27 April Saturday

ഭയത്തോടെമാത്രം ജീവിക്കേണ്ട രാജ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


സ്വന്തം അമ്മയുടെ മൃതദേഹം പൊതുശ്മശാനത്തിലോ വീട്ടുമുറ്റത്തോ സംസ്കരിക്കാൻ കഴിയാതെ സങ്കടപ്പെട്ടും ഭയന്നും ഓടിനടക്കേണ്ടിവന്ന ഒരു മകന്റെയും മകളുടെയും ദയനീയ സ്ഥിതി ഞങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഒടുവിൽ, എങ്ങനെയൊക്കെയോ ആ സഹോദരങ്ങൾ വീടിനോടു ചേർന്ന് അമ്മയുടെ മൃതദേഹം സംസ്കരിച്ച് ജീവനും കൊണ്ടോടിയതിനു പിന്നാലെ  പൊലീസും സംഘപരിവാറുകാരും ചേർന്ന് കുഴിമാന്തി  മൃതദേഹം മാറ്റി. അമ്മ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചെന്ന ഒറ്റക്കാരണത്താലാണ് ആദിവാസികൾക്കായുള്ള ശ്മശാനത്തിലോ വീട്ടുപറമ്പിലോ ആറടി മണ്ണ് നിഷേധിക്കപ്പെട്ടത്. ചേത്തിഭായി എന്ന ആ അമ്മയുടെ മൃതദേഹം അവിടെ സംസ്കരിച്ചാൽ മണ്ണ്  അശുദ്ധമാകുമെന്നും തങ്ങളുടെ ദേവന്മാർ അതു സഹിക്കില്ലെന്നും ഗ്രാമത്തലവനും പ്രമാണിമാരും അലറി.

കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ ഭരിക്കുന്ന ഛത്തീസ്ഗഢിൽ ബിജെപിയും സംഘപരിവാറും ക്രൈസ്തവ വിശ്വാസികൾക്കുനേരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിലും ഭീഷണികളിലും ഒന്നു മാത്രമാണ്‌ ഇത്. മുകേഷും യോഗേശ്വരിയും ശ്മശാനത്തിലേക്ക് അമ്മയുടെ മൃതദേഹവുമായി എത്തിയപ്പോൾ മതത്തിന്റെ പേരിൽ അവരെ ഭീഷണിപ്പെടുത്താൻ സംഘപരിവാർ പ്രമാണിമാർക്കൊപ്പം ഗ്രാമത്തലവനും പൊലീസും ഉണ്ടായിരുന്നുവെന്നത് വിചിത്രംതന്നെ.  ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാർക്കും വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നുണ്ട്.  പൗരന് ഏതു മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അനുമതിയുമുണ്ട്.  അതേസമയം, മതപരമായ ഒരു വിവേചനവും  ഭരണഘടന അനുവദിക്കുന്നുമില്ല.

