28 March Thursday

ജനങ്ങൾ ഭയപ്പെട്ട് ജീവിക്കേണ്ട രാജ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021



രാജ്യത്ത് നരേന്ദ്ര മോഡിയുടെ ഭരണം രണ്ടുവട്ടമായി ഏഴു വർഷം പിന്നിട്ടപ്പോൾ ഇന്ത്യൻ ജനാധിപത്യം പൂർണമായും അപകടത്തിലായിരിക്കുന്നു. 137 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് 37 ശതമാനം വോട്ടിന്റെമാത്രം പിന്തുണയുള്ള മോഡിഭരണം ഓരോ ദിവസവും ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും നടുക്കുറ്റിതന്നെ തകർക്കുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പെഗാസസ് ഫോൺ ചോർത്തൽ. ഭരണ–-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരുമടക്കം ഒട്ടേറെ ആളുകൾ ഇതിൽ ഇരയാക്കപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ്‌ പുറത്തുവന്നിരിക്കുന്നത്‌. മോഡി സർക്കാർ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു ചോർത്തൽ നടന്നിരിക്കുന്നതെന്നുംഇതിനകം വ്യക്തമായി കഴിഞ്ഞു.

ഇത് ഒറ്റപ്പെട്ട നടപടിയായി കാണാൻ കഴിയില്ല. ആദ്യത്തെയും രണ്ടാമത്തെയും മോഡി സർക്കാർ സ്വീകരിച്ച എണ്ണമറ്റ ജനാധിപത്യവിരുദ്ധ നടപടികളിലൊന്നു മാത്രമാണിത്. ഏകാധിപത്യഭരണവും ഏകാധിപതിയായ നേതാവും ഇതിനകം എന്തൊക്കെ ചെയ്തുവെന്ന് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. ഭയവും ആശങ്കയും പടർത്തുന്ന എത്രയെത്ര നീക്കങ്ങൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾ, മൗലികാവകാശങ്ങൾ, ജീവിക്കാനുള്ള അവകാശങ്ങൾ എന്നിവയെല്ലാം പലതരത്തിൽ നിഷേധിക്കപ്പെട്ടു. ജനങ്ങൾ ഭയന്നുമാത്രം ജീവിക്കേണ്ട നാടായി ഇന്ത്യ മാറി. സമകാലിക ഇന്ത്യയുടെ അവസ്ഥ ലോകത്തെപ്പോലും ഞെട്ടിക്കുന്നു. യുഎൻ മനുഷ്യാവകാശ സമിതിവരെ ഇന്ത്യക്കെതിരെ രംഗത്തുവന്നു.

എന്തൊക്കെയാണ് മോഡിയുടെ നടപടികൾ. ഒന്ന് ഓർത്തു നോക്കുക. ജമ്മു -കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത്, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്, രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ നടത്തിയ നീക്കം, സർക്കാരിനെ വിമർശിക്കുന്നവരുടെ പേരിൽ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തുന്നത്, ഒരു ചർച്ചപോലുമില്ലാതെ കാർഷിക കരിനിയമങ്ങളടക്കം ഒട്ടേറെ ബില്ലുകൾ പാസാക്കിയെടുത്തത്... എണ്ണിപ്പറഞ്ഞാൽ ഒരുപാടുണ്ട്. വിപൽക്കരമായ, ദേശദ്രോഹപരമായ ഈ നടപടികളുടെ തുടർച്ചയോ ഇതിന്റെ ഭാഗമോ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഫോൺ ചോർത്തൽ. യഥാർഥത്തിൽ സർക്കാരാണ് ദേശദ്രോഹം തുടർച്ചയായി ചെയ്യുന്നത്. എന്നാൽ, കേസെടുക്കുന്നത് സർക്കാർ നയങ്ങളെ എതിർക്കുന്നവരുടെ പേരിലും.

