20 April Saturday

വയോജനങ്ങളെ കേന്ദ്രം വഞ്ചിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

കോവിഡ്-–-19ന്റെ വ്യാപനം ഏറ്റവും അരക്ഷിതമാക്കിയ ജനവിഭാഗമാണ്‌ വയോജനങ്ങൾ. വാർധക്യസഹജമായുള്ള പലവിധ രോഗങ്ങളും അലട്ടുന്നതിനിടെയാണ്‌ മഹാമാരിയുടെ ആക്രമണവും ഉണ്ടായിട്ടുള്ളത്‌. കോവിഡ്‌ പിടിപെട്ടാൽ വയോജനങ്ങളുടെ ചികിൽസ സങ്കീർണമാകുമെന്നാണ്‌ ആരോഗ്യ വിദഗ്‌ധരും സർക്കാരുകളും പറയുന്നത്‌. അതുകൊണ്ടുതന്നെ വീട്ടിനകത്തുതന്നെ ഇരിക്കണമെന്നാണ്‌ നിഷ്‌കർഷിക്കുന്നത്‌. അഞ്ചാംഘട്ട അടച്ചുപൂട്ടലിനുശേഷം അൺലോക്കിലേക്ക്‌ രാജ്യം മാറുമ്പോഴും വയോജനങ്ങൾ വീട്ടിൽത്തന്നെ ഇരിക്കണമെന്നാണ്‌ കേന്ദ്രസർക്കാരിന്റെ നിർദേശം. പ്രതിരോധശേഷി കുറഞ്ഞതിനാൽ രോഗം പെട്ടെന്ന്‌ പിടിപെടാനും  മരിക്കാനും സാധ്യത ഏറെ ആയതിനാലാണ്‌ വയോജനങ്ങളോട്‌ വീട്ടിൽത്തന്നെ ഇരിക്കാൻ ഉപദേശിക്കുന്നത്‌. അതായത്‌, വയോജനങ്ങൾ മാസങ്ങളോളം വീട്ടിൽത്തന്നെ കഴിയേണ്ടിവരുമെന്നർഥം.

എന്നാൽ, വീട്ടിൽത്തന്നെ കഴിയുന്ന വയോജനങ്ങളെ സഹായിക്കാനുള്ള ഒരു പദ്ധതിയും സാമ്പത്തികപാക്കേജിന്റെ ഭാഗമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. സ്വയംപര്യാപ്ത ഇന്ത്യയെ ലക്ഷ്യമാക്കി പ്രധാനമന്ത്രി മെയ്‌ 12ന്‌  പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ വളരെയേറെ പ്രതീക്ഷയോടെയാണ് വയോജനങ്ങൾ നോക്കിക്കണ്ടത്. എന്നാൽ, അഞ്ചു ഘട്ടങ്ങളിലായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒന്നിൽപ്പോലും വീട്ടിലിരിക്കുന്ന വയോജനങ്ങളെ സ്വസ്ഥമായി അവിടെത്തന്നെ ഇരുത്താൻ സഹായകമായ ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. ജനസംഖ്യയിൽ  17 ശതമാനം വരുന്നവരെയാണ്‌ കേന്ദ്രം അവഗണിച്ചത്‌. അന്നന്ന് കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്ന ഭൂരിപക്ഷംവരുന്ന മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ആനുകൂല്യത്തിനോ ആരോഗ്യ സുരക്ഷാ പദ്ധതിക്കോ  ഒരു രൂപപോലും കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉണ്ടായില്ല. കേന്ദ്ര പെൻഷനായി 200 രൂപമാത്രമാണ്‌ നൽകുന്നത്‌. അത്‌ വർധിപ്പിക്കാനോ മുൻകൂറായി നൽകാൻപോലുമോ കേന്ദ്രം തയ്യാറായിട്ടില്ല. നേരത്തേ അതിഥിത്തൊഴിലാളികളെന്നപോലെ വയോജനങ്ങളും ഉപജീവനത്തിനായി പുറത്തിറങ്ങാൻ നിർബന്ധിതരാവുകയാണ്‌.                                                                                                                                                                                

