02 May Thursday

ഈ അസഹിഷ്‌ണുതയുടെ രാഷ്ട്രീയമെന്ത്‌?

വെബ് ഡെസ്‌ക്‌Updated: Saturday Apr 11, 2020


സംഘപരിവാരത്തിന്റെ കീഴിലുള്ള നമോ ടിവിയിലെ ‘സംസ്‌കാര സമ്പന്ന’യായ അവതാരക കഴിഞ്ഞദിവസം മുസ്ലിങ്ങൾക്കും കമ്യൂണിസ്‌റ്റുകാർക്കുമെതിരെ അഴിച്ചുവിട്ട പരസ്യമായ അശ്ലീല പ്രചാരണത്തിന്റെ ഞെട്ടലിൽനിന്ന്‌ മലയാളികൾ ഇതുവരെ മോചിതരായിട്ടില്ല. നിരുത്തരവാദപരമായ ആ സമീപനത്തിന്റെ വിഷനാവ്‌ കോൺഗ്രസും വാടകയ്‌ക്കെടുക്കുന്നതാണ്‌ അടുത്ത ദിവസങ്ങളിൽ കണ്ടത്‌. മുഖ്യമന്ത്രി പിണറായി വിജയനെതിരെ  ജാതീയ അധിക്ഷേപവുമായാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുയായികൾ രംഗം കൊഴുപ്പിച്ചത്‌. ഇന്ദിര ഗാന്ധി സെന്ററിന്റെ പേരിലാണ് അതിരുവിട്ട കടന്നാക്രമണമെന്നതും ഓർക്കണം. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ചെത്താണ് തൊഴിലെങ്കില്‍ മുല്ലപ്പള്ളിക്ക് സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമാണെന്നാണ്‌ പ്രചാരണം.

കേരളീയ രാഷ്ട്രീയ മുദ്രാവാക്യങ്ങളെ ഏറ്റവും നാണംകെട്ടനിലയിൽ തരംതാഴ്‌ത്തിയത്‌ ‘വിമോചനസമര’കാലത്ത്‌ മുല്ലപ്പള്ളിയുടെ നേതാക്കളായിരുന്നു. സംസ്‌കാരത്തിന്റെ പ്രാഥമികപാഠങ്ങൾപോലും ഗൗനിക്കാത്തവയായിരുന്നു അവയിൽ പലതും. ‘വിക്കന്‍, ഞൊണ്ടി, ചാത്തന്‍ ഭരണ'മെന്നാണ് ആദ്യ മന്ത്രിസഭയെ വിമോചനസമരാഭാസക്കാർ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി ഇ എം എസിന്റെ വിക്കും കെ സി ജോര്‍ജിന്റെ മുടന്തും തദ്ദേശമന്ത്രി പി കെ ചാത്തനെയും ചേര്‍ത്ത് കളിയാക്കുകയായിരുന്നു. ‘‘പാളേക്കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന്‌ വിളിപ്പിക്കും ചാത്തന്‍ പൂട്ടാന്‍ പൊക്കോട്ടെ ചാക്കോ നാടു ഭരിക്കട്ടെ, ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലു പറയ്ക്കാന്‍ പൊയ്‌ക്കൂടെ’’ തുടങ്ങി ജാതിയെയും  സ്ത്രീത്വത്തെയും അവഹേളിക്കുന്ന ചേരുവകൾ ധാരാളമുണ്ടായി. കീഴാള സ്വത്വത്തെ അപഹസിച്ച അവയിൽ ചിലത്‌ ഫ്യൂഡല്‍ മൂല്യങ്ങള്‍ ശാശ്വതസത്യങ്ങളാണെന്ന്‌ ആണയിട്ടു.

