29 March Friday

തയ്‌വാനിൽ യുഎസ്‌ കുതന്ത്രം

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


അമേരിക്കൻ സ്‌പീക്കർ നാൻസി പെലോസി തയ്‌വാനിൽ നടത്തിയ സന്ദർശനം ഏഷ്യ പസഫിക്‌ മേഖലയിൽ സംഘർഷത്തിന്‌ വഴി തുറന്നിരിക്കുകയാണ്‌. ചൈനയുടെ എതിർപ്പും മുന്നറിയിപ്പും അവഗണിച്ചാണ്‌ അവർ തയ്‌വാനിലെത്തിയത്‌. തയ്‌വാനിൽ ജനാധിപത്യം സംരക്ഷിക്കാനും മേഖലയിൽ സമാധാനം ഉറപ്പാക്കാനുമാണ്‌ സന്ദർശനം എന്നാണ്‌ അവർ അവകാശപ്പെട്ടത്‌. തയ്‌വാൻ വിഷയത്തിൽ അമേരിക്ക നാലു പതിറ്റാണ്ടിലധികമായി തുടരുന്ന ‘തന്ത്രപരമായ ദുരൂഹത’ ഈ സന്ദർശനവിഷയത്തിലും ആവർത്തിച്ചു. അമേരിക്കൻ സർക്കാരിന്റെ രണ്ടു ശാഖയിൽ ഒന്നായ കോൺഗ്രസിന്റെ ഭാഗമാണ്‌ സ്‌പീക്കർ. അതിനാൽ, പ്രസിഡന്റിന്‌ ഇടപെടാനാകില്ല എന്നാണ്‌ വൈറ്റ്‌ഹൗസ്‌ നിലപാടെടുത്തത്‌. എന്നാൽ, സ്‌പീക്കറുടെ തയ്‌വാൻ സന്ദർശനം ഈ ഘട്ടത്തിൽ അനുചിതമാണെന്ന്‌ വൈറ്റ്‌ഹൗസും അമേരിക്കൻ സൈന്യവും പറഞ്ഞിരുന്നു. 25 വർഷംമുമ്പ്‌ അന്നത്തെ റിപ്പബ്ലിക്കൻ സ്‌പീക്കർ ന്യൂട്ട്‌ ഗാങ്‌ഗ്രിച്ചാണ്‌ ഇതിനുമുമ്പ്‌ തയ്‌വാൻ സന്ദർശിച്ച ഉന്നത യുഎസ്‌ നേതാവ്‌.

തയ്‌വാൻ ചൈനയുടെ ഭാഗമാണെന്ന്‌ അമേരിക്കയും ഇന്ത്യയുമടക്കം ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുന്നുണ്ട്‌. തയ്‌വാന്റെ ഔദ്യോഗികനാമം ഇപ്പോഴും ‘റിപ്പബ്ലിക്‌ ഓഫ്‌ ചൈന’ എന്നാണ്‌. തയ്‌വാൻ ജനസംഖ്യയിൽ 85 ശതമാനം ചൈനീസ്‌ ഹാൻ വംശജരാണ്‌. 1949ൽ ആഭ്യന്തരയുദ്ധത്തിൽ കമ്യൂണിസ്റ്റുകാരോട്‌ പരാജയപ്പെട്ട്‌ കുമിന്താങ്ങുകൾ തയ്‌വാനാണ്‌ ചൈനീസ്‌ സർക്കാരിന്റെ ആസ്ഥാനം എന്നവകാശപ്പെട്ടാണ്‌ അവിടം ഭരിച്ചത്‌. പോയപോക്കിൽ ചൈനയുടെ അന്നത്തെ മുഴുവൻ കരുതൽ സ്വർണശേഖരവും കുമിന്താങ്ങുകൾ തയ്‌വാനിലേക്ക്‌ കടത്തിയിരുന്നു. യുഎന്നിലും രക്ഷാസമിതിയിലും ചൈന എന്ന പേരിൽ തയ്‌വാനായിരുന്നു അംഗത്വം. രണ്ടു പതിറ്റാണ്ടിനുശേഷമാണ്‌ ജനകീയ ചൈനയാണ്‌ യഥാർഥ ചൈന എന്ന്‌ അമേരിക്കയും കൂട്ടാളികളും അംഗീകരിച്ചത്‌. 1971ൽ ചൈന യുഎന്നിലും രക്ഷാസമിതിയിലും അംഗമായി.

