04 July Friday

മോദിയുടെ അഴിമതി കണ്ടെത്തിയാൽ ഓഡിറ്റർമാർക്ക്‌ സ്ഥലം മാറ്റമോ

വെബ് ഡെസ്‌ക്‌Updated: Friday Oct 13, 2023


ചോദ്യങ്ങൾ ഉന്നയിക്കുകയോ സത്യം വിളിച്ചുപറയുകയോ ചെയ്യുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കില്ലെന്ന ഫാസിസ്റ്റ്‌ സമീപനമാണ്‌ മോദി സർക്കാർ എവിടെയും പിന്തുടരുന്നത്‌. അത്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും മാധ്യമങ്ങളായാലും വ്യക്തികളായാലും ഭരണഘടനാ സ്ഥാപനങ്ങളായാലും ഉദ്യോഗസ്ഥരായാലും. ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നുള്ള വിമർശങ്ങൾപോലും ഉൾക്കൊള്ളാൻ സഹിഷ്‌ണുതയില്ലാത്ത സർക്കാരാണിത്‌. ഇതിനിടയിലാണ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയായ ആയുഷ്‌മാൻ ഭാരത്‌, അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ഭാരത്‌മാല തുടങ്ങിയവയിലെ അഴിമതി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിലൂടെ പുറത്തുവന്നത്‌. സിഎജി റിപ്പോർട്ടിലൂടെ പുറത്തായ കേന്ദ്ര പദ്ധതികളിലെ അഴിമതിയിലും ക്രമക്കേടിലും ഉത്തരം പറയേണ്ടതിനുപകരം റിപ്പോർട്ട്‌ തയ്യാറാക്കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഒളിച്ചോടുകയാണ്‌ സർക്കാർ. മോദി ഭരണത്തിലെ അഴിമതി തുറന്നുകാട്ടുന്ന സിഎജി റിപ്പോർട്ട്‌ പാർലമെന്റിൽ ചർച്ച ചെയ്‌ത്‌ പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും വ്യക്തമായ ഉത്തരം നൽകുകയാണ്‌ വേണ്ടത്‌. അതിനുപകരം അഴിമതി തുറന്നുകാട്ടിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്‌ മോദി സർക്കാരിന്റെ അടിച്ചമർത്തൽ നയത്തിന്റെയും മാഫിയ ശൈലിയുടെയും ഉദാഹരണമാണ്‌. അഴിമതി വെളിച്ചത്തുകൊണ്ടുവരികയും വിമർശിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെപ്പോലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ഇല്ലാതാക്കുന്ന ഫാസിസ്റ്റു പ്രവർത്തനരീതിയുടെ തുടർച്ചയാണിതും.  

പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനത്തിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലെയും റെയിൽവെ മന്ത്രാലയം, വ്യോമയാനം, വാർത്താവിനിമയം, ഗ്രാമവികസനം, പ്രത്യക്ഷ നികുതി വകുപ്പ്‌ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലെയും അഴിമതിയും ക്രമക്കേടുകളുമാണ്‌ വെളിപ്പെടുത്തിയത്‌. അയോധ്യ വികസന പദ്ധതിമുതൽ ആയുഷ്‌മാൻ ഭാരത്‌ വരെയുള്ള പദ്ധതികളിൽ 7.5 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ്‌ ആരോപണം. കഴിഞ്ഞ 75 വർഷത്തെ അഴിമതിയുടെ എല്ലാ റെക്കോഡുകളും തകർത്തിരിക്കുകയാണ്‌ മോദി സർക്കാർ. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ അഴിമതി മാത്രമല്ല, വാർധക്യകാല പെൻഷനുവേണ്ടിയുള്ള പണംപോലും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ വിനിയോഗിച്ചു. ‘അഴിമതിക്കെതിരെ ഞാൻ ഗ്യാരന്റി’ എന്ന്‌ എല്ലായ്‌പ്പോഴും പറയുന്ന മോദി എന്നും ഇരട്ടത്താപ്പുനയമാണ്‌ സ്വീകരിച്ചത്‌. റഫാൽ  ഇടപാടിലും ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും ഇളവുവരുത്തി ഖനനമേഖല അദാനി ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകൾക്ക്‌ നൽകുന്നതിലും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിലും വൻ അഴിമതിയാണ്‌ മോദി ഭരണത്തിൽ അരങ്ങേറിയത്‌. 70,000 കോടി രൂപയുടെ അഴിമതി നടത്തിയ അജിത്‌ പവാറിനെയും കൂട്ടരെയും ജയിലിലടയ്‌ക്കുമെന്ന്‌ പൊതുയോഗത്തിൽ പ്രഖ്യാപിച്ച്‌ 48 മണിക്കൂർ കഴിയുംമുമ്പേ മോദി അവർക്ക്‌ മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം നൽകി.  പ്രതിപക്ഷ രാഷ്ട്രീയ കൂട്ടായ്‌മയായ ‘ഇന്ത്യ’ അഴിമതിക്കാരുടെ സഖ്യമാണെന്ന്‌ ആരോപിക്കുമ്പോഴും സ്വന്തം സർക്കാരിന്റെ അഴിമതിയെപ്പറ്റി പ്രധാനമന്ത്രി മൗനംപാലിക്കുന്നു.

