25 April Thursday

ഇന്ത്യൻ ധനമേഖലയിൽ സംഭവിക്കുന്നത്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 23, 2022


രാജ്യത്തെ ബാങ്കുകളുടെ പക്കൽ ജനങ്ങളുടെ സമ്പാദ്യമായി 165 ലക്ഷംകോടി രൂപയുണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്ത്യയുടെ ധനമേഖല വലിയതോതിൽ സമ്പന്നമാണെന്ന് ചുരുക്കം.  ലാഭാർത്തിയോടെ പരക്കംപായുന്ന ആഗോള ധനമൂലധന ശക്തികളും ഇന്ത്യൻ കോർപറേറ്റ് മുതലാളിമാരും എപ്പോഴും കണ്ണുവയ്ക്കുന്നത്  ഈ പണത്തിലാണ്‌. ഈ പണം കോർപറേറ്റ് മുതലാളിമാർക്ക് കൊള്ളയടിക്കാൻ വഴിയൊരുക്കുന്ന ഒരു ഗവൺമെന്റ് കൂടിയുണ്ടെങ്കിൽ അവരുടെ  ലക്ഷ്യം അനായാസം സാധിക്കാം. കോൺഗ്രസ് ഭരിച്ചപ്പോഴും എട്ടു വർഷത്തോളമായി ബിജെപി ഭരിക്കുമ്പോഴും ഈ കൊള്ള തുടർക്കഥ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഗുജറാത്തിലെ സ്വകാര്യ കപ്പൽ നിർമാണക്കമ്പനി എബിജി ഷിപ്‌യാർഡ്  22,842 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതും ദേശീയ ഓഹരി വിപണിയിൽ നടന്ന കോടികളുടെ തിരിമറിയും. ഓഹരി വിപണികളിലേക്ക് ഒഴുകുന്നതും പലപ്പോഴും ബാങ്ക്‌ പണംതന്നെ.

രണ്ടു സംഭവത്തിലും രാജ്യത്തെ പ്രധാന  അന്വേഷണ ഏജൻസിയായ സിബിഐയുടെ ഗുരുതര വീഴ്ചയുമുണ്ട്. എബിജിയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് 2019 നവംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് പരാതി നൽകിയിരുന്നു.  പക്ഷേ, എഫ്ഐആർ സമർപ്പിച്ചത് ഈ ഫെബ്രുവരിയിൽമാത്രം. ദേശീയ ഓഹരി വിപണിയിൽനിന്ന് രഹസ്യവിവരങ്ങളടക്കം ചോരുന്നുവെന്ന പരാതിയിൽ 2018ൽ സിബിഐ കേസെടുത്തിരുന്നു. എന്നാൽ, സിബിഐ അനങ്ങിയത് കഴിഞ്ഞ ദിവസംമാത്രം. ദേശീയ ഓഹരി വിപണിയിലെ (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്–-എൻഎസ്‌ഇ) വെട്ടിപ്പും ക്രമക്കേടുകളും തടയുന്നതിൽ  വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്കും (സെബി) വലിയ വീഴ്ചയുണ്ട്. ക്രമക്കേടുകളെക്കുറിച്ച്‌ സെബി വർഷങ്ങളായി അന്വേഷിക്കുകയാണ്. പക്ഷേ, ഗൗരവമായ ഒരു നടപടിയുമുണ്ടായില്ല. നിക്ഷേപകരുടെ, പ്രത്യേകിച്ച് ചെറുകിട നിക്ഷേപകരുടെ പണവും താൽപ്പര്യവും സംരക്ഷിക്കേണ്ടത് സെബിയുടെ  ഉത്തരവാദിത്വമാണ്. അതുണ്ടായില്ല.

എൻഎസ്ഇയുടെ  എംഡിയും ചീഫ്  എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ചിത്ര രാമകൃഷ്ണയുടെ നേതൃത്വത്തിലാണ് വിപണിയിൽ തോന്ന്യാസങ്ങൾ അരങ്ങേറിയത്. 20 വർഷത്തോളമായി ഒരു "ഹിമാലയൻ സ്വാമി'യുടെ നിർദേശപ്രകാരമാണത്രേ ഇവർ പ്രവർത്തിച്ചത്.  ചിത്ര എംഡിയായിരുന്ന 2013-–-16ൽ, ധനമേഖലയെക്കുറിച്ചോ  ഓഹരി വിപണിയെക്കുറിച്ചോ ഒന്നുമറിയാത്ത ആനന്ദ് സുബ്രഹ്മണ്യൻ എന്നൊരാളെ മുഖ്യചുമതലയിൽ  നിയമിച്ചാണ് കള്ളക്കളികൾ പലതും നടന്നിരിക്കുന്നത്.  ഇ–മെയിൽ വഴി സ്വാമിയുടെ നിർദേശങ്ങൾ ചിത്രയ്‌ക്ക് ലഭിച്ചുകൊണ്ടിരുന്നു. ഈ അജ്ഞാത സ്വാമി ആനന്ദ് സുബ്രഹ്മണ്യൻ തന്നെയോ അതോ മറ്റാരെങ്കിലുമാണോ എന്ന്‌ ഇനിയും സ്‌ഥിരീകരിക്കേണ്ടതുണ്ട്‌. ആനന്ദിന്റെ നിയമനത്തെകുറിച്ച്‌  വർഷങ്ങൾക്കു മുന്നേതന്നെ സെബിക്ക് പരാതി കിട്ടിയെങ്കിലും നടപടിയുണ്ടായില്ല. എൻഎസ്ഇയുടെ മറ്റൊരു മുൻ എംഡി  രവി നരൈനും ചിത്രയ്‌ക്കും ആനന്ദ് സുബ്രഹ്മണ്യനുമൊപ്പം പ്രതിക്കൂട്ടിലുണ്ട്.

