27 September Wednesday

യോജിച്ച പോരാട്ടത്തിൽ അണിചേരുക

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്‌ പ്രതിഷേധക്കൊടുങ്കാറ്റടിക്കുകയാണ്‌. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു. യുവാക്കളുടെ പ്രതിഷേധപ്രകടനങ്ങളിൽ ക്യാമ്പസുകൾ പ്രകമ്പനം കൊള്ളുന്നു. ജനങ്ങളെ മതത്തിന്റെപേരിൽ വേർതിരിക്കാൻ  അനുവദിക്കില്ലെന്നും എന്ത്‌ വിലകൊടുത്തും  തുല്യതയും സാഹോദര്യവും മതസൗഹാർദവും സംരക്ഷിക്കുമെന്നും രാജ്യത്തെ യുവജനങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

ദേശീയ പൗരത്വ നിയമം പിൻവലിക്കുംവരെ സമരത്തിൽനിന്ന്‌ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ്‌ ഡൽഹി ജാമിയ മിലിയ അടക്കമുള്ള കലാലയങ്ങളിലെ വിദ്യാർഥികൾ. മതനിരപേക്ഷ ഇന്ത്യയെ കാത്തുസൂക്ഷിക്കാൻ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി തെരുവുകളിൽ തീർക്കുന്ന പ്രതിരോധത്തിന്റെ കൊടുംചൂടിൽ മോഡിക്കും സംഘത്തിനും പൊള്ളിത്തുടങ്ങിയിട്ടുണ്ട്‌. എന്നാൽ, ജനങ്ങളുടെ ഐക്യത്തിനും യോജിച്ച പോരാട്ടത്തിനും തുരങ്കം വയ്‌ക്കുന്ന ചില തീവ്രവാദശക്തികളും ദേശീയ പൗരത്വ നിയമത്തിന്റെ പേരിൽ രംഗത്തിറങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം കേരളത്തിൽ ഹർത്താലിന്‌ ആഹ്വാനംചെയ്‌ത എസ്‌ഡിപിഐ ഉൾപ്പെടെയുള്ള മതതീവ്രവാദ സംഘടനകൾ യഥാർഥത്തിൽ ജനങ്ങളുടെ യോജിപ്പ്‌ തകർത്ത്‌ സംഘപരിവാർ ശക്തികളെ സഹായിക്കാനുള്ള ശ്രമത്തിലാണ്‌. സംഘപരിവാറിന്റെ ഫാസിസ്‌റ്റ്‌ നിലപാടുകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയത്ത്‌ തീവ്രമായ ആശയങ്ങൾ പ്രചരിപ്പിച്ച്‌ മോഡി സർക്കാരിനെയും സംഘപരിവാറിനെയും ശക്തിപ്പെടുത്തുകയാണ്‌  എസ്‌ഡിപിഐയും വെൽഫെയർ പാർടിയും പോലുള്ള സംഘടനകൾ.

സർക്കാരിന്റെയും ജനാധിപത്യശക്തികളുടെയും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിന്റെ ഫലമായാണ്‌ ഇത്തവണ അക്രമം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ ഇവർക്ക് സാധിക്കാതെപോയത്‌

ജനങ്ങളെ മതപരമായി വേർതിരിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്ക്‌ എണ്ണപകരുകയാണ്‌ ഹർത്താൽ ആഹ്വാനത്തിലൂടെ ഇവർ ചെയ്‌തത്‌.  പഴയകാലത്തെ വേഷം ധരിച്ചും ഇസ്ലാമിക മുദ്രാവാക്യങ്ങളുള്ള ബാനർ ഉയർത്തിയും ചില സംഘടനകൾ പ്രകടനം നടത്തുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. മതപരമായ ചിഹ്‌നങ്ങൾ ഉപയോഗിച്ച്‌ പ്രക്ഷോഭം നയിക്കുന്നവരുടെ ലക്ഷ്യം ഇന്ത്യയുടെ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുകയല്ല എന്ന്‌ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.  വർഗീയമുതലെടുപ്പിനുള്ള ശ്രമം മനസ്സിലാക്കിയാണ്‌ വിഭാഗീയ ഹർത്താൽ ജനങ്ങൾ തള്ളിയത്‌. മുമ്പൊരിക്കൽ വാട്‌സാപ്‌ ഹർത്താലിന്റെ മറവിൽ അക്രമവും കൊള്ളയും നടത്തിയ ശക്തികൾതന്നെയാണിത്‌. സർക്കാരിന്റെയും ജനാധിപത്യശക്തികളുടെയും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിന്റെ ഫലമായാണ്‌ ഇത്തവണ അക്രമം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ ഇവർക്ക് സാധിക്കാതെപോയത്‌.