സിഎജി റിപ്പോർട്ടുകൾ എന്നും കേന്ദ്ര സർക്കാരുകളെ പിടിച്ചുലച്ചിട്ടുണ്ട്‌. കോൺഗ്രസിന്റെ തകർച്ചയ്‌ക്ക്‌ മുഖ്യ കാരണമായത്‌ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ 2ജി സ്‌പെക്‌ട്രം അഴിമതി ചൂണ്ടിക്കാട്ടിയുള്ള സിഎജി റിപ്പോർട്ടായിരുന്നു. ഇത്‌ മുഖ്യപ്രചാരണായുധമാക്കിയാണ്‌ 2014ൽ  നരേന്ദ്ര മോദി അധികാരത്തിൽ വന്നത്‌. പത്തു വർഷത്തെ ഭരണത്തിനുശേഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ വസ്‌തുതകളും സ്ഥിതിവിവരക്കണക്കുകളും ചൂണ്ടിക്കാട്ടിയുള്ള മറ്റൊരു സിഎജി റിപ്പോർട്ട്‌ മോദിയെ തിരിഞ്ഞുകുത്തുകയാണ്‌. 

കോടിക്കണക്കിനാളുകൾക്ക് പ്രയോജനം ലഭിച്ചെന്നും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകിയെന്നും അവകാശപ്പെടുന്ന ആയുഷ്‌മാൻ ഭാരത്‌, ഭാരത്‌മാല തുടങ്ങിയ പദ്ധതികളിൽ നടന്ന കുംഭകോണത്തെപ്പറ്റി ഇതുവരെ പ്രധാനമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ പ്രതികരിക്കാത്തതും ഇതുകൊണ്ടാണ്‌. വികസനത്തിന്റെ വായ്‌ത്താരി മുഴക്കുമ്പോഴും അഴിമതിയുടെ നീരാളിക്കൈകൾ ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥയെ പിടിച്ചുമുറുക്കുകയാണ്‌.  വർഗീയത, അഴിമതി, കോർപറേറ്റ്‌ മുതലാളിത്തം, വഞ്ചന, സ്വഭാവഹത്യ എന്നിവയാണ്‌ മോദി സർക്കാരിന്റെ മുഖമുദ്ര. കോർപറേറ്റ്‌ ചങ്ങാത്തവും അഴിമതിയും അപകടകരമായ നിലയിലേക്ക്‌ വ്യാപിച്ചു. ഒരു വശത്ത്‌ കപട ദേശീയത ഉയർത്തി അലറിവിളിക്കുമ്പോൾ മറുവശത്ത്‌ കോർപറേറ്റ്‌ ചങ്ങാത്തത്തിൽ ഊന്നിയുള്ള അഴിമതി ഭരണമാണ്‌. ഈ അഴിമതിപ്പണം ഉപയോഗിച്ചാണ്‌ ജനവിധിയും തെരഞ്ഞെടുപ്പും അട്ടിമറിച്ച്‌ അധികാരം നിലനിർത്തുന്നത്‌. അഴിമതിയും കള്ളപ്പണ ഇടപാടും ആരോപിച്ച്‌ പ്രതിപക്ഷത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ വേട്ടയാടുന്ന ബിജെപിയാണ്‌  അഴിമതിയുടെ പ്രതീകമായി മാറിയിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top