10 June Saturday

കൊൽക്കത്ത നാടകം രാഷ്ട്രീയ നെറികേട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 5, 2019


ഞായറാഴ‌്ച വൈകിട്ടുമുതൽ കൊൽക്കത്തയിൽ തുടരുന്ന രാഷ്ട്രീയനാടകം ജനങ്ങളുടെ ജീവിതപ്രശ‌്നങ്ങളുമായോ രാജ്യതാൽപ്പര്യങ്ങളുമായോ ബന്ധപ്പെട്ട‌് ഉണ്ടായതല്ല. ഇതിലെ കക്ഷിയായ സിബിഐയെ നയിക്കുന്ന കേന്ദ്ര സർക്കാരിനോ മറുപക്ഷത്തെ മമത ബാനർജി സർക്കാരിനോ അഴിമതിക്കാരെ തുറങ്കിലടക്കുക എന്ന കാതലായ വിഷയത്തിൽ ഒരു താൽപ്പര്യവും ഇല്ലെന്ന‌് വ്യക്തമാണ‌്. മറിച്ച‌് നെറികെട്ട രാഷ്ട്രീയക്കളിക്ക‌് ഇരുപക്ഷവും ഭരണാധികാരം ഉപയോഗിക്കുന്നതിന്റെ ലജ്ജാകരമായ കാഴ‌്ചയാണ‌് മാധ്യമങ്ങളിൽ നിറയുന്നത‌്.

സിപിഐ എം നേതൃത്വത്തിൽ ഇരുസർക്കാരുകളുടെയും ജനവിരുദ്ധതയ‌്ക്കെതിരെ ബ്രിഗേഡ‌് പരേഡ‌് ഗ്രൗണ്ടിൽ നടന്ന മഹാറാലി ബംഗാളിലാകമാനം സൃഷ്ടിച്ച അലയൊലികൾ ചെറുതായിരുന്നില്ല. മോഡി, മമത സർക്കാരുകൾക്കെതിരെ ഉയരുന്ന ജനരോഷത്തിൽ മാധ്യമശ്രദ്ധ പതിയാതിരിക്കാനുള്ള നാടകമായാണ‌് ഈ സിബിഐ -‐ പൊലീസ‌് കളിയെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത‌്. ഭരണഘടനാ പ്രതിസന്ധിയാണെന്നും അടിയന്തര ഇടപെടൽ വേണമെന്ന‌് ആവശ്യപ്പെട്ട‌് സിബിഐ സമർപ്പിച്ച ഹർജി അടുത്ത ദിവസത്തേക്ക‌് മാറ്റിയ സുപ്രീംകോടതിയും അടിവരയിടുന്നത‌് കൊൽക്കത്ത നാടകത്തിന്റെ പൊള്ളത്തരംതന്നെ.

കോടികളുടെ ശാരദ–- റോസ‌്‌വാലി ചിട്ടിഫണ്ട‌് തട്ടിപ്പുകേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജിയുടെ അടുപ്പക്കാരായ ഒട്ടേറെ പേർ ഉൾപ്പെട്ടിട്ടുണ്ട‌്. ഇവരെ നിയമത്തിന‌ു മുന്നിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ അട്ടിമറിച്ചത‌് ആദ്യം ബംഗാളിലെ തൃണമൂൽ സർക്കാരും പിന്നീട‌് സിബിഐയുമാണ‌്. മോഡി അധികാരത്തിൽവരുന്നതിന‌് ഒരു വർഷംമുമ്പാണ‌്. ശാരദ ഗ്രൂപ്പിലെ ചിട്ടിക്കമ്പനികൾ പൊളിഞ്ഞപ്പോൾ 17 ലക്ഷം നിക്ഷേപകർക്ക‌്  മൂന്ന‌് ലക്ഷം കോടിയിലേറെ രൂപയാണ‌് നഷ്ടമായത‌്. തൃണമൂൽ ഭരണത്തിലെ ഉന്നതരും ഉദ്യോഗസ്ഥ പ്രമുഖരുമായിരുന്നു ഇതിന്റെ ഗുണഭോക്താക്കൾ.  മുഖം രക്ഷിക്കാനായി മമത ബാനർജി ഏർപ്പെടുത്തിയ അന്വേഷണം തെളിവ‌് നശിപ്പിക്കാനുള്ള അവസരമായി മാറുകയായിരുന്നു. ഇതിനെതിരെ ബംഗാളിൽ  ഉയർന്ന പ്രക്ഷോഭങ്ങളെ ജനാധിപത്യവിരുദ്ധമായി നേരിട്ട മമതയുടെ നടപടി കടുത്ത വിമർശനത്തിന‌് വഴിവച്ച സാഹചര്യത്തിലാണ‌് സുപ്രീംകോടതി അന്വേഷണം സിബിഐക്ക‌് കൈമാറിയത‌്.

