29 March Friday

കത്തലൂണിയയിലെ ഹിതപരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Oct 13, 2017


കിര്‍ഗിസ്ഥാന്‍ സ്വാതന്ത്യ്രത്തിന് അനുകൂലമായി വോട്ട് ചെയ്തതിന് തൊട്ടുപിറകെ (സെപ്തംബര്‍ 25ന്) സ്പെയിനിലെ കത്തലൂണിയയില്‍ നടന്ന ഹിതപരിശോധനയിലും സ്വാതന്ത്യ്രത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഒക്ടോബര്‍ ഒന്നിന് നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്ത 42 ശതമാനംപേരില്‍ 90 ശതമാനവും സ്വാതന്ത്യ്രത്തിന് അനുകൂലമായാണ് നിലകൊണ്ടത്. വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് സ്പെയിനിലെ ഭരണഘടനാ കോടതിയും വലതുപക്ഷ സര്‍ക്കാരും വിധിച്ചിരുന്നു. വോട്ടെടുപ്പ് തടയുന്നതിന് സ്പെയിനിലെ പോപ്പുലര്‍ പാര്‍ടി സര്‍ക്കാര്‍ പട്ടാളത്തെപോലും ഉപയോഗിക്കുകയും ബാലറ്റ്പേപ്പറുകള്‍ നശിപ്പിക്കുകയുംചെയ്തു. ബലപ്രയോഗത്തിലുടെ വോട്ട് തടയാനുള്ള മരിയാനോ രജോയ് സര്‍ക്കാരിന്റെ നീക്കത്തില്‍ 800 പേര്‍ക്കാണ് പരിക്കേറ്റത്.

സ്വാതന്ത്യ്രത്തെ അനുകൂലിക്കാത്തവര്‍പോലും ഇതോടെ സ്പാനിഷ് സര്‍ക്കാരിനെതിരെ തിരിയുന്ന സ്ഥിതിയുണ്ടായി. ഒക്ടോബര്‍ മൂന്നിന് നടന്ന പണിമുടക്ക് അതാണ് തെളിയിക്കുന്നത്. പതിനായിരക്കണക്കിനാളുകളാണ് പണിമുടക്കില്‍ പങ്കെടുത്തത്. സ്പാനിഷ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയായിരുന്നു പണിമുടക്ക്. സര്‍ക്കാരുമായി ചര്‍ച്ചയിലുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള എല്ലാ വാതിലുകളും ഇതോടെ അടയുകയായിരുന്നു.

സ്വാതന്ത്യ്രത്തിന് അനുകൂലമായ വോട്ടിന്റെ അടിസ്ഥാനത്തില്‍ കത്തലൂണിയ സ്വതന്ത്രരാഷ്ട്രമായി മാറിയെന്ന പ്രാദേശിക സര്‍ക്കാരിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച വന്നുകഴിഞ്ഞെങ്കിലും അത് നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് കത്തലൂണിയന്‍ പ്രസിഡന്റ് കാര്‍ലേസ് പ്യുഗ്ഡെമോണ്ട് അറിയിച്ചു. മാഡ്രിഡിലെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനുവേണ്ടിയാണ് സ്വാതന്ത്യ്രപ്രഖ്യാപനം നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.  എന്നാല്‍, ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത് കെണിയാണെന്ന് മനസ്സിലാക്കിയ രജോയ് സര്‍ക്കാര്‍ അതിന് വിസമ്മതിച്ചു. മാത്രമല്ല, ഭരണഘടനയിലെ 155-ാം വകുപ്പനുസരിച്ച് കത്തലൂണിയയുടെ ഭരണം നേരിട്ട് ഏറ്റെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മാഡ്രിഡിലെ സര്‍ക്കാര്‍.  എന്നാല്‍, സര്‍ക്കാരിന്റെ ഈ നയത്തെ പൂര്‍ണമായും മറ്റ് രാഷ്ട്രീയകക്ഷികള്‍ പിന്തുണയ്ക്കുന്നില്ല. 

ഭരണഘടനയില്‍ സാധ്യമായ പരിഷ്കാരങ്ങള്‍ വരുത്തി കത്തലൂണിയയെ സ്പെയിനില്‍ത്തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്നാണ് മുഖ്യപ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഭിപ്രായം.  ഇടതുപക്ഷ പാര്‍ടിയായ പൊഡേമോസാകട്ടെ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയുമാണ്. യൂറോപ്യന്‍ യൂണിയനും കത്തലൂണിയ സ്പെയിനില്‍നിന്ന് വിട്ടുപോകുന്നതിന് എതിരാണ്.  