ഈ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ (എസ്‌സിഎഫ്‌ ഡബ്യുഎ) ഉൾപ്പെടെയുള്ള സംഘടനകൾ നിരന്തരമായി മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങൾ ഈ ഘട്ടത്തിലെങ്കിലും അംഗീകരിക്കാനും നടപ്പാക്കാനും കേന്ദ്രം സന്മനസ്സ്‌ കാണിക്കണം. കേന്ദ്ര വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുക, 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് മുതിർന്ന സ്ത്രീകൾക്കെന്നപോലെ ട്രെയിനിൽ 50 ശതമാനം യാത്രാനിരക്കിൽ ഇളവ് അനുവദിക്കുക,  തത്‌കാൽ ടിക്കറ്റിനും ഇളവ്‌ ബാധകമാക്കുക, സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക, ദേശീയ വയോജന നയം പ്രഖ്യാപിക്കുക, ദേശീയ വയോജന കൗൺസിൽ രൂപീകരിക്കുക,  മുതിർന്ന പൗരന്മാർക്ക് ട്രെയിനിൽ പ്രത്യക കംപാർട്ട്മെന്റ് അനുവദിക്കുക, മെയ്ന്റനൻസ് ആൻഡ്‌ വെൽഫെയർ ഓഫ് പാരന്റ്സ് ആൻഡ്‌ സീനിയർ സിറ്റിസൺസ് ആക്ട് കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ ഘട്ടത്തിലെങ്കിലും പരിഗണിക്കാൻ മോഡി സർക്കാർ തയ്യാറാകണം.

കേന്ദ്രസർക്കാരിൽനിന്ന്‌ വ്യത്യസ്‌തമായി മുതിർന്ന പൗരന്മാരെ കൂടെനിർത്തുകയും സഹായിക്കുയും ചെയ്യുന്ന സമീപനമാണ്‌ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്‌‌. 2006 ഡിസംബറിൽ  വി എസ്‌ അച്യുതാനന്ദൻ സർക്കാരാണ്‌ ഒരു വയോജന നയം സംസ്ഥാനത്ത്‌ ആദ്യമായി അംഗീകരിച്ചത്‌. ഇതേ ഭരണകാലത്താണ്‌ വയോമിത്രം പദ്ധതിയും നടപ്പാക്കിയത്‌. തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാരാകട്ടെ അത്‌ മരവിപ്പിക്കുകയാണുണ്ടായത്‌. പിന്നീട്‌ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായാണ്‌ വയോജന നയം പരിഷ്‌കരിച്ച്‌ പുറത്തിറക്കാൻ ഉമ്മൻചാണ്ടി സർക്കാർ നിർബന്ധിതമായത്‌. എന്നാൽ, ആ നയത്തിൽ പറഞ്ഞിട്ടുള്ള ഒരു കാര്യവും യുഡിഎഫ്‌ ഭരണകാലത്ത്‌ നടപ്പാക്കിയില്ല. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നപ്പോൾമുതൽ വയോജനമേഖലയിൽ നിരവധി പദ്ധതി നടപ്പാക്കിവരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ്‌ മന്ദഹാസം, സായംപ്രഭ ഹോമുകൾ, വയോ ക്ലബ്ബുകൾ, വയോമധുരം, മ്യൂസിക് തെറാപ്പി, സൈക്കോ സോഷ്യൽ കെയർ, വയോ അമൃതം തുടങ്ങിയ പദ്ധതികൾ. ഇവയെല്ലാംതന്നെ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു, വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും 1300 രൂപ എന്ന പെൻഷൻ ലഭിക്കുന്നു. അടുത്ത വർഷം 1500 രൂപയായി നിശ്ചയിക്കുമെന്ന് ധനമന്ത്രി  തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുമുണ്ട്. 75 വയസ്സ് കഴിയുന്നവർക്ക് 1600 രൂപ ഇപ്പോൾ ലഭിച്ചുവരുന്നുണ്ട്. ഈ മാതൃകയെങ്കിലും ദേശീയമായി നടപ്പാക്കാൻ മോഡി സർക്കാർ തയ്യാറാകുമോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top