വ്യക്തിപരമായ  അവഹേളനങ്ങളായിരുന്നു മറ്റുള്ളവ. ഇത്തരം മുദ്രാവാക്യങ്ങൾ  ഉയർത്തിയവർ ആറ്‌ ദശാബ്ദം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെപോലും ജാതി അടിവരയിടാൻ ശ്രമിക്കുകയാണ്‌. ‘തെങ്ങിൽ കേറേണ്ടവനെയൊക്കെ പിടിച്ച് തലയിൽ കയറ്റുമ്പോൾ’ എന്ന ബിജെപി മുഖപത്രമായ ‘ജന്മഭൂമി’(2018 ഡിസംബർ 24)യുടെ പഴയ കാർട്ടൂണും മറക്കാതിരിക്കാം. ജാതിമഹിമയുടെ കൈപിടിച്ച്‌ ആളുകൾ ഉന്നതസ്ഥാനങ്ങളിലേക്ക്‌ കയറിപ്പോകുന്ന  കെട്ടകാലം തിരിച്ചുകൊണ്ടുവരാൻ വ്യഗ്രതപ്പെടുന്ന ജനവിരുദ്ധശക്തികളുടെ ഗൂഢോദ്ദേശ്യം കേരളത്തിൽ നടക്കാൻ പോകുന്നില്ല. നമ്മുടെ സമൂഹം അത്രയ്‌ക്ക്‌ മാറിയിട്ടുണ്ട്‌. ‘‘തന്റെ അച്ഛനും ജ്യേഷ്ഠന്മാരും ചെത്തുതൊഴിലാളികളായിരുന്നു. അതുകൊണ്ട് വിജയനും ആ തൊഴിലേ ചെയ്യാവൂ എന്നാഗ്രഹിക്കുന്നവരുണ്ടാകും. അതിലിപ്പോ ഞാൻ എന്ത് പറയാനാണ്.  ആ കാലമൊക്കെ മാറിയില്ലേ’’‐ പിണറായി 2019 ജനുവരിയിൽ പറഞ്ഞ വാക്കുകളാണിത്.

ചെറുപയർ പട്ടാളത്തിന്റെയും  കുറുവടി സേനയുടെയും  ദേശരക്ഷാ സംഘത്തിന്റെയും മറവിൽ അധികാരശക്തികളായി അണിനിരന്നവരിൽ മുല്ലപ്പള്ളിക്ക്‌ പരിചയമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്വാതന്ത്ര്യസമരബന്ധം ചരിത്രംപോലും ഓർക്കാൻ ആഗ്രഹിക്കാത്തതാണ്‌. ഒഞ്ചിയത്തും  പാടിക്കുന്നിലും ഒഴുകിയ നിരപരാധികളുടെ ചോര അതിന്റെ സാക്ഷ്യവും. ഇൻസ്‌പെക്ടർമാരായ റേയ്‌ക്കും തലൈമയ്‌ക്കും പിന്നാലെ റോന്തുചുറ്റിയ നാടൻ പ്രമാണിമാരുടെ പിന്തുടർച്ചയിൽ അഭിമാനിക്കുകയാണ്‌ അദ്ദേഹവും അനുയായികളും. കോൺഗ്രസിന്റെ പിതൃതുല്യനായ നേതാവ്‌ മൊയാരത്ത്‌  ശങ്കരനെ പച്ചത്തേങ്ങകൊണ്ട്‌ ഇടിച്ചുകൊന്ന കൈകൾ ആരുടേതാണ്‌. ചെറുപയർ പട്ടാളത്തിന്റെയും  കുറുവടി സേനയുടെയും  ദേശരക്ഷാ സംഘത്തിന്റെയും മറവിൽ അധികാരശക്തികളായി അണിനിരന്നവരിൽ മുല്ലപ്പള്ളിക്ക്‌ പരിചയമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ?

