19 April Friday

സിറിയയിലെ വെടിനിര്‍ത്തല്‍ ആശ്വാസകരം

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2016


അഞ്ചരവര്‍ഷമായി തുടരുന്ന, രൂക്ഷമായ സിറിയന്‍ യുദ്ധത്തിന് വിരാമമിട്ട് റഷ്യയും അമേരിക്കയും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടത് സമാധാനപ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോനും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയും തമ്മില്‍ ജനീവയില്‍ ഉടമ്പടി ഒപ്പുവച്ചത്. വിമതകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതില്‍നിന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പിന്തിരിപ്പിക്കാമെന്ന് റഷ്യയും അസദ് സര്‍ക്കാരിനെതിരെയുള്ള യുദ്ധത്തില്‍നിന്ന് വിമതരെ പ്രത്യേകിച്ചും ഫത്തേഹ് അല്‍ഷാമിനെ പിന്തിരിപ്പിക്കാമെന്ന് അമേരിക്കയും കരാറിലൂടെ ഉറപ്പുനല്‍കി. ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ യോജിച്ച് പൊരുതാനും ഇരുകൂട്ടരും തീരുമാനിച്ചു.

ഈദ് ദിനമായ തിങ്കളാഴ്ച വൈകിട്ടോടെയാണ് കരാര്‍ നിലവില്‍ വന്നത്. കഴിഞ്ഞ മൂന്നുദിവസമായി സിറിയയില്‍ വെടിയൊച്ച കേള്‍ക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളതെങ്കിലും ഇരുവിഭാഗങ്ങളും അത് നീട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. ഏതായാലും വെടിയൊച്ചകളുടെ അഭാവത്തില്‍ ഈദ് ആഘോഷിക്കാന്‍ സിറിയന്‍ വാസികള്‍ക്ക് ഇക്കുറി കഴിഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവയ്ക്കാനായത് സിറിയന്‍ സര്‍ക്കാരിന്റെയും റഷ്യയുടെയും വിജയമാണെന്ന് നിസ്സംശയം പറയാം. സിറിയയില്‍ റഷ്യന്‍സേനാ ഇടപെടല്‍ ആരംഭിച്ച ഘട്ടത്തില്‍തന്നെ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ മുന്നോട്ടുവച്ച പദ്ധതിയാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്. ഇസ്ളാമിക് സ്റ്റേറ്റിനെതിരെ ഫലപ്രദമായി പോരാടുന്ന സിറിയന്‍ സര്‍ക്കാരിനെ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പംതന്നെ വന്‍ശക്തികള്‍ യോജിച്ച് ഇസ്ളാമിക തീവ്രവാദത്തിനെതിരെ പൊരുതണമെന്നുമായിരുന്നു 'പുടിന്റെ പദ്ധതി'. യുഎന്‍ പൊതുസഭയില്‍ കഴിഞ്ഞവര്‍ഷം റഷ്യ ഈ പദ്ധതി മുന്നോട്ടുവച്ചപ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അതിന് അനുകൂലമായല്ല പ്രതികരിച്ചത്. സംശയത്തോടെയാണ് റഷ്യന്‍ നീക്കത്തെ അമേരിക്ക വീക്ഷിച്ചത്. ഐഎസിനെതിരെ യുദ്ധം ചെയ്യുമ്പോള്‍ത്തന്നെ ബഷാര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെയും യുദ്ധംചെയ്യുക എന്ന സമീപനമാണ് അമേരിക്ക സ്വീകരിച്ചത്. അമേരിക്കയുടെ ഈ നയം ഇരട്ടത്താപ്പാണെന്നും അന്തിമമായി ഐഎസിനെ സഹായിക്കലാണെന്നും റഷ്യ കുറ്റപ്പെടുത്തി. ഐഎസിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ബഷാര്‍ അല്‍ അസദിനെ പോലുള്ള ഭരണാധികാരിയുടെ കരങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ ഭീകരവാദത്തെ തോല്‍പ്പിക്കാനാകൂ എന്നതായിരുന്നു റഷ്യന്‍നയം. ലിബിയയും മറ്റും ഇന്നുള്ള അരാജകാവസ്ഥയിലേക്ക് നീങ്ങിയതും ഭീകരവാദികള്‍ക്ക് മേല്‍ക്കൈ ലഭിക്കാന്‍ ഇടയായതും കേണല്‍ ഗദ്ദാഫിയെന്ന ശക്തനായ ഭരണാധികാരിയെ അമേരിക്കയും മറ്റും ചേര്‍ന്ന് പുറത്താക്കിയതാണെന്നും വിലയിരുത്തലുണ്ടായി. 'പുടിന്‍ പദ്ധതി'യെന്ന് നയതന്ത്രലോകത്ത് പ്രസിദ്ധമായ റഷ്യന്‍നയത്തിന്റെ ഭാഗമായാണ് അസദ് സര്‍ക്കാരിന് അനുകൂലമായി റഷ്യന്‍സേന കഴിഞ്ഞവര്‍ഷം സിറിയയില്‍ ഇടപെടാന്‍ ആരംഭിച്ചത്. ഐഎസിനെതിരെ ബോംബിങ് നടത്തുന്നതോടൊപ്പം അസദ് സര്‍ക്കാരിനെതിരെ യുദ്ധംചെയ്യുന്ന അമേരിക്കന്‍ പിന്തുണയുള്ള വിമതര്‍ക്കെതിരെയും റഷ്യന്‍ വ്യോമസേന ബോംബിങ് നടത്തി. റഷ്യന്‍സേനയുടെ ഇടപെടല്‍ സംഘര്‍ഷത്തിന്റെ ദിശ മാറ്റി അസദ് ഭരണത്തിന് സിറിയയില്‍ സ്വാധീനം വര്‍ധിപ്പിച്ചു. പല നഗരങ്ങളും അവര്‍ തിരിച്ചുപിടിച്ചു. ഐഎസിന്റെ സ്വാധീനത്തിലുള്ള സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോതന്നെ അസദിന്റെ സൈന്യം വളഞ്ഞുവച്ചു. വിമതര്‍ക്കും ബലക്ഷയമുണ്ടായി. ഈ ഘട്ടത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാനും 'പുടിന്‍ പദ്ധതി'യെ അംഗീകരിക്കാനും അമേരിക്ക തയ്യാറായത്.