2019 മെയ് 30ന്‌ അധികാരത്തിലേറി രണ്ടു മാസംമാത്രം പിന്നിടുമ്പോഴാണ്, ജമ്മു- കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ചത്. കശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തുനിർത്തിയതിൽ സുപ്രധാനമായിരുന്നു ഭരണഘടനയിലെ 370–--ാം വകുപ്പു പ്രകാരമുള്ള പ്രത്യേകപദവി. പ്രത്യേകപദവി എടുത്തു കളയുന്നതിനു മുമ്പും എടുത്തുകളഞ്ഞ ശേഷവും താഴ്‌വരയിലെമ്പാടും സൈന്യത്തെ വിന്യസിച്ചു. രാഷ്ട്രീയ പാർടി നേതാക്കളെ തടങ്കലിലാക്കി. പത്ര-മാധ്യമങ്ങൾ പൂട്ടിച്ചു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ജനങ്ങൾക്ക് ഫോണിൽപ്പോലും മിണ്ടാൻ പറ്റാത്ത സാഹചര്യം. കശ്മീർ നടപടി കഴിഞ്ഞ് നാലുമാസം പിന്നിടുമ്പോഴേക്കും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു. മതനിരപേക്ഷ ഇന്ത്യയിൽ മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നിയമം. മുസ്ലിംവിഭാഗത്തിന് പൗരത്വം നിഷേധിക്കലാണ് നിയമത്തിന്റെ ലക്ഷ്യം.

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് ഒരു വർഷം പിന്നിട്ടപ്പോഴാണ് ഇന്ത്യയുടെ കാർഷികമേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്ന, കൃഷിക്കാരുടെ ജീവിതം തകർക്കുന്ന മൂന്ന് നിയമം കൊണ്ടുവന്നത്. ഇതിനിടെ എത്രയോ മനുഷ്യാവകാശ പ്രവർത്തകരെ, നടാഷ നർവാളും ദേവാംഗന കലിതയും ആസിഫ്‌ ഇഖ്‌ബാൽ തൻഹാ അടക്കമുള്ള വിദ്യാർഥികളെ, സിദ്ദിഖ്‌ കാപ്പനെപ്പോലുള്ള മാധ്യമപ്രവർത്തകരെ ദേശദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി ജയിലിലടച്ചു. ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചതിന് യുഎപിഎ ചുമത്തപ്പെട്ട സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരിച്ചത് അടുത്തിടെയാണ്.

സർക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളോടും ജനാധിപത്യവിരുദ്ധ സമീപനംതന്നെയാണ് സ്വീകരിക്കുന്നത്. അനേകം മനുഷ്യജീവനുകൾ അപഹരിച്ച ഈ മഹാമാരിയുടെ കാലത്തും ഇന്ത്യൻ കർഷകർ അതിജീവനത്തിനായി നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടത്തോട് മോഡി സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാടുതന്നെ ഏറ്റവും പ്രധാന ഉദാഹരണം. കരിനിയമങ്ങൾ പിൻവലിക്കണമെന്ന കൃഷിക്കാരുടെ ആവശ്യം ഇതുവരെ സർക്കാർ ചെവിക്കൊണ്ടിട്ടില്ല. സമരഭൂമിയിൽ നിരവധി കർഷകർ മരിച്ചുവീണിട്ടും മോഡി അനങ്ങിയില്ല. കൃഷിഭൂമി കോർപറേറ്റുകൾക്ക് കൈയടക്കാൻ വഴിയൊരുക്കുന്ന നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ കൃഷിക്കാർ ഉറച്ചുനിൽക്കുകയാണ്. കൃഷിക്കാരുടെ ഈ ജീവന്മരണ പോരാട്ടത്തിന് ഇന്ത്യയുടെയാകെ ഐക്യദാർഢ്യമുണ്ട്. പക്ഷേ, മോഡി ഭരണം പിടിവാശി തുടരുന്നു.

ഇങ്ങനെ, എല്ലാ തരത്തിലും ജനാധിപത്യവും ഭരണഘടനയും ജനജീവിതവും തകർക്കുന്ന അനേകം നടപടിക്കിടെയാണ് സർക്കാർ രാജ്യത്തെവിടെയും ചാരക്കണ്ണുകൾകൊണ്ട് നിരീക്ഷിക്കുന്ന വിവരം പുറത്തുവന്നത്. ലെജിസ്‌ലേച്ചർ, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മാധ്യമങ്ങൾ തുടങ്ങി ജനാധിപത്യത്തിന്റെ നാലു തൂണിനെയും സർക്കാർ ഭയപ്പെടുന്നു, സംശയിക്കുന്നു. മോഡിയുടെ ജനാധിപത്യവിരുദ്ധതയും ഫാസിസ്റ്റ് സമീപനവും വ്യക്തമാകാൻ ഇതുമാത്രം മതി. അതെ, ഇന്ത്യൻ ജനാധിപത്യം കടുത്ത ഭീഷണിയെയാണ് നേരിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top