശ്വരൂപം’ തമിഴ്‌നാട്‌ ഗവൺമെന്റ്‌ നിരോധിച്ച പശ്‌ചാത്തലത്തിൽ കേന്ദ്രം ജസ്‌റ്റിസ്‌ മുകുൾ മുദ്‌ഗലിനെ അധ്യക്ഷനാക്കി കമ്മിറ്റിക്ക്‌ രൂപംനൽകുകയുണ്ടായി. 2016ൽ വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌ ഊന്നൽ നൽകി ഇരു കമ്മിറ്റിയും സമർപ്പിച്ച റിപ്പോർട്ടുകൾ പൊടിപിടിച്ചു കിടക്കുമ്പോഴാണ്‌ ചലച്ചിത്രമേഖലയുടെ കഴുത്തു ഞെരുക്കുന്ന നിയമം ചുട്ടെടുക്കാൻ ധൃതിപ്പെടുന്നത്‌. ഇരട്ട സെൻസറിങ്‌ ലക്ഷ്യമിടുന്ന ഈ നീക്കത്തിനെതിരെ സാംസ്‌കാരികലോകം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top