കോവിഡ്‌ മറയാക്കി കര്‍ണാടകത്തിലെ ഒട്ടേറെ മേഖലകളിൽ  മുസ്ലിങ്ങള്‍ക്കുനേരെ സംഘടിത ആക്രമണം നടക്കുകയാണ്‌.  ദുരിതകാലത്തും ഇസ്ലാംവിരോധം ഇളക്കിവിട്ട്‌  കൊലവിളിയുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌ കാവിപ്പട. ഉത്തർപ്രദേശിലെ അലിഗഢിനടുത്ത് കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതുന്ന സഞ്ജയ് കുമാറിന്റെ ജഡം നാല് പെൺമക്കൾ തോളിലേറ്റി ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോയത്‌ കരളലിയിപ്പിക്കുന്ന കാഴ്‌ചയായിരുന്നു. ഇങ്ങനെയുള്ള അവസ്ഥയൊന്നും കേരളത്തിൽ ഇല്ലാത്തത്‌ ശക്തമായ കമ്യൂണിസ്‌റ്റ്‌ സാന്നിധ്യം കാരണമാണെന്നത്‌ അടുത്ത പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുമാത്രം മുന്നിലുള്ള മുല്ലപ്പള്ളിമാർക്ക്‌ ദഹിക്കുന്നില്ല. അതാണ്‌ മുഖ്യമന്ത്രിക്കെതിരായ പുലഭ്യങ്ങളായി പുറത്തുചാടുന്നത്‌.

കോളറയും വസൂരിയും സംഹാരതാണ്ഡവമാടിയപ്പോൾ പി കൃഷ്‌ണപിള്ളയുടെ നിർദേശാനുസരണം തെരുവിലിറങ്ങിയ ബീഡിത്തൊഴിലാളികളടക്കമുള്ള  കമ്യൂണിസ്‌റ്റുകാരുടെ പാരമ്പര്യത്തിന്റെ തുടർച്ചയാണിത്‌.

ഉത്തരേന്ത്യയിൽ സിപിഐ എം ചെറിയ പാർടിയാണെങ്കിലും കൊറോണ വിതച്ച കെടുതികൾ അതിജീവിക്കാൻ ജനങ്ങൾക്ക്‌ കൈത്താങ്ങാകുന്നത്‌ ഈ പ്രസ്ഥാനമാണ്‌. പശ്‌ചിമ ബംഗാളിലും ത്രിപുരയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ബിഹാറിലും ഒഡിഷയിലും പല പാർടി  ഓഫീസുകളും രോഗബാധിതരുടെ അഭയ കേന്ദ്രങ്ങളായിരിക്കുന്നു. തന്റെ 11 മാസത്തെ എംഎൽഎ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത ഹിമാചൽപ്രദേശിലെ സിപിഐ എം നേതാവ്‌  രാകേഷ് സിംഗ ഏവർക്കും മാതൃകയും. ത്രിപുരയിലെ സിപിഐ എം എംഎൽഎമാരും അവരുടെ ശമ്പളത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്‌തു. കേരളത്തിലാകട്ടെ സംസ്ഥാന സർക്കാരിന്റെയും കമ്യൂണിസ്‌റ്റുകാരുടെയും പ്രവർത്തനങ്ങൾ സാർവത്രിക പ്രശംസ നേടിയിരിക്കുന്നു. കോളറയും വസൂരിയും സംഹാരതാണ്ഡവമാടിയപ്പോൾ പി കൃഷ്‌ണപിള്ളയുടെ നിർദേശാനുസരണം തെരുവിലിറങ്ങിയ ബീഡിത്തൊഴിലാളികളടക്കമുള്ള  കമ്യൂണിസ്‌റ്റുകാരുടെ പാരമ്പര്യത്തിന്റെ തുടർച്ചയാണിത്‌. അന്താരാഷ്ട്ര മാധ്യമങ്ങളും സംഘടനകളും സ്ഥാപനങ്ങളും ആ മാതൃക പിന്തുടരണമെന്ന്‌ ലോകത്തോട്‌ അഭ്യർഥിക്കുകയുമാണ്‌. എന്നിട്ടും അന്ധത നടിക്കുന്ന പ്രതിപക്ഷനേതാക്കൾ ജനാധിപത്യത്തിനുതന്നെ ഭാരമാണെന്ന്‌ പറയേണ്ടതുണ്ട്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top