05 June Monday

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019


 

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. കടുത്ത മത്സരമാണ് അഞ്ചിടത്തും നടക്കുന്നത്. അഞ്ചിൽ അരൂർ മാത്രമാണ്‌ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ്. ബാക്കി നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്.  അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പുഫലം യുഡിഎഫിന് നിർണായകമായിരിക്കും. പാലാ ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. 

ഉപതെരഞ്ഞെടുപ്പുകളിൽ തുടക്കംമുതൽ പ്രചാരണ, സംഘടനാ പ്രവർത്തനങ്ങളിൽ ഇടതുപക്ഷമാണ് മുന്നിൽ എന്നകാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. യുഡിഎഫിൽനിന്നും എൻഡിഎയിൽനിന്നും വ്യത്യസ്‌തമായി അസ്വാരസ്യങ്ങളൊന്നുമില്ലാതെ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും ജാതി–-മത പരിഗണനകൾക്ക് അതീതമായി സ്ഥാനാർഥികളെ കണ്ടെത്തിയതും ചെറുപ്പക്കാർക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയതുമെല്ലാം ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ കാരണമായി. കെ എം മാണി 54 വർഷം തുടർച്ചയായി എംഎൽഎയായിരുന്ന പാലാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത്‌ നൽകിയ ആത്മവിശ്വാസവും എൽഡിഎഫിന് കരുത്തായി.  സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു എൽഡിഎഫ് പ്രചാരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെല്ലാം ജനങ്ങളോടു പറഞ്ഞതും വാഗ്‌ദാനം പാലിക്കുന്ന, അത് സമയബന്ധിതമായി നടപ്പിലാക്കി മുന്നേറുന്ന സംസ്ഥാന സർക്കാരിനെക്കുറിച്ചായിരുന്നു.

പാലായിൽനിന്ന്‌ ഇടതുപക്ഷത്തിന് അനുകൂലമായി വീശാൻ ആരംഭിച്ച രാഷ്ട്രീയക്കാറ്റ് അഞ്ച് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് മേൽക്കൈ നേടിക്കൊടുക്കുമെന്ന് കണ്ടതോടെയാണ് യുഡിഎഫ് ചില ജാതി, മത, സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചുള്ള തെരഞ്ഞെടുപ്പുപ്രചാരണത്തിന് തയ്യാറായത്. രാഷ്ട്രീയപ്രക്രിയയിൽ ജാതി, മത, സാമുദായികശക്തികൾ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടുന്ന പല അനുഭവങ്ങളും രാജ്യത്ത് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തരം സംഘടനകൾ സ്വയം വോട്ട് ബാങ്കായി കരുതി സ്വന്തം ബാനറിൽ നേരിട്ട് യുഡിഎഫിന് വോട്ടു തേടുന്നത് തെരഞ്ഞെടുപ്പുചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതിപറഞ്ഞ് വോട്ട് പിടിക്കാനാണ് എൻഎസ്എസ് തയ്യാറായത്‌. അതിനായി അവർ പ്രത്യേക സ്‌ക്വാഡിനെപ്പോലും ഇറക്കി. കോന്നിയിൽ ലഘുലേഖകൾ അടിച്ചു വിതരണം ചെയ്‌തു.  സാമുദായിക സംഘടനകൾ രാഷ്‌ട്രീയ പാർടിക്കുവേണ്ടി വോട്ട് പിടിക്കുന്നത് ധാർമികതയല്ലെന്ന്  മുഖ്യ തെരഞ്ഞെടുപ്പുകമീഷണർക്ക് പറയേണ്ടിവന്നതും ഈ സാഹചര്യത്തിലാണ്. 

രാജ്യത്ത് നിലവിലുള്ള മതനിരപേക്ഷ ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക്‌ നിരക്കുന്നതല്ല ജാതി, മത, സാമുദായിക സംഘടനകളുടെ ഇത്തരം പ്രവൃത്തിയെന്ന് 2017 ജനുവരി രണ്ടിന്റെ സുപ്രീംകോടതി വിധി അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.  മതത്തിന്റെയോ  ജാതിയുടെയോ സമുദായങ്ങളുടെയോ പേരിൽ വോട്ട് അഭ്യർഥിക്കുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പുനിയമങ്ങൾക്ക് വിരുദ്ധവും തെറ്റായ കീഴ്‌വഴക്കവുമാണെന്നായിരുന്നു ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.  അതായത് ഉപതെരഞ്ഞെടുപ്പുകാലത്ത് ചില മത, സാമുദായിക സംഘടനകളും അവയുടെ നേതാക്കളും കേരളത്തിൽ നടത്തിയത് സുപ്രീംകോടതിയുടെയും ഭരണഘടനാ തത്വങ്ങളുടെയും തെരഞ്ഞെടുപ്പുനിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്.

മത, ജാതി, സാമുദായിക സംഘടനകൾക്ക്‌ അവരുടേതായ നിലപാട് സ്വീകരിക്കുന്നതിലോ അത് പ്രകടിപ്പിക്കുന്നതിലോ തെറ്റൊന്നുമില്ല. എന്നാൽ, രാഷ്ട്രീയപ്രക്രിയയിൽ ഇടപെടാൻ അവർക്ക് അധികാരമില്ല. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ അവർ രാഷ്ട്രീയ പാർടിക്ക്‌ രൂപംനൽകണം. മറിച്ച് സമുദായ സംഘടനയുടെ ലേബലിൽ രാഷ്ട്രീയം കളിക്കുകയല്ല വേണ്ടത്. അതിന് എൻഎസ്എസ് ജനറൽ സെക്രട്ടറി തുനിഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പുകമീഷന് പരാതി നൽകാൻ സിപിഐ എം  തയ്യാറായത്. യുഡിഎഫ് എന്ന മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനാണ് സുകുമാരൻനായർ എന്ന പഴയ യുഡിഎഫുകാരന്റെ ശ്രമം.

സമദൂരത്തിൽനിന്ന്‌ ശരിദൂരമെന്ന യുഡിഎഫ് പ്രീണന നയത്തിലേക്ക് സുകുമാരൻ നായർ എത്തിയത് പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത ആഘാതം ലഭിച്ചപ്പോഴാണ് എന്നകാര്യം പ്രത്യേകം കണക്കിലെടുക്കണം. ശബരിമല വിഷയത്തിൽ എൽഡിഎഫുമായി അകന്നപ്പോഴും സമദൂരം എന്ന നയം ഉപേക്ഷിക്കാൻ എൻഎസ്‌എസ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ, പാലാ ഉപതെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ സ്ഥിതിമാറി. ഇത് തെളിയിക്കുന്നത് സുകുമാരൻനായരും യുഡിഎഫും തമ്മിലുള്ള രഹസ്യബാന്ധവമാണ്. മതനിരപേക്ഷത തകർക്കാനുള്ള ജാതി, മത സംഘടനകളുടെയും യുഡിഎഫിന്റെയും ഗൂഢാലോചന നവോത്ഥാനപാരമ്പര്യം ഉൾക്കൊള്ളുന്ന പ്രബുദ്ധരായ കേരളജനത തള്ളിക്കളയുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top