വൈകിയാണെങ്കിലും സിറിയയില്‍ സമാധാനത്തിനുള്ള അന്തരീക്ഷം തെളിഞ്ഞുവരികയാണെന്ന് അനുമാനിക്കാം. ലോകത്തിലെ രണ്ടു പ്രധാന സൈനികശക്തികള്‍ തമ്മിലാണ് കരാറില്‍ ഒപ്പിട്ടിട്ടുള്ളത്. മാത്രമല്ല, സിറിയയില്‍ ഭരണം നടത്തുന്ന സര്‍ക്കാരും വിമതരും ഒരുപോലെ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്. കുര്‍ദുകള്‍ക്കെതിരെ വിമതരെ സഹായിച്ചിരുന്ന തുര്‍ക്കിയും അസദിനെ അംഗീകരിക്കാന്‍ തയ്യാറായി. സിറിയയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ബഷാര്‍ അല്‍ അസദ് സര്‍ക്കാരിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന തുര്‍ക്കിയുടെ പ്രസ്താവന ഇക്കാര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ശാശ്വത സമാധാനത്തിലേക്ക് നയിക്കണമെങ്കില്‍ രണ്ടു കാര്യങ്ങളില്‍ ഉറപ്പ് ലഭിക്കണം. വിമതര്‍ക്കുനേരെയുള്ള ബോംബിങ് ആവര്‍ത്തിക്കില്ലെന്ന് സിറിയന്‍ സര്‍ക്കാരും റഷ്യയും ഉറപ്പുവരുത്തണം. രണ്ടാമതായി ഐഎസിനെതിരെ സര്‍ക്കാരും വിമതരും റഷ്യയും അമേരിക്കയും യോജിച്ച് പൊരുതണം. ഇതില്‍ ആദ്യത്തെ കാര്യം നടപ്പാക്കാന്‍ വലിയ വിഷമമുണ്ടാകില്ല. എന്നാല്‍, രണ്ടാമത്തെ കാര്യം നടപ്പാകുമെന്നതിന് ഒരു ഉറപ്പും നല്‍കാനാകില്ല. കാരണം വിമതപക്ഷത്ത് ഒന്നിലധികം സംഘടനകളുണ്ട്. അല്‍ ഖായ്ദയുമായി ബന്ധമുള്ള ഫത്തേഹ് അല്‍ഷാം ഉള്‍പ്പെടെ മൂന്നു പ്രബല സംഘടനകളാണ് വിമതപക്ഷത്തുള്ളത്. ഇവരുടെ മുഖ്യശത്രു ഐഎസ് അല്ല മറിച്ച് സിറിയന്‍ സര്‍ക്കാരാണ്. ഇസ്ളാമിക തീവ്രവാദത്തിനെതിരാണ് അമേരിക്കയെങ്കില്‍ അല്‍ ഖായ്ദയുടെ സിറിയന്‍ രൂപമായ ഫത്തേഹ് അല്‍ഷാമുമായി ഏറ്റുമുട്ടാന്‍ അമേരിക്ക തയ്യാറാകണമെന്നാണ് റഷ്യയുടെ പക്ഷം. അതായത് ഐഎസിനെയും അല്‍ ഖായ്ദയെയും ഒരേസമയം നേരിടണമെന്ന്. അമേരിക്ക തത്വത്തില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു. ഈ വാഗ്ദാനം അമേരിക്ക പാലിക്കാത്തപക്ഷം വിമതര്‍ക്കെതിരെയുള്ള ബോംബിങ് ഉപേക്ഷിക്കാന്‍ സിറിയന്‍ സര്‍ക്കാരും തയ്യാറാകില്ല.

'പുടിന്‍ പദ്ധതി' അംഗീകരിക്കേണ്ടിവന്ന ജാള്യം മാറ്റിവച്ച് ഇസ്ളാമിക ഭീകരവാദത്തെ ചെറുക്കാന്‍ അമേരിക്ക ആത്മാര്‍ഥത കാട്ടുമോ എന്ന കാര്യമാണ് വ്യക്തമാക്കപ്പെടേണ്ടത്. അമേരിക്ക അതിന് തയ്യാറാകുന്നപക്ഷം ശാശ്വതസമാധാനത്തിലേക്ക് സിറിയ നീങ്ങുമെന്ന് ഉറപ്പിക്കാം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top