കത്തലൂണിയയുടെ സ്വാതന്ത്യ്രദാഹത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. 1701മുതല്‍ 1714വരെ നീണ്ട സ്പാനിഷ് പിന്തുടര്‍ച്ചാവകാശയുദ്ധത്തിലാണ് കത്തലൂണിയക്ക് സ്വാതന്ത്യ്രം നഷ്ടമായത്. സ്പാനിഷ്- ഫ്രഞ്ച് സൈന്യം ബാഴ്സലോണ കീഴ്പ്പെടുത്തിയതോടെ രാഷ്ട്രീയസ്വാതന്ത്യ്രം മാത്രമല്ല സംസ്കാരവും ഭാഷയുംപോലും അവര്‍ക്ക് കൈമോശംവന്നു.  1975ല്‍ ഫ്രാങ്കോയുടെ ഏകാധിപത്യഭരണത്തിന് അന്ത്യമായതോടെയാണ് കത്തലൂണിയന്‍ സ്വാതന്ത്യ്രസ്വപ്നത്തിന് വീണ്ടും ചിറക് ലഭിച്ചത്.  

2006ലാണ് സ്പെയിനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബാഴ്സലോണ ഉള്‍പ്പെടെ നാല് പ്രവിശ്യകള്‍ ഉള്‍ക്കൊള്ളുന്ന കത്തലൂണിയക്ക്് സ്വയംഭരണം നല്‍കുന്ന കരാര്‍ സ്പാനിഷ് പാര്‍ലമെന്റും കത്തലൂണിയന്‍ സഭയും അംഗീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന വലതുപക്ഷ പോപ്പുലര്‍ പാര്‍ടിയുടെ നിര്‍ദേശപ്രകാരം ഏഴുവര്‍ഷംമുമ്പ് ഭരണഘടനാ കോടതി കരാര്‍ റദ്ദാക്കിയതോടെയാണ് സ്വാതന്ത്യ്രദാഹം അണപൊട്ടി ഒഴുകിയത്. തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും കത്തലൂണിയയില്‍ അധികാരത്തില്‍വന്നത് സ്വാതന്ത്യ്രാനുകൂലികളായിരുന്നു. നിലവിലുള്ള പ്രാദേശിക ഭരണാധികാരി കാര്‍ലേസ് പ്യൂഗ് ഡെമോണ്ടും ഭിന്നനല്ല. 2017 ഓടെ സ്പെയിനില്‍നിന്ന് കത്തലൂണിയയെ മോചിപ്പിക്കുന്ന രാഷ്ട്രീയപദ്ധതിക്ക് കത്തലൂണിയന്‍ പാര്‍ലമെന്റ് 2015 നവംബര്‍ ഒമ്പതിനാണ് അംഗീകാരം നല്‍കിയത്.  മരിയാനോ ജോയിയുടെ നേതൃത്വത്തിലുള്ള ഫെഡറല്‍ സര്‍ക്കാരിന് പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷമില്ലെന്ന ദുര്‍ബലത മുതലെടുത്താണ് പ്രാദേശിക ഭരണകൂടം ഹിതപരിശോധനയ്ക്ക് തയ്യാറായത്.

കത്തലൂണിയയിലെ ഇടത്തരം വന്‍കിട ബൂര്‍ഷ്വാസിയാണ് സ്വാതന്ത്യ്രമെന്ന മുദ്രാവാക്യത്തിന്റെ നേതൃസ്ഥാനത്തുള്ളത്. വന്‍കിട വ്യവസായങ്ങളുടെ കേന്ദ്രമായതുകൊണ്ടുതന്നെ സ്പെയിനിന്റെ മൊത്തം ജിഡിപിയുടെ അഞ്ചിലൊന്നും സംഭാവനചെയ്യുന്ന മേഖലയാണിത്.  മൊത്തം നികുതിവരുമാനത്തിന്റെ 23 ശതമാനവും ഈ മേഖലയില്‍നിന്നാണ് ലഭിക്കുന്നത്. എന്നാല്‍, പത്ത് ശതമാനം നിക്ഷേപം മാത്രമാണ് തിരിച്ചുലഭിക്കുന്നതെന്നതാണ് സ്വാതന്ത്യ്രവാദികളുടെ വാദം.  നവ ലിബറല്‍ പരിഷ്കാരങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ധിച്ച അസമത്വവും ചെലവുചുരുക്കല്‍ നയങ്ങളും മറ്റുമാണ് ഈ സ്വാതന്ത്യ്രവാദത്തിന് കരുത്ത് നല്‍കിയതെന്നര്‍ഥം. ചെക്കോസ്ളാവാക്യയും യുഗോസ്ളാവ്യയും യഥാക്രമം രണ്ടും ഏഴും രാഷ്ട്രങ്ങളായി മാറിയവേളയിലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിപ്പോഴും ആവര്‍ത്തിക്കുകയാണെന്ന് കത്തലൂണിയന്‍ സംഭവവും തെളിയിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top