അങ്ങനെയൊരു രാജ്യത്താണ്, ക്രൈസ്തവ വിശ്വാസിയാണെന്നു പറഞ്ഞ് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത്.
ഛത്തീസ്ഗഢിൽ മാസങ്ങളായി ദിനേനയെന്നോണം ക്രൈസ്തവർക്കെതിരെ ആക്രമണം തുടരുകയാണ്. സ്ത്രീകളും കുട്ടികളുമെല്ലാം സംഘപരിവാർ ആക്രമണത്തിനു വിധേയരാകുന്നു. സ്ത്രീകളെ അർധനഗ്നരാക്കി ആൾക്കൂട്ടത്തിനു മുന്നിൽ പ്രദർശിപ്പിക്കലടക്കം നടക്കുന്നു. പള്ളികൾ ആക്രമിച്ച് അൾത്താരയിലെ യേശുവിന്റെ രൂപംപോലും എടുത്തെറിഞ്ഞു. ഒന്നും കണ്ടില്ലെന്നു നടിച്ചും കണ്ടതെല്ലാം നിസ്സാരവൽക്കരിച്ചും അധികൃതർ ഒരുനടപടിക്കും മുതിരാതെ മൗനംപാലിക്കുന്നു. ഛത്തീസ്ഗഢിൽ എത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനു മുന്നിൽ ക്രൈസ്തവർ വിവരിച്ചത് എണ്ണമറ്റ പീഡനങ്ങൾ. അക്ഷരാർഥത്തിൽ ക്രൈസ്തവ വേട്ടയാണ് അവിടെ നടക്കുന്നത്. രാജ്യത്ത്, ഹിന്ദുക്കൾ അല്ലാത്തവർ, പ്രത്യേകിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഭയത്തോടെമാത്രം ജീവിക്കേണ്ടുന്ന അവസ്ഥയിൽ കാര്യങ്ങൾ  എത്തിയിരിക്കുന്നുവെന്ന് വെളിപ്പെടുന്നതാണ് ആ സംഭവങ്ങൾ. വടക്കൻ ബസ്തറിലെ കാങ്കെർ, കൊഡഗാവ്, നാരായൺപുർ ജില്ലകളിലാണ് ക്രൈസ്തവ വിശ്വാസികൾ വ്യാപകമായി ആക്രമണങ്ങൾക്ക് ഇരയാകുന്നത്.

അനേകം ശിരസ്സുകളുള്ള സംഘപരിവാർ വിഷസർപ്പങ്ങൾ രാജ്യത്ത് പത്തി വിടർത്തിയാടുകയാണെന്ന് ആവർത്തിച്ച് വെളിപ്പെടുത്തുന്നതാണ് ഈ സംഭവങ്ങൾ. ഹിന്ദുത്വ ഫാസിസത്തിന്റെ കരാളമുഖങ്ങൾ  ദിവസവും രാജ്യം കാണുന്നുണ്ട്. 1992ൽ ബാബ്‌റി മസ്ജിദ് പൊളിച്ചശേഷം ഹിന്ദുത്വ മതമൗലികവാദവും മുസ്ലിം ക്രിസ്ത്യൻ വിരോധവും ഭ്രാന്തവേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യാ പരീക്ഷണം ഇതിന്റെ ഭാഗമായിരുന്നു. വംശഹത്യയിൽ മോദിയുടെ നേരിട്ടുള്ള പങ്ക് ബിബിസിയടക്കം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 2014ൽ മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ സംഘപരിവാർ ഉറഞ്ഞുതുള്ളുകയാണ്.  അയോധ്യയിലെ മസ്ജിദ് പൊളിക്കുന്നതിൽ സംഘപരിവാറിന്‌ ഉണ്ടായ വിജയവും അത് തടയുന്നതിനും നിയമവാഴ്ച സംരക്ഷിക്കുന്നതിനും അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു പരാജയപ്പെട്ടതുമാണ് ഇന്ത്യയെ ഈ സ്ഥിതിയിൽ എത്തിച്ചത്. അയോധ്യയിൽ ശിലാന്യാസം അനുവദിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് എന്നതും ചേർത്തുവായിക്കാം. ഇപ്പോൾ, ചത്തീസ്ഗഢിൽ ക്രൈസ്തവ വേട്ട നടക്കുമ്പോൾ കോൺഗ്രസ് സർക്കാർ ഹിന്ദുത്വശക്തികളുമായി ഒത്തുകളിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു.

രാജ്യം അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്  വെളിപ്പെടുത്തുന്നതാണ് മുകളിൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം.  ഓരോ പൗരനും ഇത് മനസ്സിലാക്കേണ്ടതുണ്ട്.  ജനങ്ങളുടെ പ്രതികരണശേഷിയെ, സർഗശക്തിയെ, പ്രതിഷേധത്തിന്റെ അഗ്നിജ്വാലകളെ  വിസ്ഫോടകമായ തലത്തിലേക്ക് വളർത്തി ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരായ  പോരാട്ടം ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top