കൈയിൽ പണമുള്ളവരെല്ലാം ബാങ്കിലും മറ്റും നിക്ഷേപിക്കാതെ ഓഹരി വിപണിയിൽ എറിയുന്നൊരു സാഹചര്യം രാജ്യത്തുണ്ട്.  ഊഹക്കച്ചവടത്തിലൂടെ ലാഭം കൊയ്യാമെന്ന വ്യാമോഹമാണ് ഈ പ്രവണതയ്‌ക്ക് കാരണം.  ലാഭമാണഖിലസാരമൂഴിയിൽ എന്ന ജീവമന്ത്രത്തോടെ  പായുന്ന ധനമൂലധനത്തിന്റെ ചൂതാട്ടമാണ് അവിടെ നടക്കുന്നതെന്നറിയാതെ പണം മുടക്കുന്ന ചെറുകിട നിക്ഷേപകർക്കാണ് ഈ ചൂതുകളിയിൽ  നഷ്ടമുണ്ടാകുക.  ദേശീയ ഓഹരി വിപണിയിൽ അരങ്ങേറിയ ചൂതുകളിയിലും നഷ്ടം സംഭവിച്ചത് ഇവർക്കാകും.

വജ്ര വ്യാപാരികളായ നീരവ് മോഡിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിനെ ജാമ്യം നിർത്തി 13,500 കോടി തട്ടിച്ചതിനുശേഷം പുറത്തുവരുന്ന വൻ വായ്‌പ കുംഭകോണമാണ് എബിജി ഷിപ്‌യാർഡിന്റേത്. ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള  ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന്  വായ്പയായി എടുത്ത കോടികൾ കമ്പനി മുതലാളിമാർ അപഹരിക്കുകയായിരുന്നു. 2011–---12 വരെ വലിയ ലാഭം കാണിച്ച കമ്പനി പിന്നീട് നഷ്ടങ്ങളുടെ കഥ പറഞ്ഞു തുടങ്ങി. വായ്പയുടെ തിരിച്ചടവും നിലച്ചു.  2013ൽ വായ്‌പ കിട്ടാക്കടമായി പ്രഖ്യാപിച്ച്, കൺസോർഷ്യത്തിൽ അംഗമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമ നടപടി തുടങ്ങി. എസ്ബിഐക്ക് പോയത് 2925 കോടി രൂപ. ഐസിഐസിഐക്ക് 7089 കോടിയും ഐഡിബിഐക്ക് 3639 കോടിയും പോയി. കൺസോർഷ്യത്തിലെ മറ്റു ബാങ്കുകൾക്കും കോടികൾ നഷ്ടപ്പെട്ടു. എസ്ബിഐ സിബിഐയെ പലവട്ടം സമീപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലെ കമ്പനിക്കെതിരെ അവർ അനങ്ങിയില്ല.

ബാങ്കുകളിൽനിന്ന് വൻ തുക വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാത്തവരുടെ പേരുവിവരങ്ങൾ രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായിരിക്കെ പ്രധാനമന്ത്രി കാര്യാലയത്തിനും ധനമന്ത്രാലയത്തിനും നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെന്നു മാത്രമല്ല, വമ്പന്മാരുടെ കൈയിൽനിന്ന്‌ പണം തിരിച്ചു പിടിക്കുന്നതിനു പകരം വായ്‌പ എഴുതിത്തള്ളലാണ് പലപ്പോഴും നടന്നത്. ഇങ്ങനെ എത്രയോ തട്ടിപ്പും എഴുതിത്തള്ളലും നടന്നിരിക്കുന്നു. എബിജിയുടെ വായ്‌പ തട്ടിപ്പും ഈ വഴിയിൽത്തന്നെയാകും. രാജ്യത്തിന്റെ ബാങ്കിങ് - ധനമേഖലയിലുള്ള പണവിഭവം ഉൽപ്പാദന,- തൊഴിൽ മേഖലകളിലേക്ക് തിരിച്ചുവിടാതെ കോർപറേറ്റ് മേഖലയ്‌ക്ക് കൊള്ളയടിക്കാൻ അവസരം നൽകുന്നു. ഇതാണ് ഇന്ത്യയുടെ ധനമേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top