ഭരണഘടനയും മതനിരപേക്ഷതയും തുല്യനീതിയും സംരക്ഷിക്കുന്നതിന്‌ അതിവിശാലമായ ജനകീയ ഐക്യനിര കെട്ടിപ്പടുക്കേണ്ട ചരിത്രസന്ദർഭത്തിലാണ്‌ രാജ്യം നിൽക്കുന്നത്‌. ഭരണഘടന സംരക്ഷിക്കാനായി  മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ വേദിയിൽ സമരം ചെയ്‌തതുവഴി കേരളം യോജിച്ച പോരാട്ടത്തിൽ രാജ്യത്തിന്‌ മാതൃക കാട്ടിയിരിക്കുകയാണ്‌. ഇന്ത്യ മതനിരപേക്ഷരാജ്യമായി നിലകൊള്ളുന്നതിന്‌ എല്ലാ വിയോജിപ്പുകളും മാറ്റിവച്ച്‌ ജനങ്ങളാകെ ഒന്നിക്കേണ്ടതുണ്ട്‌.   എന്നാൽ,  വിശാലമായ യോജിപ്പിനുപകരം ഒറ്റപ്പെട്ട വർഗീയനീക്കങ്ങളിലൂടെ മുതലെടുക്കാനാണ്‌ ചില തീവ്രവാദ സംഘടനകളുടെ നീക്കം. ഭൂരിപക്ഷവർഗീയതയ്‌ക്കും ഭീകരവാദത്തിനും എതിരെ ന്യൂനപക്ഷവർഗീയതയും ഭീകരതയും കൊണ്ട്‌ പോരാടാമെന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ഇവരുടെ ശ്രമം.

ഹിന്ദുമതവിശ്വാസികളും  ഇസ്ലാം  മതവിശ്വാസികളും തോളോടുതോൾ ചേർന്നാണ്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പോരാടുന്നത്‌. ഈ യാഥാർഥ്യം വർഗീയശക്തികൾ ഇനിയെങ്കിലും തിരിച്ചറിയണം

ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷവർഗീയതയും പരസ്‌പരം സഹായിച്ച്‌ നിലനിൽക്കുന്ന ശക്തികളാണ്‌. മുസ്ലിങ്ങളെ ഭീകരവാദികളായി ചിത്രീകരിച്ച്‌ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ എല്ലാ കാലത്തും സംഘപരിവാറിന്റെ പ്രവർത്തനപദ്ധതി. ഇസ്ലാം മതവിശ്വാസികളെ വേട്ടയാടുന്ന സംഘപരിവാറിനെ നേരിടുന്നതിന്‌ മുസ്ലിങ്ങൾ യോജിക്കണമെന്ന്‌ തീവ്രവാദസ്വഭാവമുള്ള മറ്റ്‌ ചില സംഘടനകളും പ്രചാരണം നടത്തുന്നു. ഇങ്ങനെ പരസ്‌പരം ആശ്രയിച്ച്‌ വളരുന്ന വർഗീയശക്തികളാണ്‌ ഇവർ. മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും രണ്ടുകൂട്ടർക്കും കണ്ടുകൂടാ. മതരാഷ്‌ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇരുപക്ഷവും പ്രവർത്തിക്കുന്നത്‌. സംഘപരിവാറിന്‌ ഇന്ത്യ ഹിന്ദു രാഷ്‌ട്രമാക്കണമെങ്കിൽ എൻഡിഎഫും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള സംഘടനകൾക്ക്‌ ഇസ്ലാമിക മതരാഷ്‌ട്രമാണ്‌ ലക്ഷ്യം. ആർഎസ്‌എസ്‌ ശക്തിപ്പെട്ടാലേ മുസ്ലിം തീവ്രവാദ സംഘടനകൾക്ക്‌ നിലനിൽപ്പുള്ളൂ; മറിച്ചും. ഈ കാപട്യം രാജ്യത്തെ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ്‌ വർഗീയശക്തികളുടെ ആഹ്വാനങ്ങൾ തള്ളി മതത്തിന്റെ വേർതിരിവുകൾ മാറ്റിവച്ച്‌ എല്ലാ ജനവിഭാഗങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ സമരരംഗത്ത്‌ വരുന്നത്‌. ഹിന്ദുമതവിശ്വാസികളും  ഇസ്ലാം  മതവിശ്വാസികളും തോളോടുതോൾ ചേർന്നാണ്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പോരാടുന്നത്‌. ഈ യാഥാർഥ്യം വർഗീയശക്തികൾ ഇനിയെങ്കിലും തിരിച്ചറിയണം.