മമത ബാനർജി മികച്ച ഉദ്യോഗസ്ഥനെന്ന‌് പുകഴ‌്ത്തിയ കമീഷണർ രാജീവ‌്കുമാർ ശാരദ കേസിന്റെ തെളിവുകൾ മുഴുവൻ നശിപ്പിച്ചു എന്ന ആരോപണം ഇപ്പോൾ ഉയർന്നതല്ല. സിബിഐ അന്വേഷണം ഏറ്റെടുക്കുന്ന ഘട്ടത്തിൽത്തന്നെ കുറ്റവാളികളെ രക്ഷിക്കാൻ മമത സർക്കാർ നടത്തിയ മറയില്ലാത്ത ഇടപെടലുകൾ  നാട്ടിൽ പാട്ടായിരുന്നു. അന്നത്തെ സേവ‌് തൃണമൂൽ ടീമിലെ ഒന്നാംപേരുകാരനാണ‌് രാജീവ‌്കുമാർ. നിരവധി സുപ്രധാന രേഖകൾ കടത്തിയതിന്റെയും തെളിവുകൾ നശിപ്പിച്ചതിന്റെയും  സൂത്രധാരൻ ഇദ്ദേഹമായിരുന്നു. എന്നാൽ, അഞ്ചുവർഷത്തോളം ഈ യാഥാർഥ്യങ്ങൾക്ക‌ുമേൽ അടയിരുന്ന സിബിഐ, സിപിഐ എമ്മിന്റെ മഹാറാലി ദിനത്തിൽത്തന്നെ കമീഷണറുടെ വീട‌് റെയ‌്ഡ‌് ചെയ്യാൻ തെരഞ്ഞെടുത്തത‌് യാദൃച്ഛികമല്ല.  തീവ്രവാദശക്തിക‌ളുടെ സഹായത്തോടെ തൃണമൂൽ നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ നേരിട്ട‌് നല്ലതോതിൽ തിരിച്ചുവരവിന‌് സിപിഐ എം സജ്ജമായി കഴിഞ്ഞതായി മഹാറാലിയോടെ എല്ലാവർക്കും ബോധ്യമായിട്ടുണ്ട‌്.

സിപിഐ എം, തൃണമൂൽ, കോൺഗ്രസ‌് കക്ഷികളെ മറികടന്ന‌് സ്വന്തമായൊരു സ്വാധീനം ബംഗാളിൽ സാധ്യമാകുമെന്ന പ്രതീക്ഷ ബിജെപിക്കില്ല. ശാരദ കേസ‌് ഫ്രീസറിൽ വയ‌്ക്കുമ്പോൾ, പഴയ കൂട്ടാളിയായ മമതയെ എങ്ങനെയും വശത്താക്കുകയെന്ന ലക്ഷ്യമാണ‌് ബിജെപിക്കുണ്ടായിരുന്നത‌്. ഇതിനിടയിലാണ‌് പ്രധാന പ്രതിപക്ഷകക്ഷികളെയെല്ലാം അണിനിരത്തി മമത കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചത‌്‌. ഇതാണ‌് ശാരദ കേസ‌് പൊടിതട്ടിയെടുത്ത‌് മമതയെ തളയ‌്ക്കാൻ സിബിഐ ഇറങ്ങിയ സഹാചര്യം. എന്നാൽ, പൊലീസ‌് ഉദ്യോഗസ്ഥന‌് പിന്തുണയുമായി സമരം തുടരുന്ന മമത രാഷ്ട്രീയ കുതന്ത്രത്തിൽ ബിജെപിയെ കടത്തിവെട്ടി.

രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയെ രാഷ്ട്രീയ വിടുപണിക്ക‌്  ഉപയോഗിക്കുന്ന പതിവ‌് കോൺഗ്രസ‌് ഭരണത്തിന്റെ തുടർച്ചയായി ബിജെപിയും കൊണ്ടുനടക്കുകയാണ‌്. കേസുകൾ ഒതുക്കി കുറ്റവാളികളെ രക്ഷിക്കുക, എതിരാളികൾക്കെതിരെ കള്ളക്കേസുകൾ ചമയ‌്ക്കുക, റെയ‌്ഡും ഭീഷണിയും നടത്തി പീഡിപ്പിക്കുക എന്നീ തന്ത്രങ്ങളെല്ലാം മുറപോലെ നടക്കുന്നു. ഇതൊക്കെയാണെങ്കിലും ഒരുകാലത്ത‌് വിശ്വാസ്യത ഉണ്ടായിരുന്ന കേന്ദ്ര അന്വേഷണ ഏജൻസിയെ ഇത്തരത്തിൽ പരിഹാസ്യമാക്കുന്നതിൽ ഇരു സർക്കാരുകളും ഒരുപോലെ ഉത്തരവാദികളാണ‌്. സാങ്കേതികമായി ഡൽഹി പൊലീസ‌് സ്പെഷ്യൽ എസ്റ്റാബ്ലിഷ‌്മെന്റ‌് നിയമപ്രകാരം പ്രവർത്തിക്കുന്നതിനാൽ സിബിഐക്ക‌് സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനാനുമതി വേണമെന്ന‌ വ്യവസ്ഥ ദുരുപയോഗം ചെയ‌്താണ‌്  മമതയുടെ അമിതാധികാര പ്രയോഗം. സിബിഐ ഉദ്യോഗസ്ഥരുടെ അറസ്റ്റും കൊൽക്കത്തയിലെ ആസ്ഥാനം പൊലീസ‌് വളഞ്ഞതും അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കും.

നീതിപൂർവമായ കുറ്റാന്വേഷണ സംവിധാനത്തിനുവേണ്ടി കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ നല്ലരീതിയിൽ സഹകരിച്ച‌് പ്രവർത്തിക്കേണ്ടതിന‌ു പകരം രാ‌ഷ്ട്രീയ ഗെയിമുകൾക്കായി ഏറ്റുമുട്ടുന്നത‌് ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നതിൽ സംശയമില്ല. സംസ്ഥാനങ്ങൾക്കുമേൽ  കുതിരകയറുന്ന കേന്ദ്രഭരണവും തിരിച്ചടിക്കാൻ വഴിവിട്ട അധികാരപ്രയോഗം നടത്തുന്ന ബംഗാൾ സർക്കാരും  പ്രതിനിധാനംചെയ്യുന്നത‌് നാടിന്റെ താൽപ്പര്യമല്ല. തങ്ങ‌ളുടെ ലഘു അജൻഡകൾക്ക‌ായി അന്വേഷണ ഏജൻസികളെയും ക്രമസമാധാന പാലകരെയും ഉപകരണങ്ങളാക്കി മാറ്റുന്ന ഭരണാധികാരികൾ ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്ന വലിയ പാഠമാണ‌് കൊൽക്കത്ത സംഭവവികാസങ്ങൾ നൽകുന്നത‌്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top