26 April Friday

തോൽക്കില്ല; കരുത്തോടെ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ചരിത്രനേട്ടം ചന്ദ്രന്റെ 2.1 കിലോമീറ്റർ അകലെവച്ച് കൈമോശം വന്നുവെങ്കിലും ചാന്ദ്രയാൻ രണ്ട് പരാജയപ്പെട്ടുവെന്നോ ചാന്ദ്രദൗത്യങ്ങൾക്ക് അവസാനമായെന്നോ ആരും വിലയിരുത്തുമെന്ന് തോന്നുന്നില്ല. അത്തരം വിലയിരുത്തലുകൾ ശാസ്ത്രവിരുദ്ധവുമാണ്. കാരണം നിരവധി പരാജയപ്പെട്ട പരീക്ഷണങ്ങളിലൂടെയാണ് ലോകത്തെ മാറ്റിമറിച്ച പല ശാസ്ത്രനേട്ടങ്ങളും എത്തിപ്പിടിക്കാനായത്. ചില തോൽവികൾക്ക് വിജയത്തോളംതന്നെ തിളക്കമുണ്ടായിരിക്കും. 37 ശതമാനം മാത്രം വിജയസാധ്യതയുള്ള ചാന്ദ്രയാൻ രണ്ട് ദൗത്യം 95 ശതമാനവും വിജയമാക്കിയതിനു പിന്നിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ സമർപ്പണവും കഠിനാധ്വാനവും ഉണ്ട്. അതുകൊണ്ടുതന്നെ അവർ രാജ്യത്തിന്റെ അഭിനന്ദനമർഹിക്കുന്നു. രാഷ്ട്രപതിമുതൽ എല്ലാവരും പറഞ്ഞതും അതു തന്നെയാണ്.

ആറ് ദശകങ്ങളായി തുടരുന്ന ചാന്ദ്രദൗത്യങ്ങളിലൂടെ കണ്ണോടിച്ചാൽ 40 ശതമാനം ദൗത്യങ്ങളും പരാജയപ്പെട്ടതായി കാണാം. 60 ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. 109 ചാന്ദ്രദൗത്യങ്ങളിൽ വിജയിച്ചത് 61 എണ്ണം മാത്രം. എന്നാൽ, മൂൺ ലാൻഡർ ദൗത്യങ്ങളിൽ പകുതിയോളവും പരാജയപ്പെടുകയായിരുന്നു. 33 ലാൻഡർ ദൗത്യങ്ങളിൽ 16 എണ്ണം മാത്രമാണ് വിജയിച്ചത്. 11 ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെട്ടശേഷമാണ് റഷ്യക്ക് ആദ്യ ലാൻഡറായ ലൂണ 9 വിജയിപ്പിക്കാനായത്. അമേരിക്കയുടെ മൂന്ന് ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെടുകയുണ്ടായി. ഏറ്റവും അവസാനമായി ഇസ്രയേലിന്റെ ബെറെഷിറ്റ് ലാൻഡിങ്ങിനിടെ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ലാൻഡർ ദൗത്യം പരാജയപ്പെട്ടത് വലിയ തിരിച്ചടിയൊന്നുമല്ല.

 ഏറ്റവും അവസാനഘട്ടത്തിലാണ് 980 കോടി രൂപയുടെ ദൗത്യം പരാജയപ്പെട്ടത്. 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ചന്ദ്രന്റെ 2.1 കിലോമീറ്റർ അകലെവരെ എത്തിയതിനുശേഷമാണ് ഈ പരാജയം സംഭവിച്ചത്. ഓർബിറ്റിൽനിന്ന്‌ വേർപെട്ട വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിക്കവെയാണ് സിഗ്നൽ ബന്ധം അറ്റുപോയത്. ലാൻഡർ ഇടിച്ചിറങ്ങിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ബ്രേക്കിങ് സംവിധാനത്തിലെ അപ്രതീക്ഷിത തകരാറും ഇതിനു കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനം. ലാൻഡിങ്ങിന് നാലു ഘട്ടമുണ്ട്. അതിൽ മൂന്നും വിജയകരമായി പിന്നിട്ടശേഷം ടച്ച്സോണിൽ എത്തുമ്പോഴാണ് പാളിയത്. എന്നാൽ, ലാൻഡറിന് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ നിഗമനം. ചന്ദ്രോപരിതലത്തിലുള്ള വിക്രം ലാൻഡറിന്റെ തെർമൽ ഇമേജ് ചന്ദ്രനു ചുറ്റും വലംവച്ചുകൊണ്ടിരിക്കുന്ന ഓർബിറ്റർ നൽകിയതായി ഐഎസ്ആർഒ മേധാവി ശിവൻ സ്ഥിരീകരിച്ചിട്ടുണ്ട്. ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇതോടെ വർധിച്ചിരിക്കുകയാണ്. ലാൻഡിങ് എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശാൻ ലാൻഡറുമായുള്ള ബന്ധം

പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽ സാധിക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രന് 100 കിലോമീറ്റർ അകലെ ഓർബിറ്റർ കറങ്ങിക്കൊണ്ടിരിക്കുന്നുവെന്നതാണ് പരാജയത്തിനിടയിലും എടുത്തുകാട്ടാവുന്ന വിജയങ്ങളിലൊന്ന്. എസ്എൽ ഇരട്ട ആവൃത്തി റഡാറുകൾ, ടെറൈൻ മാപ്പിങ് ക്യാമറകൾ എന്നിവ ഉൾപ്പെടെ എട്ടോളം അത്യന്താധുനിക പരീക്ഷണ ഉപകരണങ്ങളോടെയുള്ള പേടകമാണിത്. ഈ പേടകം അതിന്റെ പണി തുടരുമെന്നതിനാൽ ചന്ദ്രനിലെ ദക്ഷിണധ്രുവത്തെക്കുറിച്ച് കൂടുതൽ വിവരം മനസ്സിലാക്കാൻ ഇത് സഹായകമാകും.

ചാന്ദ്രദൗത്യത്തിന്റെ പേരിൽ തുടർദൗത്യങ്ങളോ തുടർ പരീക്ഷണങ്ങളോ നിർത്തിവയ്‌ക്കപ്പെടുകയില്ലെന്ന ഐഎസ്ആർഒയുടെ പ്രസ്‌താവന സ്വാഗതാർഹമാണ്. ഭൗമനിരീക്ഷണം ലക്ഷ്യമാക്കി വിക്ഷേപിക്കുന്ന കാർട്ടോസാറ്റ്–-മൂന്ന് ഒക്ടോബറിലും അതിനുശേഷം റിസാറ്റ്–-2 ബിആർഐയും വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ തന്നെ വ്യക്തമാക്കുകയുണ്ടായി. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗൻയാൻ പദ്ധതിയെയും ഈ പരാജയം ബാധിക്കില്ലെന്ന്‌ ഐഎസ്ആർഒ അറിയിക്കുകയുണ്ടായി. 2022ൽ മൂന്നു പേരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതിയാണ് ഗഗൻയാൻ. ഇവർക്കുള്ള പരിശീലനം റഷ്യൻ ബഹിരാകാശ ഏജൻസി നൽകുന്നതു സംബന്ധിച്ച കരാറിൽ അടുത്തിടെ ഒപ്പിടുകയുണ്ടായി. റഷ്യയിലും ബംഗളൂരുവിലുമായിട്ടായിരിക്കും പരിശീലനം. സൂര്യനെ പഠിക്കുന്നതിനുള്ള ആദിത്യ എൽ വൺ ദൗത്യം, ചാന്ദ്രയാൻ മൂന്ന്, രണ്ടാം ചൊവ്വാ ദൗത്യമായ മംഗൾയാൻ–-രണ്ട്, ശുക്രനെ പഠിക്കുന്നതിനുള്ള ശുക്രയാൻ തുടങ്ങി നിരവധി പദ്ധതികളാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ചാന്ദ്ര ദൗത്യത്തിലുണ്ടായ പരാജയം ഒരുതരത്തിലും ഈ പദ്ധതികളെ ബാധിക്കരുത്. ഇനിയും കരുത്തോടെ മുന്നോട്ടുപോകാൻ ഐഎസ്ആർഒയ്‌ക്കും  ഇന്ത്യൻ ശാസ്ത്രസമൂഹത്തിനും കഴിയണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top