സംസ്‌കാരങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമഭൂമിയാണ്‌ ഇന്ത്യ. വിവിധ മതങ്ങളുടെയും വ്യത്യസ്‌തമായ സംസ്‌കാരങ്ങളുടെയും കളിത്തൊട്ടിലാണ്‌ ഈ നാട്‌. രാഷ്‌ട്രതന്ത്രത്തിൽ മതം ഇവിടെ ഒരു ഘടകമേയായിരുന്നില്ല. മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും കാലത്തൊന്നും ഭരിക്കുന്നവരുടെ മതവിശ്വാസം ജനങ്ങളിൽ അടിച്ചേൽപ്പിച്ചിട്ടില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച്‌ ഭരിക്കൽ തന്ത്രവും ഹിന്ദുമഹാസഭയുടെ ഹിന്ദുരാഷ്‌ട്രവാദവുമാണ്‌ ഇവിടെ മതപരമായ വേർതിരിവിന്റെ വിത്തുപാകിയത്‌. ദേശീയ പ്രസ്ഥാനങ്ങളുടെ കാലത്തും ഹിന്ദുരാഷ്‌ട്രവാദത്തെ പടിക്ക്‌ പുറത്തുനിർത്താൻ നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. രാജ്യത്ത്‌ സംഘപരിവാർ ഭരണത്തിലേറിയപ്പോഴാണ്‌ വീണ്ടും ഹിന്ദുരാഷ്‌ട്ര വാദം കേട്ടുതുടങ്ങുന്നത്‌. ഒടുവിൽ ഹിന്ദുരാഷ്‌ട്രത്തിലേക്ക്‌ വഴിതുറക്കുന്ന പൗരത്വ ഭേദഗതി നിയമങ്ങൾ അടക്കം നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു.

പാർലമെന്റിലെ മൃഗീയഭൂരിപക്ഷമുപയോഗിച്ച്‌ രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌. മറുഭാഗത്ത്‌ ഇന്ത്യ മതനിരപേക്ഷരാജ്യമായി നിലനിർത്താനുള്ള പോരാട്ടത്തിലാണ്‌ ജനങ്ങൾ. ആർഎസ്‌എസ്‌ അജൻഡ അടിച്ചേൽപ്പിക്കുന്നതിനെതിരെ നാടെങ്ങും പ്രക്ഷോഭത്തിന്റെ തീയാളണം. ഇടതുപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ഇന്ന്‌ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം കൂടുതൽ ജനങ്ങളെ സമരമുഖത്ത്‌ എത്തിക്കും. റിപ്പബ്ലിക്‌ ദിനത്തിൽ കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ മനുഷ്യച്ചങ്ങലയിൽ അണിചേരും. ഇത്തരം ജനകീയപോരാട്ടങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ സംഘപരിവാറിനെ ചങ്ങലയ്‌ക്കിടാൻ കഴിയൂ. എല്ലാ വർഗീയശക്തികളെയും അകറ്റിനിർത്തി ജനകീയ ഐക്യത്തിലൂടെ മതനിരപേക്ഷ ഇന്ത്യയെ കാത്തുരക്ഷിക്കണം. വർഗീയചിന്തകൾ മാറ്റിവച്ച്‌ മനുഷ്യരെല്ലാം ഒരുമിച്ച്‌ നിൽക്കേണ്ട നാളുകളാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top