ചൈന ഒന്നേയുള്ളൂ, അത്‌ ജനകീയ ചൈനയാണ്‌ എന്ന ഏകചൈനാ നയമാണ്‌ അമേരിക്കയുടേതെന്നാണ്‌ ബൈഡൻ സർക്കാരും പറയുന്നത്‌. പിന്നെ എന്തിനാണ്‌ ചൈനയുടെ അനുമതിയില്ലാതെ യുഎസ്‌ ഡെമോക്രാറ്റിക്‌ സ്‌പീക്കർ തയ്‌വാൻ സന്ദർശിച്ച്‌ പ്രകോപനമുണ്ടാക്കിയത്‌ എന്നാണ്‌ ഉയരുന്ന ചോദ്യം. ഇതിനുത്തരം അമേരിക്കയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിലും അവരുടെ സാമ്രാജ്യത്വ അതിമോഹത്തിലുമാണ്‌ കാണാനാവുക. മൂന്നു മാസം കഴിഞ്ഞ്‌ അമേരിക്കൻ കോൺഗ്രസിലേക്ക്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. നാൻസി അധ്യക്ഷയായ പ്രതിനിധിസഭയിലേക്കും നൂറംഗ സെനറ്റിലെ മൂന്നിലൊന്ന്‌ സീറ്റിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 435 സീറ്റുള്ള പ്രതിനിധിസഭയിൽ ബൈഡന്റെയും നാൻസി പെലോസിയുടെയും മറ്റും ഡെമോക്രാറ്റിക്‌ പാർടിയുടെ കാര്യം പരുങ്ങലിലാണ്‌. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക്‌ ഭൂരിപക്ഷം കാര്യമായി കുറഞ്ഞിരുന്നു. അതിനിയും കുറഞ്ഞാൽ നാൻസി പെലോസിക്ക്‌ സ്‌പീക്കറായി തുടരാനാകില്ല. സെനറ്റിൽ ഇരുപക്ഷത്തിനും നിലവിൽ ഒപ്പത്തിനൊപ്പമാണ്‌ ബലം. വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്റെ കാസ്റ്റിങ്‌ വോട്ടിലും രണ്ടു സ്വതന്ത്രരുടെ പിന്തുണയിലുമാണ്‌ സെനറ്റിൽ ഡെമോക്രാറ്റിക്‌ പാർടി പിടിച്ചുനിൽക്കുന്നത്‌. കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്‌ ട്രംപ്‌ ഏഴു കോടിയിലധികം വോട്ട്‌ നേടിയിരുന്നു. ഇതിനുമുമ്പ് ഒരിക്കലും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഒരു വിജയിക്കുപോലും അത്ര വോട്ട്‌ ലഭിച്ചിട്ടില്ല. അമേരിക്കയിൽ തീവ്ര വലതുപക്ഷം എത്ര ശക്തമാണ്‌ എന്ന്‌ വ്യക്തമാക്കുന്നതായിരുന്നു 2020ലെ ഫലം. രണ്ടു വർഷത്തിനിടയിൽ അതിൽ എന്തെങ്കിലും കുറവുണ്ടായതായി സൂചനയില്ല. എന്നാൽ, ഡെമോക്രാറ്റുകൾക്ക്‌ ഭരണപരാജയം കാരണം ശോഷണത്തിന്‌ സാധ്യതയുണ്ട്‌. ഈ സാഹചര്യത്തിൽ ചൈനാവിരോധം വളർത്തി തീവ്രവലതുപക്ഷത്തിൽ ഒരുവിഭാഗത്തെ ആകർഷിക്കാനാണ്‌ ഡെമോക്രാറ്റുകളുടെ നീക്കം. കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപ്‌ കളിച്ച കളിയുടെ ആവർത്തനം.

തയ്‌വാനെ അമേരിക്ക ഒരിക്കലും ഉപേക്ഷിക്കില്ലെന്നാണ്‌ ബുധനാഴ്‌ച അവിടെനിന്ന്‌ മടങ്ങുംമുമ്പ്‌ നാൻസി പെലോസി പ്രഖ്യാപിച്ചത്‌. താലിബാനെ അഫ്‌ഗാൻ ഭരണമേൽപ്പിച്ച്‌ തടിയൂരിയതിന്റെ ഒന്നാം വാർഷികത്തിന്റെ പിറ്റേന്നാണ്‌ ഈ പ്രഖ്യാപനം നടത്താൻ യുഎസ്‌ സ്‌പീക്കർ തയ്‌വാനിൽ എത്തിയത്‌. ചൈനയുമായി പുനരേകീകരണത്തിന്‌ വാദിക്കുന്ന വലിയവിഭാഗം തയ്‌വാനിലുണ്ട്‌. 2015ൽ ഷീ ജിൻ പിങ്ങും അന്നത്തെ തയ്‌വാൻ ഭരണാധികാരി മാ യിങ്‌ ജൂവും തമ്മിൽ സിംഗപ്പുരിൽ കൂടിക്കാഴ്‌ച നടത്തി സാമ്പത്തിക സഹകരണ കരാർ ഒപ്പിട്ടിരുന്നു. ചൈനയെ അനുകൂലിക്കുന്നവരുടെ പ്രതിഷേധത്തിനിടെയാണ്‌ നാൻസി പെലോസി വന്നുപോയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top